2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പണ്ഡിത ജ്യോതിസ്സ് കരിമ്പനക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍

   

ഏലംകുളം ചേനാംപറമ്പിലെ കരിമ്പനക്കല്‍ കുടുംബം പണ്ഡിതരിലൂടെയാണ് പുറംലോകത്ത് പ്രസിദ്ധമാകുന്നത്. മര്‍ഹൂം മൊയ്തു മുസ്്‌ലിയാര്‍, ഹംസ മുസ്്‌ലിയാര്‍ എന്നിവരൊക്കെ ഈ കുടുംബത്തിലെ പണ്ഡിതന്മാരാണ്. ഈ ഗണത്തില്‍ പെടുന്നു കഴിഞ്ഞമാസം 11ന് നമ്മോട് വിടപറഞ്ഞ വന്ദ്യരായ ഗുരു കരിമ്പനക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍.

കരിമ്പന ബീരാന്‍കുട്ടി-ഫാത്തിമ ദമ്പതികളുടെ മകനായി 1933ലാണ് മുഹമ്മദ് മുസ്്‌ലിയാരുടെ ജനനം. മല്ലിശ്ശേരി മുണ്ടുകാട്ടില്‍ മമ്മുട്ടിയുടെ മകള്‍ ഇയ്യാത്തുട്ടിയാണ് ഭാര്യ. അബ്ദുസ്സലാം, അബ്ദുല്‍ ഖയ്യൂം ഫൈസി, ഗഫൂര്‍ അഹ്്‌സനി, റംല, ഉമ്മു സല്‍മ എന്നിവരാണ് മക്കള്‍. ഇതില്‍ അബ്ദുസ്സലാം നേരത്തേ മരിച്ചു.
നാട്ടിലെ ഓത്തുപള്ളിയില്‍ നിന്നാണ് ദര്‍സ് പഠനം തുടങ്ങിയത്. പാതാക്കര വീരാന്‍മൊല്ലയായിരുന്നു പ്രഥമ ഗുരു. പിന്നീട് ചെര്‍പ്പുളശ്ശേരി മോളൂര്‍ കുഞ്ഞിമുഹമ്മദ് മുസ്്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു പഠിച്ചു. അതിനുശേഷം കൊളത്തൂരില്‍ അയമു മുസ്്‌ലിയാരുടെ അടുക്കല്‍ പഠനം തുടങ്ങി. പിന്നീട് ചെമ്പന്‍കടവില്‍ അബ്ദുറഹിമാന്‍ ഫള്ഫരി ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്നു. അബ്ദുറഹിമാന്‍ ഫള്ഫരി ഹജ്ജിന് പോയ സമയത്ത് തന്റെ പകരം ദര്‍സ് നടത്താന്‍ ഉസ്താദിനെയായിരുന്നു ഏല്‍പിച്ചിരുന്നത്. ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു!

ഹജ്ജ് കഴിഞ്ഞ് വന്നപ്പോള്‍ വയനാട്ടുകാര്‍ അവര്‍ക്ക് ഒരു മുദരിസിനെ വേണമെന്ന ആവശ്യവുമായി ഫള്ഫരി ഉസ്താദിനെ സമീപിച്ചു. മുഹമ്മദ് മുസ്്‌ലിയാരുടെ പാണ്ഡിത്യം മനസ്സിലാക്കിയ ഫള്ഫരി തെരഞ്ഞെടുത്തത് ഉസ്താദിനെയായിരുന്നു.

