2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഉറക്കംകെടുത്തുന്ന ബി.ബി.സി ഡോക്യുമെന്ററി

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

ഗുജറാത്തിലെ വംശഹത്യയെപ്പറ്റി ബി.ബി.സി അവതരിപ്പിച്ചിരിക്കുന്ന ഡോക്യുമെന്ററി പരമ്പര ബി.ജെ.പി നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു. 2002ൽ ഗുജറാത്ത് സംസ്ഥാനത്ത് നടന്ന നരഹത്യയെക്കുറിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് അറിവുണ്ടായിരുന്നുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി രണ്ട് എപ്പിസോഡുകളിലായാണ് ബി.ബി.സി അവതരിപ്പിച്ചിരിക്കുന്നത്.

മുസ് ലിം സമുദായത്തിൽപ്പെട്ട ആയിരക്കണക്കിനാളുകളെ കൊലപ്പെടുത്തിയ സംഭവം ലോകമെങ്ങും ചർച്ചാ വിഷയമായിരുന്നു. മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്ക വിസ നിഷേധിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ ദിവസങ്ങൾക്കാണ് അന്ന് ഗുജറാത്ത് സാക്ഷ്യംവഹിച്ചത്. ആ വംശഹത്യയുടെ വിവിധ വശങ്ങൾ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയാണ് ബി.ബി.സി തയാറാക്കി അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, അതിനു ഗൗരവം ഏറിയിരിക്കുന്നു. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ (ഇന്ത്യ: മോദി എന്ന ചോദ്യം) എന്ന പേരിലുള്ള പരമ്പര ലോകമെങ്ങും ലഭ്യമാണെങ്കിലും ഇന്ത്യയിൽ അതു കാണാനാവില്ല. ഈ വിഡിയോ ഇന്ത്യയിൽ സാമൂഹികമാധ്യമങ്ങൾ വഴിയോ മറ്റേതെങ്കിലും രീതിയിലോ പ്രദർശിപ്പിക്കാനുമാവില്ല. എല്ലാ തരത്തിലുമുള്ള പ്രദർശനം കേന്ദ്രസർക്കാർ നിരോധിച്ചിരിക്കുകയാണ്. രാജ്യത്തെ ഐ.ടി നിയമങ്ങൾ അനുസരിച്ച് ഈ വിഡിയോ വ്യക്തികൾ തമ്മിൽ പങ്കുവയ്ക്കുന്നതും സർക്കാർ വിലക്കിയിരിക്കുന്നു. ബി.ബി.സി ഇന്ത്യയിലെ വാർത്താ ബുള്ളറ്റുകളിലൊന്നും ഈ വിഡിയോ പ്രദർശിപ്പിച്ചതുമില്ല. പക്ഷേ ചില യൂട്യൂബ് ചാനലുകളിൽ ഇതു പ്രത്യക്ഷപ്പെട്ടുവെങ്കിലും കേന്ദ്രസർക്കാർ ഉടനെ ഇടപെടുകയും അവയിൽ നിന്നെല്ലാം വിഡിയോ പിൻവലിക്കാൻ യൂട്യൂബിനോടാവശ്യപ്പെടുകയും ചെയ്തു.
ഗുജറാത്തിലെ കലാപം ഫലപ്രദമായി തടയാൻ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ഒന്നും ചെയ്തില്ലെന്ന തരത്തിലുള്ള ആരോപണങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നിഷേധിച്ചു. ഗുജറാത്ത് ലഹളയിൽ നരേന്ദ്ര മോദിയുടെ പങ്ക് എന്തായിരുന്നുവെന്ന് അന്വേഷിക്കാൻ സുപ്രിംകോടതി നിയോഗിച്ച ഒരു പ്രത്യേക അന്വേഷണസംഘം മോദിയെ പ്രോസിക്യൂട്ട് ചെയ്യാനും മാത്രമുള്ള തെളിവുകൾ കണ്ടെത്തിയില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. 541 പേജുള്ള ആ റിപ്പോർട്ട് സമർപ്പിച്ചത് 2012ൽ. 2013ൽ ബി.ജെ.പി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുകയും മോദി പ്രധാനമന്ത്രിയാവുകയും ചെയ്തു. 2019ൽ ഭരണത്തുടർച്ചയും നേടി.

