പനാജി
കോൺഗ്രസിൻ്റെ മോഹങ്ങളെ തച്ചുടച്ച് കാലുമാറ്റ രാഷ്ട്രീയത്തിന് പേരുകേട്ട ഗോവയിൽ അപ്രതീക്ഷിത നേട്ടമുണ്ടാക്കിയ ബി.ജെ.പി സർക്കാർ രൂപീകരണത്തിന് നീക്കം ഊർജിതമാക്കി. 2017 ൽ 28 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായെങ്കിലും കുതിരക്കച്ചവടത്തിലൂടെ കോൺഗ്രസ് എം.എൽ.എമാരെ ചാക്കിലാക്കിയാണ് ഗോവ ബി.ജെ.പി ഭരിച്ചതെങ്കിൽ ഇത്തവണ 40 ൽ 20 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റു കൂടി വേണം. കോൺഗ്രസിന് 11 സീറ്റും എ.എ.പിക്ക് 2 സീറ്റും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.എ.ജി)ക്ക് 2 സീറ്റുമാണ് ലഭിച്ചത്.
മറ്റുള്ളവർക്കും 5 സീറ്റ് ലഭിച്ചു. ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ എം.എ.ജി പിന്തുണ നൽകാൻ തീരുമാനിച്ചതായി ഗോവയുടെ ചുമതലയുള്ള ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
ഗോവയിൽ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായിരുന്നെങ്കിലും വോട്ടാക്കാൻ കോൺഗ്രസിനായില്ല.
ഗോവയിൽ ആംആദ്മി പാർട്ടി അക്കൗണ്ട് തുറന്നുവെന്ന പ്രത്യേകതയുമുണ്ട്. ബെനോലിമ്മിൽ വെൻസി വേഗാസും വേളിമിൽ ക്രിസ് സിൽവയും ജയിച്ചു. പനാജിയിൽ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ തോറ്റു.
പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വതന്ത്രനായാണ് ഉത്പൽ മത്സരിച്ചത്. ബി.ജെ.പിയുടെ അതനാസിയോ ബുബുഷ് മോൺസെരാറ്റയോട് 716 വോട്ടുകൾക്കാണ് ഉത്പലിന്റെ പരാജയം. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി മൂന്നാമതായി.
Comments are closed for this post.