2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കേന്ദ്രം പൊതുപ്രവർത്തകരെ വേട്ടയാടുന്നു

യശ്വന്ത് സിൻഹ/ പി.കെ മുഹമ്മദ് ഹാത്തിഫ്

ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന യശ്വന്ത് സിൻഹ രാജിവച്ചാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. ജനതാദളിലൂടെ ബി.ജെ.പിയിലെത്തിയ അദ്ദേഹം കേന്ദ്രമന്ത്രിയായി. മോദി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനു പിന്നാലെ ബി.ജെ.പിയുടെ വിമർശകനായി. തുടർന്ന് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിൻ്റെ ആദ്യഘട്ട ലിസ്റ്റിലില്ലാതിരുന്ന യശ്വന്ത് സിൻഹ പിന്നീടാണ് പ്രതിപക്ഷത്തിൻ്റെ സംയുക്ത സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെടുന്നത്. തൃണമൂലിൽനിന്ന് രാജിവച്ചാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനിറങ്ങിയത്. വോട്ടു തേടി കേരളത്തിലെത്തിയ യശ്വന്ത് സിൻഹ മോദി സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ ഇടപെടലുകൾ, രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതീക്ഷകൾ തുടങ്ങിയവ സുപ്രഭാതവുമായി പങ്കുവയ്ക്കുന്നു.

വിജയപ്രതീക്ഷ

കോൺഗ്രസടക്കം പ്രതിപക്ഷ പാർട്ടികൾ ചേർന്നെടുത്ത തീരുമാനമാണ് പ്രസിഡൻ്റ് സ്ഥാനാർഥിത്വം. തന്റെയും എതിർസ്ഥാനാർഥിയുടെയും വ്യക്തിത്വങ്ങൾ തമ്മിലല്ല ഈ മത്സരം. രാജ്യത്തിന് ഗുണം ചെയ്യുന്നതും ദോഷകരമായതുമായ രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള മത്സരമാണിത്. അവർ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രം രാജ്യത്തിന് ദോഷകരമാണ്. ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കാൻ തനിക്ക് കഴിയുമെന്ന് വിശ്വാസമുണ്ട്. ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ.

റബർ സ്റ്റാമ്പാവില്ല

നിശബ്ദനായ, റബർ സ്റ്റാമ്പായ ആളല്ല രാജ്യത്തിന്റെ പ്രസിഡന്റാകേണ്ടത്. സർക്കാരിനോട് കാര്യങ്ങൾ തുറന്നുപറയാനും തെറ്റുകൾ തിരുത്തിക്കാനും കഴിവുള്ള വ്യക്തിയാണ് ആ സ്ഥാനത്തേക്ക് വരേണ്ടത്. ഭരിക്കുന്നവരോട് നോ പറയാൻ ധൈര്യമുള്ള പ്രസിഡന്റിനെയാണ് വേണ്ടത്. അതിനുള്ള ധൈര്യം തനിക്കുണ്ട്. അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ രണ്ട് ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഒന്ന്, മുൻ പ്രധാനമന്ത്രി മൻമോഹൻസിങ് ഉൾപ്പെടെയുള്ളവരുടെ കൂടെ പ്രതിഭാപാട്ടീൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിക്കുന്നതാണ്. മറ്റൊന്ന്, നിലവിലെ ബി.ജെ.പി സ്ഥാനാർഥി ഇരിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദേശ പത്രിക സമർപ്പിക്കുന്നതുമാണ് ചിത്രം. ചിത്രങ്ങളിൽനിന്ന് എല്ലാം വ്യക്തമാണ്. ഇത് മനസിലാക്കി ഏതുവിധത്തിലുള്ള ആളാകണം രാജ്യത്തിന്റെ സുപ്രധാന സ്ഥാനത്ത് വരേണ്ടതെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം.

രാജ്യത്ത് അപ്രഖ്യാപിത
അടിയന്തരാവസ്ഥ

അടിയന്തരാവസ്ഥയെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനാകുന്നത്. അത് രാഷ്ട്രീയ നടപടിയുടെ ഭാഗമായ പ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നെങ്കിൽ ഇന്ന് രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണുള്ളത്. ജനങ്ങൾക്കിടയിൽ വർഗീയത കുത്തിവയ്ക്കുന്ന, തെറ്റായ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന നടപടികളാണ് സർക്കാർ പിന്തുടരുന്നത്. ഇത് കൂടുതൽ അപകടകരമാണ്. ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണ്. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനോ അവരെ സ്വതന്ത്രമായി പ്രവർത്തിക്കാനോ അനുവദിക്കുന്നില്ല. അത് ജനാധിപത്യ സംവിധാനത്തിന് കൂടുതൽ ദോഷമുണ്ടാക്കും. യുവാക്കൾ തെരുവിലിറങ്ങുകയാണ്. അതൊന്നും കണ്ടില്ലെന്ന് നടിച്ച് തെറ്റായ നയങ്ങളും നടപടികളും അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.
ഭരണഘടന വീണ്ടെടുക്കണം
രാജ്യത്തിന്റെ മതേതരത്വം തകർച്ചയുടെ പാതയിലാണ്. ഇത് വീണ്ടെടുക്കണം. രാജ്യം സാമൂഹികമായും സാമ്പത്തികമായും പൂർണമായും തകർന്നിരിക്കുകയാണ്. നോട്ട് നിരോധനത്തിലൂടെ തന്നെ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് പോയി. നോട്ടുനിരോധനം വലിയ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവശ്യസാധനങ്ങളുടെ വില വർധനവും അരക്ഷിതാവസ്ഥയും കാരണം സാധാരണക്കാർക്ക് ജീവിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ജോലിയില്ലാതെ അലയുന്ന യുവാക്കളെയും അവകാശങ്ങൾക്കായി തെരുവിലിറങ്ങേണ്ടി വന്ന കർഷകരെയും നമ്മൾ കണ്ടതാണ്. ഇതിന് മാറ്റമുണ്ടാകണം.

