2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പിഞ്ഞാണപ്പാത്രങ്ങള്‍

താവോ (Taoism)) ഗുരു ശിഷ്യന്മാരോട് വിവരിച്ച ആ കഥ ഇപ്രകാരം; തിരക്കൊഴിഞ്ഞൊരു മധ്യാഹ്നത്തില്‍ പിഞ്ഞാണപ്പാത്രങ്ങള്‍ വില്‍ക്കുന്ന വിശാലമായ ആ കടയിലേക്ക് ഷ്യാഹോ എന്നു പേരായ യുവാവ് കടന്നുചെന്നു. കുറ്റവും കുറവുമില്ലാത്ത, മനോഹരമായൊരു പിഞ്ഞാണപ്പാത്രം തേടിയാണ് വരവ്. പാത്രങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രാചീനമായൊരു മാര്‍ഗമുണ്ട്.

ഒരു പിഞ്ഞാണപ്പാത്രം കൈയിലെടുക്കുക. എന്നിട്ട് നാം തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന പാത്രത്തിന്മേല്‍ അതുകൊണ്ട് ചെറുതായി തട്ടിനോക്കുക. മികച്ച പാത്രമാണെങ്കില്‍ അപ്പോഴുയരുക, നേര്‍ത്ത പ്രകമ്പനത്തോടെയുള്ള, ഈണത്തിലുള്ള ശബ്ദമായിരിക്കും. വീണയില്‍ വിരല്‍ത്തുമ്പു തട്ടിയതുപോലുള്ള മനോഹരനാദം!!
ഷ്യാഹോ ഒരെണ്ണമെടുത്തു പരീക്ഷിച്ചു. പക്ഷേ, ശബ്ദം ഒട്ടും മികച്ചതായില്ല. മറ്റൊരെണ്ണമെടുത്തു. കൈയിലുള്ള പാത്രവുമായി വീണ്ടും പതുക്കെ തട്ടിനോക്കി.
പോരാ, ഒട്ടും പോരാ. തീരെ മികച്ചതല്ല.

മൂന്നാമതൊരെണ്ണവും പരീക്ഷിച്ചു. ഒരു രക്ഷയുമില്ല! നാലാമത്തേതും അഞ്ചാമത്തേതും നോക്കി. വലിയ ശേഖരത്തില്‍നിന്ന് ഒരുപാടെണ്ണം പരീക്ഷിച്ചു. എല്ലാം ഗുണനിലവാരം കുറഞ്ഞവ!!

മികവിന്റെ മന്ത്രധ്വനി അവയില്‍നിന്നൊന്നും ഉയര്‍ന്നതേയില്ല. വിശാലമായ ഹാളിലെ പലപല തട്ടുകളില്‍നിന്ന് ഏറെയെണ്ണം എടുത്ത് പരീക്ഷിച്ചിട്ടും നല്ല നിലവാരമുള്ള ഒരെണ്ണം പോലും കണ്ടെത്താന്‍ ഷ്യാഹോവിനു കഴിഞ്ഞില്ല!

അപ്പോഴാണ്, അയാള്‍ കുറേനേരമായി പിഞ്ഞാണപ്പാത്രം തിരഞ്ഞുനടക്കുന്നതും നിരാശനാവുന്നതും അവിടുത്തെ പാത്രപ്പണിക്കാരുടെ തലവന്റെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം യുവാവിനെ വിളിച്ചു; ‘ഏയ്, ചെറുപ്പക്കാരാ, നിങ്ങള്‍ക്കിതുവരെ മികച്ച പാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല, അല്ലേ?… സാരമില്ല. ഞാന്‍ സഹായിക്കാം. ഇതാ മുട്ടിനോക്കുന്നതിനായി ഈ പാത്രം ഉപയോഗിച്ചു നോക്കൂ…’ അയാള്‍ അവിടെയുള്ള നിരവധി ബൗളുകളില്‍ നിന്ന് ഒരെണ്ണമെടുത്ത് ഷ്യാഹോവിനു നല്‍കി. പരീക്ഷിക്കാനായി ഷ്യാഹോ നേരത്തെ ഉപയോഗിച്ച ബൗള്‍ വാങ്ങി മാറ്റിവച്ചു.

പാത്രനിര്‍മാണകലയുടെ മേധാവിയായ ആ മനുഷ്യന്‍ പറഞ്ഞതുപോലെ ഷ്യാഹോ ചെയ്തു. പരീക്ഷണത്തിനു പുതിയത് ഉപയോഗിച്ചു.
ആ അത്ഭുതം അപ്പോള്‍ യുവാവ് തിരിച്ചറിയുകയായി!!

