2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കോഹ്്‌ലിയുടെ പടിയിറക്കവും താരാധിപത്യത്തിന്റെ തായ്‌വേരറുക്കലും

യു.എച്ച് സിദ്ദീഖ്

ഇന്ത്യൻ ക്രിക്കറ്റിൽ പിടിമുറുക്കിയ താരാധിപത്യത്തിന്റെ തായ്‌വേരറുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) നടത്തിയ ശ്രമങ്ങളാണ് ഒടുവിൽ ടെസ്റ്റ് ക്രിക്കറ്റ് നായക പദവിയിൽ നിന്ന് വിരാട് കോഹ്‌ലിയുടെ സ്വയം ഒഴിഞ്ഞു പോക്കിന് വഴിയൊരുക്കിയത്. അനിൽ കുംെബ്ലയുടെ പരിശീലക സ്ഥാനത്തെ ചൊല്ലി ഉയർന്ന വിവാദങ്ങൾ തൊട്ടാണ് വിരാട് കോഹ്‌ലിയും ബി.സി.സി.ഐയും തമ്മിലുള്ള കലഹത്തിന്റെ വിത്ത് മുള പൊട്ടുന്നത്. സൂപ്പർ നായകന്റെ പിടിവാശിക്ക് മുന്നിൽ അന്ന് ബി.സി.സി.ഐക്ക് വഴങ്ങേണ്ടിവന്നു. കോഹ്‌ലിയുടെ പിടിവാശികൾ ജയിച്ചുകയറുമ്പോൾ സ്വന്തം താൽപര്യങ്ങൾ മാറ്റിവച്ചു ബി.സി.സി.ഐക്ക് കാഴ്ചക്കാരുടെ റോളിലേക്ക് മാറേണ്ടിവന്നിരുന്നു. താരാധിപത്യത്തെ തകർത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ആധിപത്യം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ ഒടുവിൽ ജയം ബി.സി.സി.ഐക്ക്.

വിരാട് കോഹ്‌ലിയുടെ നായക സ്ഥാനത്ത് നിന്നുള്ള പടിയിറക്കം ഇന്ത്യൻ ക്രിക്കറ്റിൽ സമീപകാലത്ത് രൂപപ്പെട്ട ശീതയുദ്ധത്തിന് പരിസമാപ്തി കുറിക്കില്ല. ആഭ്യന്തരയുദ്ധത്തിന്റെ വാതിൽ തുറന്നിട്ടാണ് കോഹ്‌ലിയുടെ അപ്രതീക്ഷിത നായകത്വമൊഴിയൽ. എങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ അജയ്യരാക്കിയ നായകനെ കൈവിടാൻ ആരാധകർ തയാറല്ല. രാജിക്ക് ശേഷം കോഹ്‌ലിക്ക് ആരാധക പിന്തുണയേറിയിട്ടുണ്ട്. കനത്ത ആഘാതമാണ് ഇന്ത്യൻ ക്രിക്കറ്റിനും ആരാധകർക്കും രാജിയിലൂടെ അദ്ദേഹം ഏൽപ്പിച്ചത്. വീരോചിതമായൊരു വിടവാങ്ങലില്ലാതെയുള്ള ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്ററും നായകനുമായ കോഹ്‌ലി ടെസ്റ്റ് ക്യാപ്ടൻസിയുടെ ഭാരം സ്വയം ഒഴിവാക്കുമ്പോൾ ബി.സി.സി.ഐക്കത് കനത്ത ക്ഷതമാണ് ഏൽപ്പിക്കുന്നത്.

