2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മെരുങ്ങാത്ത കവിതകള്‍

സ്വയം കുത്തിക്കീറുന്നവന്റെ വേദനയും സ്വയം കുഴിച്ച് കുഴിച്ച് പോകുന്നവന്റെ വിവരണങ്ങള്‍ക്ക് വഴിപ്പെടാത്ത വീര്യവുമാണ് എം.ബി ബിനോയിയുടെ ‘എന്റെ കാവ്യപാപങ്ങളില്‍’ അധികാരത്തിന്റെ തുടലുകള്‍ തകര്‍ക്കുംവിധം കലഹിക്കുകയും കുതറുകയും ചെയ്യുന്നത്. നമ്മളെത്തേണ്ടത് എവിടെയാണെന്നതിനു മുമ്പില്‍, നമ്മളിപ്പോള്‍ എത്തിയത് ‘ഇവിടെ’യാണെന്ന, ആരെയും പ്രീതിപ്പെടുത്താനല്ലാത്ത, പതിവുകള്‍ പൊളിക്കുന്ന ഒരു ‘പ്രകോപനഭാഷ’യിലാണ് ‘കാവ്യപാപങ്ങള്‍’ ഒരുതരം ചുമ്മാ പോടാ ‘പുല്ലേ’ എന്ന ഭാവത്തോടെ അകമിടിച്ച് പുറത്തേക്ക് തെറിച്ചുവന്നു നില്‍ക്കുന്നത്.

ആവിഷ്‌കാരം പോലുള്ള ആഢ്യപ്രയോഗങ്ങളോട് പൊരുതുംവിധമുള്ള ഒരുതരം പൊട്ടിപ്പുറപ്പെടലില്‍ വെച്ചാണ് ‘വ്യര്‍ത്ഥം’ എന്ന കവിത അര്‍ഥപൂര്‍ണമാവുന്നത്. അടങ്ങിക്കിടക്കാത്ത അസ്വസ്ഥത തന്നെയാണ് ‘ബിനോയ് കവിത’യില്‍ ഒരാശ്വാസമാവാതെ, ഒരു കഥാര്‍സിസിനും വഴങ്ങാതെ, ഒരു പ്രതീക്ഷയിലും പകക്കാതെ, ഒരു സൂത്രവാക്യത്തിലും സ്തംഭിക്കാതെ, അങ്ങനെയെങ്കില്‍ അങ്ങനെത്തന്നെയെന്നൊരു ഭാവത്തില്‍, എന്നാല്‍ വീഴുമ്പോഴും കുനിയാതെ നിവര്‍ന്ന് വീഴുംവിധം തോറ്റവരുടെ ധിക്കാരംപോലെ വാക്കുകളെ തോന്നുംപടി വിട്ട് എവിടേക്കൊക്കെയോ പുറപ്പെട്ട് പോകുന്നത്. പൂര്‍ണതകളല്ല, അത്രപോലും ‘പൊന്‍തിളക്ക’ പ്രതീക്ഷകളല്ല, എന്തിന്, വരുമെന്നുറപ്പുള്ള ഭാവിയുമല്ല, അതിനൊക്കെയപ്പുറം ‘നരച്ചെന്നോ നിറം നിലനിര്‍ത്തിയെന്നോ ഒന്നുമില്ല ഒന്നുമില്ലെന്നോ’ പറയാവുന്ന സാധാരണഭാഷയിലും, വ്യവസ്ഥാപിത വിചാരങ്ങളിലും കൊള്ളാത്ത ശിഥിലനിരാശപരിഹാസ ശരങ്ങളാണ് ആപല്‍സമയത്ത് തെറിക്കുന്ന പ്രതിരോധത്തിന്റെ മുള്ളുകള്‍പോലെ എങ്ങോട്ടേക്കൊക്കെയോ ‘ചിതറുന്നത്’. കേന്ദ്രീകരണത്തിന്റെയും സമഗ്രതയുടെയും സ്വസ്ഥതയുടെയും ‘യുക്തി’ തകര്‍ക്കുന്ന; അതേസമയം ‘അയുക്തികതക’ളോട് അടുക്കുമ്പോഴും അതിനൊട്ടും കീഴ്‌പ്പെടാത്ത, മെരുങ്ങാന്‍ മനസ്സില്ലാത്ത, ഒരെഴുത്താണ് ബി.എം ബിനോയിയുടെ എന്റെ കാവ്യപാപങ്ങളില്‍ ഇളകിയാടുന്നത്. വരിനില്‍ക്കാതെയും അപേക്ഷകള്‍ സമര്‍പ്പിക്കാതെയും തലചൊറിയാതെയുമുള്ള ഒരു ‘ചെറുത്തുനില്‍പ് മലയാളലോകത്തെയാണ്’ ‘കാവ്യപാപങ്ങള്‍’ ഭാവന ചെയ്യുന്നത്.