കേന്ദ്ര ഏജൻസികൾ
ബി.ജെ.പിക്കായി പ്രവർത്തിക്കുന്നു

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന തരത്തിലാണ് കേന്ദ്രം ഇപ്പോൾ നിലപാടെടുക്കുന്നത്. സ്വതന്ത്രമായി പൊതുപ്രവർത്തനം നടത്താൻ പോലും സാധിക്കുന്നില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പൊതുപ്രവർത്തകരെ വേട്ടയാടുകയാണ്. അവരെ നിശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇ.ഡിയും സി.ബി.ഐയും എന്തിന് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഗവർണർമാരും തെരഞ്ഞെടുപ്പ് കമ്മിഷൻ പോലും കേന്ദ്രത്തിന്റേയും ബി.ജെ.പിയുടെയും ആജ്ഞയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. സ്വതന്ത്രമായി പത്രപ്രവർത്തനം നടത്താൻ പോലും സാധിക്കുന്നില്ല. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് മാധ്യമങ്ങളെ വിശേഷിപ്പിക്കുമ്പോഴും സത്യങ്ങൾ തുറന്നു പറയുന്ന മാധ്യമപ്രവർത്തകരെ പോലും വേട്ടയാടുകയാണ്. വർഷങ്ങൾക്ക് മുമ്പ് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടതിനാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെ അറസ്റ്റു ചെയ്തത്. ഓൺലൈനായും ഓഫ് ലൈനായും സ്വതന്ത്രമായി സംസാരിക്കാൻ എല്ലാവർക്കും അവസരം നൽകണമെന്ന് ജി 7 ഉച്ചകോടിയിൽ ഇന്ത്യയടക്കം പ്രതിജ്ഞയെടുത്ത അതേ ദിവസമാണ് ഇങ്ങനെയൊരു അറസ്റ്റ് സംഭവിച്ചതെന്നത് എന്തൊരു വിരോധാഭാസമാണ്.

വെറുപ്പിന്റെ രാഷ്ട്രീയത്തെ
തൂത്തുവാരണം

സമവായത്തിലൂടെയാണ് രാജ്യത്ത് ജനാധിപത്യം നടപ്പാവുക. എന്നാൽ സംഘർഷങ്ങളിലൂടെയാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്. ഏതുവിധേനയും അധികാരത്തിൽ തുടരുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതാണ് മഹാരാഷ്ട്രയിൽ കാണുന്നത്. സമവായത്തോടല്ല വെറുപ്പിന്റെ, സംഘർഷത്തിൻ്റെ രാഷ്ട്രീയത്തോടാണ് അവർക്ക് താൽപര്യം. ജനങ്ങളുടെ ക്ഷേമമല്ല മറിച്ച് എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിക്കണം എന്നത് മാത്രമാണ് കേന്ദ്രസർക്കാരിനെ നയിക്കുന്നവരുടെ ലക്ഷ്യം. അതിന് മാറ്റം വരണം. അതുണ്ടാകുമെന്നാണ് പ്രതീക്ഷ.

പോരാട്ടത്തിന്റെ തുടർച്ച

2018 വരെ ബി.ജെ.പിക്കൊപ്പം നിന്ന വ്യക്തിയാണ് താൻ. എന്നാൽ അധികാരത്തിൽ വന്ന ബി.ജെ.പി സർക്കാരിന്റെ പ്രവർത്തനങ്ങളിലും നയങ്ങളിലും മടുത്താണ് താൻ ആ പാർട്ടി വിട്ടത്. പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെ ഏകാധിപത്യ നടപടികളോട് യോജിക്കാനായില്ല. അന്നു മുതൽ സ്വന്തം പാതയിൽ പോരാട്ടം തുടരുകയാണ്. ആ പോരാട്ടം കൂടുതൽ ശക്തമാക്കാനുള്ള അവസരമാണ് സംയുക്ത പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായതിലൂടെ ലഭിച്ചത്. അത് വിജയത്തിലെത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണിപ്പോൾ. രാജ്യത്തിൻ്റെ ഭരണഘടന സംരക്ഷിക്കുവാനും അതിൻ്റെ അന്തസ്സത്തയുടെ പ്രചാരകനാവാനുമുള്ള അവസരമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഭരണഘടന നേരിടുന്ന വെല്ലുവിളിയെ അതിജീവിക്കുക എന്നത് ഏറെ പ്രധാനമാണ്. ഗാന്ധിയുടെ ആദർശങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടിയുള്ള തെരഞ്ഞെടുപ്പാണിത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.