2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മലയാള സാഹിത്യചരിത്രം ഒരൊറ്റ വായനയില്‍

 

കെ.കെ അബ്ദുസ്സലാം

കേരളം എന്ന് അറിയപ്പെടുന്ന ഭൂപ്രദേശം പണ്ട് തമിഴകത്തിന്റെ ഭാഗമായിരുന്നു. കേരളം എന്ന പേര് നാടിന്റെ പ്രധാനകൃഷിയായ കേരയില്‍നിന്നുണ്ടായതാണെന്ന ഒരുതെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ പ്രദേശം സമുദ്രജലത്തില്‍ മൂടപ്പെട്ട് കിടക്കുകയായിരുന്നു. ‘അളം’ എന്നാല്‍ സ്ഥലം, ഇടം എന്നൊക്കെ അര്‍ഥം. കടലിന്റെ പിന്‍മാറ്റത്തിലൂടെ രൂപപ്പെട്ട കരയാണ് കേരളം എന്ന് കരുതപ്പെടുന്നു. ചെളി നിറഞ്ഞ പ്രദേശം എന്നര്‍ഥത്തില്‍ ചേരളം എന്ന പേര് വിളിച്ചു. ചേരന്‍മാരുടെ ഭരണത്തിന്‍ കീഴിലുള്ള പ്രദേശം എന്ന നിലയിലും ചേരളം എന്ന പേരുവന്നു എന്നും വാദമുണ്ട്. ‘ച’യുടെ കര്‍ണാടക ഉച്ഛാരണമാണ് ‘ക’ അങ്ങനെ കര്‍ണാടക ഉച്ഛാരണത്തില്‍ ചേരളം കേരളമായി. മലയാളം എന്ന പേര് അതിനുംമുന്‍പ് ഉണ്ട്. അറബികള്‍ ഈദേശത്തെ ‘മലിഹാര്‍’ എന്നാണ് വിളിച്ചിരുന്നത്. പിന്നീടതാണ് ‘മലബാര്‍’ ആയി മാറിയത്. മലയാളം ആദ്യകാലങ്ങളില്‍ ഭാഷയുടെ പേരായിരുന്നില്ല. ദേശത്തിന്റെ പേരായിരുന്നു. മലയാളദേശത്തുള്ളവരെ മറ്റുള്ളവര്‍ ‘മലയാളത്തുകാര്‍’ എന്നു വിളിച്ചു. കേരളത്തുകാരെ കേരളീയര്‍ എന്നു വിളിച്ചു. കേരളീയര്‍ സംസാരിച്ചിരുന്ന ഭാഷയെ ആദ്യകാലത്ത് ‘മലയാഴ്മ’ എന്നാണ് വിളിച്ചിരുന്നത്. അന്ന് ദക്ഷിണേന്ത്യയില്‍ മൊത്തം സംസാരിച്ചിരുന്ന ഭാഷ തമിഴായിരുന്നു. ഇന്നത്തെ തമിഴ്ഭാഷയില്‍ നിന്നു വ്യത്യസ്തമായിരുന്നു പഴയകാല തമിഴ്. ഇതിഹാസകാവ്യമായ ചിലപ്പതികാരം എഴുതിയത് കവിയായ ഇളംങ്കോ അടികള്‍ എന്ന ചേര വംശ രാജാവാണ്. സംസാരത്തമിഴും സാഹിത്യത്തമിഴും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. അന്ന് സംസാരഭാഷയെ കൊടുംതമിഴ് എന്നാണ് വിളിച്ചിരുന്നത്. അതില്‍നിന്നുണ്ടായതാണ് മലയാളം. ഭാഷാപണ്ഡിതനായ എ.ആര്‍ രാജരാജവര്‍മ്മ കൊടുംതമിഴില്‍ നിന്നു മലയാളമുണ്ടായതെങ്ങനെ എന്നു വിവരിച്ചെഴുതിയിട്ടുണ്ട്. വീണ്ടും നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവന്നു മലയാളഭാഷയില്‍ ഒരു സാഹിത്യസൃഷ്ടി ജനിക്കാന്‍. പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട രാമചരിതം എന്ന കവിതയാണ് ആദ്യ മലയാളകൃതി.

   

സാധാരണക്കാരായ ജനങ്ങള്‍ക്ക് രാമചരിത്രം പഠിപ്പിക്കുക എന്ന ഉദ്ദേശ്യമായിരുന്നു രാമചരിത രചനയുടെ മുഖ്യലക്ഷ്യം. അതേകാലഘട്ടത്തില്‍തന്നെ മണിപ്രവാളരൂപത്തിലെ രതികാമ സങ്കല്‍പങ്ങളിലധിഷ്ടിതമായ രചനകള്‍ ധാരാളമായി പുറത്തിറങ്ങാന്‍ തുടങ്ങി. ഭക്തിപ്രധാനവും ആത്മീയവുമായ സ്തുതിഗീതങ്ങള്‍ കൂടുതലും തമിഴ് ഭാഷയിലാണ് ഉണ്ടായതെങ്കിലും, ലൈംഗീകരചനകളെ സ്വാധീനിച്ചത് സംസ്‌കൃതഭാഷാ കൃതികളായിരുന്നു. വൈഷ്ണവ കഥകളാണ് ഭക്തിപ്രധാനമായ സ്തുതിഗീതങ്ങളില്‍ മികച്ചുനില്‍ക്കുന്നത്, പക്ഷേ, മണിപ്രവാള സാഹിത്യങ്ങളില്‍ ആനുകാലിക സംഭവങ്ങളും ജനവികാരങ്ങളുമാണ് മികച്ചുനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ മണിപ്രവാള കൃതികളിലൂടെ മധ്യകാലത്തെ കേരളീയരുടെ ചരിത്രത്തിലേക്ക് ഇത്തരം രചനകള്‍ വെളിച്ചം പകരാന്‍ ഇടയായി. എകദേശം പതിനഞ്ചാം നൂറ്റാണ്ട് വരെ മലയാളസാഹിത്യം സ്തുതി ഗീതങ്ങളും പാട്ടുകളുമൊക്കെയായി അങ്ങനെ തുടര്‍ന്നു. പതിനാറാം നൂറ്റാണ്ടോടെയാണ് എഴുത്തച്ഛന്റെ രചനകളിലൂടെ മലയാളസാഹിത്യം ഒരു പുതിയ പഥത്തിലേക്ക് നീങ്ങിയത്. സാഹിത്യത്തിലെ ഈ പുതിയ വഴിത്തിരിവുമായി മലയാളഭാഷ മഹത്‌വല്‍ക്കരിച്ചത് തുഞ്ചത്തെഴുത്തച്ഛന്‍ തന്നെയാണ്. ഭാഷാപിതാവെന്ന ഉന്നതസ്ഥാനം അദ്ദേഹത്തില്‍ അര്‍പ്പിതമായതിന്റെ പ്രധാനകാരണവും ഇതുതന്നെ. 1547- 1640 കാലത്ത് ജീവിച്ചിരുന്ന ഭക്ത കവിയാണ് പൂന്താനം. ദീര്‍ഘകാലത്തെ കത്തിരിപ്പിനൊടുവില്‍ പിറന്ന ഉണ്ണി മരണപ്പെട്ടതോടെ ഭഗവത് ചിന്തയിലേക്ക് നീങ്ങിയ കവി, ഭൗതിക ജീവിതപ്പൊലിമയുടെ അര്‍ഥശൂന്യത പ്രമേയമാക്കി രചിച്ച ജ്ഞാനപ്പാന ആത്മീയതയുടെ മഹത്വം ഉദ്‌ഘോഷിക്കുന്നു.

