2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കൊറോണ വകഭേദവും വിശ്വാസികളും

ഒന്നര വർഷമായി മനുഷ്യകുലത്തെ ശരിക്കും വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് പുതിയ വകഭേദമായ ഒമിക്രോൺ പ്രത്യക്ഷപ്പെട്ട് വീണ്ടും മുൾമുനയിൽ ലോകത്തെ നിർത്തിയിരിക്കുകയാണ്. പുതിയ സാഹചര്യം വിശ്വാസികളെ കൂട്ടിക്കൊണ്ടുപോകുന്നത് വിശുദ്ധ ഖുർആനിലെ സുഖ്‌റുഫ് അധ്യായം 48ാം വചനത്തിലേക്കാണ്. അതിൽ അല്ലാഹു പറയുന്നു: മുമ്പത്തേതിനെക്കാൾ ഗൗരവമായിക്കൊണ്ട് മാത്രമാണ് ഓരോ ദൃഷ്ടാന്തവും അവർക്കു നാം കാണിക്കുന്നത്. പശ്ചാത്തപിച്ചു മടങ്ങാനായി അവരെ നാം ശിക്ഷകൊണ്ട് പിടികൂടുകയുമുണ്ടായി (43:48). ഈ സൂക്തത്തിന്റെ പശ്ചാത്തലം മൂസാ നബിയുടെ യുഗമാണ്. ഇസ്‌റാഇൗൽ സന്തതികളെ ക്രൂരമായി വേട്ടയാടിയ ഫറോവൻ ജനതക്കുനേരെ വന്ന നിരന്തര ശിക്ഷാപരീക്ഷണങ്ങളാണ് പ്രതിപാദ്യവിഷയം. ആ ജനതയെ തങ്ങളുടെ തെറ്റുകളിൽനിന്ന് മടക്കിക്കൊണ്ടുവരുവാൻ അല്ലാഹു നൽകുന്ന പരീക്ഷണാർഥത്തിലുള്ള ശിക്ഷകളുടെ പട്ടിക സൂചിപ്പിച്ച് അവ ഓരോന്നും തൊട്ടു മുമ്പു വന്നതിനേക്കാൾ ഗൗരവമായിരുന്നു എന്ന് ഉണർത്തുകയാണ് സൂക്തം. ഭൗതികമായി പറയാവുന്ന കാരണങ്ങൾ ഒന്നുമില്ലാതെ കടന്നുവരികയും പ്രത്യേകിച്ച് ന്യായമൊന്നുമില്ലാതെ പടരുകയും ചെയ്ത മഹാമാരിയെ ഒരു ദൈവിക പരീക്ഷണമായി കാണുവാൻ കഴിയുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ഈ ധാരണ ശരിയാണെന്ന് ഉറപ്പാകുകയാണ് പുതിയ പതിപ്പിന്റെ അവതാരവും ഈ സൂക്തത്തിന്റെ ആശയവും ചേർത്തുവയ്ക്കുമ്പോൾ. കാരണം, കൊറോണ വൈറസിന്റെ ഇതപര്യന്തമുള്ള വകഭേദങ്ങളിൽ ഗുരുതരമായതാണത്രെ ഒമിക്രോൺ.
