
മുംബൈ
ഇനി ഐ.പി.എൽ കമന്ററികളിലും പരസ്യ പ്രദർശനങ്ങളിലും വിവോ ഉണ്ടാകില്ല. പകരം ആരവങ്ങളിൽ ടാറ്റ ഐ.പി.എൽ എന്ന് ഉയരും. പുതിയ സ്പോൺസർമാരായി ഇന്ത്യൻ വ്യവസായ ഭീമരായ ടാറ്റയെത്തുമെന്ന് ഐ.പി.എൽ ചെയർമാൻ ബ്രിജേഷ് പട്ടേലാണ് അറിയിച്ചത്. ഈ സീസണിൽ ടാറ്റയുമായി കരാറിലെത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ ഭരണസമിതിയുടെ യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. വിവോയുടെ കരാർ കാലാവധി അവസാനിച്ചതോടെയാണ് ടാറ്റ പ്രധാന സ്പോൺസർമാരായി എത്തിയത്.
നേരത്തെ ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങളെത്തുടർന്ന് വിവോയ്ക്കെതിരേ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് ചൈനീസ് നിർമാതാക്കളുമായുള്ള ബന്ധം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. എന്നാൽ 2018 മുതൽ 2022 വരെ കരാർ കാലാവധി ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ വർഷം വിവോയെ സ്പോൺസർമാരാക്കാൻ ബി.സി.സി.ഐ നിർബന്ധിതരായി.