സാമ്പത്തിക തടസം പ്രയാസം സൃഷ്ടിക്കുന്നുവെങ്കിലും വെല്ലൂരില്‍ പോകാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇത് ഉസ്താദിനോട് പറഞ്ഞപ്പോള്‍ ഫള്ഫരി ഉസ്താദ് പറഞ്ഞത് കോട്ടിനാണെങ്കില്‍ എന്റെ കോട്ടുണ്ട്. അത് തരാം. കോളജില്‍ പോയവര്‍ നിങ്ങളെ അടുക്കല്‍ വരും. ഉസ്താദിന്റെ ഈ വാക്കുകള്‍ കേട്ട മുഹമ്മദ് മുസ്്‌ലിയാര്‍ ഉസ്താദിന്റെ തീരുമാനമാണ് ഖൈറ് എന്ന് മനസ്സിലാക്കി 1958ല്‍ വയനാട് ചുരം കയറുകയായിരുന്നു. അവിടെചെന്ന സമയത്ത് ഓതാനുള്ള ശിഷ്യന്മാരില്‍ ‘ജംഅ്’ രണ്ടാം വാള്യം ഓതാനുള്ളവരും ഉണ്ട്. ഉസ്താദാണെങ്കില്‍ ജംഅ് ഒന്നാം വാള്യം മാത്രമേ ഓതിയിട്ടുള്ളൂ. ഈ സന്ദര്‍ഭത്തില്‍ തന്റെ ഗുരുനാഥന് ഒരു കത്തയച്ചു. ഈ കത്തിന് മറുപടിയെന്നോണം അവിടുന്ന് അറബിയില്‍ ഒരു പദ്യം ഉണ്ടാക്കി അയച്ചുകൊടുത്തു. ഈ ബൈത്ത് ചൊല്ലിയതോടെ ഒരു ആത്മധൈര്യം കൈവന്നു.

രണ്ടുവര്‍ഷം മാത്രമാണ് അവിടെ നിന്നത്. പിന്നീട് ഇരുമ്പുഴിയിലേക്ക് ഉസ്താദ് വിളിച്ചു. ഇരുമ്പുഴി തെക്കുംമുറിയില്‍ അന്ന് മുദരിസ് സൈതലവി മുസ്്‌ലിയാരായിരുന്നു. അവിടെ രണ്ടാം മുദരിസും പിന്നീട് നാട്ടുകാര്‍ക്ക് വലിയ ഉസ്താദുമായി. അങ്ങനെ 58 വര്‍ഷം നീണ്ടുപോയി അവിടുത്തെ ദര്‍സ്.

വയനാട്ടില്‍നിന്ന് ചുരം ഇറങ്ങിയെങ്കിലും അവിടുത്തോട് സ്‌നേഹബന്ധം ഉറപ്പിക്കുന്നവരായിരുന്നു കാട്ടുചിറക്കലിലെയും അഞ്ചാം മൈലിലേയും ജനങ്ങള്‍. തന്റെ ഒന്നാം ദര്‍സിലെ പ്രാരംഭമായി തുടങ്ങുന്ന ബൈത്ത് അബ്ദുറഹിമാന്‍ ഫള്ഫരി ഉണ്ടാക്കിയതായിരുന്നു. ശിഷ്യന്മാര്‍ക്ക് മാതൃകയാക്കാന്‍ പറ്റിയ ഗുരുവായിരുന്നു അദ്ദേഹം. ശിഷ്യരെ മക്കളെപ്പോലെ സ്‌നേഹിച്ചു. ‘എന്റെ കുട്ടികള്‍’ എന്ന പ്രയോഗമാണ് പലപ്പോഴും ഉപയോഗിക്കാറ്. സ്വഭാവ മഹിമ ഉത്കൃഷ്ടമാണെന്ന് സര്‍വരും വാഴ്ത്തിയ ഗുരു. ആരെയും സ്‌നേഹിക്കാനും സഹായിക്കാനുമുള്ള വലിയ മനസായിരുന്നു അദ്ദേഹത്തിന്. ഒരിക്കല്‍ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച് കൊടുത്തയച്ച തുക ഒരു സയ്യിദിന്റെ പുരപ്പണിക്ക് കൊടുത്തത് ഞാനോര്‍ക്കുകയാണ്. സയ്യിദന്മാരോടുള്ള സ്‌നേഹം അത്ര വലുതായിരുന്നു.

