2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

50 കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യം

 

രോഗം വരുമ്പോള്‍ മാത്രം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. എല്ലാ കാര്യങ്ങളിലും ഒരു മുന്‍കരുതല്‍ എടുക്കുന്ന നാം ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കാട്ടാറില്ല എന്നതാണ് വാസ്തവം. വിദ്യാഭ്യാസം, ജോലി, ഗൃഹനിര്‍മാണം തുടങ്ങിയവയ്‌ക്കെല്ലാം വളരെ നേരത്തെയുള്ള കരുതലും അതിനുവേണ്ടിയുള്ള മനക്കണക്കും ചെയ്യാറുണ്ട്. ഈ കണക്കുകളോ കരുതലുകളോ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇല്ല. സ്ത്രീകള്‍ പ്രത്യേകിച്ചും ആരോഗ്യ വിഷയങ്ങളില്‍ പുറകോട്ടാണ്.

ഓജസോടെ ചുറുചുറുക്കോടെ ഓടിക്കൊണ്ടിരിക്കുന്ന നാം മധ്യവയസിലേയ്ക്കും വാര്‍ധക്യത്തിലേയ്ക്കും കടക്കുന്നത് ആരോഗ്യപരമായ പ്ലാനിങ് ഇല്ലാതെയാണ്. അതുകൊണ്ടുതന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഏറുന്നു.

മധ്യവയസില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അനവധിയാണ്. 50 വയസിലേയ്ക്ക് കടക്കുന്ന ഒരു ശരാശരി സ്ത്രീയുടെ സാഹചര്യങ്ങള്‍ വിശകലനം ചെയ്താല്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കര്‍മനിരത ആകുന്ന കാലഘട്ടം ഇതാണ് എന്ന് മനസിലാക്കാം. വയസായ മാതാപിതാക്കള്‍, പഠിത്തം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുന്ന മക്കള്‍, കല്യാണ പ്രായമായ പെണ്‍കുട്ടികള്‍ എന്നിങ്ങനെ ഗാര്‍ഹിക ഉത്തരവാദിത്വങ്ങളുടെ ഒരു വേലിയേറ്റം, അതിനൊപ്പം ആര്‍ത്തവ വിരാമം അടുക്കുന്നതിനെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ ഇതിനിടയില്‍ സ്വന്തം ആരോഗ്യത്തെ പറ്റി ചിന്തിക്കാന്‍ സമയമില്ലാതെ പോകുന്നതില്‍ അത്ഭുതമില്ല.

പൊതുവായ ആരോഗ്യ
പ്രശ്‌നങ്ങള്‍

1. ഉയര്‍ന്ന രക്തസമ്മര്‍ദം
2. പ്രമേഹം
3. അമിതവണ്ണം
4. തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവ്.

തൈറോയ്ഡ് ഹോര്‍മോണിന്റെ അളവില്‍ കുറവുവന്നു തുടങ്ങുന്നത് പ്രത്യേകമായ ലക്ഷണങ്ങള്‍ ഉണ്ടാക്കാറില്ല. പക്ഷെ ആരോഗ്യപരമായ ജീവിത നിലവാരത്തെ ബാധിക്കുന്നു. ക്ഷീണം, കൈകാല്‍ കഴപ്പ്, വിളര്‍ച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി മാറുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും പാരമ്പര്യ രോഗങ്ങള്‍ എന്നതിലുപരി ജീവിതശൈലീ രോഗങ്ങളുമാണ്. ജീവിതസൗകര്യങ്ങള്‍ കൂടുന്നതിനുസരിച്ച് വ്യായാമം കുറയുകയും ഭക്ഷണരീതികള്‍ പാടേ മാറുകയും ചെയ്യുന്നു. പാരമ്പര്യമായി രോഗസാധ്യതയുള്ളവര്‍ക്ക് ഈ രോഗങ്ങള്‍ നേരത്തെ തന്നെ പിടിപെടും. ഈ രണ്ട് രോഗങ്ങളും പ്രാരംഭ ദശയില്‍ ലക്ഷണങ്ങളൊന്നുമുണ്ടാക്കുന്നില്ല എന്നതുകൊണ്ട് അത് കണ്ടുപിടിക്കാനും വൈകുന്നു. മാത്രമല്ല ‘എനിക്ക് പ്രശ്‌നമൊന്നുമില്ല’ എന്നു പറഞ്ഞ് വാസ്തവങ്ങളെ നേരിടാനുള്ള ഒരു വിമുഖതയും മനുഷ്യസഹജമാണ്.
ഈ പ്രായത്തില്‍ വരുന്ന സ്ത്രീ ഹോര്‍മോണുകളുടെ വ്യതിയാനങ്ങളും അടിവയറ്റിലെ കൊഴുപ്പ് വര്‍ധിക്കാന്‍ ഒരു കാരണമാണ്. അമിതമായ കൊഴുപ്പ് ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടയുന്നത് പ്രമേഹത്തിനും കാരണമാകും.