അതിനടുത്ത നൂറ്റാണ്ടില്‍ പൂന്താനം കാലത്തിന്റെ ധാര്‍മികവ്യതിയാനത്തിനെതിരേ തന്റെ സാഹിത്യകൃതികളിലൂടെ വിരല്‍ചൂണ്ടുന്നത് കാണാം. വ്യവസായവത്ക്കരണത്തിന്റെ ചലനങ്ങള്‍ സമൂഹത്തെ അധാര്‍മികതയിലേക്ക് നയിക്കാന്‍ തുടങ്ങിയകാലമായിരുന്നു അത്. ആ അവസ്ഥ അദ്ദേഹത്തിലുണ്ടാക്കിയ മാനസികസംഘര്‍ഷമാണ് ജ്ഞാനപ്പാനഎന്ന കൃതി.
ഇംഗ്ലീഷ് സ്വാധീനം

18-ാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡ വര്‍മ രാജാവിന്റെ കീഴില്‍ ‘തിരുവിതാംകൂര്‍’ സംസ്ഥാനം രൂപപ്പെട്ടപ്പോള്‍ അതൊരുപുതിയഅധികാരകേന്ദ്രത്തിന്റെ ഉദയമായിരുന്നു. ഡച്ചുകാരെ പരാജയപ്പെടുത്തിയതിലൂടെ യൂറോപ്യന്‍ കെളോണിയല്‍ ശക്തിയെ തോല്‍പ്പിച്ച ഏക ഇന്ത്യന്‍ രാജാവ് എന്നാണ് ചരിത്രത്തില്‍ മാര്‍ത്താണ്ഡവര്‍മ അറിയപ്പെടുന്നത്. ഒറ്റ അധികാരകേന്ദ്രത്തിന്റെ വളര്‍ച്ച കടുത്ത അഴിമതിയിലേക്ക് വഴിതെളിയിച്ചു. ഭരണവ്യസ്ഥ പതുക്കെ ജീര്‍ണതയിലേക്ക് നീങ്ങി.
സാമൂഹിക വിമര്‍ശകനും കവിയുമായ കുഞ്ചന്‍നമ്പ്യാരുടെ രംഗപ്രവേശനം ഈ സമയത്താണ് ഉണ്ടായത്. ഹാസ്യം എന്ന മാധ്യമത്തിലൂടെ അദ്ദേഹം അഴിമതിക്കും അനാചാരത്തിനും ഭരണകാപട്യത്തിനുമെതിരെ തന്റെ സര്‍ഗവൈഭവത്തെ ഉപയോഗിച്ചു പോരാടി. വാണിജ്യവത്ക്കരണം സമൂഹത്തില്‍ ഉണ്ടാക്കിയ അധാര്‍മികത നേരിട്ടുകാണുകയും അനുഭവിക്കുകയും ചെയ്ത കുഞ്ചന്‍ നമ്പ്യാര്‍ അധ്യാത്മികതയില്‍ ഊന്നി നടത്തിയ സാമൂഹ്യനവോഥാനശ്രമങ്ങള്‍ ഏറെ ഫലം കണ്ടു. എന്നു മാത്രമല്ല മലയാളത്തിലെ രാഷ്ട്രീയ കവി എന്ന പേരും അദ്ദേഹത്തില്‍ അര്‍പ്പിക്കപ്പെട്ടു.
പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ തുടങ്ങി 18,19 നൂറ്റാണ്ടുകള്‍ മലയാളസാഹിത്യ രചനകളില്‍ ഗദ്യവിഭാഗത്തിന്റെ അതിപ്രസരണമാണുണ്ടായിട്ടുളളത്. 18-ാം നൂറ്റാണ്ടില്‍ കത്തോലിക്കാ മിഷണറികളും 19-ാം നൂറ്റാണ്ടില്‍ പ്രൊട്ടറ്റസ്റ്റന്റ് മിഷണറിമാരും ഈ ഗദ്യരചനാ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇംഗ്ലീഷ്- മലയാളം ഭാഷകള്‍ തമ്മിലുളള പ്രതിപ്രവര്‍ത്തനം മൂലം വലിയവളര്‍ച്ചയാണ് മലയാളസാഹിത്യത്തിനുണ്ടായത്. ഇംഗ്ലീഷ് മാത്രമല്ല മറ്റ് യൂറോപ്യന്‍ഭാഷകളുമായും മലയാള ഭാഷയ്ക്ക് അക്കാലത്ത് നല്ല ഇടപഴക്കമുണ്ടായിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായി ഒരു പുസ്തകം അച്ചടിച്ചിറക്കുന്നത് 1772ല്‍ റോമില്‍നിന്നാണ്. റെവറന്റ് ഫാദര്‍ ക്ലിമന്റ് പിയാനിയസ് എഴുതിയ ‘സംക്ഷേപവേദാര്‍ത്ഥം’ ഒരുബൈബിള്‍ സംക്ഷിപ്തപഠനമാണ്. 19-ാം നൂറ്റാണ്ടിലാണ് മലയാള ഭാഷ ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നത്. 1845ല്‍ ഇറങ്ങിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ‘പഴഞ്ചൊല്ലുമാല’, റെവ. ജോര്‍ജ്ജ്മാത്തന്‍ എഴുതിയ ‘സത്യ വേദഖേദം’ എന്നീ പുസ്തകങ്ങള്‍ അക്കാലത്തിറങ്ങിയ ഗദ്യരചനകളില്‍ ഏറെ മുന്‍പിട്ടുനിന്ന ഗ്രന്ഥങ്ങളാണ്.

