2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഭാവി ഇന്ത്യയെക്കുറിച്ച് ആശങ്കകൾ മാത്രം

യു.കെ കുമാരൻ

പൊളിച്ചെഴുത്തുകൾ എന്നത് പരിവർത്തനത്തിന്റെ സൂചകങ്ങളാണ്. പരിവർത്തിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഏതൊരു പ്രസ്ഥാനവും ഭരണകൂടവും പൊളിച്ചെഴുത്തുകൾ നടത്തിക്കൊണ്ടേയിരിക്കും. എന്നാൽ അത്തരം പൊളിച്ചെഴുത്തുകൾ അടിസ്ഥാന മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനങ്ങളാകുമ്പോൾ, പരിവർത്തനങ്ങൾക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുമാകും. ഇന്ത്യ ഇന്ന് ഏറെ പൊളിച്ചെഴുത്തുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കള്ളപ്പണം പുറത്തുകൊണ്ടുവരാനെന്നതിന്റെ പേരിൽ നോട്ടുനിരോധനം വരുത്തിയതുതൊട്ട് വളരെയേറെ പൊളിച്ചെഴുത്തുകൾ അരങ്ങേറുകയുണ്ടായി. എന്നാൽ അവയിൽ പലതും ലക്ഷ്യപ്രാപ്തിയിലെത്തിയില്ല. എന്നുമാത്രമല്ല, കടുത്ത വിപരീതഫലങ്ങളും സൃഷ്ടിക്കുകയുണ്ടായി. ഇപ്പോഴിതാ ഇന്ത്യ ഉൾക്കൊള്ളുന്ന മഹത്തായ ചില സന്ദേശങ്ങളുടെ പ്രതീകമായ അശോകസ്തംഭത്തെ പൂർണമായും പരിവർത്തനപ്പെടുത്തിയുള്ള ഒരു നീക്കം കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നു. ഒരിക്കൽപോലും ന്യായീകരിക്കാൻ കഴിയാത്ത ഒന്നാണിത്.
അശോകസ്തംഭം ശ്രേഷ്ഠമായ ഒരാശയത്തിന്റെ പ്രതീകമാണ്. കലിംഗ യുദ്ധം വരുത്തിവച്ച കെടുതികളിൽ മനംനൊന്ത് സ്വയം പരിവർത്തിക്കപ്പെട്ട അശോക ചക്രവർത്തി ലോകത്തിനു മുന്നിൽ സമാധാന പ്രഖ്യാപനമെന്ന നിലയിൽ ചില പ്രതീകങ്ങൾ സമർപ്പിക്കുകയുണ്ടായി. കലിംഗയുദ്ധം മനുഷ്യവംശത്തിന് വൻ നാശമാണ് സൃഷ്ടിച്ചത്. യുദ്ധം ഒന്നിനും പരിഹാരമാർഗമല്ല, സമാധാനമാണ് നമുക്കു വേണ്ടതെന്ന മഹത്തായ സന്ദേശം പ്രതീകങ്ങളിലൂടെ ലോകത്തിന്റെ നാനാഭാഗത്തും എത്തിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. സമാധാന സന്ദേശം വഹിച്ചുകൊണ്ടുള്ള 14 സ്തംഭങ്ങൾ രാജ്യത്തെങ്ങും അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. ധർമഘോഷ നഃഭേരിഘോഷമെന്നായിരുന്നു ഇതിൽ പ്രധാനപ്പെട്ട സ്തംഭത്തിലെ സന്ദേശം. ഭേരിഘോഷത്തിനെതിരേ (യുദ്ധക്കെടുതിക്കെതിരേ) ധർമഘോഷം (സമാധാനം) എന്നതായിരുന്നു അർഥം. ധർമചക്രം സ്ഥാപിച്ച പീഠത്തിനു മുകളിൽ സൗമ്യഭാവത്തോടെ നിൽക്കുന്ന നാലു സിംഹങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ഈ ശിൽപം.