ഭാഷയ്ക്ക് ഇങ്ങനെയുമൊരൊഴുക്കാവാനാവുമെന്ന്, ഒഴുകുമ്പോഴും നിലനില്‍ക്കേണ്ടതൊന്നും അതില്‍നിന്നും ഒലിച്ചുപോവുകയില്ലെന്ന്, വാക്കുകള്‍ മുറിച്ചെഴുതാന്‍ മാത്രമല്ല, ‘വെട്ടി’ എഴുതാനും കഴിയുമെന്ന്, ഇക്കിളികള്‍ മാത്രമല്ല ‘ചൊറികളും’ ചേര്‍ന്നതാണ് ജീവിതമെന്ന്, കവിത ഒരു കലമ്പല്‍ കൂടിയാണെന്ന്, കീറിപ്പറിഞ്ഞവരുടെ കുടുക്കുകളില്ലാത്ത കുപ്പായം കൂടിയാവാന്‍ അതിന് കഴിയുമെന്ന്, വീഴ്ചയില്‍ കണ്ണീരല്ല; ഒരു കൈസഹായമാണ് വേണ്ടതെന്ന്, ചടങ്ങായി ചുരുങ്ങുന്ന പ്രതിരോധങ്ങള്‍ ചടച്ചുതുടങ്ങിയെന്ന്, എം. സുകുമാരന്‍ ഇന്നലെയുടെ സത്യവും ഇന്നിന്റെ സംഭ്രമവുമാണെന്ന്, എഴുത്തുകാരന്‍ എന്നതിനേക്കാള്‍ അതൊരെഴുത്തുകാഴ്ചപ്പാട് കൂടിയാണെന്ന്, സ്മരണ മരണാനന്തരാനുഭവങ്ങള്‍ക്കപ്പുറം ഒരു സമരം കൂടിയായി തീരുമെന്ന്, ‘വ്യര്‍ത്ഥം’ എന്നൊരു വാക്ക് സര്‍വവും വ്യര്‍ഥമായി കഴിഞ്ഞെന്നല്ല, മൂല്യമുള്ളതൊന്നും, ‘മനുഷ്യത്വത്തിന്’ മഹത്വം നല്‍കുന്നതൊന്നും വ്യര്‍ഥമാവാന്‍ പാടില്ലെന്നാണ് അനുഭവിപ്പിക്കുന്നത് എന്നാണ് ‘കാവ്യപാപങ്ങള്‍’ ആവര്‍ത്തിക്കുന്നത്.