അച്ചടി എത്തുന്നു

അച്ചടി എന്ന സാങ്കേതിക ശാസ്ത്രത്തിന് കൈവന്ന വ്യാപകമായ പ്രചാരവും ഗദ്യരചന കൈവരിച്ച വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിച്ചു. ഇന്ത്യയില്‍ ആദ്യമായി ഒരു മലയാളപുസ്തകം അച്ചടിച്ചത് മലയാളവ്യാകരണം എന്നപേരില്‍ 1811ല്‍ ബോംബെയിലുള്ള ക്വറിയര്‍ പ്രസിലാണ്. അതേവര്‍ഷം തന്നെ അതേ പ്രസില്‍നിന്ന് മറ്റൊരു പുസ്തകം പുറത്തിറങ്ങി. പുതിയനിയമം എന്ന ബൈബിള്‍ തര്‍ജ്ജമ. തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്ന് എന്ന സ്ഥലത്ത് ബേസല്‍ മിഷനറിക്കുവേണ്ടി ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് സ്ഥാപിച്ചതാണ് കേരളത്തിലെ ആദ്യത്തെ പ്രസ്സ്. 1845ല്‍ ഗുണ്ടര്‍ട്ടിന്റെ ദേവ വിചാരണ എന്ന പുസ്തകം ഇവിടെയാണ് അച്ചടിച്ചത്. ഇതേ പ്രസില്‍നിന്ന് ഗുണ്ടര്‍ട്ട് രണ്ട് പത്രം കൂടി പബ്ലിഷ്‌ചെയ്തു. രാജ്യസമാചാര്‍, പശ്ചിമോദയം എന്നിവയാണ് ആ പത്രങ്ങള്‍. ഗുണ്ടര്‍ട്ട് തന്നെ പ്രസിദ്ധീകരിച്ച മറ്റൊരു ദിനപത്രമാണ് ജ്ഞാനനിക്ഷേപം. പതുക്കെ പാശ്ചാത്യനാടുകളെ അനുകരിച്ചുകെണ്ട് ഗദ്യരചനകളും നോവലുകളും ചെറുകഥകളും മലയാള സാഹിത്യത്തില്‍ ഇറങ്ങാന്‍തുടങ്ങിയതും ഏകദേശം ഇതേകാലയളവിലാണ്.

ഈ സാഹിത്യശൈലിയില്‍ അക്കാലത്തിറങ്ങിയ കൃതികളാണ് ഡീക്കണ്‍ കോശിയുടെ പുലരിക്കുഞ്ഞ് (1882), മിസ്സിസ് കോളിഡ് എഴുതിയ ഘാതകവധം(1877), അപ്പുനെടുങ്ങാടിയുടെ കുന്ദലത(1887) എന്നിവ. മലയാള സാഹിത്യത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായി ഗണിക്കപ്പെടുന്നത് 1889ല്‍ ഒ. ചന്തുമേനോന്‍ എഴുതിയ ഇന്ദുലേഖയാണ്. രണ്ടുവര്‍ഷത്തിനുശേഷം 1891ല്‍ സി.വി രാമന്‍പിളള എഴുതിയ മാര്‍ത്താണ്ഡവര്‍മ്മയാണ് മലയാളത്തിലെ ആദ്യത്തെ ചരിത്ര നോവല്‍. അതുപോലെതന്നെ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ രചിച്ച വാസനാവികൃതിയാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥ.

