2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മലപ്പുറത്ത് വാക്‌സിനെടുത്ത് 79 കാരനായ ഡോ.വി.യു സീതി

ഇസ്മാഈല്‍ അരിമ്പ്ര

 

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച മുതിര്‍ന്ന വ്യക്തികളില്‍ ശ്രദ്ധേയനായി മലപ്പുറത്തെ ഡോ. വി.യു സീതി. ഇന്ന് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ വച്ചാണ് ഇദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. 79 കാരനായ ഡോക്ടര്‍ നിലവില്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളെജിലെ അസ്ഥിരോഗ വിദഗ്ദ്ധനാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ ദേശീയ ഉപാധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമാണ്. ജില്ലയിലെകൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഡോക്ടറാണ് മലപ്പുറത്ത് ഉദ്ഘാടകന്‍.

മെഡിക്കല്‍ ഓഫീസറും മറ്റു ഉദ്യോഗസ്ഥരും താന്‍ തയാറാവുമോയെന്ന ആശങ്കയായിരുന്നു തന്നെ സമീപിച്ചതെന്നും, എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി പ്രചോദനവും, മറ്റുളളവരിലേക്ക് സന്ദേശവുമെന്ന നിലയിലാണ് താന്‍ സന്തോഷത്തോടെ വാക്‌സിന്‍ സ്വീകരിക്കുന്നതെന്നു ഡോ.വി.യു.സീതി പറഞ്ഞു.

മലപ്പുറത്ത് ഒന്‍പത് കേന്ദ്രങ്ങളിലാണ് ഇന്നലെ വാക്‌സിന്‍ നല്‍കിയത്. ജില്ലയില്‍ 23880 ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് 13000 പേര്‍ക്ക് രണ്ട് ഡോസ് വീതം നല്‍കാനുള്ള വാക്‌സിനാണ് എത്തിയിട്ടുള്ളത്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഒരു വാക്‌സിനേറ്ററും നാല് വാക്‌സിനേഷന്‍ ഓഫീസര്‍മാരുമടക്കം അഞ്ച് ജീവനക്കാരാണുണ്ടായിരുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് നല്‍കുക. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്, നിലമ്പൂര്‍ ജില്ലാ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, കൊണ്ടോട്ടി താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം, പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രി എന്നിവിടങ്ങളിലാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് വരേണ്ട സമയവും സ്ഥലവും കാണിച്ചുള്ള അറിയിപ്പ് മൊബൈല്‍ ഫോണില്‍ നല്‍കിയിരുന്നു. വാക്‌സിനെടുത്തവര്‍ 30 മിനിറ്റ് നേരം നിരീക്ഷണ മുറിയില്‍ കാത്തിരുന്ന ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കുത്തിവെപ്പ് തുടരും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.