മാന്യമായ കളമൊഴിയലിന് ബി.സി.സി.ഐ അവസരമൊരുക്കില്ലെന്നു ഉറപ്പിച്ചുതന്നെയാണ് ക്രിക്കറ്റ് ലോകത്തെ കോഹ്‌ലി ഞെട്ടിച്ചത്. ബി.സി.സി.ഐയുമായുള്ള കൊമ്പുകോർക്കലും വിവാദങ്ങളും തന്നെയാണ് നായകസ്ഥാനത്ത് നിന്നുള്ള അപ്രതീക്ഷിത ഇറങ്ങിപ്പോക്കിന് വഴിയൊരുക്കിയത്. അഗ്രസീവ് നായകനായിരുന്നു കളിക്കളത്തിൽ എന്നും വീരാട് കോഹ്‌ലി. എതിരാളികൾക്ക് മുന്നിൽ തലകുനിക്കാത്ത കീഴടങ്ങാൻ മനസില്ലാത്ത പോരാളി. ടി20 നായകസ്ഥാനത്തുനിന്ന് സ്വയം ഒഴിയുകയും ഏകദിന ക്യാപ്ടൻസിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തപ്പോൾ തന്നെ ടെസ്റ്റ് നായകസ്ഥാനത്തും കോഹ്‌ലി അധിക കാലം വാഴില്ലെന്ന് ഉറപ്പായിരുന്നു. നായകസ്ഥാനത്തുനിന്നുള്ള പടിയിറക്കം ഇത്ര പെട്ടെന്നാവുമെന്ന് ബി.സി.സി.ഐയോ ക്രിക്കറ്റ് ലോകമോ കരുതിയിട്ടുണ്ടാവില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന് തിരുത്തെഴുത്തില്ലാതെയുള്ള മടക്കമാണ് നായക പദവി ഒഴിയലിന് വേഗതയേറ്റിയ കാരണങ്ങളിലൊന്ന്. വിവാദങ്ങൾക്കിടെയും ടീം ഇന്ത്യയുടെ സെഞ്ചൂറിയനിലെ വിജയം പ്രതീക്ഷയേറ്റുകയും ചെയ്തിരുന്നു.

പരമ്പര വിജയത്തിലൂടെ ബി.സി.സി.ഐയ്ക്ക് മറുപടി നൽകാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും 2-1 ന്റെ പരാജയം അദ്ദേഹത്തിൻ്റെ പടിയിറക്കത്തിന് ആക്കം കൂട്ടി. ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വിവാദങ്ങൾക്കിടെയും സൗരവ് ഗാംഗുലിക്കും സംഘത്തിനും മുന്നിൽ തലയെടുപ്പോടെ നിൽക്കാൻ കോഹ്‌ലിക്കാകുമായിരുന്നു. ബാറ്റിങ്ങിൽ രണ്ടു വർഷമായി തുടരുന്ന തിരിച്ചടികളും പരാജയത്തിന്റെ നിരാശയും വിവാദങ്ങളുമെല്ലാം കൂടി ചേർന്നതും നായക പദവിയുടെ ഭാരം താഴെ വയ്ക്കാനുള്ള നീക്കത്തിന് വേഗത കൂട്ടി.

ബാറ്ററും നായകനുമെന്ന നിലയിൽ അടുത്തകാലത്ത് ഇന്ത്യൻ ക്രിക്കറ്റിൽ അത്ര നല്ല സാഹചര്യങ്ങളിലൂടെയല്ല വിരാട് കോഹ്‌ലിയുടെ സഞ്ചാരം. ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുമായുള്ള ബന്ധവും സുഖകരമായിരുന്നില്ല. ഏകദിന നായകസ്ഥാനത്ത് നിന്നുള്ള ഒഴിവാക്കൽ ക്യാപ്ടനും ബി.സി.സി.ഐയും തമ്മിലുള്ള വിടവ് വർധിപ്പിച്ചു. നായകസ്ഥാനത്തുനിന്ന് മുന്നറിയിപ്പില്ലാതെയുള്ള ഒഴിവാക്കൽ തെല്ലൊന്നുമല്ല അദ്ദേഹത്തെ പ്രകോപിതനും നിരാശനുമാക്കിയത്.
ടി20 ക്യാപ്ടൻ പദവി ഒഴിഞ്ഞപ്പോഴും ഏകദിന, ടെസ്റ്റ് നായകസ്ഥാനത്ത് തുടരാൻ കോഹ്‌ലി ആഗ്രഹിക്കുകയും തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാൽ, താരാധിപത്യത്തെ പിഴുതെറിയാൻ നിശ്ചയിച്ചിറങ്ങിയ ബി.സി.സി.ഐ ഏകദിന ക്യാപ്ടൻസിയിൽനിന്ന് മുന്നറിയിപ്പില്ലാതെ തന്നെ കോഹ്‌ലിയെ പിടിച്ചുപുറത്താക്കി. ഇതേച്ചൊല്ലി ഉയർന്ന വിവാദങ്ങളിൽ ഗാംഗുലിയെയും ബി.സി.സി.ഐയും അദ്ദേഹം പ്രതിക്കൂട്ടിൽ നിർത്തി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം കോഹ്‌ലിക്കെതിരേ ബി.സി.സി.ഐ നടപടി ഉറപ്പായിരുന്നു. ടെസ്റ്റ് പരമ്പര തോൽവിയുമായി മടങ്ങി വരുന്ന നായകനെ വിചാരണ ചെയ്യാൻ ബി.സി.സി.ഐയും തയാറെടുത്തിരുന്നു. എന്നാൽ, ചർച്ചകൾക്കും നടപടികൾക്കുമൊന്നും ഇടം നൽകാതെയാണ് അപ്രതീക്ഷിതമായൊരു പ്രഹരത്തിലൂടെ ടെസ്റ്റ് നായകപദവിയിൽ നിന്ന് സ്വയം ഒഴിഞ്ഞത്. ഒരു വിചാരണക്കും നടപടിക്കും നിന്നുകൊടുക്കാൻ താൻ തയാറല്ലെന്നതാണ് രാജിയിലൂടെ അഗ്രസീവ് നായകൻ ബി.സി.സി.ഐക്ക് നൽകിയ സന്ദേശം.

