2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദ്യാഭ്യാസ ചട്ടക്കൂട് ചർച്ചകളിലെ ജനാധിപത്യ വിരുദ്ധത

പാഠ്യപദ്ധതി ചട്ടക്കൂടുമായി ബന്ധപ്പെട്ട ചർച്ചകൾ സംസ്ഥാനത്ത് സജീവമാണ്. രണ്ടു വാല്യങ്ങളിലായി ഡോ. എം.എ ഖാദർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ 118 പേജുള്ള ചട്ടക്കൂടിൽ സ്‌കൂൾതലം മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുൾപ്പെടെ ചർച്ചകൾ നടത്തി പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം. പ്രൈമറി സ്‌കൂളിലെ ചർച്ചയിൽ പങ്കെടുത്ത അനുഭവ അടിസ്ഥാനത്തിൽ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ വിശകലനം ചെയ്യുകയാണിവിടെ.

പലയിടത്തും ആശയക്കുഴപ്പത്താൽ ചർച്ചകൾ നടക്കുന്നില്ല. പാഠ്യപദ്ധതി പരിഷ്‌കാരവുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. ചർച്ചകൾ പ്രഹസനം മാത്രം. എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായം പരിഗണിച്ച് പൊസിഷൻ പേപ്പർ തയാറാക്കി നാല് വ്യത്യസ്ത ചട്ടക്കൂടുകൾ തയാറാക്കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും ചർച്ചകളുടെ പുരോഗതി വീക്ഷിച്ചാൽ ജനാധിപത്യവിരുദ്ധത പ്രകടമാണ്. നീതിയിലധിഷ്ഠിതമെന്നു പറയുമ്പോൾ തന്നെ ചർച്ചയിൽ പോലും തികഞ്ഞ നീതിനിഷേധമാണ് നടക്കുന്നത്. സമൂഹത്തിന്റെ ആശങ്ക ഏതെങ്കിലും വ്യക്തി അവതരിപ്പിക്കുമ്പോൾ അത് നിരുത്സാഹപ്പെടുത്തുന്നു. ലിംഗനീതി, ലിംഗ സമത്വം എന്നൊക്കെ പറയുമ്പോൾ സാധാരണ മനുഷ്യരുടെ സംശയം പോലും അവഗണിക്കുകയാണ്. ലിംഗപരമായ പരിഗണനകളാൽ ഒരു കുട്ടിയെയും മാറ്റിനിർത്താൻ പാടില്ല. ഇന്നലെ വരെ ആൺ-പെൺ എന്ന വിഭാഗങ്ങളെ പരിഗണിച്ചാണ് ലിംഗനീതിയെക്കുറച്ച് പറഞ്ഞതെങ്കിൽ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചാകണം ഇനിയുള്ള വിദ്യാഭ്യാസം എന്ന പോയിന്റ് ചർച്ച ചെയ്യാൻ പോലും തയാറാകുന്നില്ല. ആൺ-പെൺ വേർതിരിവില്ലാത്ത യൂനിഫോം, ബാത്ത്‌റൂമിൽ ലിംഗഭേദമില്ലായ്മ മുതലായ ആശങ്കകൾ ഉത്തരം അർഹിക്കാത്ത ചോദ്യങ്ങളായി പരിണമിക്കുന്നു.

ഇന്നലെകളിൽ കേരളം വിദ്യാഭ്യാസരംഗത്ത് നേടിയ മേന്മ കേരള മോഡൽ എന്നു പ്രകീർത്തിക്കപ്പെടുമ്പോൾ നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസം പാശ്ചാത്യ നാടുകളോട് കിടപിടിക്കുന്നതായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നാൽ ഒരേ യൂനിഫോം ധരിച്ചാൽ (അതും ആൺകുട്ടികളുടേത് മാത്രം) ലിംഗസമത്വം സാധ്യമാകുമെന്നും അതിലൂടെ വിദ്യാഭ്യാസ നിലവാരം വർധിക്കുമെന്നും പറയുന്നതിലെ യുക്തിയെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല. ലിംഗസമത്വമല്ല, ലിംഗ നീതിയാണ് സാമൂഹിക യാഥാർഥ്യമെന്നും ഓരോ ലിംഗത്തിന്റെയും സവിശേഷത തിരിച്ചറിഞ്ഞ് അവരെ പരിപോഷിപ്പിക്കുന്നതല്ലേ ആരോഗ്യകരം എന്ന ചോദ്യത്തിനു മറുപടിയില്ല. ചട്ടക്കൂട് രീതി അനുകരിച്ച് ലിംഗസമത്വത്തിന്റെ പേരിൽ കലാകായിക മത്സരങ്ങളും ഏകീകരിക്കേണ്ടതല്ലേ എന്ന ചോദ്യത്തിനും ഉത്തരം അന്വേഷിക്കേണ്ടിയിരിക്കുന്നു. പഠന മിടുക്കിന്റെ കാര്യത്തിൽ പെൺകുട്ടികൾ പ്രകടിപ്പിക്കുന്ന മികവ് കലാകായിക രംഗങ്ങളിലെ ഒന്നിച്ചുള്ള മത്സരങ്ങളിൽ പെൺകുട്ടികൾക്ക് നേടിയെടുക്കാനാകുമോ. അങ്ങനെ വരുമ്പോൾ പെൺകുട്ടികൾ പൂർണമായും നിഷ്‌കാസിതരാകില്ലേ എന്ന ന്യായമായ സംശയങ്ങൾക്കും മറുപടി ലഭിക്കുകയുണ്ടായില്ല.

