2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാധ്യമസ്വാതന്ത്ര്യത്തെ നിശബ്ദമാക്കുന്ന ; പ്രതികാരരാഷ്ട്രീയം

പ്രൊഫ. റോണി കെ. ബേബി

മാധ്യമസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും നിശബ്ദമാക്കുന്ന പ്രതികാര നടപടിയാണ് രാജ്യത്തെ ബി.ബി.സി ഓഫിസുകളിൽ നടന്ന റെയ്ഡ്. രാജ്യത്തിൻ്റെ ജനാധിപത്യമുഖത്തെ ലോകത്തിനു മുമ്പിൽ കളങ്കപ്പെടുത്തുന്നതാണ് നടപടി. ബി.ബി.സിയുടെ രണ്ടുഭാഗങ്ങളായി വന്ന “ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ” ഡോക്യുമെന്ററിയാണ് ഈ നടപടിക്കു പിന്നിലെന്ന് പകൽ പോലെ വ്യക്തമാണ്.
സ്വതന്ത്രവും നിഷ്പക്ഷവുമായ അഭിപ്രായ സ്വാതന്ത്ര്യത്തെ നിശബ്ദമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ബോധപൂർവമായ പ്രതികാര നടപടിയാണ് ഈറെയ്ഡ്. കേന്ദ്ര സർക്കാരിന് താൽപര്യമില്ലാത്ത മാധ്യമ സ്ഥാപനങ്ങളായ ന്യൂസ് ക്ലിക്ക്, ന്യൂസ് ലൗണ്ട്രി, ദൈനിക് ഭാസ്കർ, ഭാരത് സമാചാർ, നാഷനൽ ഹെറാൾഡ്, ദി വയർ, എൻ.ഡി. ടി.വി തുടങ്ങിയ സ്ഥാപനങ്ങളിൽ നടന്ന റെയിഡിന്റെ തുടർച്ചയാണ് ഇപ്പോൾ ബി.ബി.സിയുടെ ഓഫിസുകളിലും നടക്കുന്നത്.

രാജ്യത്ത് നിലനിൽക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയും സെൻസർഷിപ്പും ആണെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാരിന്റെ നടപടിയോട് പ്രതികരിച്ചത്.
ബി.ബി.സിയുമായി കേന്ദ്ര സർക്കാരിന്റെ ഏറ്റുമുട്ടൽ ഉണ്ടാകുന്നത് ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയുടെ ആദ്യഭാഗം പ്രസിദ്ധീകരിച്ചതോടുകൂടിയാണ്. യുട്യൂബിലും ട്വിറ്ററിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചു. ഡോക്യുമെന്ററി പിൻവലിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം ബി.ബി.സി തള്ളിക്കളഞ്ഞു എന്നുമാത്രമല്ല കേന്ദ്ര സർക്കാരിന്റെ ശക്തമായ എതിർപ്പിനെ അവഗണിച്ച് രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുകയും ചെയ്തു.

   

തുടർന്ന് ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന പ്രസിഡന്റ് വിഷ്ണു ഗുപ്ത നൽകിയ ഹരജി സുപ്രിംകോടതി തള്ളുകയും ചെയ്തു. ഇതോടെയാണ് കേന്ദ്രസർക്കാർ പ്രതികാരനടപടികൾ ആരംഭിച്ചത്.

മാധ്യമസ്വാതന്ത്ര്യം അപകടത്തിൽ

ബി.ബി.സി ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിൽ ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൻ്റെ കഴിഞ്ഞ ദിവസത്തെ എഡിറ്റോറിയൽ മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയിൽ നേരിടുന്ന ഭീക്ഷണികളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. കൂടാതെ മോദി ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകൾ കൃത്യമായി അതിൽ ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പ്രസിദ്ധീകരിച്ച 2022 ലെ മാധ്യമ സ്വാതന്ത്ര്യ സൂചികയിലും ഇന്ത്യയെ അടയാളപ്പെടുത്തിയിരിക്കുന്നത് ഗൗരവകരമായ സാഹചര്യം നിലനിൽക്കുന്ന രാജ്യം എന്നാണ്. “ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാധ്യമ സ്വാതന്ത്ര്യത്തിൽ പിന്നിലായിപോയത് അത്ഭുതപ്പെടുത്തുന്നു” എന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. 180 രാജ്യങ്ങളുള്ള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 150 മാത്രമാണ്. 2021ൽ അത് 142 ആയിരുന്നു.