കൊവിഡിന് ഏറ്റവും അവസാനമുണ്ടായ വലിയ വകഭേദം ഡൽറ്റാ പ്ലസായിരുന്നു. അതിനുശേഷം താരതമ്യേന ചെറുതെന്ന് വിവരിക്കപ്പെട്ട 8 ജനിതക മാറ്റങ്ങൾ സംഭവിച്ചെന്നാണ് ശാസ്ത്ര ലോകത്തിന്റെ കണക്ക്. അതിന്റെ ശേഷമാണ് ഒമിക്രോൺ വരുന്നത്. ഇത്രയും പറഞ്ഞതിൽനിന്ന് പരീക്ഷണം വകഭേദങ്ങളോടെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. മറ്റൊന്ന്, നിലവിലുള്ള പ്രതിരോധ മരുന്നുകൾ എല്ലാം അപര്യാപ്തമാകുന്ന തരത്തിലുള്ള മ്യൂട്ടേഷനാണ് ഒമിക്രോണിനുള്ളത്. ജനിതക ഘടനയിൽ കാണപ്പെടുന്ന 30 മ്യൂട്ടേഷൻ താളപ്പിഴകൾ കോശങ്ങളെ കൂടുതൽ ശക്തിയോടെ തുളച്ചുകയറുവാൻ സഹായകമാണെന്ന് ആരോഗ്യ മേഖല കണ്ടെത്തിയതാണ്, അല്ലാതെ മരണനിരക്കോ മറ്റോ അല്ല ഇപ്പോൾ കൂടുതൽ ആശങ്ക വിതച്ചിരിക്കുന്നത്. നിലവിലുള്ളതിനേക്കാൾ സംഗതി ഗുരുതമാണെന്ന് ഇതും സൂചിപ്പിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദം ആദ്യ ആഴ്ചയിൽ 70 പേരെ പിടികൂടിയപ്പോൾ തൊട്ടടുത്ത വാരം 540 പേരെപിടികൂടിയതായാണ് റിപ്പോർട്ടുകൾ വന്നത്. ഈ വർധനവും ബാധിതരിൽ കൂടുതലും ചെറുപ്രായക്കാരാണ് എന്നതും ഗുരുതരാവസ്ഥയെ വീണ്ടും കൂട്ടുന്നു.

ശിക്ഷകൾ, താക്കീതുകൾ, പരീക്ഷണങ്ങൾ തുടങ്ങിയവ ആവർത്തിക്കേണ്ടിവരുമ്പോൾ അത് ക്രമേണ ശക്തമാവുകയെന്നത് പൊതുവെ ശിക്ഷാമുറകളുടെ മനശ്ശാസ്ത്രം തന്നെയാണ്. ഒന്നാമത്തെ തെറ്റിനു കിട്ടിയതിനേക്കാൾ ചൂടേറിയതായിരിക്കുമല്ലോ അധ്യാപകന്റെ രണ്ടാമത്തെ തെറ്റിനുള്ള അടി. ഇവിടെ ആകെയുള്ള ആശ്വാസം ഇത് നമ്മെ വേദനിപ്പിക്കുക എന്നതിലുപരി അപഥസഞ്ചാരത്തിൽനിന്ന് മടങ്ങുക എന്നതാണ് ഇതിന്റെയൊക്കെ ലക്ഷ്യം. അപ്പോൾ നാം തിരിച്ചറിയാനും സമ്മതിക്കുവാനും മടങ്ങുവാനും തയാറാണെങ്കിൽ പരീക്ഷണം പിൻമാറുക തന്നെ ചെയ്യും. മതവിശ്വാസികൾ എന്തു പറഞ്ഞാലും ട്രോളുകൾക്ക് ഇട്ടുകൊടുക്കുന്ന പുതിയ കാലത്താണെങ്കിലും ദൈവമെങ്കിൽ എന്തുകൊണ്ട് ഇങ്ങനെ പരീക്ഷിക്കുന്നു എന്ന ചോദ്യത്തെ പരിഗണിക്കാതിരിക്കുന്നില്ല. നിലവിലുള്ള വൈറസിനുണ്ടായതു പോലെ ഇതിനുമെതിരായി ഫലപ്രദമായ വാക്‌സിനുകളും മരുന്നുകളുമുണ്ടാകുമെന്നത് നിശ്ചയം തന്നെ. പുതിയത് കണ്ടെത്തേണ്ടിയിരിക്കുന്നു എന്നത് അവനെ സത്യത്തിൽ തോൽപ്പിക്കുന്നുണ്ട്. തന്നെ തോൽപ്പിക്കുന്ന ഒരു ശക്തി തന്റെ ചുറ്റിലുമായി വിലയം ചെയ്തുകിടപ്പുണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് അംഗീകരിക്കാൻ നൂറായിരം തെളിവുകളുണ്ടായിട്ടും മനുഷ്യർ തയാറാകുന്നില്ലെങ്കിൽ അവരെ ഇങ്ങനെയൊക്കെ പരീക്ഷണ ശിക്ഷണങ്ങൾക്കു വിധേയരാക്കേണ്ടിയിരിക്കുന്നു.

