
വീൽ
വിനീഷ്
ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രോൺ ഇന്ത്യയിൽ അവതരിപ്പിച്ച അവരുടെ മാസ് മാർക്കറ്റ് മിനി എസ്.യു.വി എന്ന് വിശേഷിപ്പിക്കാവുന്ന (ഇപ്പോൾ ഹാച്ച് ബാക്ക് മോഡലുകളെല്ലാം എസ്.യു.വികൾ ആവുന്ന കാലമാണല്ലോ) സി3 നിലവിലെ മാർക്കറ്റ് ലീഡേഴസിന് വിലങ്ങുതടിയാകുമോ എന്നതാണ് ചോദ്യം. ലക്ഷ്വറി എസ്.യു.വി ആയ സി5നു ശേഷമാണ് സിട്രോൺ പുതിയ മോഡലുമായി എത്തിയിരിക്കുന്നത്. മാർക്കറ്റിൽ എൻട്രി ലെവൽ മോഡൽ ഇറക്കി കളം പിടിക്കാൻ തന്നെയാണ് കമ്പനിയുടെ പുറപ്പാട്. വാഹനം സിട്രോൺ എന്ന പേര് അത്ര പരിചിതമല്ലെങ്കിലും, ഫ്രാൻസിലെ ഒാട്ടോമോട്ടീവ് അതികായൻമാരായ പി.എസ്.എ ഗ്രൂപ്പിന് കീഴിലുള്ള മറ്റൊരു പേര് നമ്മൾ മുമ്പ് കേട്ടിരിക്കാൻ ഇടയുണ്ട്. മറ്റൊന്നുമല്ല, പ്യൂജിയറ്റ് എന്നൊക്കെ മലയാളികൾ വിളിക്കുന്ന സാക്ഷാൽ പ്യൂഷെ (Peugeot) തന്നെ. രണ്ട് ദശകത്തിലധികം വർഷം മുമ്പ് പ്രീമിയർ ഒാട്ടോമൊബൈൽസുമായി ചേർന്ന് പ്യൂഷെ ഇവിടെ കാറുകൾ നിർമിച്ചിരുന്നു. ഇതേസമയം യുനോ കാറുകൾ നിർമിക്കാൻ ഇറ്റാലിയൻ കമ്പനിയായ ഫിയറ്റിനോടും പ്രീമിയർ കൂട്ടുകൂട്ടിയതോടെ ഉടലെടുത്ത പ്രശ്നങ്ങൾ കാരണം പ്യൂഷെ കളംവിടുകയായിരുന്നു. സ്വിഫ്റ്റ് ഡീസലിലടക്കം ഉണ്ടായിരുന്ന ഫിയറ്റ് ഡീസൽ എൻജിൻ ഇന്ത്യയിൽ തരംഗമാവുന്നതിനും മുമ്പ് പ്യൂഷെയുടെ ഡീസൽ എൻജിനായിരുന്നു മാരുതിയും ഉപയോഗിച്ചിരുന്നത്. സെൻ ഡീസൽ തന്നെ ഉദാഹരണം. അംബാസിഡർ നിർമാതാക്കളായ ഹിന്ദുസ്ഥാൻ മോട്ടോഴ്സിൻ്റെ തമിഴ് നാട്ടിലെ തിരുവള്ളൂരിലെ പ്ലാൻ്റ് ഏറ്റെടുത്താണ് ഇൗ ഫ്രഞ്ച് വാഹന കമ്പനി ഇന്ത്യയിൽ രണ്ടാമത്തെ അങ്കത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
5.71 ലക്ഷം മുതൽ 8.06 ലക്ഷം വരെ എക്സ് ഷോറൂം വിലവരുന്ന സി.3 രണ്ട് എൻജിൻ ഒാപ്ഷനുകളിലാണ് എത്തുന്നത്. 81 ബി.എച്ച്. പി കരുത്തുള്ള 5 സ് പീഡ് മാന്വൽ ഗിയർബോക്സുമായാണ് ഒരുമോഡൽ എത്തുന്നത്. രണ്ടാമത്തേത് 1,2 ലിറ്റർ ടർബോ പെട്രോൾ ആണ്. 110 ബി.എച്ച്. പി കരുത്തുള്ള ഇൗ എൻജിന് ആറ് സ്പീഡ് ഗിയർബോക്സ് ആണ്. രണ്ട് മോഡലിനും 19 കി.മീ ഒാളം മൈലേജും കമ്പനി അവകാശപ്പെടുന്നുണ്ട്. എന്നാൽ ഒാട്ടോമാറ്റിക് ഇല്ലെന്നതാണ് മറ്റൊരു ന്യൂനത. ആദ്യത്തെ മോഡൽ ടാറ്റ പഞ്ച്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ,മാരുതി ഇഗ്സിസ് എന്നീ എതിരാളികളോട് ആണ് ഏറ്റുമുട്ടുക. രണ്ടാമത്തെ ടർബോ പെട്രോൾ മോഡലാകട്ടെ സ്വിഫ്റ്റും ബെലെനോയും ഉൾപ്പെടെയുള്ള ഇൗ വിഭാഗത്തിലെ രാജാക്കൻമാരോടാണ് കൊമ്പുകോർക്കുക. സ്വിഫ്റ്റും ബെലെനോയും ഉൾപ്പെടെയുള്ള എതിരാളികൾക്കൊന്നും ടർബോ പെട്രോൾ എൻജിൻ ഇല്ലെന്നത് ഇല്ലെന്നത് സി3യെ മാർക്കറ്റ് പിടിക്കാൻ സഹായിക്കുമോ എന്ന് കാത്തിരുന്നു കാണാം. അൾട്രാ സ്മൂത്ത് എൻജിനും അതുപോലെ സോഫ്റ്റ് ആയ സസ്പെൻഷനും നല്ലൊരു ഡ്രൈവിങ് അനുഭവമാണ് സി3 തരുന്നത്. സാധാരണ ഹൈ സ്പീഡിൽ വാഹനം ഒാടുമ്പോൾ സോഫ്റ്റ് സസ്പെൻഷൻ ചില അസ്വസ്ഥകൾ ഉണ്ടാക്കുമെങ്കിലും അത്തരം പ്രശ്നങ്ങളൊന്നും സി3യ്ക്ക് ഇല്ലെന്ന് പറയാം. കൂടാതെ വാഹനം കസ്റ്റമൈസ് ചെയ്യാനായി 56 ഒാപ്ഷനുകളാണുള്ളത്. 180 മില്ലീമീറ്റർ എന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് വലിയ പ്രശ്നങ്ങൾ ഇല്ലാതെ കുണ്ടുംകുഴിയും നിറഞ്ഞ റോഡുകൾ താണ്ടാനും സഹായിക്കും.
•