ഡോ. അബേഷ് രഘുവരൻ
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിക്കുശേഷം അവിടെ രൂപപ്പെട്ടിരിക്കുന്ന നക്ഷത്രങ്ങളുടെയും ഗ്യാലക്‌സികളുടെയും ഏറ്റവും വിദൂരത്തിലുള്ളതും വ്യക്തവുമായ ചിത്രങ്ങളാണ് ജൂലൈ 12നു നാസയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറത്തുവിട്ടിരിക്കുന്നത്. ഭൂതകാലം എന്നത് വിസ്മൃതിയിലാകുന്ന പ്രഹേളികയാണെന്ന് കരുതുമ്പോഴും, കാലത്തിന്റെ അഗാധമായ ഭൂതകാലത്തിലേക്ക് നാം സഞ്ചരിക്കുന്ന പ്രതിഭാസത്തിന് ‘ടൈം ട്രാവൽ’ എന്ന് വിശേഷിപ്പിക്കുമ്പോഴും അതൊരു ചിന്തയ്ക്കപ്പുറം എന്തെന്ന് കരുതിയിരുന്നിടത്തേക്കാണ് നാസ തങ്ങളുടെ കാമറക്കണ്ണുകൾ തിരിച്ചിരിക്കുന്നത്. ജെയിംസ് വെബ് എന്ന ബഹിരാകാശ ടെലസ്‌കോപ്പിലൂടെ എടുത്ത ചിത്രങ്ങൾ ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ടതോടെ ലോകത്തെ ശാസ്ത്ര, സാങ്കേതികവിദ്യയുടെ ഏറ്റവും നിർണായകമായ യാത്രയ്ക്കാണ് മാനവരാശി തുടക്കമിട്ടിരിക്കുന്നത്. പ്രപഞ്ചഘടനയെക്കുറിച്ചുള്ള 1350 കോടി വർഷങ്ങൾ മുമ്പുള്ള വിവരങ്ങൾ ശേഖരിക്കുക, പ്രപഞ്ചത്തിലെ മറ്റു ഗ്രഹങ്ങളിലെ ജീവൻ നിലനിൽക്കാനുള്ള സാധ്യതകൾ അന്വേഷിക്കുക, മറ്റു ഗ്രഹങ്ങളായ നെപ്റ്റ്യൂൺ, യുറാനസ് എന്നിവയെപ്പറ്റി പഠിക്കുക തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ ചന്ദ്രനിൽ മനുഷ്യരെ എത്തിക്കുന്നതിനായുള്ള അപ്പോളോ പദ്ധതിയിൽ നേതൃത്വം വഹിച്ച അഡ്മിനിസ്‌ട്രേറ്റർ ആയിരുന്നു ജെയിംസ് വെബ്. കൂടാതെ 1949 മുതൽ 1952 വരെ അമേരിക്കൻ അണ്ടർ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശാസ്ത്രലോകത്തിന് നിർണായക സംഭാവന നൽകിയ അദ്ദേഹത്തിന്റെ പേരാണ് ലോകത്തെ ഏറ്റവും പ്രശസ്തമായ ടെലസ്‌കോപ്പിന് നൽകിയിരിക്കുന്നത്. 7000 കിലോ ഭാരവും പ്രധാന കണ്ണാടിക്ക് 7.5 മീറ്റർ വ്യാസവും കാലാവധി ഏതാണ്ട് പത്തുവർഷങ്ങൾക്കുമുകളിലും ഉണ്ട്. ഏതാണ്ട് 1000 കോടി യു.എസ് ഡോളറാണ് അതുണ്ടാക്കുന്നതിനായി ചെലവുവന്നിരിക്കുന്നത്.
ശാസ്ത്രലോകത്തു പലപ്പോഴും പുതിയ പദ്ധതികൾ പരീക്ഷിക്കപ്പെടുന്നുണ്ട്. അവയിലൊക്കെയും പാതിയും വിജയങ്ങളിലെത്താതെ പോകുന്നുമുണ്ട്. ശാസ്ത്രപരീക്ഷണങ്ങളുടെ മാത്രം പ്രത്യേകതയാണ് അത്. പരീക്ഷണങ്ങളുടെ അവസാനം, അത് വിജയമായാലും പരാജയമായാലും അതങ്ങനെത്തന്നെ ശാസ്ത്രലോകത്തിന് അവസാനിപ്പിക്കേണ്ടതുമുണ്ട്. ഓരോ പരീക്ഷണപദ്ധതിയുടെയും ഭാവി ആർക്കും പ്രവചിക്കാനാവുന്നതുമല്ല. എന്നാൽ അത്തരം പൊതുവായ പദ്ധതികളിൽ നിന്ന് ജെയിംസ് വെബ് മിഷൻ വ്യത്യാസപ്പെട്ടിരിക്കുന്നത് അതിന്റെ കൃത്യതയിലാണ് (Precision). നൂറ്റാണ്ടുകൾക്കപ്പുറത്തെ ചിത്രങ്ങൾ പ്രപഞ്ചത്തിലെ ഇൻഫ്രാറെഡ് വികിരണങ്ങളിലൂടെ കണ്ടെത്തി അണുവിട മാറ്റമില്ലാത്ത ചിത്രങ്ങളാക്കിയാണ് മാറ്റുന്നത്.