മരുന്നും വാക്‌സിനും കണ്ടുപിടിക്കുന്നതിനിടയ്ക്ക് സംഭവിക്കുന്ന വലിയ വ്യാപനം നൽകുന്ന സന്ദേശം മറ്റൊന്നാണ്. അത് മനുഷ്യന്റെ അരക്ഷിതാവസ്ഥ ബോധ്യപ്പെടുത്തുന്നതാണ്. മനുഷ്യനെ ഒരു ചെറുകീടം ഇങ്ങനെ പിടിച്ചുകെട്ടുമ്പോൾ അതും മേൽപ്പറഞ്ഞ അതേ ബിന്ദുവിലേക്ക് നയിക്കുന്ന ഒരു സന്ദേശമാകുന്നു. ഇത്തരം പരീക്ഷണങ്ങൾക്കുള്ള മറ്റൊരു ന്യായം മനുഷ്യന്റെ അതിരുവിട്ട ആർത്തിയാണ്. അവന്റെ ആർത്തിയും അത്യാഗ്രഹവും അവനും അവന്റെ തലമുറക്കും അധിവസിക്കുവാൻ സ്രഷ്ടാവ് മാത്രം ഒരുക്കിക്കൊടുത്ത അനുഗ്രഹങ്ങൾ സ്വന്തമാക്കുവാനുള്ളതാണ്. മണ്ണും വെള്ളവും വായുമണ്ഡലവും അവന്റെ ആർത്തി നശിപ്പിച്ചു കഴിഞ്ഞു. പ്രകൃതിയെ നശിപ്പിക്കുവാനുള്ള മനുഷ്യന്റെ ഈ അത്യാഗ്രഹം, പ്രകൃതിയെക്കാൾ അവൻ വലിയവനായി എന്ന ചിന്തയിൽനിന്ന് ഉയർന്നതാകണം. ഭൂമിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കാനും മനുഷ്യന് അതിൽ ആശ്വാസകരമായ ജീവനം സാധ്യമാക്കാനും മൃഗങ്ങളും സസ്യലതാദികളും അതിൻ്റേതായ അനുപാതത്തിൽ തന്നെ തുടരാനും വേണ്ടതെല്ലാം കൃത്യമായി കൃത്യതയോടെ ചെയ്യുവാൻ മനുഷ്യനെയാണ് സ്രഷ്ടാവ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അമാനത്ത് എന്നാണ് ഇതു വ്യവഹരിക്കപ്പെടുന്നത് (അൽ അഹ്‌സാബ്: 70). പക്ഷേ, തന്റെ സാമ്പത്തിക, സാമൂഹിക, വാണിജ്യ പുരോഗതികൾക്കായി മനുഷ്യൻ അതെല്ലാം മറക്കുന്നുവെങ്കിൽ അവനെ ഈ വഴിക്ക് ഉൽബോധിപ്പിക്കേണ്ടതുണ്ട്.
മനുഷ്യൻ സമൂഹജീവിയാണെങ്കിലും, അവന്റെ താൽപര്യങ്ങൾ തികച്ചും സ്വാർഥമാണ്. തന്റെ കാര്യമല്ലാതെ, തന്റെ ചുറ്റുമുള്ളവരുടെ കാര്യങ്ങൾ അവനെ അലട്ടുന്നേയില്ല. അതു തുടർന്നാലും അവനെ താക്കീതു ചെയ്യേണ്ടതുണ്ട്. അങ്ങനെയൊക്കെ വിവരിക്കുമ്പോൾ വിശ്വാസത്തിന്റെ പുറത്തുള്ളവരും വിശ്വാസത്തിന് ശക്തി ദൗർബല്യമുള്ളവരും എന്നിട്ടവനെ നേരെയാക്കുവാൻ കഴിയുമോ എന്നു ചോദിച്ചേക്കും. അതിനുള്ള മറുപടി, കഴിഞ്ഞാലും ഇല്ലെങ്കിലും അത് പ്രപഞ്ചത്തിലുള്ള ദൈവിക നടപടി ക്രമത്തിന്റെ ഭാഗമാണെന്നാണ്. പ്രവാചക ദൂതൻമാരെ നിയോഗിക്കുന്നതും ഗ്രന്ഥങ്ങൾ നൽകുന്നതും സ്വന്തം ബുദ്ധിക്ക് കണ്ടുപിടിക്കാൻ കഴിയുന്നവിധം ദൃഷ്ടാന്തങ്ങൾ വിരുത്തിയിടുന്നതുമെല്ലാം ഇതേ നടപടിക്രമത്തിന്റെ ഭാഗമാണ്. ആത്യന്തികമായ രക്ഷയും ശിക്ഷയും ഇവിടെയല്ല, പരലോകത്താണ് നടക്കുന്നത്. അല്ലാതെ ഈ സൂചനകൾ തീർത്തും ഫലപ്പെടുമെന്നു പറയാനാവില്ല. തീരെ ഫലപ്പെടില്ലെന്നും. അതെല്ലാം സ്രഷ്ടാവിന്റെ പരമമായ തീരുമാനങ്ങൾക്കു മാത്രം വിധേയമാണ്.