   

വളരെ സമർഥമായി വിഷയങ്ങൾ വിഭജിച്ചിട്ടുണ്ടെങ്കിലും ഭാഷാപഠനം, സ്‌കൂൾ സമയമാറ്റം തുടങ്ങിയ പ്രശ്‌നങ്ങൾ പാഠ്യപദ്ധതി തയാറായിവരുമ്പോൾ മാത്രം അവതരിപ്പിച്ചാൽ മതിയെന്ന യുക്തി ചട്ടക്കൂടിലുടനീളം കാണാം. ചർച്ചകൾ ഇതേ രീതിയിൽ പ്രഹസനമായി നടത്തി നേരത്തെ തയാറാക്കിയ പാഠ്യപദ്ധതി മാറ്റം അടിച്ചേൽപിക്കാനാണ് സർക്കാർ ശ്രമം. അല്ലായിരുന്നുവെങ്കിൽ സമൂഹത്തിലെ വിവിധ ശ്രേണിയിൽ ചർച്ച നടത്തേണ്ടതായിരുന്നു. വിദ്യർഥി സംഘടനകൾ, അധ്യാപക സംഘടനകൾ മാനേജ്‌മെന്റ് പ്രതിനിധികൾ, വിവിധ ജാതി, മത വിഭാഗങ്ങൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രസ്ഥാനങ്ങൾ, സംഘടനകൾ തുടങ്ങി എല്ലാവരുമായും ചർച്ചകൾ നടത്തേണ്ടതായിരുന്നു. അതൊന്നും വേണ്ടത്ര ഗൗനിക്കപ്പെട്ടില്ലായെന്നു മാത്രമല്ല വിദ്യാലയങ്ങൾ ലൈംഗിക സ്വാതന്ത്ര്യമേഖലയാക്കുന്നതിലൂടെ ടീനേജ് പ്രായക്കാരെ ആകർഷിക്കാനും അതിലൂടെ തങ്ങളുടെ വിദ്യാർഥി രാഷ്ട്രീയം പോഷിപ്പിക്കാനും ലക്ഷ്യംവച്ചുള്ളതാണ് ഇൗ പ്രഹസനങ്ങൾ.

ദേശീയതലത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തെ ബഹുസ്വരത തകർത്തു ഫാസിസ്റ്റു അജൻഡ നടപ്പിൽവരുത്താൻ ശ്രമിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ പരിശോധനക്ക് വിധേയമാക്കുന്നില്ല. ഇംഗ്ലീഷിനെ വിദ്യാലയങ്ങളിൽ നിന്ന് പടിയിറക്കി എല്ലാ മേഖലകളിലും ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമം ചട്ടക്കൂടിൽ വിഷയമേ ആകുന്നില്ല. സംസ്‌കൃതത്തിനു അമിത പ്രാധാന്യം അടിച്ചേൽപ്പിക്കുന്ന ദേശീയവിദ്യാഭ്യാസ നയത്തിൽ പ്രതികരണമില്ല. അറബി, ഉർദു, പേർഷ്യൻ ഭാഷകളെപ്പറ്റി പരാമർശിക്കാത്ത ദേശീയ വിദ്യാഭ്യാസ നയത്തെ ഈ ചട്ടക്കൂടിൽ സ്വാഗതം ചെയ്യുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. എല്ലാ ഭാഷകളെയും പറ്റി ഒഴുക്കൻ മട്ടിൽ പറഞ്ഞുപോകുന്നുവെന്നല്ലാതെ നാനാത്വത്തിൽ ഏകത്വം അംഗീകരിക്കുന്ന, ഇതുവരെ ഭംഗിയായി നടപ്പിൽവരുത്തിയിരുന്ന ഭാഷാ പഠനത്തെ സംബന്ധിച്ച ആശങ്കകൾ ദൂരീകരിക്കപ്പെടാതെ അവേശേഷിക്കുന്നു. മത മൂല്യങ്ങളെ നിഷ്‌കാസനം ചെയ്യുന്ന ശാസ്ത്ര സാഹിത്യ പരിഷത്തുകാരുടെ ദർശനങ്ങൾ ചട്ടക്കൂടിലുടനീളം കാണാം.

അണിയറയിൽ കാലേക്കൂട്ടി തയാറാക്കിയ അജൻഡയുമായി പാഠ്യപദ്ധതി പരിഷ്‌കരിക്കാനാണ് സർക്കാർ ശ്രമം. ജനാധിപത്യ രീതിയിലെ ചർച്ചകളോ സംവാദങ്ങളോ സഹിഷ്ണുതയോടെ സമീപിക്കാൻ പോലും തയാറാകാത്ത ഭീതിദ അവസ്ഥ കാണാതിരുന്നു കൂടാ. കേന്ദ്ര സർക്കാരുമായി രാജിയാകുന്ന മുഖ്യമന്ത്രിയുടെ നിലപാട് വിദ്യാഭ്യാസ ചട്ടക്കൂടു ചർച്ചകളിലും തുടർന്നുവരുന്ന പാഠ്യപദ്ധതി പരിഷ്‌കാരങ്ങളിലും തുടർന്നാൽ വിദ്യാഭ്യാസ മേഖലയിൽ നേടിയെടുത്ത മേൽകൈ നഷ്ടമാകുമെന്നു മാത്രമല്ല, കേരളം ഒരു നൂറ്റാണ്ട് പിറകോട്ട് വലിക്കപ്പെടും

(കാലിക്കറ്റ് സർവകലാശാല മുൻ രജിസ്ട്രാറാണ് ലേഖകൻ)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.