ശ്രീബുദ്ധന്റെ ധാർമിക സന്ദേശം പൂർണമായും ഉൾക്കൊണ്ട് സമാധാനത്തിന്റെ പ്രവാചകനായി അശോക ചക്രവർത്തി രൂപാന്തരപ്പെടുകയായിരുന്നു. അതിന്റെ ഫലമായി അദ്ദേഹം രാജ്യമെങ്ങും സന്ദേശസൂചകങ്ങളായി സ്തംഭങ്ങളും ശിലാന്യാസങ്ങളും സ്ഥാപിക്കുകയുണ്ടായി. അതിൽ സാരാനാഥിൽനിന്ന് കണ്ടെടുത്ത സ്തംഭമാണ്, ഭാരതം നിലകൊള്ളുന്നത് ലോകസമാധാനത്തിനാണെന്ന പ്രഖ്യാപനത്തിന്റെ പ്രതീകമായ അശോകസ്തംഭം. സമന്വയത്തിന്റെയും സംയമനത്തിന്റെയും പ്രതീകങ്ങളായ നാലു സിംഹങ്ങളും അശോകചക്രവും അടങ്ങുന്നതാണ് സ്തംഭം. ഇതാണ് ഭാരത സർക്കാരിന്റെ ഔദ്യോഗിക മുദ്ര. ഇന്ത്യൻ പാസ്‌പോർട്ടിലും കറൻസിയിലും ആലേഖനം ചെയ്തിരിക്കുന്ന ഔദ്യോഗിക മുദ്ര, ഇന്ത്യ ലോകത്തോട് വിളിച്ചുപറയുന്ന വിശാലമായ ചില മൂല്യങ്ങളുടെ പ്രതീകവൽക്കരണം കൂടിയാണ്. ഇതു ദുരുപയോഗപ്പെടുത്താൻ പാടില്ലെന്ന് നിയമം മൂലം വിലക്കിയിട്ടുണ്ട്. അശോകസ്തംഭത്തിൽ രൂപമാറ്റം വരുത്താൻപോലും പാടില്ലാത്തതാണ്.

സമീപകാലത്ത് ഇന്ത്യൻ തലസ്ഥാന നഗരിയിൽ പണിയുന്ന പുതിയ പാർലമെന്റ് കെട്ടിടത്തിനു മുകളിൽ സ്ഥാപിക്കാൻ വേണ്ടി അശോകസ്തംഭത്തിന്റെ പുതിയ മാതൃക രൂപകൽപന ചെയ്യുകയുണ്ടായി. അതാണ് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച അനാച്ഛാദനം ചെയ്തത്. ഇതു നിലവിലുള്ള അശോകസ്തംഭത്തിൽനിന്ന് ഏറെ വിഭിന്നമാണ്. പക്വതയോടെയുള്ള, സൗമ്യഭാവം നിറഞ്ഞ മുഖപ്രകൃതിയുള്ള സിംഹങ്ങളാണ് പഴയ അശോകസ്തംഭത്തിലുണ്ടായിരുന്നതെങ്കിൽ പുതിയതിൽ ദംഷ്ട്രകൾ പുറത്തുകാണിച്ചു, ക്രൗര്യഭാവത്തോടെയുള്ള സിംഹ ശിൽപങ്ങളാണ്. അശോകസ്തംഭത്തിലൂടെ ഭാരതം ലോകത്തിനു നൽകിക്കൊണ്ടിരിക്കുന്ന മഹത്തായ ഒരു സന്ദേശത്തിനു കടകവിരുദ്ധമാണിത്. ഭേരിഘോഷത്തിനെതിരായി (അക്രമാസക്തമായ) ധർമഘോഷമാണ് വേണ്ടതെന്ന അശോകസ്തംഭത്തിനെതിരായ ഒരു സൂചകം കൂടിയാണിത്.

ദംഷ്ട്രടകൾ പുറത്തുകാട്ടി അക്രമോത്സുക ഭാവത്തോടെ നിലകൊള്ളുന്ന സിംഹരൂപങ്ങൾ ഒരിക്കലും സമാധാനത്തിന്റെ ചിഹ്നങ്ങളല്ല. ഇന്ത്യ കാലകാലങ്ങളായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സമാധാന സന്ദേശത്തിനു വിരുദ്ധവുമാണിത്. മാത്രവുമല്ല, ഇന്ത്യൻ ദേശീയചിഹ്നത്തെ വികൃതമാക്കിയതിലൂടെ നിയമവിരുദ്ധമായ ഒരു നടപടിക്കാണ് കേന്ദ്രം തുടക്കംകുറിച്ചിരിക്കുന്നത്. പുതിയ സ്തംഭത്തിന്റെ മുമ്പാകൃതിയിൽ മാത്രമല്ല മാറ്റം, ബാഹ്യരൂപത്തിലും കാതലായ മാറ്റമുണ്ട്. താഴെനിന്ന് നോക്കുന്നതുകൊണ്ടാണ് സിംഹരൂപങ്ങളുടെ ദംഷ്ട്രകൾ പുറത്തുകാണുന്നതെന്ന വിചിത്ര വാദവും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യ നിലകൊള്ളുന്ന കാതലായ സന്ദേശങ്ങൾക്കു തികച്ചും വിരുദ്ധമായ ഒരു പ്രതീകത്തെയാണ് കേന്ദ്രസർക്കാർ പുതിയ പാർലമെന്റിന്റെ മന്ദിരത്തിനു മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ സമീപകാലത്ത് പിന്തുടർന്നുവരുന്ന ജനാധിപത്യവിരുദ്ധമായ പല നടപടിക്രമങ്ങളുടെയും ഒടുവിലത്തെ ഉദാഹരണമായി ഈ സംഭവം മാറുകയാണ്.