എന്നാൽ, ഗുജറാത്തിലെ വംശഹത്യയെത്തുടർന്ന് ബ്രിട്ടിഷ് സർക്കാർ നടത്തിയ ഉന്നതതല അന്വേഷണത്തിൽ പ്രധാനപ്പെട്ട പല വിവരങ്ങളും ശേഖരിച്ചിരുന്നു. ഇതുസംബന്ധിച്ച രേഖകളും വിവരങ്ങളുമെല്ലാം ബ്രിട്ടിഷ് ഗവൺമെന്റിന്റെ പക്കൽ ഉണ്ട്. ഒന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും. ബ്രിട്ടിഷ് സർക്കാരിന്റെ പക്കലുള്ള രേഖകൾ പരിശോധിച്ചും ഗുജറാത്തിൽ സ്വന്തമായ അന്വേഷണം നടത്തിയും നിരവധി പേരുമായി സംസാരിച്ചാണ് ബി.ബി.സി ഈ ഡോക്യുമെന്ററി തയാറാക്കിയത്. ഡോക്യുമെന്ററിയുടെ വിശ്വാസ്യതയിൽ ബി.ബി.സി ഉറച്ചുനിൽക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷവും മുസ് ലിം ന്യൂനപക്ഷവും തമ്മിൽ തുടരുന്ന സംഘർഷവും അതിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി വഹിച്ച രാഷ്ട്രീയ പങ്കുമാണ് ഡോക്യുമെന്ററിയുടെ അടിസ്ഥാന പ്രമേയമെന്നാണ് ബി.ബി.സി ചൂണ്ടിക്കാട്ടുന്നത്. ‘മോദി ക്വസ്റ്റ്യൻ’ എന്ന തലക്കെട്ടുതന്നെ വളരെ പ്രസക്തമാണ്.
എന്നാൽ, ബി.ബി.സി ഡോക്യുമെന്ററിയെ നിശിതമായി വിമർശിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവന്നു. ഈ വിഡിയോ വസ്തുതകൾക്കു നിരക്കുന്നതല്ലെന്നും ഇന്ത്യയ്‌ക്കെതിരായ അപവാദ പ്രചാരണം മാത്രമാണെന്നും വിദേശകാര്യ വക്താവ് അരിന്ധാം ബക്ഷി പ്രസ്താവിച്ചു. എന്നാൽ, വിഡിയോയിലെ വിവരങ്ങൾ സംബന്ധിച്ച് ഇന്ത്യൻ സർക്കാരിനോട് വിശദീകരണം ചോദിച്ചുവെങ്കിലും മറുപടി നൽകാൻ കൂട്ടാക്കിയില്ലെന്നായിരുന്നു ബി.ബി.സിയുടെ പ്രതികരണം. ലോകത്തെങ്ങും നടക്കുന്ന പ്രധാന സംഭവവികാസങ്ങൾ ഗൗരവത്തോടെ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ തങ്ങൾ കടപെട്ടിരിക്കുന്നുവെന്നും ബി.ബി.സി വക്താവ് പറഞ്ഞു.
നരേന്ദ്ര മോദിയുടെ ആദ്യകാല രാഷ്ട്രീയ ജീവിതവും രാഷ്ട്രീയപ്രവർത്തനത്തിന്റെ ആദ്യഘട്ടവുമാണ് ഡോക്യുമെന്ററിയുടെ ആദ്യ ഭാഗത്ത് ചിത്രീകരിച്ചിരിക്കുന്നത്. ഇന്നും ഇന്ത്യയിൽ ജനങ്ങളെ ആകർഷിക്കാൻ കഴിയുന്ന പ്രമുഖ നേതാവായി മോദി തുടരാനുള്ള കാരണങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്. എങ്കിലും ആത്യന്തികമായി ഗുജറാത്ത് കലാപത്തിന്റെ സകല ഉത്തരവാദിത്തവും മുഖ്യമന്ത്രിയായിരുന്ന മോദിക്ക് തന്നെയായിരുന്നുവെന്ന് കുറ്റപ്പെടുത്തുകയുമാണ് ബി.ബി.സി വിഡിയോ.പ്രധാന മന്ത്രിയായതു മുതൽതന്നെ, മികച്ച ഒരു ആഗോളപ്രതിച്ഛായ സൃഷ്ടിക്കുന്നതിലായിരുന്നു പ്രധാന മന്ത്രിയുടെ പ്രധാന ശ്രദ്ധ. ഈ ലക്ഷ്യം മുൻനിർത്തി അദ്ദേഹം പല വിദേശ സന്ദർശനങ്ങളും നടത്തി. ലോകത്തിലെ പ്രമുഖ ഭരണാധികാരികളുമായി അടുത്ത സൗഹൃദം പുലർത്തി. ലോക രാഷ്ട്രീയം എപ്പോഴും മോദിയുടെ വിഷയമായി. ലോക നേതാക്കളുടെ കൂട്ടത്തിൽ പ്രമുഖനായ നേതാവാകുക എന്നതു തന്നെയായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ ലക്ഷ്യം.
ഏറ്റവുമൊടുവിൽ ജി20 ഉച്ചകോടിയുടെ നേതൃത്വത്തിലുമെത്തിയിരിക്കുന്നു നരേന്ദ്ര മോദി. അമേരിക്ക, ബ്രിട്ടൻ, യുറോപ്യൻ യൂനിയൻ രാജ്യങ്ങൾ, ഇറ്റലി, ഇന്തോനേഷ്യ തുടങ്ങിയ പ്രമുഖ ലോക രാജ്യങ്ങളാണ് ജി20 രാജ്യങ്ങളുടെ ഗണത്തിൽപെടുന്നത്. ലോക രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിയായി ഉയർന്നുകൊണ്ടിരിക്കെതന്നെ, ബി.ബി.സിയുടെ ഈ വിഡിയോ അദ്ദേഹത്തിന്റെ കീർത്തിയെയും പ്രതിച്ഛായയെയും ദോഷകരമായി ബാധിക്കുകതന്നെ ചെയ്യും.