പ്രധാനമായും രണ്ട് കണ്ണാടികളാണ് ഇതിൽ ഉള്ളത്. ആദ്യത്തെ വലിയ കണ്ണാടി (Primary Mirror) ബഹിരാകാശത്തുകൂടി സഞ്ചരിക്കുന്ന ഇൻഫ്രാറെഡ് കിരണങ്ങളെ മറ്റൊരു കണ്ണാടിയിലേക്ക് (Secondary Mirror) കേന്ദ്രീകരിക്കുന്ന ചെയ്യുന്നത്. ഇങ്ങനെ കേന്ദ്രീകരിക്കുന്ന കിരണങ്ങളെ അധികരിച്ചാണ് ടെലസ്‌കോപ്പിലെ വിവിധ ഉപകരണങ്ങൾ ചിത്രങ്ങൾ എടുക്കുന്നത്. ഇത് ഒന്നിലേറെ ഏജൻസികളുടെ; അതായത് നാസ, യൂറോപ്യൻ സ്‌പേസ് ഏജൻസി, കനേഡിയൻ സ്‌പേസ് ഏജൻസി എന്നിവയുടെ സംയുക്തസംരംഭമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞവർഷം ഡിസംബർ 25 ന് ഫ്രഞ്ച് ഗയാനയിലെ സ്‌പേസ് സെന്ററിൽ നിന്ന് യാത്രതിരിച്ച ജെയിംസ് വെബ് അതിസങ്കീർണമായ പല പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ടാണ് ജനുവരി 26 നു ലക്ഷ്യസ്ഥാനത്തെത്തിയത്. അവിടെനിന്നാണ് അതുല്യമായ പ്രപഞ്ചത്തിന്റെ വർഷങ്ങൾക്കുമുമ്പുള്ള ചിത്രങ്ങൾ നമ്മുടെ കണ്ണുകളെ ഇപ്പോൾ കോരിത്തരിപ്പിച്ചിരിക്കുന്നത്. എസ്.എം.എ.സി.എസ് 0723 എന്ന ഗ്യാലക്‌സിയുടെ ക്ലസ്റ്ററാണ് ഇപ്പോൾ നമുക്ക് ലഭിച്ചിരിക്കുന്നത്. അവിടെനിന്ന് കോടിക്കണക്കിനുവർഷംമുമ്പ് പുറപ്പെട്ട പ്രകാശം ജെയിംസ് വെബ് ഡീപ് ഫീൽഡ് ചിത്രമായി നമുക്ക് ലഭിച്ചു. നൂറ്റിയിരുപത് മണിക്കൂറുകൾ നീണ്ട നിരീക്ഷണഫലമായാണ് അഞ്ച് ലക്ഷ്യസ്ഥാനങ്ങളുടെ ഓരോ ചിത്രവും പുറത്തുവന്നിരിക്കുന്നത്. കൃത്യമായ കാഴ്ച ഉറപ്പാക്കുവാനായി ഭൂമിയിൽ നിന്ന് പതിനഞ്ചുലക്ഷം കിലോമീറ്റർ അകലെയുള്ള സൺ എർത് ലാഗ് റേഞ്ച്
പോയന്റ് രണ്ടിലാണ് ടെലസ്‌കോപ്പ് സ്ഥാപിച്ചിരിക്കുന്നത്.
