2021 July 27 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒറ്റലാപ്പിലെ ബാറ്റണ്‍ സൈന്യം

യു.എച്ച് സിദ്ദീഖ്

അത്‌ലറ്റിക്‌സ് കരിയറിലെ ഏറ്റവും വലിയ സ്വപ്നത്തിലേക്കാണ് നോഹയും അമോജും അലക്‌സും ഓടിക്കയറിയത്. 4ഃ400 മീറ്റര്‍ മിക്‌സഡ്, പുരുഷ റിലേ ടീമുകളിലെ അംഗങ്ങള്‍. ഒറ്റലാപ്പ് ട്രാക്കിലെ രാജ്യത്തെ ഏറ്റവും മികച്ച വേഗക്കാര്‍ മുഹമ്മദ് അനസിനും ആരോക്യ രാജീവിനുമൊപ്പം ടോക്കിയോ ഒളിംപിക്‌സില്‍ ബാറ്റണേന്തും. ഒറ്റലാപ്പില്‍ 46 സെക്കന്‍ഡില്‍ താഴെ വ്യക്തിഗത മികവുള്ളവര്‍. കൊവിഡ് പ്രതിസന്ധിയിലും പട്യാലയിലെ ദേശീയ ക്യാംപില്‍ വേഗം കൊണ്ടു സമയത്തെ കീഴടക്കി ബാറ്റണ്‍ കൈമാറ്റത്തിനുള്ള തീവ്രപരിശീലനത്തിലാണ്.

നോഹ നിര്‍മല്‍ ടോം

പാരമ്പര്യത്തിന്റെ കായിക കരുത്തുമായാണ് നോഹ നിര്‍മല്‍ ടോം ഒളിപിക്‌സിന്റെ ട്രാക്കിലേക്ക് എത്തുന്നത്. സംസ്ഥാന ഹാന്‍ഡ്‌ബോള്‍ ടീമില്‍ അംഗമായിരുന്ന അമ്മ ആലീസ് ദേശീയ ഗെയിംസ് മെഡല്‍ ജേതാവാണ്. സഹോദരന്‍ ആരോണും മധ്യദൂര ഓട്ടക്കാരന്‍. കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കേ കായികാധ്യാപകന്‍ ജോസ് സെബാസ്റ്റ്യനാണ് ട്രാക്കിലേക്ക് നയിച്ചത്. 800, 1500 മീറ്ററുകളിലായിരുന്നു തുടക്കം. കോഴിക്കോട് സായിയില്‍ എത്തിയതോടെയാണ് 400 മീറ്ററിലേക്ക് ചുവടുവെച്ചു തുടങ്ങിയത്. സായി പരിശീലകന്‍ ജോര്‍ജ് പി. ജോസഫ് നോഹയെ സ്പ്രിന്ററാക്കി. ബിരുദ പഠനത്തിന് പിന്നാലെ ഇന്ത്യന്‍ വ്യോമ സേനയിലേക്ക്. നോഹയിലെ റണ്ണറെ രാജ്യാന്തര താരമാക്കിയത് ഇന്ത്യന്‍ പരിശീലകന്‍ രാജേ്മാഹന്‍. 2019 ലെ ദോഹ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 4ഃ400 മീറ്റര്‍ റിലേയിലെ ആങ്കര്‍ നോഹയായിരുന്നു. പേരാമ്പ്ര പൂഴിത്തോട് അധ്യാപകനായ ടോമിച്ചന്‍-ആലീസ് ദമ്പതികളുടെ അഞ്ചു മക്കളില്‍ രണ്ടാമനാണ് നോഹ.

അമോജ് ജേക്കബ്

മത്സരിക്കുക, മികച്ചത് നല്‍കുകയെന്ന ലക്ഷ്യം മനസില്‍ ഉറപ്പിച്ചാണ് ടോക്കിയോ ഒളിംപിക്‌സിന്റെ ട്രാക്കില്‍ ബാറ്റണേന്താന്‍ അമോജ് ജേക്കബ് കാത്തിരിക്കുന്നത്. 4ഃ400 മീറ്റര്‍ പുരുഷ റിലേ ടീമിലെ പ്രായം കുറഞ്ഞ താരമാണ് ഇരുപത്തിമൂന്നുകാരന്‍. ജനിച്ചതും പഠിച്ചതും ജീവിതവും ഡല്‍ഹിയില്‍. പാലാ രാമപുരം സ്വദേശിയായ ജേക്കബിന്റെയും മേരിക്കുട്ടിയുടെയും പുത്രന്‍ കുടുംബ സമേതം ഡല്‍ഹിയിലാണ് സ്ഥിരതാമസം. 2017ല്‍ ഭുവനേശ്വര്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യാന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ 4ഃ400 മീറ്റര്‍ റിലേ ടീമില്‍ അംഗമായിരുന്നു. 2016 ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണവും 4ഃ400 മീറ്റര്‍ റിലേയില്‍ വെള്ളിയും നേടി.

അലക്‌സ് ആന്റണി

കടല്‍ത്തിരകളുടെ കരുത്തുമായാണ് അലക്‌സ് ആന്റണി ടോക്കിയോയിലേക്ക് പറക്കുന്നത്. 4ഃ400 മിക്‌സഡ് റിലേ ടീമിലെ അംഗം. തിരുവനന്തപുരം പുല്ലുവിളയിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നാണ് ട്രാക്കിലെത്തുന്നത്. പന്തുതട്ടി നടന്ന അലക്‌സ് കാഞ്ഞിരംകുളം പി.കെ.എസ് സ്‌കൂളില്‍ എത്തിയതോടെ പരിശീലകന്‍ പ്രദീപ്കുമാറാണ് സ്പ്രിന്റിലേക്ക് വഴിമാറ്റിയത്. സായിയില്‍ എത്തിയതോടെ പരിശീലകന്‍ നിഷാദ്കുമാര്‍ അലക്‌സിനെ മികച്ച 400 മീറ്റര്‍ സ്പ്രിന്ററാക്കി പരുവപ്പെടുത്തി. 2013 ലെ ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വെങ്കലം. 2019 ദേശീയ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം. ലോക, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുകളില്‍ 4ഃ400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്കായി ഓടി. മത്സ്യത്തൊഴിലാളിയായ ആന്റണിയുടെയും സെര്‍ജിയുടെയും പുത്രന്‍. ഇന്ത്യന്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.