2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സിൽവർലൈൻ ശരിയായ പാതയിലോ?

   

പ്രൊഫ. കെ. അരവിന്ദാക്ഷൻ

കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ രണ്ടാംവട്ടം അധികാരത്തിലെത്തി ആറുമാസത്തിലേറെ പൂർത്തിയാക്കിയിരിക്കുന്ന ഈ ഘട്ടത്തിൽ അഭിമുഖീകരിക്കുന്ന ചൂടേറിയ വികസന വെല്ലുവിളി തിരുവനന്തപുരം മുതൽ കാസർകോട് വരെ 540 കിലോമീറ്റർ ദൈർഘ്യം വരുന്ന ഒരു അർധ അതിവേഗ സിൽവർലൈൻ റെയിൽവേ പദ്ധതിയാണ്.സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽനിന്നുള്ള പാർലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത അവസരത്തിൽ സംസ്ഥാന വികസനത്തിന് അനിവാര്യമായ പദ്ധതിയായാണ് കെ റെയിലിനെ വിശേഷിപ്പിച്ചത്. ഇപ്പോൾതന്നെ, സംസ്ഥാനത്തിന്റെ തെക്കേയറ്റം തമിഴ്‌നാട് അതിർത്തി മുതൽ വടക്കേയറ്റം കർണാടക അതിർത്തിവരെ അതിദീർഘമായൊരു റെയിൽവേ ശൃംഖലയുള്ളപ്പോൾ അന്തർസംസ്ഥാന റെയിൽവേ യാത്രയിൽ ഏതാനും മണിക്കൂറുകൾ കുറക്കാൻ കഴിഞ്ഞതുകൊണ്ട് സംസ്ഥാനത്തിന്റെ വരുമാനത്തിലും വികസനത്തിലും എന്ത് നേട്ടമാണുമുണ്ടാക്കാൻ കഴിയുക എന്നത് വ്യക്തമല്ല.

കേരളത്തിൽ വികസനക്കമ്മി കൂടുതൽ പ്രകടമായി കാണപ്പെടുന്നത് ഗതാഗത മേഖലയിലല്ല. ഊർജോൽപാദന മേഖലയിലാണ്. അതുപോലെ തന്നെ, നഗര മേഖലകളിലെ ആന്തരഘടനാ സൗകര്യങ്ങളിലും മതിയായ സാങ്കേതിക മാനേജ്‌മെന്റ് സംരംഭകത്വ പരിശീലനം നേടിയ അധ്വാനശക്തിയിലുമുള്ള അപര്യാപ്തതയാണ് പ്രധാനം. കോടികൾ മുടക്കി നിർമിച്ചിരിക്കുന്ന കൊച്ചി മെട്രോ നിലവിൽ വന്നതിനു ശേഷവും റോഡുകളിലെ ഗതാഗത കുരുക്കുകൾ തുടരുകയല്ലേ? സംസ്ഥാനത്ത് ഏറ്റവും തിരക്കേറിയ ജങ്ഷനായ വൈറ്റിലയിലൂടെ മെട്രോ ലൈനിനു പുറമെ നാലുഭാഗങ്ങളിലേക്കും മേൽപാലങ്ങളും ഹൈവേ സൗകര്യങ്ങളും ഉണ്ടെങ്കിലും ഗതാഗത കുരുക്കുകൾ മണിക്കൂറുകളാണ് നിത്യേന അനുഭവപ്പെട്ടു വരുന്നതെന്നോർക്കുക.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള നിർമിതിയെന്ന നിലയിലാണ് കെ റെയിൽ പദ്ധതി തുടക്കത്തിൽ അറിയപ്പെട്ടിരുന്നതെങ്കിലും ഏറ്റവുമൊടുവിൽ കിട്ടുന്ന വിവരമനുസരിച്ച് കേരളം തയാറാക്കിയ രൂപത്തിൽ പദ്ധതി പ്രായോഗികമല്ലെന്നും വിശദമായ പരിശോധനക്കുശേഷം മാത്രമേ, റെയിൽ മന്ത്രാലയം ഇക്കാര്യത്തിൽ കേന്ദ്ര പങ്കാളിത്തത്തെപ്പറ്റി അവസാന വാക്ക് നൽകൂ എന്നുമാണ് ന്യൂഡൽഹിയിൽ തന്നെ കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വകുപ്പുമന്ത്രി അശ്വിനി വൈണ്ഷവ് നേരിട്ട് അറിയിച്ചത്. ഇതിന്റെ അർഥം സംസ്ഥാന മുഖ്യമന്ത്രി അവകാശപ്പെടുന്നതുപോലെ കെ റെയിൽ പദ്ധതി അനിവാര്യമായൊരു വികസന പദ്ധതിയായി കേന്ദ്രസർക്കാർ കരുതുന്നില്ല എന്നതുതന്നെയാണ്. ഇത് കേരളത്തോടുള്ള അവഗണനയായി വ്യാഖ്യാനിക്കുന്നതും ശരിയാണെന്ന് തോന്നുന്നില്ല.

