2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

എൽ.സി വിക്ടോറിയ ഗൗരി ജഡ്ജിയാകുമ്പോൾ


ന്യൂനപക്ഷങ്ങൾക്കെതിരേ നിരവധി വിദ്വേഷ പരാമർശങ്ങൾ നടത്തിയ അഭിഭാഷക എൽ.സി വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതിയിലെ അഡിഷനൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ബി.ജെ.പി വനിതാവിഭാഗം നേതാവുകൂടിയായ വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിച്ച നടപടി ചോദ്യംചെയ്ത് സമർപ്പിക്കപ്പെട്ട ഹരജികൾ സുപ്രിംകോടതി ഇന്നലെ തള്ളിയിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബി.ആർ ഗവായിയും ഉൾപ്പെട്ട ബെഞ്ചാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹരജി പരിഗണിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പുതിയ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.

വിദ്വേഷ പരാമർശം നടത്തുന്നതിൽ കുപ്രസിദ്ധയായിരുന്നു വിക്ടോറിയ. ‘ദേശസുരക്ഷയ്ക്കും സമാധാനത്തിനും കൂടുതൽ ഭീഷണി ജിഹാദികളോ ക്രിസ്ത്യൻ മിഷനറിമാരോ? എന്നതായിരുന്നു ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ ബി.ജെ.പി നേതാവായിരിക്കെ അവർ എഴുതിയത്. ‘ഇസ്‌ലാം പച്ച ഭീകരതയാണെങ്കിൽ ക്രിസ്ത്യാനികളുടേത് വെള്ള ഭീകരതയാണ്. ഇസ്‌ലാമിക ഗ്രൂപ്പുകളെക്കാൾ അപകടകരമാണ് ക്രിസ്ത്യൻ ഗ്രൂപ്പുകൾ. ലൗ ജിഹാദിന്റെ കാര്യത്തിൽ ഇരുവിഭാഗങ്ങളും ഒരുപോലെ അപകടമാണ്’ തുടങ്ങിയവയും അവർ പലയിടത്തായി നടത്തിയ പരാമർശങ്ങളാണ്. സംഘ്പരിവാർ പോഷക സംഘടനാനേതാക്കളിൽ നിന്നുള്ള ഇത്തരം പരാമർശങ്ങൾ സ്വാഭാവികമാണ്. എന്നാൽ വിക്ടോറിയ ഗൗരി ഇന്ന് കേവലം മഹിളാമോർച്ച നേതാവ് അല്ല, രാജ്യത്തെ വലിയ ഹൈക്കോടതികളിലൊന്നായ മദ്രാസ് ഹൈക്കോടതിയിലെ അഡിഷനൽ ജഡ്ജിയാണ്. ഇന്ത്യയിലെ ന്യൂനപക്ഷവിഭാഗങ്ങളെക്കുറിച്ച് ഇത്തരത്തിൽ തീർത്തും വിദ്വേഷംനിറഞ്ഞ പരാമർശങ്ങൾ നടത്തിയ ഒരുവ്യക്തി ഉന്നത നീതിപീഠങ്ങളിൽ ജഡ്ജിയാകുന്നത് ആശങ്കാജനകമാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല.

വിക്ടോറിയയെ ജഡ്ജിയാക്കാനുള്ള ശുപാർശ കൊളീജിയത്തിൽനിന്ന് ഉണ്ടായപ്പോൾതന്നെ അതിനെതിരേ അഭിഭാഷകരും പൗരാവകാശപ്രവർത്തകരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ ആശങ്കയും ഹരജിയും നിലനിൽക്കെ തിങ്കളാഴ്ചയാണ് അവരെ കേന്ദ്രസർക്കാർ ജഡ്ജിയായി നിയമിച്ച് ഉത്തരവിറക്കിയത്. ഹരജിക്കാരുടെ എല്ലാവാദങ്ങളും കേൾക്കാതെയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ബി.ആർ ഗവായിയും അടങ്ങുന്ന ബെഞ്ച് ഹരജി തള്ളിയതെന്ന വിമർശനവുമുണ്ട്.

കേസ് വാദിക്കുന്നതിനിടെ രാഷ്ട്രീയപശ്ചാത്തലമുള്ളവരെ നിയമിച്ച സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന്, മലയാളിയായ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ ജഡ്ജിയായതാണ് ബെഞ്ച് ആദ്യം വിക്ടോറിയയുടെ നിയമനത്തെ പ്രതിരോധിക്കാൻ പറഞ്ഞകാര്യം. എന്നാൽ രാഷ്ട്രീയപശ്ചാത്തലമല്ല, അവരുടെ വിദ്വേഷപരാമർശങ്ങളാണ് വിഷയമെന്ന് ഹരജിക്കാർ ഇതിന് മറുപടി നൽകിയെങ്കിലും കേവലം ബി.ജെ.പി പശ്ചാത്തലമുള്ള വ്യക്തിയായിട്ട് മാത്രമാണ് ജസ്റ്റിസ് വിക്ടോറിയയെ കോടതിപോലും കണ്ടത്. ഹൈക്കോടതിയും കൊളീജിയവും പരിശോധിച്ചതിനാൽ ഇനി ഇക്കാര്യത്തിൽ പുനഃപരിശോധനയുടെ ആവശ്യമില്ലെന്നും പറഞ്ഞാണ് ഹരജികൾ കോടതി തള്ളിയത്.സുപ്രിംകോടതി ഹരജി തള്ളിയ അതേ സമയത്തുതന്നെ വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.