ബംഗാളീ നവോഥാനം
മലയാളത്തിലും

19-ാം നൂറ്റാണ്ടില്‍ ബംഗാളിലുണ്ടായ കലാസാഹിത്യ നവോഥാനത്തിന്റെ മാറ്റൊലികള്‍ മലയാളസാഹിത്യത്തിലേക്കും പകര്‍ന്നു. ബംഗ്ലൂരിലും കല്‍ക്കത്തയിലുമൊക്കെ ജീവിക്കാന്‍ അവസരം ലഭിച്ച കവി കുമാരനാശാനാണ് ഈ സവേഥാന ബോധം മലയാളക്കരയിലെത്തിച്ചത്. അദ്ദേഹത്തിന്റെ വീണപൂവ് (1907) എന്ന കൃതി മലയാളസാഹിത്യത്തില്‍ ഒരു പുതിയ യുഗപ്പിറവിക്കു തന്നെ കാരണമായി. വീണ പൂവോടെയാണ് മലയാള കവിതയില്‍ കാല്‍പനികതയുടെ അരങ്ങേറ്റത്തിന് നാന്ദികുറിച്ചത് എന്നു പറഞ്ഞാല്‍ തെറ്റില്ല. ഈ കവിതയാണ് മലയാള സാഹിത്യത്തെ അതിന്റെ അന്നുവരെയുള്ള അളവുകോലിന്റെ കടുംപിടുത്തത്തില്‍നിന്നു വേര്‍പെടുത്തി ഒരു മാതൃകാപരമായ വ്യതിയാനത്തിലേക്ക് വഴിതെളിയിച്ചത്. കുമാരനാശാന്റെ രണ്ടാമത്തെ കൃതി ‘കരുണ’ ആ മാറ്റത്തെ പൂര്‍ണതയിലെത്തിച്ചു എന്നു പറയാം. ഒരു അഭിസാരികയുടെ മനംമാറ്റത്തിന്റെ കഥ പറയുന്ന ഈ കാവ്യം ബുദ്ധന്റെ ജീവിതാധ്യായങ്ങളില്‍നിന്നടര്‍ത്തിയെടുത്ത ഒരു സൃഷ്ടിയാണ്. മണിപ്രവാള കവിതകളില്‍ കണ്ടകാമ-രതി വികാരങ്ങളുടെ അതിപ്രസരങ്ങള്‍ക്ക് ഹംസഗാനം പാടിയത് കുമാരനാശാന്റെ ‘കരുണ’യാണെന്നു നിസംശയം പറയാം.
ഏഴുനൂറ്റാണ്ട് വ്യഭിചാരത്തെ മഹത്‌വല്‍ക്കരിച്ച്‌കൊണ്ട് അരങ്ങുതകര്‍ത്തു വാണ മണിപ്രവാള സാഹിത്യത്തിന്റെ അന്ത്യംകുറിക്കാന്‍ കരുണക്കു കഴിഞ്ഞു. കുമാരനാശാന്റെ പാത പിന്തുടര്‍ന്നുകൊണ്ട് വള്ളത്തോള്‍ നാരായണമേനോന്‍ മദ്ധലനമറിയവും, ഉള്ളൂര്‍ പരമേശ്വരരന്‍ അയ്യര്‍ പിംഗല എന്നകാവ്യവും രചിച്ചതോടെ സ്ഥിതിയാകെമാറി. കരുണ, മദ്ധലനമറിയം, പിംഗല ഈ മൂന്ന് കാവ്യങ്ങളും ഏകദേശം ഒരേ തത്വത്തിലധിഷ്ടിതമാണ്. വള്ളത്തോളും ഉള്ളൂരും ദേശീയ പ്രസ്ഥാനങ്ങളിലേക്കാകര്‍ഷിക്കപ്പെട്ടപ്പോള്‍ താഴ്ന്നജാതിക്കാരനായ കുമാരനാശാന്‍ അധ:കൃതരുടെ കഷ്ടങ്ങള്‍ കണ്ടറിഞ്ഞ് അവരുടെ നവോഥാനത്തില്‍ ശ്രദ്ധചെലുത്തി. അധ:കൃതരുടെ ഉയിര്‍ത്തെഴുന്നേല്‍പിനായി അദ്ദേഹം തൂലിക ചലിപ്പിച്ചു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഈ കവിത്രയങ്ങള്‍ സാഹിത്യത്തെ അക്കാലമത്രയും ഭരിച്ച മഹത്വവത്ക്കരണത്തെ തുടച്ചുമാറ്റി, പവിത്രമായ സ്‌നേഹബന്ധങ്ങളെ അനുരാഗത്തിന്റെ മേമ്പൊടി ചേര്‍ത്ത് കവിതയെ ശുദ്ധീകരിച്ചു.