സിൽവർ ലൈൻ അർധ അതിവേഗ പദ്ധതിയോടുള്ള ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയവരുടെ കൂട്ടത്തിൽ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിനു മാത്രമല്ല, പ്രതിപക്ഷത്തുള്ള ബി.ജെ.പിയും പരിസ്ഥിതി സംഘടനകൾക്കു പുറമെ സി.പി.എമ്മിനോട് ആഭിമുഖ്യമുള്ള ശാസ്ത്ര സാഹിത്യ പരിഷത്തും സി.പി.ഐയോട് ആഭിമുഖ്യമുള്ള സാംസ്‌കാരിക സംഘടനയായ യുവകലാ സാഹിതിയുമുണ്ട്. മൊത്തം ചെലവ് 63,941 കോടി രൂപ മാത്രമാണെന്ന് സംസ്ഥാന സർക്കാരിന്റെ അവകാശവാദം തീർത്തും പൊള്ളയാണെന്ന് കരുതാനേ നിർവാഹമുള്ളൂ. ഈ കണക്ക് ശരിയാണെന്ന് അംഗീകരിച്ചാൽതന്നെയും കേന്ദ്ര സർക്കാർ പങ്കാളിത്തം ഇല്ലാതിരിക്കെ മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തേണ്ടി വരികയും ചെയ്യും.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫും പരിസ്ഥിതി സംഘടനകളും സിൽവർ ലൈൻ പദ്ധതിയെ വിമർശിക്കുന്നതിന് അടിസ്ഥാനപരമായ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത് പ്രളയങ്ങളുടെ ആവർത്തനമാണ് ഇതേത്തുടർന്നുണ്ടാവുക എന്നതാണ്. പ്രളയബോധമില്ലാത്തവർ മാത്രമാണ് ഇതുപോലൊരു പദ്ധതിക്കായി ഇറങ്ങിത്തിരിക്കുകയുള്ളൂ എന്നാണവർ ആവർത്തിക്കുന്നത്. യു.ഡി.എഫ് നിയോഗിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയത് റെയിൽവേ ട്രാക്ക് സജ്ജമാക്കുന്നതിനുവേണ്ടി 10 മീറ്റർ ഉയരമുള്ള ഒരു ഭിത്തി പണിതുയർത്തേണ്ടിവരുമെന്നും ഇത് ഭൂമിശാസ്ത്രപരമായി കേരളസംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നതിലേക്കായിരിക്കും നയിക്കുക എന്നായിരുന്നു. ഈ ഭിത്തി തുടർച്ചയായി മൊത്തം 265 കിലോമീറ്റർ വരെയുണ്ടായിരിക്കുമത്രെ. യു.ഡി.എഫ് ഭരണകാലഘട്ടത്തിൽ അന്നത്തെ പൊതുമരാമത്ത് വകുപ്പുമന്ത്രി മുസ്‌ലിം ലീഗിലെ ഡോ. എം.കെ മുനീർ മുൻകൈയെടുത്ത് എക്‌സ്പ്രസ് ഹൈവേ പാത നിർമിക്കുന്നതിനുള്ള നിർദേശവുമായി രംഗത്തുവന്നപ്പോൾ എതിർപ്പുമായി സമരരംഗത്തുവന്നവരാണിപ്പോൾ കേരളത്തിന്റെ വികസനത്തിന് സിൽവർ ലൈൻ എന്ന അർദ്ധ അതിവേഗ റെയിൽപാത അനിവാര്യമാണെന്ന് ഉച്ചത്തിൽ പ്രഖ്യാപിക്കുന്നത്. ഇത്തരമൊരു കീഴ്‌മേൽ മറിയലിനു മുമ്പിൽ നമുക്കെല്ലാം പകച്ചുനിൽക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ല. ഒരുവിധത്തിൽ നോക്കെത്താനാവാത്ത ഉയരത്തിൽ കെട്ടിയുയർത്തുന്ന ഈ മതിൽ പ്രകൃതിദത്തമായ ഡ്രെയ്നേജിനെ തടയുകയും മൺസൂൺ കാലത്ത് വെള്ളപ്പൊക്കത്തിനിടയാക്കുമെന്നും അന്നൊക്കെ കേട്ടിരുന്ന അപകടത്തിന്റെ സാധ്യതകളും മാറ്റമില്ലാതെ ഇന്നും തുടരുകയല്ലേ? റെയിൽവേ ബാരിയർ പടുത്തുയർത്തുന്നതിനാവശ്യമായ ടൺകണക്കിന് കരിങ്കല്ലും മറ്റു നിർമാണ വസ്തുക്കളും ഖനനം ചെയ്ത് സംസ്ഥാനത്തിനുകത്തുനിന്ന് തന്നെ കണ്ടെത്തേണ്ടി വരില്ലേ? പശ്ചിമഘട്ട പർവത നിരകളിൽ പലയിടത്തുനിന്നുമായി ഇത്തരം വസ്തുക്കൾ സമാഹരിക്കുന്നതിന്റെ ഫലമായി ഗാഡ്ഗിൽ കമ്മിറ്റി നിർണയിക്കപ്പെട്ടിരിക്കുന്ന സംരക്ഷിത പരിസ്ഥിതി ലോല പ്രദേശങ്ങളായിരിക്കില്ലേ നശിപ്പിക്കപ്പെടുക? ഇതോടൊപ്പം ഏക്കർകണക്കിന് വെറ്റ്‌ലാൻഡും വനസമ്പത്തും കണ്ടൽകാടുകളും നാശോന്മുഖമാവില്ലേ?

