2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ ഏഴാം പതിപ്പിന് തുടക്കം; ഇത്തവണയെത്തിയത് 25 വിദേശ ബ്ലോഗര്‍മാര്‍

കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് ആരംഭിച്ച ബ്ലോഗ് എക്‌സ്പ്രസിന്റെ ഏഴാം പതിപ്പിന് തുടക്കം കുറിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25 ബ്ലോഗര്‍മാരാണ് ഇത്തവണ പദ്ധതിയുടെ ഭാഗമാവുന്നത്.

അടുത്ത രണ്ടാഴ്ച്ച ഇവര്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യവും ആതിഥ്യ മര്യാദയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും. ഇതിലൂടെ കേരളത്തിന്റെ ടൂറിസം മേഖലക്ക് വലിയ നേട്ടങ്ങളുണ്ടാകുമെന്ന് പദ്ധതി ഉത്ഘാടനം ചെയ്ത ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നീളുന്ന യാത്രയില്‍ സംസ്ഥാനത്തെ സുപ്രധാനമായ ടൂറിസം മേഖലയിലൂടെയൊക്കെ സംഘം സഞ്ചരിക്കും. ഇതിനിടെ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകത്തിന് മുന്നില്‍ പങ്കുവെക്കുകയും ചെയ്യും.

ന്യൂസിലാന്റ്, കൊളംബിയ, തുര്‍ക്കി, ഇന്‍ഡോനേഷ്യ, മലേഷ്യ, കെനിയ, ദക്ഷിണാഫ്രിക്ക, യു.കെ, റൊമാനിയ, യു.എസ്, ഇറ്റലി, ചിലി, ബ്രസീല്‍, ബള്‍ഗേറിയ, അര്‍ജന്റീന, ഓസ്‌ട്രേലിയ, ബെല്‍ജിയം എന്നിവയടക്കം 21രാജ്യങ്ങളില്‍ നിന്നുള്ള ബ്ലോഗര്‍മാരാണ് ഇത്തവണ പദ്ധതിയുടെ ഭാഗമാവുന്നത്. ഇന്ത്യയില്‍ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ട്. കേരള ബ്ലോഗ് എക്‌സ്പ്രസിലേക്കുള്ള അപേക്ഷകരില്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ബ്ലോഗര്‍മാരെ തിരഞ്ഞെടുത്തത്

കോവളത്ത് നിന്നാണ് സംഘത്തിന്റെ യാത്രയാരംഭിക്കുന്നത്. പിന്നീട് കുമരകം, അയ്മനത്തെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍, ആലപ്പുഴ ഹൗസ് ബോട്ട് എന്നിവ സന്ദര്‍ശിക്കും. മൂന്നാര്‍, തേയില ഫാക്ടറി, അതിരപ്പിള്ളി, കേരള കലാമണ്ഡലം, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച്, കുറുവ ദ്വീപ്, കടലുണ്ടി, ബേക്കല്‍ എന്നീ സ്ഥലങ്ങളിലെത്തി കാസര്‍ഗോഡ് യാത്ര അവസാനിക്കും. ജൂലൈ 26 വരെയാണ് ബ്ലോഗര്‍മാര്‍ കേരളത്തിലുണ്ടാവുക. യാത്രയുടെ വിശദ വിവരങ്ങള്‍ keralablogexpress7 എന്ന ഹാഷ് ടാഗിലൂടെ പൊതുജനങ്ങള്‍ക്ക് പിന്തുടരാവുന്നതാണ്.

കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ ഏഴാം പതിപ്പിന് തുടക്കം; ഇത്തവണയെത്തിയത് 25 വിദേശ ബ്ലോഗര്‍മാര്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.