നോവല്‍ ഇടംപിടിക്കുന്നു

ഇന്ദുലേഖയില്‍ ചന്തുമേനോന്‍ നായികയെ താന്‍ പ്രേമിച്ച നായകനെ മാത്രമേ സ്വീകരിക്കൂ എന്ന ഉറച്ചതീരുമാനത്തില്‍ ആഢ്യത്വത്തെ തള്ളിമാറ്റിയപ്പോള്‍ അതേപടി സ്വീകരിക്കാന്‍ അന്നത്തെ കേരളീയര്‍ തയ്യാറായില്ല എന്നതാണ് സത്യം. പവിത്രമായ അനുരാഗബന്ധത്തിന്റെ കാല്‍പനികതയെ ലളിതമായ ഭാഷയില്‍ കുമാരനാശാന്‍ ആവിഷ്‌കരിച്ചപ്പോള്‍ അത് പൊതുജനം ഏറ്റെടുക്കുകയും ചെയ്തു. സ്ത്രീ കേവലം സൗന്ദര്യ സങ്കല്‍പം മാത്രമല്ലെന്നും ചിന്താശക്തിയുടെ ഒരു സ്വതന്ത്ര സൃഷ്ടിയാണെന്നും നളചരിതത്തിലൂടെ ഉണ്ണായി വാരിയര്‍ അവതരിപ്പിച്ചു. എന്നാല്‍ കുമാരനാശാന്‍ തന്റെ ചിന്താവിഷ്ടയായ സീതയിലൂടെ പുരുഷാധിപത്യ വ്യവസ്ഥക്കെതിരെ ആഞ്ഞടിക്കുന്ന സ്ത്രീയെയാണ് അവതിപ്പിച്ചത്. 1925ല്‍ നാലപ്പാട്ട് നാരായണമേനോന്‍ വിക്ടര്‍ഹ്യൂഗോയുടെ ഘല ങശലെൃമയഹല എന്ന നോവല്‍ പാവങ്ങള്‍ എന്ന തലക്കെട്ടില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. അതൊരു വലിയ തരംഗമായി മാറി. ഈ നോവല്‍ കേശവദേവ്, ഇടശ്ശേരി, ഉറൂബ് എന്നിവരെ വല്ലാതെ സ്വാധീനിച്ചു എന്നുപറയാം. കേശവ ദേവിന്റെ ഓടയില്‍നിന്ന് എന്ന വിഖ്യാത നോവലിലെ നായകന്‍ ഒരു ട്രേഡ് യൂണിയന്‍ നേതാവാണ്. സമൂഹത്തില്‍ അവശതയനുഭവിക്കുന്ന പിന്നോക്ക വര്‍ഗത്തിന്റെ ജീവിതത്തിനുനേരെ വെളിച്ചം തിരിച്ചുവച്ച ഒരുനോവലാണിത്. തകഴി, പൊന്‍കുന്നം വര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍, എന്നിവരും സാഹിത്യത്തെ പുതിയ വഴികളിലേക്ക് നയിച്ച