ഇപ്പോൾ ലഭിച്ചിരിക്കുന്ന ചിത്രങ്ങൾ ഒരു ചെറിയ തുടക്കം മാത്രമാണ്. മാനവരാശിയുടെ ശാസ്ത്ര, സാങ്കേതിക കുതിപ്പിനുമുമ്പുള്ള ഒരു ചെറിയ ഇലയനക്കം മാത്രം. ശാസ്ത്രലോകം കാത്തിരിക്കുന്നത് വലിയ ലക്ഷ്യങ്ങളും മാറ്റങ്ങളുമാണ്. പ്രപഞ്ചത്തിന്റെ ഉത്ഭവമായ ബിങ് ബാങ് സ്‌ഫോടനത്തിനുശേഷം ഉണ്ടായിട്ടുള്ള താരഗണങ്ങളുടെ ജനനം, അവയുടെ കാലചക്രങ്ങൾ എന്നിങ്ങനെ കോടാനുകോടി പ്രകാശവർഷങ്ങൾക്കുമുമ്പുള്ള പ്രപഞ്ചത്തിന്റെ സ്വഭാവം വരെ ഇനി നമുക്കുമുന്നിൽ തെളിയുവാൻ പോകുകയാണ്. നമ്മുടെ പ്രപഞ്ചത്തിന്റെ അതിരുകൾ പ്രപഞ്ചം എന്നതുമാത്രമെന്ന് നാം ചിന്തകളെ നിയന്ത്രിക്കുമ്പോൾ ഈ പ്രപഞ്ചത്തിനപ്പുറം എന്തെന്നും, പ്രപഞ്ചത്തിന്റെ മറ്റൊരു മൂലയിലെവിടെയെങ്കിലും ജീവന്റെ കണങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടോയെന്നും ഉള്ള ഉദാത്തമായ ചോദ്യങ്ങളുടെ പിന്നാലെക്കൂടി ശാസ്ത്രലോകം സഞ്ചരിക്കാൻ പോകുകയാണ്.
1990ൽ വിക്ഷേപിക്കപ്പെട്ട ‘ഹബിൾ’ ബഹിരാകാശ ടെലസ്‌കോപ്പ് ഇതുവരെയുണ്ടായിരുന്ന ഏറ്റവും വലുതും ബഹിരാകാശ ഗവേഷണരംഗത്തു വൻ കുതിച്ചുചാട്ടം നടത്താൻ കാരണഹേതുവായതുമായ ഉപകരണമാണ്. എന്നാൽ ജെയിംസ് വെബ് ആവട്ടെ ഒരുപടികൂടി കടന്ന് ഇതുവരെയുള്ള ഏറ്റവും പ്രവർത്തനശേഷിയുള്ള ടെലസ്‌കോപ്പാണ്. മുപ്പത്തൊന്നുവർഷങ്ങളായി ബഹിരാകാശത്തുള്ള ഹബിൾ ടെലസ്‌കോപ്പിനേക്കാൾ അതിന്റെ നൂറുമടങ്ങു കരുത്താണ് ജയിംസ് വെബിന്. ഹബിൾ അത്രയധികം ആഘോഷിക്കപ്പെട്ട ബഹിരാകാശ ടെലസ്‌കോപ്പ് ആയിരുന്നെങ്കിൽ ജെയിംസ് ഹബിലൂടെ ഒരുപക്ഷേ അതിനേക്കാളുമൊക്കെ എത്രയോ മടങ്ങ് പ്രതീക്ഷകളാണ് ജൂലൈ 12ന് അമേരിക്കൻ പ്രസിഡന്റ് പുറത്തുവിട്ട ചിത്രത്തിലൂടെ ശാസ്ത്രലോകത്തിന് ഉണ്ടായിരിക്കുന്നത് എന്നത് പ്രധാനമാണ്. അതുകൊണ്ടുതന്നെയാണ് ഹബിളിന്റെ മിടുക്കനായ പിൻഗാമിയായി ജെയിംസ് ഹബിനെ വിലയിരുത്തപ്പെടുന്നത്. ഹബിൾ സമാനമായ ചിത്രങ്ങൾ മുമ്പും പകർത്തിയിട്ടുണ്ടെങ്കിലും അതിനൊന്നും നിരീക്ഷിക്കുവാൻ കഴിയുന്ന വ്യക്തത ഉണ്ടായിരുന്നില്ല. ആ കുറവാണ് ഇപ്പോൾ ജെയിംസ് ഹബ് പരിഹരിച്ചിരിക്കുന്നത്.
ആദ്യത്തെ അഞ്ചു ചിത്രങ്ങൾ കൊണ്ടുതന്നെ ജെയിംസ് ഹബ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇനിയുമേറെ സഞ്ചരിക്കാനുമുണ്ട്. മനുഷ്യന്റെ അറിയാനുള്ള അടങ്ങാത്ത ആഗ്രഹത്തിന് ഇത് പുതിയ മാനങ്ങൾ കൂടി സമ്മാനിച്ചിരുന്നു. മനുഷ്യനെ എന്നും ഭ്രമിപ്പിച്ചിട്ടുള്ള പ്രപഞ്ചത്തിന്റെ അഗാധമായ സ്വപ്നസമാനമായ ഇടങ്ങളിലൂടെ ഈ മനുഷ്യനെത്തന്നെ, അല്ലെങ്കിൽ അവന്റെ ചിന്തകളെ കൈപിടിച്ചുനടത്താൻ ഈ പുതിയ പ്രപഞ്ചചിത്രങ്ങൾ ഉപകരിക്കുമെന്നുതന്നെ നമുക്ക് പ്രത്യാശിക്കാം.
(കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)
Comments are closed for this post.