ആര്‍ത്തവവിരാമം

ആര്‍ത്തവ വിരാമത്തിന്റെ പ്രായം ശരാശരി 50- 51 വയസാണ്. എന്നാല്‍ ഇതിന് 10 വര്‍ഷം മുന്‍പുതന്നെ വ്യത്യാസങ്ങള്‍ ശരീരത്തിലും ആര്‍ത്തവ ക്രമത്തിലും രക്തസ്രാവത്തിലും കണ്ടു തുടങ്ങുന്നു. തെറ്റിവരുന്ന ആര്‍ത്തവവും അമിത രക്തസ്രാവവും സ്ത്രീകളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. ഈ ക്രമക്കേടുകള്‍ മാസക്കുളി നില്‍ക്കാന്‍ പോകുന്നതുകൊണ്ടു മാത്രമായിരിക്കില്ല. ചിലപ്പോള്‍ പ്രത്യുല്‍പാദന അവയവങ്ങളില്‍ വരുന്ന അര്‍ബുദ രോഗത്തിന്റെ മുന്നോടിയും ആയിരിക്കാം. അതിനാല്‍ മാസക്കുളിയില്‍ ക്രമക്കേടുകള്‍ കണ്ടാല്‍ ഒരു സ്ത്രീരോഗ വിദഗ്ധയുടെ ഉപദേശം തേടുക തന്നെ വേണം.
ഈ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ (ഈസ്ട്രജന്റെ അളവ് കുറയുക, പ്രോജസ്റ്ററോണ്‍, ഈസ്ട്രജന്‍ എന്നീ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ എന്നിവ) ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഉറക്കമില്ലായ്മ, തലയില്‍ നിന്ന് ആരംഭിച്ച് താഴേയ്ക്കു വ്യാപിക്കുന്ന ചൂടിന്റെ അലകളും അതിനെ തുടര്‍ന്നുണ്ടാകുന്ന വിയര്‍പ്പും സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കുന്നു. ഇത് ഉറക്കക്കുറവിനും കാരണമാകുന്നു. തീവ്രമായ രീതിയില്‍ ഈ പ്രതിഭാസം ചെറിയ ശതമാനം സ്ത്രീകളില്‍ മാത്രമേ കാണുന്നുള്ളൂ.
സ്ത്രീകള്‍ക്ക് ഈ പ്രായത്തില്‍ വൈകാരികമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണമാകുന്നു. പെട്ടെന്ന് നിയന്ത്രണം വിട്ട് ദേഷ്യപ്പെടുക, ചെറിയ കാര്യങ്ങള്‍ കൊണ്ടു പോലും മനസിന്റെ സ്വസ്ഥത നഷ്ടപ്പെടുക എന്ന് തുടങ്ങി വിഷാദ രോഗങ്ങള്‍ക്കുവരെ ഇത് കാരണമായേക്കാം. തൊലിയില്‍ വീഴുന്ന ചുളിവുകളും വരള്‍ച്ചയും സൗന്ദര്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

കാത്സ്യവും വ്യായാമവും

എല്ലുകളുടെ ബലം നാം കഴിക്കുന്ന ആഹാരത്തിലെ കാല്‍സ്യത്തിന്റെ അളവനുസരിച്ചും നാം ചെയ്യുന്ന വ്യായാമത്തിനുസരിച്ചും ഇരിക്കും. എല്ലുകളുടെ ഉറപ്പ് തുടങ്ങുന്നത് ഗര്‍ഭാവസ്ഥയിലാണ്. അതുകൊണ്ടാണ് ഗര്‍ഭിണികള്‍ക്ക് കാല്‍സ്യം ഗുളികകള്‍ നല്‍കുന്നത്. മദ്ധ്യവയസായാല്‍ സ്ത്രീകള്‍ കാല്‍സ്യം ഗുളിക കഴിച്ചു തുടങ്ങണം. ആര്‍ത്തവ വിരാമം വന്നാല്‍ പ്രത്യേകിച്ചും. കുട്ടികളായിരിക്കുമ്പോഴേ വ്യായാമം ശീലമാക്കുക. അത് ജീവിതകാലം മുഴുവന്‍ തുടര്‍ന്നുകൊണ്ടുപോവുക, ജീവിതത്തില്‍ വ്യായാമം ചെയ്യുന്നത് ശീലമാക്കിയിട്ടില്ലെങ്കില്‍, മദ്ധ്യവയസിലെങ്കിലും ആരംഭം കുറിക്കുക.
ജോലിക്കും കുടുംബത്തിനും വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ ദിവസം ഒരു മണിക്കൂര്‍ അവനവനുവേണ്ടി നീക്കിവയ്‌ക്കേണ്ടത് അനിവാര്യമാണ്. അത് സ്വാര്‍ഥതയല്ല. പൊക്കത്തിനൊത്ത വണ്ണം എന്നത് ഒരു മന്ത്രം പോലെ മനസില്‍ പതിയട്ടെ. ദുര്‍മേദസ് നമ്മുടെ മുട്ടുകള്‍ക്കും ഹൃദയത്തിനും രക്തധമനികള്‍ക്കും ഒരു ഭാരം തന്നെയാണ്. അത് ജീവിതത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുമെന്നു മാത്രമല്ല, ജീവിതത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും. സ്ത്രീകള്‍ എന്നും കുടുംബങ്ങളുടെ അത്താണിയാണ്. വാര്‍ധക്യത്തില്‍ താന്‍ താങ്ങിയ കുടുംബത്തിന് ഭാരമാകാതെ ജീവിക്കണമെങ്കില്‍ 50 വയസിലെങ്കിലും സ്വന്തം ആരോഗ്യത്തെ പറ്റി ചിന്തിക്കണം. ആരോഗ്യ സമ്പുഷ്ടമായ ജീവിതത്തിലേയ്ക്ക് നടന്നടുക്കാന്‍ വനിതകള്‍ ഉണര്‍ന്നേ മതിയാവൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.