മണിനാദം പോലെ പരിശുദ്ധിയുടെ ശബ്ദം ഉയരുകയായി. നേരത്തെ, താന്‍ പരീക്ഷിച്ചുപേക്ഷിച്ച പാത്രങ്ങള്‍ ഉള്‍പ്പെടെ മിക്കവാറും എല്ലാംതന്നെ ശരിക്കും ഒന്നാംതരമായിരുന്നു!! അവയില്‍ നിന്നതാ മന്ത്രമധുരമായ പ്രകമ്പനങ്ങള്‍ ഉയരുന്നു. നേര്‍ത്ത സംഗീതം പോലെ!
‘ഗുരോ, ഷ്യാഹോ എന്നാണ് എന്റെ പേര്. പട്ടണത്തിന്റെ വടക്കുള്ള ഗ്രാമത്തില്‍ താമസിക്കുന്നു. ഒന്നു ചോദിക്കട്ടെ. ഇതേ പാത്രത്തില്‍നിന്ന് ഈ ശബ്ദം എനിക്കു നേരത്തെ കേള്‍ക്കാന്‍ കഴിയാതെ പോയതെന്താവും?…’-യുവാവ് അത്യതിശയത്തോടെ ചോദിച്ചു.

നിര്‍മാണകലയുടെ ആ ഗുരു അപ്പോള്‍ പറയുകയായി. ‘ഷ്യാഹോ, എന്നാണല്ലേ പേര്. കൗതുകകരമായിരിക്കുന്നു!! നിനക്കറിയാമോ, ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങളുള്ളവന്‍ എന്നാണ് ആ പദത്തിന്റെ അര്‍ഥം!!. ‘ഇവിടെയും നിനക്കൊരു ലക്ഷ്യമുണ്ടായിരുന്നു. കുറ്റമറ്റ, മികച്ച പാത്രം കണ്ടെത്തുക എന്ന ലക്ഷ്യം. പക്ഷേ, തുടര്‍ച്ചയായി പരീക്ഷിച്ചു നോക്കിയപ്പോഴും ലഭിച്ചതത്രയും തീരെ മോശമായവ!! അതിനൊരു കാരണമുണ്ട്. പരീക്ഷിക്കാനായി നീ ഉപയോഗിച്ച ബൗള്‍ ഒട്ടും ഗുണമില്ലാത്തതായിരുന്നു!! സത്യത്തില്‍ അത് കേടായ പാത്രമായിരുന്നു. ഉപേക്ഷിക്കാന്‍ മാറ്റിവച്ചിരുന്ന ആ ബൗള്‍ ഉപയോഗിച്ചാല്‍ മികച്ചതിനെ കണ്ടെത്താന്‍ സാധിക്കുന്നതെങ്ങിനെ?…’
ശിഷ്യഗണങ്ങളോട് ഈ കഥ പറഞ്ഞ്, താവോ ഗുരു ചോദിക്കുന്നു.

വലിയ ലക്ഷ്യങ്ങളിലേക്ക് പോവുമ്പോള്‍ നാം നമ്മെത്തന്നെയല്ലേ ആദ്യം മനസിലാക്കേണ്ടത്! സ്വയമല്ലേ പുതുക്കേണ്ടത്!! നിങ്ങള്‍ സ്‌നേഹം പ്രതീക്ഷിക്കുന്നുവോ? സ്വയം സ്‌നേഹസമ്പന്നനല്ലെങ്കില്‍ എങ്ങിനെ അതു തിരിച്ചുകിട്ടും? മറ്റുള്ളവരില്‍ വൈരൂപ്യം മാത്രമാണ് നിങ്ങള്‍ക്കു ദര്‍ശിക്കാന്‍ കഴിയുന്നതെങ്കില്‍ നിങ്ങളിലെ സൗന്ദര്യം മറ്റുള്ളവര്‍ ആസ്വദിക്കുന്നതെങ്ങനെ? നിങ്ങള്‍ കളവുകളാണ് മൊഴിയുന്നതെങ്കില്‍, സത്യം തേടിയുള്ള യാത്രകള്‍ സഫലമാവുന്നതെങ്ങിനെ?
നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ ഒട്ടും വിശ്വാസമില്ലെങ്കില്‍ അന്യര്‍ നിങ്ങളെ വീക്ഷിക്കുന്നതും അവിശ്വാസത്തോടെ തന്നെയാവില്ലേ!.

പാഠ്യവിഷയങ്ങളെ മുന്‍ധാരണയോടെയാണ് സമീപിക്കുന്നതെങ്കില്‍ ഏറ്റവും രസകരമാകേണ്ടിയിരുന്നവ പോലും അതികഠിനവും വിരസവുമായാണ് വിദ്യാര്‍ഥിക്ക് അനുഭവപ്പെടുക. അപ്പോള്‍ നമ്മുടെ രീതികളിലാണ്, മനോഭാവത്തിലാണ് ഉചിതമായ മാറ്റങ്ങള്‍ വരുത്തേണ്ടത്.

‘മനോഭാവം മാറ്റിയാല്‍ മനുഷ്യനു ജീവിതംതന്നെ മാറ്റാം’. മനോഭാവത്തെക്കുറിച്ച് അമേരിക്കന്‍ ഫിലോസഫര്‍ വില്യംസ് ജെയിംസ് പറഞ്ഞത് പ്രസക്തം.
‘The greatest discovery of my generation is that human beings can alter their lives by altering their attitudes of mind’
—WILLIAM JA-ME-S.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.