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തെല്ലെങ്കിലും കരുണ കാണിച്ചുള്ളൂ. 2002ൽ ഗുജറാത്തിൽ നടന്ന വംശഹത്യയുടെ നേരിട്ടുള്ള ഉത്തരവാദിത്തം അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കില്ലേ എന്ന് ബ്രിട്ടിഷ് പാർലമെന്റിൽ ഇമ്രാൻ ഹുസൈൻ എന്ന അംഗം ചോദിച്ചു. ഇതുസംബന്ധിച്ച വിശദാംശങ്ങളൊക്കെയും ബ്രിട്ടന്റെ വിദേശകാര്യ മന്ത്രാലയത്തിനറിയാമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. ലോകത്തെങ്ങുമുള്ള അക്രമങ്ങളെയും പീഡനങ്ങളെയും എതിർക്കുന്ന നിലപാടാണ് ബ്രിട്ടിഷ് ഗവൺമെന്റിനുള്ളതെന്നായിരുന്നു ഋഷി സുനകിന്റെ മറുപടി. ‘എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈ വിധം ചിത്രീകരിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല’ പ്രധാനമന്ത്രി സുനക് വിശദീകരിക്കുകയും ചെയ്തു.

പൂർണമായും ബ്രട്ടിഷ് സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ എന്ന ലോക പ്രശസ്തമായ ബി.ബി.സി എങ്കിലും സർക്കാരിന് ഒരു നിയന്ത്രണവും ഈ സ്ഥാപനത്തിനുമേൽ ഇല്ലെന്നതാണ് വസ്തുത. ഗുജറാത്ത് കലാപത്തെപ്പറ്റി ബ്രിട്ടിഷ് ഗവൺമെന്റ് തന്നെ വിപുലമായ അന്വേഷണം നടത്തിയിരുന്നു. ഉന്നതതല അന്വേഷണം തന്നെയാണ് നടത്തിയത്. ആ അന്വേഷണ സമിതി വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. പക്ഷെ, ബ്രിട്ടിഷ് സർക്കാർ ആ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ, ബി.ബി.സി ഈ വിവാദ ഡോക്യുമെന്ററി തയാറാക്കാൻ ബ്രിട്ടിഷ് ഗവൺമെന്റ് ഗുജറാത്ത് കലാപത്തെക്കുറിച്ച് തയാറാക്കിയ അന്വേഷണ റിപ്പോർട്ട് ആധികാരിക രേഖയായിതന്നെ ഉപയോഗിച്ചിരിക്കുന്നു. അതാണ് ബി.ബി.സി എന്ന മാധ്യമ സ്ഥാപനത്തിന്റെ വലിയ കരുത്ത്. വിശ്വസനീയതയും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.