സ്വന്തം ലേഖകൻ
തിരുവനന്തപുരം
കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭ അംഗങ്ങളുടെ ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ എൽ.ഡി.എഫിന് ലഭിക്കുന്ന രണ്ട് സീറ്റുകളിൽ ഒന്നിൽ അവകാശവാദം ഉന്നയിച്ച് സി.പി.ഐ. എൽ.ജെ.ഡിയിലെ എം.വി ശ്രേയാംസ്കുമാർ ഒഴിയുന്ന സീറ്റാണ് സി.പി.ഐ ആവശ്യപ്പെടുന്നത്. നിലവിലുള്ള സീറ്റ് എൽ.ജെ.ഡിക്ക് നൽകില്ലെന്നും രാജ്യസഭയിൽ പാർട്ടിയുടെ ശക്തികൂട്ടാൻ രണ്ട് സീറ്റിലും മത്സരിക്കാൻ നേരത്തെ സി.പി.എം തീരുമാനം എടുത്തിരുന്നു.
എന്നാൽ, സി.പി.ഐ ഉടക്കിട്ടതോടെ എൽ.ഡി.എഫിൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നാണ് സി.പി.എം നിലപാട്. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം തലസ്ഥാനത്ത് എത്തിയ കോടിയേരി ബാലകൃഷ്ണൻ ഇതു സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാൻ തയാറായില്ല. എൽ.ഡി.എഫിൽ തീരുമാനമെടുക്കുമെന്ന് മാത്രമാണ് പ്രതികരിച്ചത്.
സി.പി.ഐ ആകട്ടെ തങ്ങൾക്ക് ഒരു എം.പി മാത്രമാണ് രാജ്യസഭയിലുള്ളതെന്നും എൽ.ഡി.എഫ് ധാരണ അനുസരിച്ച് 2024 വരെ കാത്തിരിക്കേണ്ടി വരുമെന്നും അതിനാൽ എൽ.ജെ.ഡിക്ക് നൽകിയിരിക്കുന്ന സീറ്റ് തങ്ങൾക്ക് വേണമെന്നുമാണ് ആവശ്യപ്പെടുന്നത്.
നിലവിൽ ബിനോയി വിശ്വമാണ് രാജ്യസഭയിൽ സി.പി.ഐക്കുള്ള ഏക പ്രതിനിധി. സി.പി.എമ്മിനാകട്ടെ നിലവിൽ സ്ഥാനമൊഴിയുന്ന അംഗം കെ. സോമപ്രസാദ്, എളമരം കരീം, ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ എന്നിവർ കേരളത്തിൽ നിന്നും ജർണാദാസ് ബൈദിയ ത്രിപുരയിൽ നിന്നുമുണ്ട്.
ഒരു സീറ്റിൽ ദേശീയ നേതാവിനെ രാജ്യസഭയിൽ എത്തിക്കാനാണ് സി.പി.എം നീക്കം. എ.കെ ആന്റണി, എം.വി ശ്രേയാംസ്കുമാർ, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് തീരുന്നത്.
ഹൈക്കമാൻഡ് നിർദേശിച്ചാൽ വീണ്ടും ആന്റണിയെ തന്നെ പരിഗണിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. ആന്റണി ഡൽഹിയിൽ തുടരാൻ താൽപര്യമില്ലെന്ന് അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്.
Comments are closed for this post.