2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

എന്താണ്​ നിങ്ങളുടെ അനന്തരസ്വത്ത്?

ഉൾക്കാഴ്ച
മുഹമ്മദ്

പ്രിയപ്പെട്ടവൾ വിട പറഞ്ഞിട്ട് വർഷം അഞ്ചു കഴിഞ്ഞു. ഇണതുണയില്ലാത്ത ഈ വിരസജീവിതം എത്രകാലമെന്നുവച്ചാണ് ഇനിയും തള്ളിനീക്കുക. മറ്റൊരു ആലോചന വേണ്ടേവേണ്ടാ എന്നൊക്കെ തീരുമാനിച്ചതായിരുന്നു. പറഞ്ഞിട്ടെന്ത്? പിടിച്ചുനിൽക്കാൻ കഴിയാത്തവിധം ദുർബലമായിരിക്കുന്നു ഇപ്പോൾ മനസ്സ്. സ്വത്തിനൊന്നും കുറവില്ല. മക്കൾക്കും പേരമക്കൾക്കും അവരുടെ പിൻമുറക്കാർക്കുമെല്ലാം സുഖമായി കഴിയാൻ മാത്രം ആസ്തി നിലവിലുണ്ട്. നിരാശപ്പെടേണ്ടി വരില്ലെന്ന പ്രതീക്ഷയിൽതന്നെ അദ്ദേഹം മക്കളുമായി വിഷയം പങ്കുവച്ചു. താൻ പൊന്നുപോലെ വളർത്തിയതാണവരെ. ആവശ്യങ്ങൾ നേടിയെടുക്കാൻ ജീവിതത്തിൽ ഒരിക്കൽ പോലും അവർക്കു കരയേണ്ടി വന്നിട്ടില്ല. വേണ്ടതെല്ലാം വേണ്ടതിലേറെ നിൽകിയാണവരെ പോറ്റിയത്. പക്ഷേ, അവർ പറഞ്ഞതെന്തായിരുന്നുവെന്നോ..
‘സ്വത്തിന്റെ കാര്യം തീരുമാനമാക്കാതെ ഒരാലോചനയ്ക്കും നിൽക്കേണ്ടാ’.
അയാൾ ഞെട്ടിപ്പോയി. പരുഷമായി ഈ പ്രതികരണം ഓർക്കാപ്പുറത്തേറ്റ പ്രഹരംപോലെ..

ഇതു പറയുമ്പോൾ ഉമർ രണ്ടാമനെ ഓർത്തുപോവുകയാണ്. അദ്ദേഹത്തിന്റെ പേരിൽ പ്രചാരത്തിലിരിക്കുന്ന ഒരു സംഭവമുണ്ട്. ശയ്യാവലംബിയായി കിടക്കുമ്പോൾ ആളുകൾ വന്ന് അദ്ദേഹത്തോട് ചോദിച്ചു: ‘ഉമർ, മക്കൾക്ക് എന്താണു ബാക്കിവച്ചത്?’
‘ഭക്തി’ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.
തുടർന്നു പറഞ്ഞു: ‘അവർ സജ്ജനങ്ങളാണെങ്കിൽ സജ്ജനങ്ങളുടെ കാര്യം അല്ലാഹു ഏറ്റെടുത്തു കൊള്ളും. ഇനി ദുർജനങ്ങളാണെങ്കിൽ തെറ്റായ ചെയ്തികൾക്കു സഹായകമാകുന്ന ഒന്നും അവർക്കു ഞാൻ വിട്ടേച്ചുകൊടുക്കില്ല’.

നിങ്ങളെക്കാൾ നിങ്ങളുടെ അനന്തരസ്വത്താണ് അനന്തരാവകാശികൾക്കു പ്രധാനമെങ്കിൽ നിങ്ങൾ ജീവിക്കുന്നത് അവരുടെ ഹൃദയത്തിലല്ല. അവരുടെ ശരീരം നിലകൊള്ളുന്ന പരിസരത്തുപോലുമല്ല. അവരുടെ കണ്ണിൽ നിങ്ങൾ നിങ്ങളുണ്ടാക്കിയ വീട്ടിൽ പോലും അനധികൃതമായി കയറിക്കൂടിയ അന്യനോ താത്ക്കാലികതാമസക്കാരനോ ആണ്. അവസരമൊത്താൽ നിങ്ങളെ അവിടെ നിന്ന് ഇറക്കിവിടാൻപോലും അവർ മടി കാണിച്ചേക്കില്ല. ആലോചിച്ചുനോക്കൂ, പരേതരെല്ലാം രണ്ടാമതും ഈ ലോകത്തേക്കുതന്നെ തിരിച്ചുവന്നാൽ അവരുടെ അനന്തരാവകാശികളിൽ എത്ര പേർ അവരെ മുൻകാലപ്രാബല്യത്തോടെ സ്വീകരിക്കാൻ തയാറാകും? അവരുടെ പഴയ ഉടമസ്ഥാവകാശവും അധികാരങ്ങളും വകവച്ചുകൊടുക്കാൻ എത്രയാളുകൾ സന്നദ്ധത കാണിക്കും?
മക്കൾക്ക് എന്താണു ബാക്കിവച്ചത് എന്ന ചോദ്യത്തിന് നശ്വരമായ കുറെ വസ്തുവഹകൾ എന്നാണു മറുപടിയെങ്കിൽ നിങ്ങളുടെ ജീവിതം ധന്യമായി എന്നു തീർത്തു പറയാൻ പറ്റില്ല. ശോഭയുള്ള മൂല്യങ്ങളും സമുന്നതമായ സംസ്‌കാരങ്ങളും എന്നാണു മറുപടിയെങ്കിൽ നിങ്ങൾ മരിച്ചാലും മരിക്കാത്തവരാണ്.