വിശ്വപ്രശസ്തരായ ഉത്തമ രചയിതാക്കളാണ്. അഖിലേന്ത്യാ ജീവല്‍ സാഹിത്യസംഘടനയുടെ രൂപീകരണത്തോടെ കേസരി ബാലകൃഷ്ണപിളളയുടെ നേതൃത്വത്തില്‍ ലോകസാഹിത്യത്തിലെ പ്രശസ്തകൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള ശ്രമകരമായദൗത്യം സാഹിത്യനായകര്‍ ഏറ്റെടുത്തു. അതോടൊപ്പം തന്നെ എം.പി പോള്‍, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ പ്രഗത്ഭരായ വിമര്‍ശനസാഹിത്യകാരന്‍മാര്‍ ആരോഗ്യകരമായ വിമര്‍ശനങ്ങളിലൂടെ മലയാള സാഹിത്യത്തില്‍ വലിയ നവോഥാനപാതകള്‍ വെട്ടിത്തെളിയിച്ചു. കെ.പി.എ.സിയുടെ നാടകങ്ങള്‍, പുരോഗമന സാഹിത്യത്തിന്റെ രംഗപ്രവേശനം എന്നിവ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ സമൂഹത്തില്‍ വ്യാപരിക്കാന്‍ കൂടുതല്‍ സാഹചര്യമുണ്ടാക്കി. എന്‍. കൃഷ്ണപിള്ള, സി.ജെ തോമസ്, ടി.എന്‍ കണ്ണന്‍ നായര്‍, തോപ്പില്‍ ഭാസി, കെ.ടി മുഹമ്മദ്, ജി. ശങ്കര പിള്ള, ഇ.കെ അയമു, എന്നിവരുടെ നവോഥാന നാടകങ്ങള്‍ സമൂഹത്തില്‍ വലിയ ഉണര്‍വും ഉന്‍മേഷവും ഉണ്ടാക്കി. തകഴി, പൊന്‍കുന്നം, കാരൂര്‍, കേശവദേവ്, എന്നിവര്‍ പുതിയ തലമുറയ്ക്ക് ദിശാബോധം നല്‍കിയവരില്‍ പ്രധാനികളാണ്. അവരോടൊപ്പം ചേരാന്‍ പരിണിതപ്രജ്ഞരായ എതാനും നോവലിസ്റ്റുകളും ചെറുകഥാകൃത്തുകളും രംഗത്തുവന്നു. എം.ടി വാസുദേവന്‍ നായര്‍, ടി. പത്മനാഭന്‍, കമലസുരയ്യ തുടങ്ങിയവര്‍ അക്കൂട്ടത്തിലുണ്ട്. സാമൂഹികപ്രശ്‌നങ്ങള്‍ മാത്രമല്ല, വ്യക്തിസത്തയും മനുഷ്യമനസും ഇവര്‍ കഥകളിലൂടെ അപഗ്രഥിച്ചു.