ആഡംബര ജീവിതം ഉസ്താദ് സ്വപ്‌നംകണ്ടിരുന്നില്ല. ഇരുമ്പുഴി വിടുന്നതിന്റെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു വാഹനം സ്വന്തമായി ഉണ്ടാവുന്നത്. അത് തന്നെ ശിഷ്യന്മാരുടെ നിര്‍ബന്ധത്തിന് വഴങ്ങി. അതിന് മുമ്പ് ബസ്സിലായിരുന്നു യാത്ര. വാഹനം വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് അവിടത്തെ നിര്‍ദേശമായിരുന്നു. അതിലേക്ക് വലിയ സംഖ്യ ഉസ്താദ് തന്നെ തന്നുകൊണ്ടാണ് സലോറിയ കാര്‍ വാങ്ങിയത്.
പഴയകാല പ്രഭാഷകരില്‍ ഒരാളായിരുന്നു ഉസ്താദ്. വഅള് കേള്‍ക്കാന്‍ പല ഭാഗത്തുനിന്ന് ജനം കൂട്ടമായി എത്താറുണ്ട്. പ്രഭാഷണത്തിലും പ്രവര്‍ത്തനത്തിലും ഞാന്‍ അല്ലാഹുവിന്റെ ദാസനാണെന്ന എളിമ എപ്പോഴും പ്രകടമായിരുന്നു. അല്ലാഹുവില്‍ അചഞ്ചലമായ വിശ്വാസത്തോടൊപ്പം അല്ലാഹുവിനെ അറിഞ്ഞു ഭയപ്പെട്ട ഒരു വലിയ്യായിരുന്നു മുഹമ്മദ് മുസ്‌ലിയാര്‍. ദിക്‌റുള്ള നാവും ശുക്‌റ് ഉള്ള ഖല്‍ബും സ്വബ്‌റ് ഉള്ള ശരീരവുമാണ് എനിക്കിഷ്ടമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. അതില്‍ നൂറുമാര്‍ക്ക് കരസ്ഥമാക്കിയ മഹദ് വ്യക്തിയായിരുന്നു ഉസ്താദ്.

പണ്ഡിത ചര്‍ച്ചകളും അത് പകര്‍ന്നുകൊടുക്കലും അവിടുത്തേക്ക് വലിയ ഇഷ്ടമുള്ള കാര്യമായിരുന്നു. മരണംവരെ താന്‍ ഉണ്ടാക്കിയ ദാറുസ്സലാം ഖുതുബ്ഖാനയില്‍ കിതാബ് മുത്വാല ചെയ്തും വരുന്നവര്‍ക്ക് ദര്‍സ് നടത്തിയും കഴിയുകയായിരുന്നു. അവസാന ഘട്ടത്തില്‍ നന്നാക്കിയ ഇഹ് യാ ഉലൂമുദ്ദീന്‍ എവിടുന്നെങ്കിലും കിട്ടുമോ എന്ന് എന്നോട് പലപ്പോഴും അന്വേഷിച്ചിരുന്നു. തസവ്വുഫിന്റെ കിതാബായിരുന്നു അവിടുത്തെ ഇഷ്ടം. ഹിഖമും ഇഹ്‌യയും ഓതാന്‍ അവിടുത്തെ ദര്‍സിലേക്ക് ഇരുമ്പുഴി പരിസരത്തുള്ള മുദരിസുമാര്‍ വരാറുണ്ട്.

ഉസ്താദ് അഹ്്‌ലുബൈത്തിനും പണ്ഡിതര്‍ക്കും ശിഷ്യര്‍ക്കും മുതഅല്ലിമീങ്ങള്‍ക്കും അര്‍ഹമായ ആദരവ് നല്‍കിയിരുന്നു. ഉസ്താദിന്റെ പാണ്ഡിത്യവും ധിഷണയും തിരിച്ചറിയാന്‍ അവിടുത്തെ ദര്‍സില്‍ ഇരുന്നാല്‍ മതി. പട്ടര്‍കടവ് പാറമ്മല്‍ അന്ത്യവിശ്രമംകൊള്ളുന്ന അബ്ദുല്‍ ഗഫൂര്‍ ഇമ്പിച്ചിക്കോയ തങ്ങളായിരുന്നു ഉസ്താദിന്റെ ശൈഖും ആത്മീയ ഗുരുവും. ശൈഖുമായി ഉസ്താദ് 1962ലാണ് ബന്ധപ്പെടുന്നത്. ആ ബന്ധം വലിയ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു.

