2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പിറന്നാള്‍ മധുരം

 

ഏഴാം പിറന്നാളിന്റെ നിറവിലാണ് സുപ്രഭാതം. ഏഴ് എന്ന സംഖ്യക്ക് ജീവിതസങ്കല്‍പ്പങ്ങളില്‍ അനല്‍പ്പമായ പ്രാധാന്യം കൊടുത്തുകാണാറുണ്ട്. പ്രകൃതിയുടെ ക്രമീകരണവും ആ സങ്കല്‍പ്പങ്ങളെ സാധൂകരിക്കുന്നതാണ്. സപ്തവര്‍ണങ്ങള്‍, സപ്തസ്വരങ്ങള്‍, സപ്തകര്‍മങ്ങള്‍, സപ്തനദികള്‍… ഇങ്ങനെ പോകുന്നു ഏഴിന്റെ അപദാനങ്ങള്‍.

ഈ നാഴികക്കല്ലില്‍നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ സുപ്രഭാതത്തിന്റെ സഞ്ചാരപഥങ്ങള്‍ സങ്കല്‍പ്പിച്ചതുപോലെ സുഗമമായിരുന്നില്ലെന്നു ബോധ്യപ്പെടും. എന്നാല്‍, പ്രതിസന്ധികള്‍ തളര്‍ത്താന്‍ ശ്രമിക്കുമ്പോഴും ആദര്‍ശങ്ങളില്‍നിന്ന് അല്‍പ്പംപോലും വ്യതിചലിക്കാന്‍ തയാറായില്ലെന്നതാണ് തുടര്‍ന്നുള്ള യാത്രയ്ക്ക് ആവേശം നല്‍കുന്ന ഊര്‍ജം.
ആറു സുപ്രഭാതവര്‍ഷങ്ങള്‍ നമ്മള്‍ വിജയപൂര്‍വം പിന്നിട്ടുകഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 2191 സുപ്രഭാതം നാം കണ്ടു. ആറു വര്‍ഷം പൂര്‍ത്തിയാക്കുകയെന്നതു വലിയ കാര്യമല്ല. എന്നാല്‍, സുപ്രഭാതം പിറന്ന കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതു വലിയ കാര്യം തന്നെയാണ്. തികച്ചും പ്രതികൂലമായ അന്തരീക്ഷത്തിലാണു സുപ്രഭാതം പിറവികൊണ്ടത്. അച്ചടിമാധ്യമങ്ങള്‍ വളരെ വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ജനമനസുകളില്‍ കൂടുതല്‍ സ്വാധീനം നേടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലായിരുന്നു പിറവി. എന്നിട്ടും പ്രിയപ്പെട്ട വായനക്കാര്‍ സുപ്രഭാതത്തെ നെഞ്ചേറ്റി എന്നതാണ് ഞങ്ങളെ ഏറെ ആഹ്ലാദിപ്പിക്കുന്നത്.

വാര്‍ത്തകളില്‍ വെള്ളം ചേര്‍ക്കാതിരിക്കാന്‍ സുപ്രഭാതത്തിന്റെ സാരഥികള്‍ എന്നും അവധാനതയോടെ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയട്ടെ. ഈ പത്രം പ്രതിനിധാനം ചെയ്യുന്ന സമസ്തയുടെയും സമുദായത്തിന്റെയും കാര്യങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുമ്പോഴും ശത്രുനിരയിലുള്ളവരുടെ പോലും ശബ്ദം നിര്‍വീര്യമാക്കാനോ നിരാകരിക്കാനോ അവരെ തമസ്‌കരിക്കാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല. അതു ഞങ്ങള്‍ക്ക് അഭിമാനത്തോടെ പറയാനാകുന്ന കാര്യമാണ്.
ജനാധിപത്യത്തിന്റെ കാര്യക്ഷമവും നീതിപൂര്‍വവുമായ പ്രവര്‍ത്തനത്തിനു മാധ്യമങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് ഈയിടെ ഹൈക്കോടതി നടത്തിയ പരാമര്‍ശം ഏറെ പ്രസക്തമാണ്. വാര്‍ത്ത ശരിയായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിച്ചില്ലെങ്കില്‍ ഭരണാധികാരികളുടെ വഴിവിട്ട പോക്ക് ജനം മനസിലാക്കാനുള്ള സാധ്യത ഇല്ലാതാവും. സമൂഹത്തിലെ മൂല്യച്യുതി അറിയാതെ പോകും. ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്ത് ആവിഷ്‌കരിക്കാനുദ്ദേശിച്ച പദ്ധതികളൊക്കെ കടലാസില്‍ മാത്രമായി അവശേഷിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വസ്തുതകളെ ജാഗരൂകരായി നിരീക്ഷിക്കാനും അവയില്‍നിന്ന് നേരും നുണയും ചേറിക്കൊഴിച്ചെടുക്കാനുമുള്ള പാടവം നാം പ്രദര്‍ശിപ്പിച്ചേ മതിയാകൂ. എന്നാല്‍, സ്ഥാപിത താല്‍പ്പര്യം വച്ചുപുലര്‍ത്തുന്നവര്‍ എന്നും സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിനു വിഘാതം നില്‍ക്കുന്നു.
ചങ്കൂറ്റത്തോടെ യാഥാര്‍ഥ്യത്തെ അനാവരണം ചെയ്യാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകര്‍ക്കു ജീവഹാനി പോലും വരുത്താന്‍ പാടുപെട്ടവരുടെ കഥകള്‍ വായനക്കാര്‍ മറന്നിരിക്കാനിടയില്ലല്ലോ. ഓരോ സംഭവവും അപഗ്രഥനവിധേയമാക്കാന്‍ ശ്രമിക്കുമ്പോഴാണ്, അതില്‍ പലതിനും നാം വിചാരിക്കാത്ത മാനം കൂടിയുണ്ടെന്നു തിരിച്ചറിയുക.