ജീവിതത്തെ കേവലമൊരു ആസ്വാദനമാക്കാൻ സഹായിക്കുന്ന കുറെ വസ്തുക്കൾ മാത്രമാവരുത് നമ്മുടെ അനന്തരസ്വത്ത്. ജീവിപ്പിക്കുകയും ജീവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വെളിച്ചവും കൂടിയായിരിക്കണം. വെളിച്ചം തീരെ ബാക്കിവയ്ക്കാതെ വസ്തുക്കൾ മാത്രം വിട്ടിട്ടുപോകുമ്പോൾ മക്കളുടെ കാര്യം സുരക്ഷിതമായിരിക്കുമെന്നു കരുതരുത്. ആസ്തികളെത്രയുണ്ടെങ്കിലും അവർ ഇരുട്ടിലായിരിക്കുമെന്നോർക്കണം. ആ ഇരുട്ടിൽ നിങ്ങൾ ബാക്കിവച്ച ആസ്തികൾക്കായി തെരുവുനായ്ക്കളെ പോലെ അവർ കിടിപിടി കൂടിയെന്നുമിരിക്കും. അല്ലാമാ മുതവല്ലീ ശഅ്റാവി തന്റെ ഖുർആൻ വ്യാഖ്യാനഗ്രന്ഥത്തിൽ ഉദ്ധരിക്കുന്ന ഒരു ചരിത്രസംഭവമുണ്ട്.
അബൂ ജഅ്ഫരിൽ മൻസ്വൂർ ഖലീഫയായി സ്ഥാനാരോഹണം ചെയ്യപ്പെട്ട ദിവസം. മതോപദേശകനായ മുഖാതിൽ ബിൻ സുലൈമാൻ അന്ന് സ്ഥലത്തുണ്ട്. അദ്ദേഹത്തെ കണ്ടപ്പോൾ ഖലീഫ പറഞ്ഞു:
‘അങ്ങ് ഞങ്ങൾക്ക് ഉപദേശമരുളണം’.

മുഖാതിൽ ചോദിച്ചു: ‘കണ്ടതാണോ കേട്ടതാണോ ഉപദേശത്തിനു വിഷയമാക്കേണ്ടത്?’
കണ്ടതു മതിയെന്നായിരുന്നു ഖലീഫയുടെ മറുപടി.
മുഖാതിൽ പറഞ്ഞു: ‘അമീറുൽ മുഅ്മിനീൻ, ഉമറുബ്നു അബ്ദിൽ അസീസ് ഇഹലോകവാസം വെടിയുമ്പോൽ അദ്ദേഹത്തിനു പതിനൊന്ന് മക്കളുണ്ട്. പതിനെട്ടു സ്വർണ നാണയങ്ങളും. പതിനെട്ടിൽനിന്ന് അഞ്ചു സ്വർണനാണയങ്ങൾ ചെലവിട്ടാണ് അദ്ദേഹത്തെ ശവക്കുപ്പായമണിയിച്ചത്. നാലു സ്വർണനാണയങ്ങൾക്ക് അവർ അദ്ദേഹത്തിനൊരു കല്ലറ വാങ്ങി. ബാക്കി അനന്തരാവകാശികൾക്കിടയിൽ വീതം വയ്ക്കുകയും ചെയ്തു. അതേസമയം, ഖലീഫയായ ഹിശാം ബിൻ അബ്ദിൽ മലിക് മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ നാലു ഭാര്യമാരിലൊരാൾക്കുപോലും ലഭിച്ച വിഹിതം എൺപതിനായിരം സ്വർണനാണയമായിരുന്നു..! നാലു പേർക്കുകൂടി മൂന്നു ലക്ഷത്തി ഇരുപതിനായിരം..! അനന്തരസ്വത്തിന്റെ എട്ടിലൊന്നു മാത്രമാണിത്.!’
മുഖാതിൽ തുടർന്നു: ‘അല്ലാഹുവാണേ, ഉമറുബ്നു അബ്ദിൽ അസീസിന്റെ മക്കളിലൊരാൾ ദൈവമാർഗത്തിൽ നൂറു കുതിരകളെ ദാനം ചെയ്യുന്നതു ഞാൻ ഈ രണ്ടു കണ്ണുകൾകൊണ്ട് കണ്ടിട്ടുണ്ട്. കണ്ട അതേ ദിവസം തന്നെ ഹിശാം ബിൻ അബ്ദിൽ മലികിന്റെ മക്കളിലൊരാൾ വഴിയിൽവന്നുനിന്ന് യാചന നടത്തുന്നതും കണ്ടിട്ടുണ്ട്!’
സത്യവിശ്വാസിയുടെ പ്രാർഥന ഇങ്ങനെയാണ്: ‘നാഥാ, സ്വന്തം സഹധർമിണിമാരിൽനിന്നും സന്താനങ്ങളിൽനിന്നും ഞങ്ങൾക്കു നീ ആനന്ദം നൽകുകയും സൂക്ഷ്മാലുക്കളായി ജീവിതം നയിക്കുന്നവർക്കു ഞങ്ങളെ മാതൃകയാക്കുകയും ചെയ്യേണമേ…’


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.