കേന്ദ്രസർക്കാർ നിയമിച്ച ജഡ്ജിയെ അയോഗ്യനാക്കിയ സംഭവങ്ങൾ ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ മുമ്പ് ഉണ്ടായിട്ടുണ്ട്. 1992 ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി കെ.എൻ ശ്രീവാസ്തവയെ നിയമിച്ചുള്ള വിജ്ഞാപനമാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും മുമ്പുതന്നെ റദ്ദാക്കിയത്. നേരത്തെ ജുഡീഷ്യൽരംഗത്ത് പ്രവർത്തിക്കുകയോ അഭിഭാഷകനായി മുൻപരിചയമോ ഇല്ലാത്തതും അഴിമതി ആരോപണവും ചൂണ്ടിക്കാട്ടിയായിരുന്നു നിയമനം റദ്ദാക്കിയത്.

വിക്ടോറിയ ഗൗരിയുടെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിൽ വിദ്വേഷ ആശയങ്ങളുള്ള പരാമർശങ്ങൾ പങ്കുവയ്ക്കുകയും ബി.ജെ.പിയുടെ വിവിധ സന്ദേശങ്ങൾ പോസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും നിയമനം വിവാദമായതോടെ അക്കൗണ്ടുകൾ അവർ ലോക്ക് ചെയ്യുകയായിരുന്നു. സംഘ്പരിവാർ വേദികളിൽ ബി.ജെ.പി നേതാവായിരിക്കെ സംസാരിക്കുന്നതിൻ്റേതുൾപ്പെടെയുള്ള ചിത്രങ്ങളും ഈ അക്കൗണ്ടുകളിൽ ഉണ്ടായിരുന്നുവെങ്കിലും അവയൊന്നും ഇപ്പോൾ ലഭ്യമല്ല.

സാധാരണ ഒരു വ്യക്തിയെ ജഡ്ജിയായി ശുപാർശ ചെയ്യാനെടുക്കുമ്പോൾ അവരുടെ പശ്ചാത്തലം പരിശോധിക്കാറുണ്ട്. എന്നാൽ, കൊളീജിയം വിക്ടോറിയ ഗൗരിയുടെ പശ്ചാത്തലം മുഖവിലക്കെടുത്തില്ലെന്നു വേണം കരുതാൻ. ഇത്തരം പശ്ചാത്തലമുള്ളയാളെ രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തിൽ ഇരുത്തുന്നത് ഭരണഘടനാലംഘനമാണെന്ന് അഭിഭാഷകരും സാമൂഹികപ്രവർത്തകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവരെ ജഡ്ജിയാക്കുന്നത് വഴി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്ന ഹരജിക്കാരുടെ വാദവും പ്രസക്തമാണ്.

നീതിതേടി ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ അവസാനം മുട്ടുന്ന വാതിലുകളാണ് ഓരോ നീതിപീഠവും. അത്തരം സ്ഥാപനങ്ങളിൽ ഇരിക്കുന്നവർ യാതൊരു മുൻവിധിയുമില്ലാതെ കേസുകൾ കേൾക്കുന്നവരാണെന്നും നിഷ്പക്ഷരും എല്ലാവിഭാഗം ആളുകളെയും ഉൾക്കൊള്ളുന്നവരുമാണെന്ന് പൗരൻമാർക്ക് തോന്നുമ്പോഴാണ് രാജ്യത്ത് സക്രിയ ജനാധിപത്യം സാധ്യമാകുന്നത്. വിദ്വേഷപ്രചാരണം നടത്തിയ പശ്ചാത്തലമുള്ള വ്യക്തികൾ നീതിപീഠത്തിലിരിക്കുമ്പോൾ അവരുടെ മുമ്പിലേക്ക് വിവിധ ആവശ്യങ്ങളുമായി പ്രതീക്ഷയോടെ ന്യൂനപക്ഷവിഭാഗങ്ങൾക്ക് ചെന്നുകയറാൻ കഴിയണമെന്നില്ല. ഇത്തരം വ്യക്തിയിൽനിന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങൾ എങ്ങനെയാണ് നീതി പ്രതീക്ഷിക്കുകയെന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.