ഫലപ്പെടാതെ പോകുന്നത് തന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം മനുഷ്യൻ ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടാണ്. ഇത്രയും ഭീതിവിതച്ച കൊവിഡിനെതിരേയള്ള മുൻകരുതലുകളുടെ കാര്യത്തിൽ പോലും കുറ്റകരമായ വീഴ്ച വരുത്തിയവനാണവൻ. ജീവൻ നിലനിർത്താൻ ലോക്ക്ഡൗൺ പോലുള്ള നിയമങ്ങളോടും രോഗവ്യാപനം തടയുവാൻ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കാൻ തന്നെ പൊലിസും പിഴയുമൊക്കെ വേണ്ടിവന്നു. ആരാധനാലയങ്ങൾ പോലും അടയ്ക്കപ്പെട്ടില്ലേ, ദൈവത്തിന്റെ ആവശ്യം മനസുകളാൽ നിരാകരിക്കപ്പെട്ടില്ലേ, എന്നിട്ടും വിശ്വാസത്തിന്റെ അരികുചേർന്നു കിടക്കുകയാണോ എന്ന് ചോദിക്കുന്നവരുണ്ട്. ചിന്തയിൽ സ്വാതന്ത്ര്യം അതിരുകൾ വിട്ട് വലുതായി വന്ന കാലമാണല്ലോ. ആരാധനാലയങ്ങൾ അടയ്ക്കപ്പെട്ടത് ഒരു ന്യൂനതയായല്ല, മറിച്ച് അത് തത്ത്വത്തിൽ ഗുണകരമായി തന്നെ ഉൾക്കൊള്ളാവുന്ന ശരിയായ വീക്ഷണവുമുണ്ട്. അത് ദൈവമെന്നത് മനുഷ്യന്റെ ഒരു ഊർജമാണ്, അങ്ങനെ ആവേണ്ടതാണെന്ന ശരിയായ വീക്ഷണത്തിൽ നിന്നുണ്ടാകുന്നതാണ്. പുതിയ സാംസ്‌കാരിക ക്രമത്തിൽ വിശ്വാസി വിശ്വാസത്തെയും ആരാധനയെയും ആരാധനാലയങ്ങളിലേക്ക് ചുരുക്കിക്കെട്ടിയിരുന്നു. ആരാധനാലയത്തിനു പുറത്ത് അവന് മതവും വിശ്വാസവും പേരിനും മേൽവിലാസത്തിനും വാദിക്കാനും മാത്രമായി പരിമിതപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ പ്രതിഫലങ്ങളിലെ കുറവ് നിർബന്ധിതാവസ്ഥയിൽ മാറ്റിവയ്ക്കുമ്പോൾ പുറത്തും ദൈവത്തെ കാണാനുള്ള അവസരം ഇതുണ്ടാക്കിയെന്നാണ് ആ വീക്ഷണം. ഇങ്ങനെ കുറേ ചിന്തകൾ പങ്കുവയ്ക്കാനുണ്ട് പരീക്ഷണങ്ങൾ മുറുകുമ്പോൾ വിശ്വാസികൾക്ക്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.