ഇന്ത്യയിലെ ഭരണകൂടം എങ്ങനെയാണ് മാധ്യമങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചിക. ഒരു രാജ്യത്തെ ജനങ്ങൾക്ക് വാർത്തകൾ അറിയാനുള്ള, മാധ്യമങ്ങൾക്ക് വാർത്തകൾ അറിയിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചാണ് മാധ്യമ സ്വാതന്ത്ര്യ സൂചിക സൂചനകൾ നൽകുന്നത്. അതിൽ ഒരു രാജ്യം താഴോട്ട് പോകുന്നു എന്നാൽ, ജനങ്ങൾക്ക് വാർത്തകൾ അറിയാൻ കഴിയുന്നില്ല എന്നു മാത്രമല്ല മാധ്യമങ്ങൾ അപകടത്തിലാണ് എന്നുകൂടി സൂചിപ്പിക്കുന്നുണ്ട്. മാധ്യമപ്രവർത്തകർ വേട്ടയാടപ്പെടുന്നു, ജയിലിൽ അടയ്ക്കപ്പെടുന്നു, മാധ്യമ സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നു എന്നതൊക്കെയാണ് ഇത് സൂചിപ്പിക്കുന്നത്.

2014 ഇന്ത്യയിൽ ബി.ജെ.പി ഗവൺമെൻ്റ് അധികാരത്തിലെത്തിയതിനുശേഷം മാധ്യമങ്ങളോടുള്ള നിലപാടിൽ വലിയ മാറ്റങ്ങളാണ് വന്നത്. മുൻപ് മാധ്യമങ്ങളോട് സഹിഷ്ണുതയോടെ കണ്ടിരുന്ന പല കാര്യങ്ങളും ഇപ്പോൾ രാജ്യദ്രോഹ പ്രവർത്തനങ്ങളായാണ് ഭരണകൂടം വിവക്ഷിക്കുന്നത്. “കൊളോണിയൽ വിരുദ്ധ പ്രസ്ഥാനത്തിന്റെ ഒരു ഉൽപന്നമാണ് ഇന്ത്യയിലെ മാധ്യമങ്ങൾ. അതിനാൽ ഇന്ത്യയിലെ മാധ്യമങ്ങൾ തികച്ചും പുരോഗമനപരമായി കാണപ്പെട്ടിരുന്നു. എന്നാൽ, 2010 കളുടെ മധ്യത്തിൽ, നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുകയും അദ്ദേഹത്തിന്റെ പാർട്ടിയായ ബി.ജെ.പിയും മാധ്യമങ്ങളിൽ ആധിപത്യം പുലർത്തുന്ന വലിയ കുടുംബങ്ങളും തമ്മിൽ അതിശയകരമായ അടുപ്പം ഉണ്ടാക്കുകയും ചെയ്തത് കാര്യങ്ങളെ മാറ്റിമറിച്ചിരിക്കുന്നു”. എന്നാണ് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ ഭരണാധികാരികൾ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ മാനിക്കണമെന്നും വിമർശനാത്മകമായ റിപ്പോർട്ടിങ്ങിന്റെ പേരിൽ തടങ്കലിൽ വച്ചിരിക്കുന്ന മാധ്യമപ്രവർത്തകരെ മോചിപ്പിക്കണമെന്നും അവരെ ലക്ഷ്യമിടുന്നതും സ്വതന്ത്ര മാധ്യമങ്ങളെ കബളിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്നും റിപ്പോർട്ട് പറയുന്നു. “തീവ്രവാദ വിരുദ്ധ നിയമങ്ങൾക്കും രാജ്യദ്രോഹ നിയമങ്ങൾക്കും കീഴിൽ ഇന്ത്യയിലെ മാധ്യമപ്രവർത്തകരെ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കണം” എന്നും റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു.
2022 ലെ റിപ്പോർട്ടിൽ രാജ്യത്ത് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ ഏറ്റവും അപകടകരമായ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ഉൾപ്പെടുത്തിയിരുന്നു. മാധ്യമങ്ങള്‍ക്കുമേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സർക്കാരിന്റെയും പിടിമുറുകുകയാണെന്നാണ് ഇന്ത്യയെക്കുറിച്ചുള്ള ലോകമാധ്യമസ്വാതന്ത്ര്യ സൂചികയിൽ കഴിഞ്ഞ വർഷം പരാമർശിച്ചത്. തങ്ങളുടെ ജോലി നിര്‍വഹിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യയെന്നും 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷ ഹിന്ദുത്വ ആശയസംഹിതകള്‍ക്ക് വഴങ്ങാന്‍ മാധ്യമങ്ങള്‍ സമ്മര്‍ദത്തിലാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
2021, 2020 വർഷങ്ങളിലെയും ആഗോള ജനാധിപത്യ സൂചികയിലും ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സമാന പരാമർശങ്ങളുണ്ട്. ഇന്ത്യയിലെ മാധ്യമ പ്രവർത്തകർ വംശനാശ ഭീഷണിയെ നേരിടുകയാണെന്നാണ് രാജ്യത്തെ മാധ്യമരംഗത്തെ കുലപതിയായ എൻ. റാം അഭിപ്രായപ്പെട്ടത്.