ദേശീയ പ്രാധാന്യമുള്ള ഒരു പദ്ധതിക്ക് സമാരംഭം കുറിക്കുമ്പോൾ, പ്രതിപക്ഷത്തിന്റെ സാന്നിധ്യവും കൂടി ഉണ്ടാവേണ്ടതായിരുന്നു. ഇവിടെ സാന്നിധ്യം ഉണ്ടായില്ലെന്നു മാത്രമല്ല, ഇത്തരമൊരു സ്തംഭം പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ചപോലും നടന്നിട്ടില്ല. കേന്ദ്രസർക്കാർ പുതിയ പാർലമെന്റ് മന്ദിരം സ്ഥാപിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷവുമായി കൂടിയാലോചിച്ചിരുന്നില്ലെന്നത് മറ്റൊരു യാഥാർഥ്യം. പുതിയൊരു പാർലമെന്റ് മന്ദിരം കോടികൾ മുടക്കി സ്ഥാപിക്കുന്നതിന്റെ ആവശ്യമെന്തായിരുന്നു? ഭൂകമ്പ പ്രതിരോധ സംവിധാനം പഴയ പാർലമെന്റ് മന്ദിരത്തിലില്ല എന്ന ഒരു റിപ്പോർട്ട് ഉണ്ടാക്കി എടുത്തതിന്റെ മറവിലാണ് പുതിയ പാർലമെന്റ് മന്ദിരം പണിയുന്നത്. ഈസ്റ്റ്ഇന്ത്യാ കമ്പനി നിർമിച്ച പാർലമെന്റ് മന്ദിരം ഉപയോഗിക്കേണ്ടതില്ല എന്നൊരു തീരുമാനവും ഇതിന്റെ പിന്നിലുണ്ട്. ഭാരതീയ വാസ്തുശിലാ പൈതൃകത്തോട് ചേർന്നുനിൽക്കുന്ന ഒരു മന്ദിരമാണ് നിലവിലുള്ള പാർലമെന്റ് മന്ദിരം. അതിനുപകരം പണിയുന്ന മന്ദിരം ബഹുരൂപിയായ കേവലം ഒരു കോൺക്രീറ്റ് സൗധം മാത്രമാണ്.
ദേശീയ സ്മാരകങ്ങളോട് കേന്ദ്രസർക്കാർ പുലർത്തുന്ന സമീപനവും വളരെയധികം വിമർശനങ്ങൾക്കു വഴിവച്ചിട്ടുണ്ട്. സ്മാരകങ്ങളെ അതിന്റെ പൈതൃകസ്വഭാവം തകർക്കുന്ന വിധത്തിൽ യാതൊരു വിവേചനവും കൂടാതെയാണ് നവീകരണ ശ്രമങ്ങൾ നടത്തേണ്ടത്. ദേശീയ സ്വാതന്ത്ര്യ സമരേതിഹാസങ്ങളിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായമായ ജാലിയൻ വാലാബാഗ് സ്മാരകം സമീപകാലത്ത് നവീകരിച്ചത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. മഹാത്മാ ഗാന്ധിയുടെ സബർമതി ആശ്രമവും അത്യാധുനികമായ രീതിയിൽ നവീകരിക്കാൻ കേന്ദ്രസർക്കാർ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്.
സബർമതി ആശ്രമത്തിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കലാണ് ആത്യന്തിക ലക്ഷ്യം. ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട പല പേരുകളും വിസ്മൃതമാകാൻ പോകുന്നു. പുരാതന നഗരങ്ങൾക്കും പാതകൾക്കും പുതിയ പേരുകൾ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ദേശീയതയെയും പുരാതനമായ ചരിത്രത്തെയും തിരുത്തിക്കുറിച്ചുകൊണ്ട് പുതിയൊരു ഇന്ത്യയെ നിർമിച്ചെടുക്കാനുള്ള പണിപ്പുരയിലാണ് കേന്ദ്രം. അതിന്റെയെല്ലാമുള്ള പ്രകടനപരതയാണ് പുതിയ അശോകസ്തംഭത്തിന്റെ സ്ഥാപനത്തിലൂടെ ദൃശ്യമാകുന്നത്. അത് ഭാവി ഇന്ത്യയെക്കുറിച്ച് ഏറെ ആശങ്കകൾ വളർത്തുന്നതുമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.