അധ്വാനിക്കുന്നവരോടല്ല, അദാനിമാരോടാണ് ഭരിക്കുന്നവര്‍ക്കു താല്‍പ്പര്യമെന്നു വിമാനത്താവളം തീറുകൊടുക്കാനുള്ള ത്വരയില്‍നിന്നുള്‍പ്പെടെ നിരീക്ഷണപടുവായ ആര്‍ക്കും മനസിലാക്കി എടുക്കാവുന്നതേയുള്ളൂ. ഇത് അവസാനത്തെ ഉദാഹരണങ്ങളില്‍ ഒന്നു മാത്രം. മുന്‍പും കക്ഷിഭേദമന്യേ കാശുകാര്‍ക്ക് കുഴലൂതാനുള്ള ശ്രമങ്ങള്‍ നടന്നതിനു ചരിത്രത്തില്‍ ഒരുപാട് തെളിവുകളുണ്ട്.

അതുകൊണ്ടുതന്നെ അവശരോടും ദരിദ്രരോടും നീതി നിഷേധിക്കപ്പെടുന്നവരോടും ഒപ്പം നില്‍ക്കുകയെന്നതു സുപ്രഭാതത്തിന്റെ ബാധ്യതയായി ഞങ്ങള്‍ കരുതുന്നു. നമുക്കു നേരെ വാളെടുക്കുന്നവനും നീതി ലഭിക്കുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ. പ്രവാചകന്‍ പറഞ്ഞിട്ടുണ്ടല്ലോ: എല്ലാവര്‍ക്കും നന്മ ചെയ്യുക. നന്മയ്ക്കും തിന്മയ്ക്കും പകരം നന്മ തന്നെയാണു നല്‍കേണ്ടത്.
ഏഴ് എഡിഷനുകളുമായി ഏഴാം വര്‍ഷത്തിലേയ്ക്കു പാദമൂന്നുന്ന നമ്മുടെ പത്രത്തിന് ഏഴു പതിറ്റാണ്ടിന്റെ വളര്‍ച്ച നിങ്ങള്‍ നല്‍കി എന്നതു വിസ്മയഭരിതരാക്കുന്നു.

ഇത്രയും എഴുതിയതു കൊണ്ട് സുപ്രഭാതം പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്നോ ഇനി വിശ്രമത്തിന്റെ നാളുകളാണെന്നോ അര്‍ഥമാക്കുന്നില്ല. തന്നെയുമല്ല, നിങ്ങള്‍ നല്‍കുന്ന കലവറയില്ലാത്ത സ്‌നേഹവും പിന്തുണയും ഞങ്ങളുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു. ഞങ്ങളെ കൂടുതല്‍ കര്‍മോത്സുകരാക്കുന്നു.

ചുറ്റും അക്ഷരവെളിച്ചം പ്രസരിപ്പിച്ചുകൊണ്ട് ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാനുണ്ട്. പരിശ്രമത്തിന്റെ പടവുകള്‍ ഒത്തിരി കയറാനുണ്ട്. അതിനായി സുമനസുകളുടെ നിസ്സീമമായ സഹകരണവും പ്രാര്‍ഥനയും സ്‌നേഹപൂര്‍വം അഭ്യര്‍ഥിക്കുന്നു. സര്‍വശക്തന്റെ അനുഗ്രഹം നമുക്കെല്ലാവര്‍ക്കും എപ്പോഴുമുണ്ടാകട്ടെ.

സ്‌നേഹപൂര്‍വം
നവാസ് പൂനൂര്‍
മാനേജിങ് എഡിറ്റര്‍


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.