മനാമിലൂടെയാണ് ശൈഖുനയെ കണ്ടെത്തിയതെന്ന് ഉസ്താദ് പറയാറുണ്ട്. ശൈഖിന്റെ കൂടെ പല സ്ഥലങ്ങളിലും സിയാറത്ത് പോവാറുണ്ട്. ഒരിക്കല്‍ ഉസ്താദും ശൈഖും ഒരുകൂട്ടം ആളുകളും സിക്കന്തര്‍ മലയിലേക്ക് യാത്രപോയി. ശൈഖ് അവര്‍കള്‍ക്ക് മല കയറാന്‍ പ്രയാസമായതിനാല്‍ വണ്ടിയില്‍ തന്നെ ഇരുന്നു. കൂടെയുള്ളവര്‍ മല കയറി. എന്നാല്‍ സ്മര്യപുരുഷന്‍ മല കയറിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്ന് ശൈഖ് അവര്‍കളുമായി സംസാരിക്കുന്നു. ആഗതന്‍ പോയശേഷം ഉസ്താദിനോട് ശൈഖ് പറഞ്ഞു. ആ വന്നത് സിക്കന്തര്‍ വലിയ്യാണ്. ശൈഖ് അവര്‍കള്‍ അങ്ങോട്ട് ചെല്ലാഞ്ഞിട്ട് ഇങ്ങോട്ട് വന്നതാണെന്നോര്‍ക്കണം ഉസ്താദ് പിടിച്ച ശൈഖ്.
ഒരിക്കല്‍ ദാദാ ഹയാത്തിലേക്ക് ഉസ്താദും ശൈഖും അവരുടെ ജ്യേഷ്ഠ സഹോദരന്‍ അബ്ദുല്‍ ഖഹ്ഹാര്‍ മുത്തുക്കോയ തങ്ങളും സിയാറത്തിനുപോയി. അവിടെയെത്തിയപ്പോള്‍ മഖാം പരിചാരകന്‍ ചാവിയുമായി കാത്തുനില്‍ക്കുകയായിരുന്നു. മലപ്പുറം ജില്ലയില്‍നിന്ന് രണ്ട് സയ്യിദന്മാരും ഒരു മുസ്‌ലിയാരും വരുന്നുണ്ടെന്ന് സ്വപ്‌നത്തില്‍ അറിയിച്ചുവത്രെ. അതാണ് കാത്തുനില്‍ക്കാന്‍ കാരണം. മുമ്പ് ദര്‍ഗക്ക് വാതിലും പൂട്ടുമുണ്ടായിരുന്നു.

