
ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമ്മാണ്ടര്‍ ബുര്‍ഹാന്‍ മുസാഫര്‍ വനിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പതിനൊന്നു പേർ കൊല്ലപ്പെട്ടു. ഇരുനൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സംഘര്‍ഷാവസ്ഥ പരിഗണിച്ച് ശ്രീനഗറിലും ദക്ഷിണ കശ്മീരിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവിടെയെല്ലാം സൈനികരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പരുക്കേറ്റവരില്‍ 90 പേരും സുരക്ഷാ ഉദ്യോഗസ്ഥരാണ്.അതിനിടെ, മൂന്നു സായുധരായ പൊലിസ് ഉദ്യോഗസ്ഥരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.
ബുര്‍ഹാന്‍ മുസാഫര്‍ വനിയുടെ മൃതദേഹം അടക്കാനെത്തിയ ജനാവലി
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ ഭീകരനും പിടികിട്ടാപ്പുള്ളിയുമായിരുന്ന ബുര്‍ഹാന്‍ കൊല്ലപ്പെട്ടത്. കശ്മിരില്‍ യുവാക്കളേയും കുട്ടികളേയും ഭീകരപ്രവര്ത്തനങ്ങളിലേക്കു കൊണ്ടുവരുന്നതിന്റെ മുഖ്യസൂത്രധാരനായിരുന്നു ബുര്‍ഹാന്‍.
ദക്ഷിണ കശ്മിരിലെ ത്രാളില്‍ സമ്പന്ന കുടുംബത്തിലാണ് ഇയാള്‍ ജനിച്ചത്. സഹോദരനെ സൈന്യം ആക്രമിച്ചതിനെ തുടര്‍ന്ന് പതിനഞ്ചാം വയസിലാണ് ഭീകരപ്രസ്ഥാനത്തില്‍ ചേര്‍ന്നത്. ഇയാളുടെ തലയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
വനിയുടെ വധത്തില്‍ പ്രതിഷേധിച്ച് വിഘടനവാദ നേതാക്കളായ സയ്യിദ് അലി ഗിലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവര്‍ ഇന്ന് കശ്മീരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇവര്‍ പൊലിസിന്റെ വീട്ടു തടങ്കലിലാണ്. പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം കൊടുക്കുമെന്ന് പ്രഖ്യാപിച്ച ജമ്മു ആന്റ് കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്മാന് മുഹമ്മദ് യാസീന്‍ മാലിക്കിനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.