ബിനോയിയുടെ എന്റെ കാവ്യപാപങ്ങളില്‍ സ്പന്ദിക്കുന്നത് സങ്കീര്‍ണമായൊരു കാലസംഭ്രമത്തിന്റെ, അടിക്കുറിപ്പുകള്‍കൊണ്ട് വ്യക്തമാക്കാനാവാത്ത ഒരസ്വസ്ഥതയുടെ, ഇനിയും കണ്ടെടുക്കപ്പെടേണ്ടവിധം ‘ആഴ്ന്നുകൊണ്ടിരിക്കുന്ന’ ഒരു മൂല്യലോകത്തിന്റെ മുറിവേറ്റ ഹൃദയമാണ്. ‘പാപങ്ങള്‍’, ‘വാല്’ തുടങ്ങിയ സാധാരണ മലയാള വാക്കുകളെ, സാധാരണമല്ലാതാക്കുന്നൊരു ‘രസതന്ത്രം’ ബിനോയിയുടെ എഴുത്തിനെ സുതാര്യമാക്കുന്നതോടൊപ്പം ഏതോ നിലകളില്‍ ഒരിരുണ്ട സംഭ്രാന്തിയിലേക്ക് എത്തിക്കുന്നുമുണ്ട്. ‘കാവ്യപാപങ്ങള്‍’ എന്നതില്‍നിന്നും കാല്പനികതയുടെ സ്പര്‍ശമേറ്റപ്പോള്‍, ആ ഓര്‍മയുടെ വാല് അത്രയൊന്നും ‘ആകര്‍ഷകമല്ലെങ്കിലും’ എവിടെയൊക്കെയോ വല്ലാത്തൊരു ആഘാതമേല്‍പിക്കുന്നത് പോലെയാണ് വായനയില്‍ അനുഭവപ്പെട്ടത്. നിരന്തരം പൊതുപ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്ന ‘സ്മരണ’കളുണ്ടായിരിക്കണമെന്ന ശരിയായ കാര്യത്തിനു തന്നെയാണ് കവി ആ ഒരൊറ്റ വാക്കിലൂടെ മറ്റൊരു മാനം വേറിട്ടൊരു എഴുത്തിലൂടെ ഉണ്ടാക്കിത്തീര്‍ത്തിരിക്കുന്നത്. ഓര്‍മ ചേര്‍ത്തുള്ള മലയാള ഭാഷയിലെ വ്യത്യസ്ത പ്രയോഗങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍, ആ ഓര്‍മയുടെ നിഘണ്ടുവിലൊന്നും എനിക്ക് പെട്ടന്ന് അങ്ങനെയൊരു ‘വാല്’ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ പതുക്കെപതുക്കെ ശിരസ്സറ്റ ഒരു കബന്ധമായി നമുക്കുള്ളില്‍ കിടന്നു പിടയ്ക്കുന്ന ഓര്‍മകള്‍ മുതല്‍ ഓര്‍മകളുടെ നിരവധി വകഭേദങ്ങളെ ഭാവനയില്‍കാണേണ്ട ഒരുകാലത്താണല്ലോ നാം ജീവിക്കുന്നതെന്ന, ‘ജാഗ്രത’ ആ ബിനോയ് വാല്‍കാഴ്ചയില്‍ അഴിച്ചെടുക്കാനാവാത്തൊരു വേവലാതി കുരുക്കായി തീര്‍ന്നതുപോലെ!

   

പല കാരണങ്ങളാല്‍, അത്രയൊന്നും ‘പരമാര്‍ഥമല്ലെന്നറിഞ്ഞിട്ടും’ പലതിന്റെയും ‘വാലില്‍’ തൂങ്ങിയുള്ള ജീവിതം, ചിലപ്പോഴൊക്കെ അനുഭവിപ്പിക്കുന്നൊരു ‘മനംപിരട്ടല്‍’, ‘ബിനോയ്ഭാവന’യില്‍ ഒരസ്വസ്ഥ ജാഗ്രതയായി കുതറുന്നുണ്ട്. പിടച്ചിലിലും കുതറുന്നൊരു കാഴ്ചപ്പാടാണ്, പ്രതിഭാസൂക്ഷ്മരായ കവികളെപ്പോലെ, മറുപുറം കാണുന്നതിന്റെ കയ്പാണ്, ഒരസ്വസ്ഥ ജാഗതയായി ബിനോയിയില്‍ ‘എഡിറ്റിങ്’ മറികടക്കുന്നത്. ‘മുതലാളിത്ത ദര്‍പ്പത്തിന്റെ/ നെറുകയില്‍ വെട്ടുവാന്‍/ കവിതകൊണ്ട് പണിപ്പെട്ട്/ നാമൊരു കൊടുവാള് തീര്‍ക്കുന്നു./ മുതലാളിത്ത കൊച്ചു കുരങ്ങന്മാരാ/ കൊടുവാള് പുഷ്പംപോലെ/ പിടിച്ചുവാങ്ങി കോമരം തുള്ളുന്നു…’ എന്ന ‘വ്യര്‍ത്ഥം’ എന്ന കവിതയിലെ ‘വ്യര്‍ത്ഥ തുടക്കം’, ഞങ്ങളുടെ കവിത നിങ്ങളുടെ പൂന്തോപ്പിലെ പൂക്കളല്ല, കൊല്ലന്റെ ആലയില്‍ വെച്ച് ഉരുക്കി പണിത കൊടുവാളാണ് എന്ന പ്രതിരോധകവിതയുടെ പതിവ് മാനിഫെസ്റ്റോവിനെ മാത്രമല്ല, ആ പ്രശസ്തമായ പഴയ വയലാര്‍ കവിതയിലെ ഇടയുന്ന ‘വാള്/വീണ’ ദ്വന്ദ്വത്തേയും എം.സുകുമാരനൊപ്പം ഇടശ്ശേരിയുള്‍പ്പെടെയുള്ള പ്രക്ഷോഭപ്രതിഭകളെയും ഓര്‍മിച്ചെടുത്ത്, എന്നാല്‍ ആ ഓര്‍മയെ അതിന്റെ സമഗ്രതയില്‍ മുന്നോട്ട് കൊണ്ടുപോകാനാവാതെയും പിടിവിടാതെയുമുള്ള വല്ലാത്തൊരു സംഘര്‍ഷമാണ് അവതരിപ്പിക്കുന്നത്.

ഒരിക്കല്‍ ഒരു ജനതയുടെ ജീവശ്വാസമായിരുന്നതൊക്കെയും, പലതരം വില്‍പ്പനയ്ക്കുള്ള ഉരുപ്പടികളായി രൂപാന്തരപ്പെടുന്ന ഒരു കാലമാണ് കവിതയില്‍ കുറ്റവിചാരണ നേരിടുന്നത്. ‘കാഫ്ക’യുടെ ‘രൂപാന്തരീകരണം’ എന്ന കഥയിലെ കീടമായി മാറുന്ന ഗ്രിംഗര്‍സാംസക്ക് ഒരു ‘കീട’മായിരിക്കാനെങ്കിലും കഴിയുമായിരുന്നെങ്കില്‍, ഇന്നത്തെ ‘കീടസമാന ജന്മങ്ങള്‍’ ആരുടെയൊക്കെയോ കാഴ്ചകള്‍ കൂടിയായി മാറുന്നതാണ് ആ ‘പോക്ക്ആര്‍ട്ട്’ പ്രയോഗത്തില്‍ നിലവിളിക്കുന്നത്. ‘പോക്ക് ആര്‍ട്ട്’ രസിച്ച്/ മുതലാളി ആ ദര്‍പ്പം/ സരസനിദ്രയില്‍’ എന്നൊരൊറ്റ പരിഹാസം, ചൂഷകശക്തികള്‍ക്ക് ചൂഷിത സമരങ്ങളെപ്പോലും ഒരു കാല്‍പനിക കലാപരിപാടി മാത്രമാക്കി തീര്‍ക്കാനാവുന്നൊരവസ്ഥയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ്. നാടന്‍ കല, ജനവിജ്ഞാനം തുടങ്ങിയ പേരുകളില്‍ പരിചിതമായ ‘ഫോക്‌ലോര്‍’ ഫോക് ആര്‍ട്ട് തുടങ്ങിയവയിലെ കലഹങ്ങളിലെ വേദനകള്‍ ഇക്കിളിയനുഭവം മാത്രമായി മാറുന്നൊരവസ്ഥയെ, ഇക്കിളിയോ വേദനയോ വെച്ച് വിവരിക്കാവുന്നതിനുമപ്പുറമാണ്. വ്യര്‍ത്ഥം എന്ന കവിതയില്‍ ‘മുതലാളിത്തം’ കടന്നുവരുന്നത് ‘ദര്‍പ്പം’ എന്നൊരു പ്രത്യേക പദത്തിന്റെ ആവര്‍ത്തനത്തോടെയാണ്. പ്രത്യേക പദം എന്ന് വിളിച്ചത് പൊതുവില്‍ ‘പുതുകവിതകളില്‍’ ആവിധം കാണപ്പെടാത്ത ഒരു പദമാണ്, ബിനോയിക്ക് ‘പ്രിയനഷ്ട’ങ്ങളെ അടയാളപ്പെടുത്താനെങ്കിലും ‘പ്രിയ’പ്പെട്ടതായി തീര്‍ന്നിരിക്കുന്നതെന്ന് വ്യക്തമാക്കാനാണ്. മറ്റെല്ലാ സൂക്ഷ്മതയുള്ള കവികളെപ്പോലെ ബിനോയിയും സ്വപ്‌നം കാണുന്നത് വളഞ്ഞിട്ടാക്രമിക്കുന്ന ‘അധികാരത്തിന്റെ’ ദര്‍പ്പം തീണ്ടാത്ത, സ്വാതന്ത്ര്യത്തിന്റെ അത്രയെളുപ്പം സാക്ഷാല്‍ക്കരിക്കുക അസാധ്യമായ വിസ്മയലോകമാണ്. ഏറക്കുറെ ഒരു ‘ബാധോച്ചാടനത്തിന്റെ’ മാതൃക ഈയൊരു പ്രതിരോധവും വ്യര്‍ത്ഥമായേക്കുമെന്നറിഞ്ഞിട്ടും ‘വ്യര്‍ത്ഥം’ എന്ന കവിതയിലുണ്ട്.
സമ്പന്നം ‘ധന്യം’, ഉര്‍വരം, സഫലം… തുടങ്ങി നമുക്ക് നാനാതരം അഭിവൃദ്ധികളെ സൂചിപ്പിക്കാന്‍ ആശ്രയിക്കേണ്ടിവരുന്ന അത്ര ‘കുഴപ്പക്കാരൊന്നു’മല്ലാത്ത വാക്കുകളുടെ പോലും പിന്നാമ്പുറത്ത്, പലതരം ‘ദര്‍പ്പ’ങ്ങളുടെ നേര്‍ത്തൊരു ചാരനിഴല്‍ പതുങ്ങിനില്‍പ്പുണ്ടെന്ന ഒരഗാധബോധ്യമാവണം ആവര്‍ത്തിക്കുന്ന ‘ദര്‍പ്പ’ത്തിന്റെ അബോധം! അനവസരത്തിലുള്ള ‘അമ്മ’വാഴ്ത്തലുകളില്‍, ‘മച്ചി’യെന്ന പ്രഛന്നദര്‍പ്പം മുദ്രകുത്തിയ ഒരു മനുഷ്യന്റെ ചങ്കിടിപ്പുണ്ടെന്ന്, ആ പ്രസവിക്കാനുള്ള കഴിവ് പ്രകീര്‍ത്തനങ്ങള്‍ക്കിടയില്‍ സ്വന്തമല്ലാത്ത പല കാരണങ്ങളാല്‍ ആ കഴിവൊന്നുമില്ലാത്തവരുടെ ‘നിസ്സഹായതകള്‍ക്കുമേല്‍’, ‘ദര്‍പ്പം’ നിര്‍വഹിക്കുന്ന കടന്നാക്രമണം കൂടിയുണ്ടെന്ന് കൂടിയാണ് ‘സിംഹികളായി നടിക്കുന്ന’ദര്‍പ്പ ‘കഴുതകള്‍ക്കും’; കഴുതകളായി ജീവിക്കേണ്ടിവരുന്ന പാവം സിംഹങ്ങള്‍ക്കുമിടയില്‍നിന്ന് ബിനോയ് കണ്ടെടുക്കുന്നത്. അപ്പോഴും കെ.ജി.എസ് സൂക്ഷ്മമായി സ്വന്തം കവിതയില്‍ അനുഭവിപ്പിച്ച ആ കാലവൈപരീത്യം, അടയാളപ്പെടുത്താന്‍ നമുക്കാ പഴംകഥയിലെ സിംഹത്തെയും കഴുതയേയുംതന്നെ കൂട്ടുപിടിക്കേണ്ടി വന്നുവെന്നുള്ളതും മറ്റൊരു വൈപരീത്യമാണ്.