എല്ലാ വ്യാഴാഴ്ചയും മുടങ്ങാതെ പട്ടര്‍ക്കടവ് പാറമ്മല്‍ ശൈഖിന്റെ ചാരത്ത് വന്ന് പ്രാര്‍ഥിക്കും. ശൈഖിന്റെ വഫാത്തിന് ശേഷം അവിടുന്ന് ബുഖാരിയിലെ ഒരു ഹദീസ് ഓതുകയും ചെയ്യും. ബുഖാരി തീരുന്നതുവരെ അത് തുടര്‍ന്നു. ഇതൊക്കെ ശൈഖിന്റെ നിര്‍ദേശമായിരുന്നുവത്രെ.
ഇല്‍മി ചര്‍ച്ചകളും അത് പകര്‍ന്ന് കൊടുക്കലും അവിടുത്തേക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു. മരണംവരെ അത് തുടര്‍ന്നു. പള്ളിയില്‍ കഴിച്ചുകൂട്ടിയ ഉസ്താദിന് വീട്ടില്‍ അടങ്ങിയൊതുങ്ങിക്കൂടാന്‍ താല്‍പര്യമില്ലായിരുന്നു. തനിക്ക് ഇബാദത്ത് എടുക്കാന്‍ സ്വന്തം സ്ഥലം മാറ്റിവെക്കുകയായിരുന്നു. വരുന്നവര്‍ക്ക് കിതാബ് ഓതിക്കൊടുത്തും മാസാന്ത ദളിഫ നടത്തിയും ഇബാദത്തിലായി ദാറുസ്സലാം എന്ന ഖുതുബ്ഖാനയില്‍ കഴിഞ്ഞുകൂടുകയായിരുന്നു. മറ്റേത് കാര്യങ്ങള്‍ക്ക് വേണ്ടിയും ദര്‍സ് മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രമിച്ചിരുന്നു. ഇല്‍മുമായി ജോലിയാവുന്നത് ഇബാദത്തുകളില്‍ അതിമഹത്തരമാണെന്നും ജീവിതംകൊണ്ട് തെളിയിച്ച പണ്ഡിത ജ്യോതിസ്സാണ് അദ്ദേഹം.
മതപഠനത്തിന് പ്രാമുഖ്യം നല്‍കിയതുകൊണ്ടായിരുന്നു സ്‌കൂളില്‍ പഠിക്കുന്ന വിദേശി വിദ്യാര്‍ഥികളെ തന്റെ ദര്‍സില്‍ കാണാതിരുന്നത്. കഴിക്കുന്ന ഭക്ഷണം ഹലാലാവണമെങ്കില്‍ കിതാബ് ഓതിപ്പഠിക്കണമെന്ന് ശിഷ്യന്മാരോട് ഉപദേശിക്കുമായിരുന്നു. ദര്‍സില്‍ പഠിക്കുന്ന മുതഅല്ലിമുകള്‍ക്കു മദ്‌റസയില്‍ ജോലിചെയ്യുന്നതിന് താല്‍പര്യക്കുറവായിരുന്നുവെങ്കിലും വീട്ടുപ്രാരാബ്ദമുള്ള മുതഅല്ലിമീങ്ങള്‍ സമ്മതംമൂളുമായിരുന്നു.

സാധാരണക്കാര്‍ക്ക് മഹാനായ ഉസ്താദിനെ മനസ്സിലായിട്ടില്ല. മനസ്സിലായവര്‍ അദ്ദേഹത്തെ വിട്ടുപിരിഞ്ഞതുമില്ല. നിറകുടം തുളുമ്പില്ലല്ലോ! ‘ശൈഖുനാ’ എന്ന് ഒരിക്കല്‍ നോട്ടിസില്‍ പേരുവന്നപ്പോള്‍ ഞാന്‍ ശൈഖ് അല്ല എന്നു പറഞ്ഞ് പരിപാടിക്ക് പോകുന്നതിന് വിസമ്മതിച്ച ചരിത്രമാണ് ഉസ്താദിനുള്ളത്. അല്‍പംപോലും കളങ്കമില്ലാത്ത നിഷ്‌കളങ്ക മനസ്സിന്റെ ഉടമ. എന്റെ ആഖിറം എന്താവുമെന്ന് ചിന്തിച്ച് കരയാറാണ് പലപ്പോഴും. പ്രഭാഷണത്തിന്റെ മുഖ്യവിഷയം ആത്മസംസ്‌കരണമായിരിക്കും.
ഏതൊരു പ്രതിസന്ധിയും അല്ലാഹുവിന്റെ അലംഘനീയമായ തീരുമാനമാണെന്നും അതില്‍ ക്ഷമിക്കുന്നതിന് പ്രതിഫലം ഉണ്ടെന്നും പഠിപ്പിക്കുകയും ദൃഢവിശ്വാസം പുലര്‍ത്തുകയും ചെയ്ത മഹദ്‌വ്യക്തിയാണ് ഉസ്താദ്. മകന്‍ അബ്ദുസ്സലാം മരിച്ചപ്പോള്‍ ആ വാര്‍ത്തയുമായി താന്‍ ദര്‍സ് നടത്തുന്ന ഇരുമ്പുഴിയില്‍ വന്ന ആളോട് ഒരു സങ്കടവും മുഖഭാവവുമില്ലാതെ മറുപടി പറഞ്ഞത് ഈമാനിന്റെ കരുത്തുമൂലമായിരുന്നു.