നേരിടുന്ന വെല്ലുവിളികൾ

സ്വതന്ത്ര മാധ്യമപ്രവർത്തനം രാജ്യത്ത് വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നത് യഥാർഥ വസ്തുതയാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുകയും സ്വതന്ത്ര ചിന്തകൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത നിരവധി മാധ്യമ പ്രവർത്തകരാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ രാജ്യത്ത് വധിക്കപ്പെടുകയോ നിശബ്ദരാക്കപ്പെടുകയോ ചെയ്തത്. ഗൗരി ലങ്കേഷ് മുതൽ ഈ പട്ടിക നീണ്ടതാണ്. പെരുമാൾ മുരുഗനെപ്പോലെയുള്ള അസംഖ്യം എഴുത്തുകാരും നിശബ്ദരാക്കപ്പെട്ടു. രാജ്യത്തെ മാധ്യമ രംഗത്ത് മുൻനിരയിലുള്ള എൻ.ഡി.ടി.വിക്കെതിരേയും പ്രണൊയ് റോയിക്കെതിരേയും നടന്ന വേട്ടയാടലുകൾ സമാനതകളില്ലാത്തതാണ്. ഭീഷണികൾക്ക് മുമ്പിൽ മുട്ടുമടക്കാതിരുന്ന എൻ.ഡി.ടി.വിയെ അവസാനം ഗൗതം അദാനിയെ ഉപയോഗിച്ച് വിലക്കെടുക്കുകയാണ് മോദി ഭരണകൂടം ചെയ്തത്. പ്രണൊയ് റോയിയെ ഡൽഹി വിമാനത്താവളത്തിൽ വച്ച് തടവിലാക്കപ്പെടുന്ന സാഹചര്യമുണ്ടായി.

മലയാളിയായ സിദ്ദിഖ് കാപ്പൻ ഉൾപ്പടെ നിരവധി മാധ്യമപ്രവർത്തകർ ഇരുമ്പറകൾക്കുള്ളിൽ നേരിട്ട ക്രൂരതകൾ സമാനതകൾ ഇല്ലാത്തതാണ്. പ്രധാനമന്ത്രിക്കെതിരേ ട്വീറ്റ് ചെയ്തു എന്നതിന്റെ പേരിലാണ് പ്രമുഖ ദലിത് ആക്റ്റീവിസ്റ്റും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനിയെ ബി.ജെ.പി ഭരിക്കുന്ന അസം ഗവൺമെന്റ് ജയിലിലടച്ചത്. ഓൺലൈൻ മാധ്യമങ്ങളെയും സെൻസർഷിപ്പിന്റെ പരിധിയിൽ കൊണ്ടുവന്ന പുതിയ ഐ.ടി നിയമം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നതുപോലെ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നതിന്റെ കൃത്യമായ സൂചനയാണ്.

“മോദി പ്രധാനമന്ത്രിയായ ഇന്ത്യയിൽ ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല” എന്ന ജഞാനപീഠ പുരസ്കാര ജേതാവ് യു.ആർ അനന്തമൂർത്തിയുടെ വാക്കുകൾ എത്രമാത്രം ദീർഘവീക്ഷണമുള്ളതായിരുന്നു എന്ന് നമ്മൾ ഇപ്പോൾ മനസിലാക്കുന്നു. മഹേശ്വതാ ദേവിയെപ്പോലെ മറ്റുപ്രശസ്തരായ പല എഴുത്തുകാരും ജഞാനപീഠ പുരസ്ക്കാര ജേതാക്കളും സമാനമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. സ്വതന്ത്രമായി അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നോബൽ പുരസ്കാര ജേതാക്കളായ അമർത്യാ സെന്നും കൈലാഷ് സത്യാർത്ഥിയും വേട്ടയാടപ്പെട്ടത് ഈ രാജ്യത്തു തന്നെയാണ്.

മാധ്യമസ്വാതന്ത്ര്യം അവസാനിക്കുന്നിടത്ത് ആരംഭിക്കുന്നത് ഏകാധിപത്യവും സമഗ്രാധിപത്യവും ആണ്. മാധ്യമങ്ങളെ നിശബ്ദരാക്കാൻ ഭരണകൂടം ശ്രമിക്കുന്നുവെങ്കിൽ അതിനർത്ഥം അവർ ജനാധിപത്യത്തെ ഭയപ്പെടുന്നു എന്നാണ്. രാജ്യം എവിടെ നിൽക്കുന്നു നാളെ എങ്ങോട്ടു പോകുന്നു എന്ന കൃത്യമായ ഓർമപ്പെടുത്തലാണ് ബി.ബി.സിക്കെതിരേയുള്ള നടപടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.