മഹേന്ദ്ര സിങ് ധോനിയിൽ നിന്നും വിരാട് കോഹ്‌ലിയിലേക്ക് ഇന്ത്യൻ ക്രിക്കറ്റിന്റെ നായകസ്ഥാനം കൈമാറ്റം ചെയ്യപ്പെടുന്നതും അപ്രതീക്ഷിതമായിരുന്നു. 2014 ലെ ആസ്‌ത്രേലിയൻ പര്യടനത്തിൽ മെൽബൺ ടെസ്റ്റിന് ശേഷം ധോനി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയങ്ങളിലൂടെ യാത്ര തുടരുന്നതിനിടെയായിരുന്നു നായകസ്ഥാനം ഉപേക്ഷിച്ച് ധോനി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പാഡഴിച്ചത്. ധോനിയുടെ പിൻഗാമിയായി എത്തിയ വിരാട് കോഹ്‌ലിയെന്ന ടെസ്റ്റ് ക്രിക്കറ്റ് നായകൻ വിജയനായകനായി മാറുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടീമുകളെ നയിക്കാനായി എന്നതും അദ്ദേഹത്തിൻ്റെ വിജയമായി മാറി. ഐ.സി.സി റാങ്കിങ്ങിൽ തുടർച്ചയായി ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം സ്ഥാനക്കാരായി. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ രണ്ടാം സ്ഥാനക്കാരും ആസ്‌ത്രേലിയയിലും ഇംഗ്ലണ്ടിലും പരമ്പര വിജയങ്ങളുമായി വിദേശത്തും നാട്ടിലും കോഹ്‌ലിയുടെ നായകത്വത്തിൽ ഇന്ത്യ തിളങ്ങി.

ക്യാപ്ടൻസി ഒഴിഞ്ഞപ്പോഴും ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിയുടെ മാത്രമല്ല ഇന്ത്യയുടെയും വിജയഗ്രാഫ് ഉയർന്നുതന്നെയാണ്. 68 ടെസ്റ്റുകളിൽ കോഹ്‌ലി ഇന്ത്യയെ നയിച്ചു. 40 വിജയങ്ങളും 17 തോൽവിയും 11 സമനിലകളും. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം സമ്മാനിച്ച നായകൻ. വിജയശതമാനത്തിലും ഒന്നാമൻ. ടെസ്റ്റ് കരിയറിൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തതും നായകനായ ശേഷമാണ്. 20 സെഞ്ചുറികളും ഏഴ് ഇരട്ട സെഞ്ചുറികളാണ് നായകനായ ശേഷം കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയെ ഒന്നാംസ്ഥാനത്തു നിലനിർത്തി തന്നെയാണ് താരാധിപത്യത്തിന് വിലങ്ങിടാനിറങ്ങിയ ബി.സി.സി.ഐക്ക് മുന്നിൽ വിരാട് കോഹ്‌ലി സ്വയം തൊപ്പി അഴിച്ചുവച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.