അവിടുത്തെ വേഷം, നടത്തം, പ്രഭാഷണം, പ്രാര്‍ഥന, ദര്‍സ് എല്ലാം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ധാരാളം പണ്ഡിതരുടെ അഭിവന്ദ്യ ഗുരുവിന് പൂര്‍വ വിദ്യാര്‍ഥികള്‍ നല്‍കിയ ഷാള്‍ മര്‍ഹൂം പാണക്കാട് അബ്ദുല്‍ ജബ്ബാര്‍ തങ്ങള്‍ അണിയിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു പറഞ്ഞത് അല്ലാഹു ഇങ്ങനെ എന്നെ സ്വീകരിച്ചാല്‍ മതിയായിരുന്നു എന്നാണ്.
ദുനിയാവ് മോഹിക്കാത്ത ഉസ്താദ് താന്‍ കഴിച്ചുകൊടുക്കുന്ന നിക്കാഹിന് പണം വാങ്ങിയിരുന്നില്ല. എന്റെ ഗുരുവിനെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. അത്രമേല്‍ ഹൃദയസ്പര്‍ശിയായ ഉസ്താദിനെ എത്ര പറഞ്ഞാലും അവിടുത്തെ മഹത്വം തീരില്ല. അവിടുത്തെ ശിഷ്യനായതില്‍ അതിയായ അഭിമാനമാണ്.
കുട്ടിക്കാലം മുതല്‍ ‘മയമൊലിയാര്‍’ എന്ന പേരില്‍ അറിയപ്പെട്ട അവിടത്തെ ദര്‍സില്‍നിന്നാണ് ആ പാണ്ഡിത്യത്തിന്റെ വലുപ്പം കൂടുതല്‍ മനസ്സിലാവുന്നത്. ചില വേര്‍പാടുകള്‍ വിശ്വസിക്കാനാവില്ല. അത്തരത്തിലുള്ള ഒരു വേര്‍പാടാണ് ഉസ്താദിന്റേത്. ഒരു ഉഖ്‌റവിയായ പണ്ഡിതന് ഉണ്ടായിരിക്കേണ്ട സദ്ഗുണങ്ങളാണ് സ്രഷ്ടാവിനെ കുറിച്ചുള്ള ഭയഭക്തി, ആദര്‍ശദൃഢത, വിനയം, ലാളിത്യം എന്നിവ. ഇവ ഒത്തിണങ്ങിയ ഉസ്താദിന്റെ വിയോഗത്തോടെ നമുക്ക് ഒരു ഉഖ്‌റവിയായ പണ്ഡിതനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമാണെന്ന മഹദ്‌വചനം ഇവിടെ യാഥാര്‍ഥ്യമാവുകയാണ്.

ഭൂമിലോകത്തെത്തുന്ന മലക്കുകള്‍ നക്ഷത്രങ്ങളായി ദര്‍ശിക്കുന്നത് പണ്ഡിത മഹത്തുക്കളെയാണെന്ന് തിരുനബി(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആ പണ്ഡിത നക്ഷത്രക്കൂട്ടത്തില്‍നിന്ന് ഒരു നക്ഷത്രംകൂടി കൊഴിഞ്ഞു. നാഥാ, ഞങ്ങളെയും അവരോടൊപ്പം നിന്റെ സ്വര്‍ഗീയാരാമത്തില്‍ ഉള്‍പ്പെടുത്തേണമേ (ആമീന്‍).


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.