2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബി.ജെ.പിക്കെതിരേ കോൺഗ്രസ് ഇതര സഖ്യ ചർച്ച ; പിണറായിക്ക് പിന്നാലെ തേജസ്വി യാദവും

ഹൈദരാബാദ്
പിണറായി വിജയന് പിന്നാലെ രാഷ്ട്രീയ ജനതാദൾ നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവും തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവുവുമായി ഹൈദരാബാദിൽ കൂടിക്കാഴ്ച നടത്തി.
കോൺഗ്രസിനെ കൂട്ടാതെ ബി.ജെ.പിയെ നേരിടാനുള്ള സഖ്യമാണ് ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ ഉരുത്തിരിയുന്നത്. ദേശീയ തലത്തിൽ നോൺ ബി.ജെ.പി ഫെഡറൽ ഫ്രണ്ട് എന്ന പേരിലാണ് സഖ്യം രൂപീകരിക്കുക. ഇതിനുള്ള പ്രാഥമിക ഘട്ട ചർച്ചയാണ് കഴിഞ്ഞ ദിവസം സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഹൈദരാബാദിൽ എത്തിയ പിണറായി വിജയൻ കെ.സി.ആറുമായി നടത്തിയത്. ഇടതുമുന്നണി ബി.ജെ.പിയെ നേരിടാൻ ആരെ പിന്തുണയ്ക്കണമെന്ന ആശങ്കയിലാണ്.
കേരളത്തിൽ പ്രധാന എതിരാളി കോൺഗ്രസായതിനാൽ സി.പി.എം കേരള ഘടകത്തിന് കോൺഗ്രസ് ഇതര മുന്നണിയോടാണ് താൽപര്യം. ദേശീയ തലത്തിൽ സി.പി.എമ്മിന് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനം കേരളമാണ് എന്ന സാഹചര്യം കൂടി പിണറായിയുടെ സന്ദർശനത്തിന് പിന്നിലുണ്ട്.

കേന്ദ്ര കമ്മിറ്റിയുടെ മൗനാനുവാദത്തോടെയാണ് പിണറായി കെ.സി.ആറുമായി ചർച്ച നടത്തിയത്. ഇതിനു പിന്നാലെയാണ് ഇന്നലെ ബിഹാറിലെ പ്രതിപക്ഷ നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി പ്രസാദ് കെ.സി.ആറിനെ സന്ദർശിച്ചത്. റാവുവിൻ്റെ ഹൈദരാബാദിലെ ക്യാംപും വസതിയുമായ പ്രഗതി ഭവനിലായിരുന്നു കൂടിക്കാഴ്ച. ഇതേപ്പറ്റി ഇരു നേതാക്കളും ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തതെന്ന് ഇവരോടടുത്ത വൃത്തങ്ങൾ പറഞ്ഞു. തേജസ്വിക്കൊപ്പം ബിഹാർ മുൻ മന്ത്രി അബ്ദുൽ ബാരി സിദ്ദിഖിയും മറ്റ് ആർ.ജെ.ഡി നേതാക്കളും ഹൈദരാബാദിലെത്തിയിരുന്നു. സി.പി.എമ്മിനെ കൂടാതെ സി.പി.ഐ നേതാക്കളുമായും കെ.സി.ആർ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.