ആധുനികരുടെ വഴി

ഇവര്‍ക്കുശേഷം വന്ന കൂടുതല്‍ എഴുത്തുകാരും ഈ ആധുനികതയുടെ വക്താക്കളായിരുന്നു. അതില്‍ പ്രധാനികളായിരുന്നു പോള്‍സക്കറിയ, മേതില്‍ രാധാകൃഷ്ണന്‍, കാക്കനാടന്‍, എം. മുകുന്ദന്‍, ഒ.വി വിജയന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവര്‍. അറുപതുകള്‍ തൊട്ട് മലയാള ഭാഷ കണ്ടത് മോഡേണ്‍ രചനകളാണ്. കവികളില്‍ പലരും മോഡേണ്‍ രചനകളുമായി രംഗത്തുവന്നത് ഈ കാലഘട്ടത്തിലാണ്. അവരില്‍ ചിലരാണ് മാധവന്‍ അയ്യപ്പത്ത്, അക്കിത്തം, സച്ചിദാനന്ദന്‍, എം. ഗോവിന്ദന്‍, സുഗതകുമാരി എന്നിവര്‍. അറുപതുകള്‍ക്കുശേഷം മലയാളസാഹിത്യം പുതിയ വഴികളിലേക്ക് തിരിയുന്നതായി കാണാം. അരാജകത്വ രചനകള്‍ ഏറിവന്ന കാലമാണിത്. എന്തിനേയും എതിര്‍ക്കുന്ന യുവത്വം ശക്തിയാര്‍ജിച്ചത് ഈ കാലഘട്ടത്തിലാണ്. ലാറ്റിനമേരിക്കന്‍ സാഹിത്യം മലയാളത്തിലേക്ക് വിവര്‍ത്തനം കൂടുതല്‍ കടന്നുവരാന്‍തുടങ്ങിയതും കൂടാതെ നക്‌സലേറ്റ് പോലെയുള്ള പ്രസ്ഥാനങ്ങളുടെ വരവും ഈ വഴിത്തിരിവിന് ആക്കംകൂട്ടി. സാഹിത്യത്തിന്റെ അളവുകോല്‍തന്നെ മാറിയെന്നു പറയാം. വൃത്തികെട്ട പല ഗദ്യരചനകളും കവിതകളില്‍ കടന്നുകയറി. വിമര്‍ശകര്‍ മലയാള കവിതയ്ക്ക് ചരമക്കുറിപ്പ് എഴുതാറായെന്നുവരെ അഭിപ്രായപ്പെട്ട കാലമാണിത്. ഈ അവസരത്തിലാണ് കടമ്മനിട്ട രാമകൃഷ്ണന്റെ രംഗപ്രവേശനം. കടുത്ത ദുര്‍ഗ്രാഹ്യതയാല്‍ സാധാരണക്കാരില്‍ നിന്നകന്നുപോയവര്‍ക്കും കൂടി ഗ്രാഹ്യമായ ഒരവസ്ഥയിലേക്ക് കവിതയെ തിരിച്ചുകൊണ്ടുവരാന്‍ കടമ്മനിട്ടയ്ക്ക് ഏറെ പണിപ്പെടേണ്ടിവന്നു. കവിത സംഗീതാത്മകമായി ചൊല്ലിക്കേള്‍പ്പിക്കാന്‍ കഴിയുമെന്ന പുതിയ അറിവ് അദ്ദേഹം സാധാരണക്കാരിലേക്ക് പകര്‍ന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട്, എ. അയ്യപ്പന്‍, ഡി. വിനയചന്ദ്രന്‍, മധുസൂധനന്‍ നായര്‍ തുടങ്ങിയ കവികള്‍ ഈ രീതി അവലംബിച്ചവരാണ്. മലയാളകവിത ഒരിക്കല്‍ നഷ്ടപ്പെട്ട യുവത്വം തിരിച്ചെടുത്തതില്‍ ഇവര്‍ക്കൊക്കെ വലിയപങ്കുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മറ്റൊരു പുതിയ പ്രവണത കാവ്യരംഗത്ത് കാണാന്‍തുടങ്ങി. കവിത പുറകിലേക്കും, ഗദ്യം, പ്രത്യേകിച്ച് സങ്കല്‍പകഥകള്‍ മുന്നോട്ടുംവന്നതായി തോന്നുന്നുണ്ട്. പി.പി രാമചന്ദ്രന്‍, അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, എസ്. ജോസഫ്, വീരാന്‍ കുട്ടി, സെബാസ്റ്റിയന്‍ തുടങ്ങിയവരൊക്കെ കനപ്പെട്ട സംഭാവനകള്‍ നല്‍കി കവിതയെ മുമ്പോട്ടുതള്ളാനുള്ള ശ്രമങ്ങള്‍ മറുവശത്തു നടത്തുന്നുണ്ട് എന്നത് വിസ്മരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്. പുതിയ എഴുത്തുകാരില്‍ ബഹുഭൂരിപക്ഷം ഭാവനയില്‍മാത്രം വ്യാപരിക്കുന്നവരായിക്കാണാം. തിയേറ്റര്‍ ഏകദേശം അന്ത്യശ്വാസം വലിച്ചു എന്നുതന്നെ പറയേണ്ടിവരും. കൃത്രിമശ്വാസം നല്‍കാനുള്ള തീവ്രശ്രമങ്ങളുണ്ടായെങ്കിലും ഒന്നും വിജയിച്ചിട്ടില്ല. യുവത്വത്തിന്റെ ചായ്‌വ് സമൂഹമാധ്യമത്തിലേക്കായതാണ് പ്രധാന കാരണം. വായനക്കാരില്‍ വ്യാജ ആത്മീയതയുടെ അതിപ്രസരം ഏറിവരുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.