ജനാധിപത്യത്തിന്റെ ഉരകല്ല് ആരോഗ്യകരമായ സംവാദങ്ങളും അപരന്റെ വാക്കുകളെ സഹിഷ്ണുതയോടെ കേൾക്കലുമാണ്. ഇത് രണ്ടും രാഷ്ട്രീയപാർട്ടികൾക്ക് കൈമോശംവരുമ്പോഴാണ് അവിടെ ശത്രുതയും പ്രതികാരവും ഉണ്ടാകുന്നത്. രാഷ്ട്രീയത്തിൽ ശത്രുക്കളില്ല, എതിർപക്ഷമാണുള്ളതെന്ന് പറയാറുണ്ടെങ്കിലും വർഷങ്ങളായി കേരളീയ രാഷ്ട്രീയത്തിൽ ഇതെല്ലാം രാഷ്ട്രീയപാർട്ടികൾക്ക് അന്യമാണ്. പകയും കൊലയും അരങ്ങുതകർക്കുന്ന വേദിയായി കേരളീയരാഷ്ട്രീയം എന്നോ മാറിയിട്ടുണ്ട്. നേതാക്കളുടെ പ്രതികാരദാഹം തീർക്കുന്ന ഉപകരണങ്ങളായി പ്രവർത്തകർ മാറിയിരിക്കുന്നു.
രാഷ്ട്രീയപാർട്ടി നേതാക്കൾക്കെതിരേയും പ്രവർത്തകർക്ക് എതിരേയും പൊലിസ് കേസുകൾ ഉണ്ടാവുക എന്നത് സാധാരണമാണ്. എന്നാൽ കുറച്ചുകാലമായി കേരളത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ പ്രതിഷേധിച്ചാൽ അവർക്കെതിരേ ജാമ്യമില്ലാകേസ് ചുമത്തി ദിവസങ്ങളോളം ജയിലിലടക്കുകയാണ്. പാർട്ടി വളർത്തിക്കൊണ്ടുവന്ന ക്വട്ടേഷൻ സംഘങ്ങൾക്കും കൊലക്കേസ് പ്രതികൾക്കും സ്വർണക്കടത്തുകേസ് പ്രതികൾക്കും എല്ലാ സംരക്ഷണവും ലഭിക്കുന്നു. അവർ സ്വൈരവിഹാരം നടത്തുന്നു. ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി തള്ളിപ്പറയുമ്പോൾ മുമ്പ് നടത്തിയ കൊലപാതകങ്ങളും ക്വട്ടേഷനുകളും പാർട്ടി നേതൃത്വം പറഞ്ഞിട്ടായിരുന്നുവെന്ന് പ്രതികൾ തുറന്നുപറയുന്ന ഒരു കാലത്തിലേക്കാണ് ഇപ്പോൾ കേരളീയ രാഷ്ട്രീയം ചുവടുവയ്ക്കുന്നത്. ഇത്തരം രാഷ്ട്രീയഭീകരതയുടെ സ്വാഭാവിക പരിണാമങ്ങളും ഇങ്ങനെ തന്നെയായിരിക്കും.
എതിർപക്ഷത്തെ അരിഞ്ഞുവീഴ്ത്തുക എന്നത് അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കിയവരാണ് കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയപാർട്ടികൾ. അണിയറയിൽ ഇരുന്ന് നേതാക്കൾ ചരടുവലിക്കുന്നതിനനുസരിച്ച് അക്രമം അഴിച്ചുവിടുന്ന പ്രവർത്തകൻ, വെട്ടുന്നതിൻ്റെയും കൊല്ലുന്നതിൻ്റെയും അറപ്പ് തീരുന്നതോടെ പാർട്ടിയുടെ സ്ഥിരം ഗുണ്ടയായി മാറുകയാണ്. കൊല്ലപ്പെടുന്നവരെയും പരുക്കേറ്റ് ശയ്യാവലംബികളായവരേയും കുറെക്കാലം പാർട്ടി സംരക്ഷിക്കുമെങ്കിലും പ്രായേണ കൈയൊഴിയും.
പാർട്ടിക്കുവേണ്ടി വെട്ടും കുത്തും നടത്തിയവർ ഒടുവിൽ കുപ്രസിദ്ധ ഗുണ്ടകളായി മാറും. പോകെപ്പോകെ അവർ സ്വർണക്കടത്തുകാരും മയക്കുമരുന്നു വിൽപ്പനക്കാരും കുഴൽപ്പണ വിതരണക്കാരും ആയി മാറിയിട്ടുണ്ടാകും. ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും ഇങ്ങനെയാണ് ക്രിമിനൽ രാഷ്ട്രീയത്തിലെ രാജാക്കന്മാരായി വളർന്നത്.
യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എടയന്നൂരിലെ ശുഹൈബിനെ വധിച്ച കേസിലെ ഒന്നാംപ്രതിയാണ് ആകാശ് തില്ലങ്കേരി. തന്നെ ക്രിമിനലാക്കിയത് പാർട്ടി പ്രാദേശിക നേതൃത്വമാണെന്നാണ് ആകാശ് ഇപ്പോൾ ഫേസ്ബുക്കിലൂടെ പറയുന്നത്. ആഹ്വാനം ചെയ്തവർക്ക് ജോലിയും നടപ്പാക്കിയവർക്ക് പട്ടിണിയും എന്ന് പറയുന്ന പോസ്റ്റിൽ കൊല്ലാൻ കൽപന നൽകിയവർ സംരക്ഷിക്കാതാകുമ്പോൾ പലവഴിക്ക് സഞ്ചരിക്കേണ്ടിവരുമെന്നും പറയുന്നുണ്ട്. പാർട്ടിക്കുവേണ്ടി കൊലപാതകം നടത്തിയെന്ന് സൂചിപ്പിക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശുഹൈബ് വധക്കേസിലും സ്വർണക്കടത്ത് കേസിലും പ്രതിയായ ആകാശ് തില്ലങ്കേരിക്ക് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം എം. ഷാജർ പൊതുപരിപാടിയിൽ ട്രോഫി സമ്മാനിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ ആകാശ് തില്ലങ്കേരിയെ പൊലിസ് ചോദ്യം ചെയ്തതാണ്. ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിൽ വീണ്ടും ചോദ്യം ചെയ്യാനിരിക്കുന്നു. സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു ആകാശ്. ആർ.എസ്.എസ് പ്രവർത്തകൻ വിനീഷ് വധത്തിലും പ്രതിയാണ് ഇയാൾ. സി.പി.എമ്മിന്റെ സൈബർ പ്രചാരണവുമായി എ.കെ.ജി സെന്ററിൽ ആകാശ് പ്രവർത്തിച്ചിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്റെ അടുത്ത അനുയായിയുമായിരുന്നു. പി.ജെ ആർമി പേജിന്റെ അഡ്മിൻ ആയും പ്രവർത്തിച്ചിട്ടുണ്ട്. 2018ൽ ആണ് ശുഹൈബിനെ ഇയാളും സംഘവും കൊലപ്പെടുത്തിയത്. ഇതേത്തുടർന്ന് പാർട്ടി പ്രതിരോധത്തിലായതോടെയാണ് ആകാശിനെ പുറത്താക്കേണ്ടിവന്നത്. എന്നാലും സംരക്ഷണവും നിയമസഹായവും നൽകിപ്പോന്നു. ജാമ്യത്തിൽ ഇറങ്ങിയതിനുശേഷമാണ് കൊടി സുനിയുടെ ക്വട്ടേഷൻ സംഘത്തിൽ അംഗമായതും സ്വർണക്കള്ളക്കടത്തിൽ ഏർപ്പെട്ടതും. ഇടതു പ്രൊഫൈലുകളിൽ വൻ സ്വീകാര്യത കിട്ടിയിരുന്ന ആകാശിന് പി. ജയരാജൻ ഒതുക്കപ്പെട്ടതോടെ പാർട്ടിയിൽ നിന്ന് പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു. ആകാശ് തില്ലങ്കേരി ക്വട്ടേഷൻ രാജാവാണെന്നും അയാൾക്കെതിരേ കാപ്പ ചുമത്തണമെന്നുമാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഇപ്പോൾ പറയുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ ഏറ്റവും അടുത്ത സുഹൃത്തു കൂടിയാണ് ആകാശ്. കരിപ്പൂർ കേസിൽ ആയങ്കിയെ അറസ്റ്റ് ചെയ്തതിനുശേഷം ആകാശിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അർജുനെതിരേ ഭാര്യ അമല കഴിഞ്ഞ ദിവസമാണ് ഗാർഹിക പീഡനാരോപണം നടത്തിയത്. കുഴൽപ്പണ ഇടപാടുകളിലും സ്വർണക്കടത്ത് പൊട്ടിക്കൽ സംഘത്തിലും അർജുൻ ആയങ്കിയുണ്ടെന്നും അവർ ഫേസ്ബുക്ക് ലൈവിൽ ആരോപിക്കുകയുണ്ടായി. ആകാശും ആയങ്കിയും കൊലക്കേസിലും സ്വർണക്കള്ളക്കടത്ത് കേസിലും പ്രതികളായതോടെയാണ് സി.പി.എമ്മിന് ഇവരെ തള്ളിപ്പറയേണ്ടി വന്നത്. ഇതോടെ ഇരുവരും പാർട്ടിക്കെതിരേ തിരിഞ്ഞു. അതിന്റെ ബഹിർ സ്ഫുരണങ്ങളാണിപ്പോൾ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നത്. നാളെ ഇരുവരും കാപ്പ ചുമത്തപ്പെട്ട് അറസ്റ്റിലായാൽ അത്ഭുതപ്പെടേണ്ടതില്ല. രാഷ്ട്രീയപാർട്ടികളുടെ ചട്ടുകങ്ങളായി, ക്വട്ടേഷൻ സംഘമായി രൂപാന്തരപ്പെടുന്ന പാർട്ടി പ്രവർത്തകർക്കുള്ള പാഠമാണ് ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും. ഓരോ രാഷ്ട്രീയപാർട്ടിയിലേയും പ്രവർത്തകർക്ക് ഇവരുടെ ജീവിതകഥ പാഠമാകേണ്ടതാണ്. കൊലപാതക രാഷ്ട്രീയത്തിന് നേതാക്കൾ ചുക്കാൻ പിടിക്കുന്നത് എന്ന് അവസാനിപ്പിക്കുന്നുവോ, അന്ന് മാത്രമേ ജനാധിപത്യത്തിന്റെ മഹത്തായ മാതൃകയായി കേരളീയ രാഷ്ട്രീയം മാറുകയുള്ളൂ.
Comments are closed for this post.