
ന്യൂഡൽഹി
മുസ് ലിം സ്ത്രീകളെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ സുള്ളി ഡീൽസ് കേസിലെ പ്രതി 30 ട്വിറ്റർ അക്കൗണ്ടുകൾ ഉണ്ടാക്കുകയും അതിൽ ചിത്രങ്ങൾ അപ് ലോഡ് ചെയ്യുകയും ചെയ്‌തെന്ന് ഡൽഹി പൊലിസ്. ഇതിനായൊരു സംഘംതന്നെ പ്രതി ഓംകാരേശ്വറിനെ സഹായിച്ചതായും ഡൽഹി പൊലിസ് അറിയിച്ചു.
സംഘാംഗങ്ങളെ കണ്ടെത്താൻ പൊലിസ് ശ്രമം നടത്തിവരികയാണ്.
ആപ് ക്രിയേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് തന്റെ ഫോണിലും ലാപ്‌ടോപ്പിലുമുള്ള വിവരങ്ങൾ പ്രതി ഡിലീറ്റ് ചെയ്തതായും പൊലിസ് കണ്ടെത്തി.
അതിനാൽ, ഫോണും ലാപ്‌ടോപ്പും പരിശോധനയ്ക്കായി പൊലിസ് നാഷനൽ ഫോറൻസിക് സയൻസ് ലാബിലേക്കയച്ചിരിക്കുകയാണ്. ബുള്ളി ഭായ് കേസിൽ അറസ്റ്റിലായ നീരജ് ബിഷ്‌ണോയിയുടെ ലാപ്‌ടോപ്പും ഫോണും ഇതുപോലെ പരിശോധനയ്ക്കയച്ചിട്ടുണ്ട്.സ്വന്തമായി വെബ് ഡിസൈനിങ് കമ്പനി നടത്തുന്നയാളാണ് ഓംകാരേശ്വർ. യു.എസിൽനിന്നുള്ള കമ്പനികളും ഇയാളുടെ ഇടപാടുകാരായുണ്ടായിരുന്നു.
അധികമാരോടും സംസാരിക്കാതെ ഉൾവലിഞ്ഞ പ്രകൃതക്കാരനാണെന്നും പൊലിസ് വ്യക്തമാക്കി. കുറ്റത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല. രാത്രിയും പകലുമെല്ലാം കംപ്യൂട്ടറിനു മുന്നിലിരിക്കുന്ന പ്രകൃതമായിരുന്നു.
നാലോ അഞ്ചോ പേർ പ്രതിക്ക് സഹായം ചെയ്തതായി സംശയിക്കുന്നുണ്ടെന്നും പൊലിസ് അറിയിച്ചു. ചെയ്തതിൽ തെറ്റില്ലെന്ന നിലപാടാണ് പ്രതി ചോദ്യം ചെയ്യലിൽ സ്വീകരിച്ചത്.
ഓംകരേശ്വർ താക്കൂറിനെ മധ്യപ്രദേശിലെ ഇൻഡോറിൽവച്ചാണ് ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്.