സംസ്ഥാനത്തിന്റെ മൊത്തെ കടം 2015-16ൽ 1,60539 കോടിയിൽനിന്ന് 2019-20ൽ 2,65,362 കോടിയായി. അതായത് അഞ്ച് വർഷത്തിനുള്ളിൽ 65 ശതമാനം വർധനവുണ്ടായിരിക്കുന്നു. വികസനത്തിന് അനിവാര്യമായിരിക്കേണ്ടത് മൂലധന ചെലവിലുള്ള വർധനവാണല്ലോ. എന്നാൽ ഇതേ കാലയളവിൽ ഈ ഇനത്തിൽ രേഖപ്പെടുത്തിയത് വെറും 12 ശതമാനം മാത്രം. 7500 കോടിയിൽനിന്ന് 8455 കോടി രൂപയിലേക്ക് വർധനവായിരുന്നു. 2018-19 നും 2019-20 നും ഇടയ്ക്കുള്ള കാലയളവിലാണെങ്കിൽ പൊതുകടം വർധിച്ചത് 80.61 ശതമാനവും ആയിരുന്നു.
റവന്യൂ- മൂലധന ചെലവുകൾക്കായി, സാമൂഹിക സുരക്ഷാ പെൻഷൻ ലിമിറ്റഡ് വഴി 6843.65 കോടി രൂപയും കിഫ്ബി വഴി 1930.34 കോടി രൂപയും ഇതുകൂടാതെ ബജറ്റിനു പുറമെ കടം വാങ്ങിയിട്ടുണ്ട്. ഇതുകൂടി ചേരുമ്പോൾ പൊതുകടബാധ്യത വീണ്ടും ഉയരുമെന്നത് ഉറപ്പാണല്ലോ. ഇത്തരം കണക്കുകൂട്ടലുകൾ അത് സി.എ.ജി നടത്തിയാലും മറ്റ് ഏത് ഏജൻസി നടത്തിയാലും വ്യക്തമാകുന്നൊരു ചിത്രമുണ്ട്. എന്താണതെന്നോ? പൊതുകടബാധ്യത മുൻ സർക്കാരുകളുടേതായാലും നിലവിലുള്ള സർക്കാരിന്റേതായാലും ഉദ്ദേശം 80,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെയുള്ള കടബാധ്യതയും പേറിയാണ് കേരള സംസ്ഥാനത്ത് ഓരോ കുഞ്ഞും പിറവിയെടുക്കുന്നത്.

ഇതിനെല്ലാം ഉപരിയായിട്ടാണ് സിൽവർ ലൈൻ പാത കടന്നുവരുന്നതും ഒപ്പം അതിന്റെ നിർമാണ ചെലവും കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വരുമാനത്തിലെ അനിശ്ചിതത്വവും അതിവേഗം നമ്മെ ആശങ്കയിലാക്കുന്നത്.അർധ അതിവേഗ പാതക്കായി മൊത്തം 1,198 ഹെക്ടർ സ്വകാര്യഭൂമിയാണ് 13,362.32 കോടി രൂപ ചെലവിൽ ഏറ്റെടുക്കേണ്ടി വരിക. ഇതിന്റെ ഭാഗമായി 9,314 കെട്ടിടങ്ങളും പൊളിച്ചുനീക്കപ്പെടും. സംസ്ഥാന സർക്കാർ ഇതിനകം തന്നെ കിഫ്ബിയിൽനിന്ന് ആദ്യഗഡുവായി 2,000 കോടി രൂപ ഇതിലേക്കായി കടംവാങ്ങിയിരിക്കുന്നു.
അതേ അവസരത്തിൽ നിർദിഷ്ട പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പറയുമ്പോഴും കാര്യവിവരമുള്ളവർ വിശ്വസിക്കാൻ തയാറാവാത്ത വസ്തുതകൾ നിരവധിയാണ്. അതായത് പദ്ധതി ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ ഒഴിവാക്കുമെന്നും നദികളും വനങ്ങളും, തടാകങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങളും ഒഴിവാക്കാൻ ആകാശപാത നിർമിക്കുമെന്നും മറ്റുമുള്ള അവകാശവാദങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. മാത്രമല്ല, പൊതുജനങ്ങൾക്കിടയിലുള്ള ആശങ്കകൾ അകറ്റാൻ മാത്രമല്ല, പദ്ധതിയുടെ ധനകാര്യ വിജയസാധ്യതകൾ ഉറപ്പാക്കാനും വിശദമായൊരു സാമൂഹ്യ ആഘാത പഠനം നടത്താനും സംസ്ഥാന സർക്കാരിനോ മുഖ്യമന്ത്രിക്കോ നാളിതുവരെ സാധ്യമായിട്ടുമില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.