2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഖത്തറിനോട് പരാജയപ്പെട്ട് ഇന്ത്യ ലോകകപ്പിന് പുറത്ത്

 

ദോഹ: പ്രതിരോധക്കോട്ട കെട്ടിയിട്ടും ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മോഹം ഖത്തറിന് മുന്നില്‍ തകര്‍ന്നു വീണു. തുടക്കത്തില്‍ തന്നെ 10 പേരിലേക്ക് ചുരുങ്ങിയ ഇന്ത്യക്ക് 1-0ന്റെ തോല്‍വി. 2023ലെ ഏഷ്യന്‍ കപ്പിനായി ഇനി നീലപ്പടക്ക് പോരടിക്കാം.

ഖത്തറിനെ സമനിലയില്‍ തളച്ച ആദ്യ മത്സരത്തേക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. ആതിഥേയരുടെ വേഗതയ്ക്കും കളിമികവിനും ഒപ്പം പിടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ലെങ്കിലും പ്രതിരോധത്തില്‍ വലിയ കോട്ട പണിത് നീലപ്പട കൂടുതല്‍ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. പോരാട്ടത്തിന്റെ ആദ്യാവസാനം വരെ ഉഗ്രന്‍ സേവുകളുമായി ഗോളി ഗുര്‍പ്രീത് സിങ് സന്ധു രക്ഷകനായി.

സന്ധുവിന്റെ ചെറിയൊറു പിശകില്‍ നിന്നാണ് ഏക ഗോള്‍ വീണത്. 18ാം മിനുട്ടില്‍ ചുവപ്പ് കാര്‍ഡുമായി രാഹുല്‍ ഭെക്കേ മടങ്ങി. ഒന്‍പതാം മിനുട്ടിലെ ആദ്യ മഞ്ഞക്കാര്‍ഡും 18ാം മിനുട്ടില്‍ ഹാന്‍ഡ് ബോളിലൂടെ ഭെക്കേ വരുത്തിയ പിഴവുമാണ് പുറത്തേക്ക് വഴിയൊരുക്കിയത്.
മലയാളി താരം ആഷിഖ് കുരുണിയന്‍ ആദ്യ ഇലവനിലും സഹല്‍ അബ്ദുല്‍ സമദ് പകരക്കാരനായും കളത്തിലിറങ്ങി.
ഖത്തറിന്‍ കരുത്ത്

കിക്കോഫ് മുതല്‍ ആക്രമണവുമായി പന്തുതട്ടിയ ഖത്തറിനെതിരേ പ്രതിരോധം കടുപ്പിച്ചാണ് ഇന്ത്യ പിടിച്ചു നിന്നത്. അപൂര്‍വം ചില നിമിഷങ്ങളില്‍ മാത്രമാണ് ഖത്തര്‍ പ്രതിരോധ നിരയ്ക്ക് പന്തിനായി പോരാടേണ്ടി വന്നത്. ഭൂരിഭാഗം സമയത്തും പന്ത് ഇന്ത്യന്‍ പോസ്റ്റിനടുത്ത് വട്ടംകറങ്ങി. ചുവപ്പുകാര്‍ഡ് കണ്ട് രാഹുല്‍ ഭെക്കേ പുറത്തായതോടെ ഇന്ത്യന്‍ മധ്യനിരയും പ്രതിരോധത്തിലേക്ക് വലിഞ്ഞു. മന്‍വീര്‍ സിങിന് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല.

അസീസിന്റെ പ്രഹരം

പ്രതിരോധം ഉയര്‍ത്തി ഖത്തര്‍ ആക്രമണം തടയുന്നതിനിടെ 32ാം മിനുട്ടില്‍ സംഭവിച്ച കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഇന്ത്യ ആദ്യ ഗോള്‍ വഴങ്ങി. ഖത്തര്‍ താരം അബ്ദുല്‍ അസീസ് ഹാതിം അനായാസമായി തൊടുത്ത പന്ത് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ കാലില്‍ തട്ടിയെങ്കിലും വലയില്‍ മുത്തമിട്ടു. പിന്നിലായിട്ടും നീലപ്പടയുടെ വീര്യം ചോര്‍ന്നില്ല. രണ്ടാം പകുതിയിലും പ്രതിരോധത്തില്‍ ഉറച്ച് കളിച്ച ഇന്ത്യക്ക് ഖത്തറിന്റെ വല കുലുക്കാനായില്ല. 82ാം മിനുട്ടില്‍ സ്റ്റിമാച്ച് ആഷിഖ് കുരുണിയനെ തിരികെ വിളിച്ച് സഹലിനെ ഇറക്കി. തുടക്കം തന്നെ സഹല്‍ ഒറ്റയാള്‍ മുന്നേറ്റം നടത്തിയെങ്കിലും ഖത്തര്‍ പ്രതിരോധത്തെ ഭേദിക്കാനായില്ല. ഒടുവില്‍ പ്രതിരോധ കരുത്ത് തെളിയിച്ച് ഇന്ത്യക്ക് തോല്‍വിയോടെ മടക്കം.താല്‍വിയോടെ മടക്കം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.