‘വ്യര്‍ത്ഥം’ കവിതയില്‍ നായകരും പ്രതിനായകരുമായിരിക്കുന്നത് വില്‍ക്കലിലും വാങ്ങലിലും മാത്രമായി ജീവിതത്തെ ഒതുക്കുന്ന മുതലാളിത്തമാണ്. പ്രതിരോധങ്ങളൊക്കെയും അതിന്റെ അജയ്യ കുടിലതകള്‍ക്കുമുമ്പില്‍ ചിതറിപ്പോവുന്നതിനെക്കുറിച്ചാണ്, അപ്പോഴും പതറിപ്പോവരുതെന്ന ജാഗ്രതയാണ് കവിതയില്‍ ‘മുട്ടുകുത്തി’ മുഷ്ടി ചുരുട്ടുന്നത്! സാധാരണഗതിയില്‍ ‘മുഷ്ടിചുരുട്ടുന്നതോടെ’ മനുഷ്യര്‍ നിവര്‍ന്ന് ആകാശം കാണും. എന്നാല്‍, സ്വയം എതിര്‍ക്കുന്നതിനെ ഉള്ളില്‍ സ്വകാര്യമായി ഓമനിക്കുമ്പോഴോ ഓമനിപ്പിക്കാനുള്ള മുതലാളിത്ത വ്യവസ്ഥയുടെ സമ്മര്‍ദത്തിനുമുമ്പില്‍ പരാജിതനാവുമ്പോഴോ മുഷ്ടി താഴോട്ട് വീഴും! ‘ഉയരട്ടങ്ങനെ ഉയരട്ടെ’ എന്നുച്ചത്തില്‍ പറയുമ്പോഴും, താഴ്ന്ന് പോവുന്ന മുഷ്ടികളാണ് ബിനോയ് ദൃശ്യപ്പെടുത്തുന്നത്. ജനാധിപത്യത്തിന്റെ അകത്തുനിന്ന് ‘ജനാധിപത്യം’ ഇറങ്ങിപ്പോവുന്നത് കാണുമ്പോഴുള്ള വിവശതകളാണ് ‘വ്യര്‍ത്ഥം’ കവിതയില്‍ വ്യര്‍ഥമാവാതെ ബാക്കിയാവുന്നത്. ‘ഞാനെന്നൊരു പുതുക്കവി/പതിര് കൊയ്യലെന്റെ ലക്ഷ്യം’ എന്നത് ബിനോയ് കവിതയുടെ ‘പാദ’മൊഴി!

നമ്മുടെ ശരീരത്തിലും മനസ്സിലും മസ്തിഷ്‌കത്തിലും മുതലാളിത്ത വ്യവസ്ഥ നാനാതരത്തില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന വെന്തതും വേവാത്തതുമായ അധികാരത്തെയാണ്, പ്രകോപനപരമായൊരു ഭാഷയിലൂടെ ബിനോയ് എതിരിടുന്നത്. പരസ്യങ്ങളിലേക്ക് ചേക്കേറാന്‍ കൊതിക്കുന്ന സമകാലഭാഷയെ പൊള്ളിക്കുംവിധം, ഇനിയെന്തു വില്‍ക്കാനുണ്ട് ബാക്കി എന്ന ചോദ്യത്തെ ഇടിച്ചുപൊളിക്കുംവിധം സ്വസ്ഥതകളില്‍ വീണുകഴിഞ്ഞ സുഷിരങ്ങളെ ദൃശ്യപ്പെടുത്തി, കലാപോന്മുഖമായൊരു അസ്വസ്ഥവ്യര്‍ഥതകളെ ആഘോഷിക്കുകയാണ് ‘കവിതാപാപങ്ങള്‍’ എന്ന ബിനോയിയുടെ ശ്രദ്ധ അര്‍ഹിക്കുന്ന ‘കവിതാ’ സമാഹാരം! വെച്ചുപൊറുപ്പിക്കവയ്യാത്ത അലസതകള്‍ക്കുമേല്‍ ഒരിടികട്ടയായത് വീണുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ കവിത ബിനോയിക്ക് ‘എന്തും പൊറുക്കുന്ന അമ്മയായി മാറുന്ന കവിത’ക്കെതിരെയുള്ള ഒരു കുറ്റപത്രമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.