2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാതൃവിലാപം നിലയ്ക്കാത്ത അട്ടപ്പാടി

ടി.കെ ജോഷി

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ഇപ്പോൾ മാധ്യമങ്ങൾക്കൊരു വാർത്തയേ അല്ലാതാകുന്നു. ഈ വർഷത്തെ ഒമ്പതാമത്തെ നവജാതശിശു മരണം അട്ടപ്പാടിയിൽ ഉണ്ടായിട്ടും അത് അപ്രധാനവാർത്തയായി മാറുന്നുവെങ്കിൽ ഭരണകൂടത്തിന്റെ വിജയംകൂടിയാണ്. ചിറ്റൂർ ഊരിലെ ഷിജു-സുമതി ദമ്പതികളുടെ പെൺകുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. ജനിച്ച ഉടനെ കുഞ്ഞ് മരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഒസത്തിയൂരിലെ വിഷ്ണു-പവിത്ര ദമ്പതികളുടെ പെൺകുഞ്ഞും മരിച്ചത്. ഇവിടുത്തെ അമ്മമാർക്ക് ഗർഭപാത്രത്തിൽ പോലും തങ്ങളുടെ പൊന്നോമനകളെ പത്ത് മാസം സുരക്ഷിതമാക്കാനാവാതെ, അഞ്ചും ആറും മാസം പിന്നിടുമ്പോൾ ചാപിള്ളയെ പ്രസവിച്ച് എന്നും വേദനയോടെ കഴിയാനാണോ വിധി?എന്തുകൊണ്ടാണ് ആദിവാസി ഊരുകളിലെ ശിശുമരണങ്ങളിൽ ഒരു ചെറിയ നോവുപോലും പരിഷ്‌കൃത സമൂഹത്തിലുണ്ടാക്കാത്തത്.

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര പട്ടിക വർഗ കമ്മിഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ശിശുമരണങ്ങൾ തടയാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അയച്ച ആ കത്തിന് എന്തു മറുപടി നൽകിയായും ശിശുമരണങ്ങളുടെ പട്ടിക നീളുകയാണിപ്പോഴും. അതിൽ ഒടുവിലത്തേതാണ് ഷിജു-സുമതി ദമ്പതികളുടെ പെൺകുഞ്ഞ്. ഓരോ വർഷത്തെയും ശരാശരി നവജാത ശിശു മരണമെടുത്താൽ അട്ടപ്പാടിയിൽ അത് പത്തിലേറെ വരും. 2013 മുതൽ ഇപ്പോൾ വരെ 130 ഓളം നവജാത ശിശുക്കൾ അട്ടപ്പാടിയിൽ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ഔദ്യോഗികമായി പുറത്തുവന്ന കണക്കുമാത്രമാണ്. യാഥാർഥ്യം ഇതിന്റെ ഇരട്ടിയായിരിക്കും. ഗർഭം അലസലും ചാപിള്ള പ്രസവിക്കലുമൊന്നും കണക്കിൽപെടാതെ പോകുന്ന ‘വംശഹത്യ’കളാണ്.

   

അട്ടപ്പാടിയിലെ രോദനം അറിഞ്ഞതിലേറെയാണ്. 35,000 ഓളം വരുന്ന ജനങ്ങളിൽ 80 ശതമാനവും മതിയായ പോഷകാഹാരം കിട്ടാതെ വിളർച്ച ബാധിച്ചവരാണ്. ഇരുനൂറിലേറെ പേർ വരും അരിവാൾ രോഗത്തിന്റെ ദുരിതം പേറുന്നവർ. മറ്റു രോഗങ്ങളുടെ പിടിയിലായവരുണ്ട് ഏറെ പേർ. ഇവർക്കെല്ലാം ചികിത്സ നൽകേണ്ട കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയും രോഗക്കിടക്കയിലാണ്.
തുടർച്ചയായ ശിശുമരണങ്ങളുടെ കാരണം അമ്മമാരുടെ ആരോഗ്യ പ്രശ്‌നങ്ങളാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. വിവിധ റിപ്പോർട്ടുകളും പഠനങ്ങളും വ്യക്തമാക്കുന്നതും ഇതു തന്നെയാണ്. ഗർഭിണികളുടേയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷകാഹാരക്കുറവ് പരിഹരിക്കാൻ കോടികളുടെ പദ്ധതികളാണ് മാറിവന്ന സർക്കാരുകൾ ഇവിടെ നടപ്പാക്കിയത്.ഇതുകൂടാതെ ആദിവാസി ക്ഷേമത്തിനായി ഒഴുകിയ കോടികൾ വേറെയും. എന്നിട്ടും കുരുന്നു ജീവനുകൾ പൊലിഞ്ഞുകൊണ്ടേയിരിക്കുന്നു. ആദിവാസി ക്ഷേമ ഫണ്ടുകളുടെ ഒഴുക്കും വിനിയോഗവുമെല്ലാം ഇപ്പോഴും കുത്തഴിഞ്ഞതുതന്നെയാണെന്ന് പറയാതെ വയ്യ.

ഊരുകളിൽ പട്ടിണി മരണമോ ശിശുമരണമോ ഉണ്ടാകുമ്പോൾ രാഷ്ട്രീയക്കാർക്ക് അതൊരു പ്രചാരണായുധമെന്നല്ലാതെ മറ്റൊരു താൽപര്യവും ഇത്തരം വിഷയങ്ങളിൽ ഉണ്ടാകാറില്ല. പ്രതികരിക്കാൻ കഴിയാത്ത വിധത്തിൽ ദലിത് സംഘനകളെയും അധികാരരാഷ്ട്രീയം നിശബ്ദമാക്കി. നിരവധി പദ്ധതികളുണ്ടെങ്കിലും അതിലെല്ലാം ഫണ്ടിന്റെ കുറവ് തന്നെയാണിപ്പോഴുമുള്ളത്. മാസങ്ങൾക്ക് മുമ്പ് കേന്ദ്ര സംഘം അട്ടപ്പാടി ഉൾപ്പെടെയുള്ള ആദിവാസി ഊരുകളിൽ എത്തി പഠനം നടത്തിയിരുന്നു. ആ പഠനമൊക്കെ അവരുടെ ജീവിതത്തിൽ എന്തു മാറ്റമുണ്ടാക്കി എന്നറിയില്ല.

രാജ്യത്താകെയുള്ള ശിശുമരണങ്ങളുടെ നിരക്ക് പരിശോധിച്ചാൽ കേരളം ഏറെ പിറകിലാണ്. എന്നിട്ടുമെന്തേ അട്ടപ്പാടിപോലുള്ള ആദിവാസി ഊരുകളിൽ നവജാത ശിശുക്കൾ മരിക്കുന്നുവെന്ന ചോദ്യത്തിനാണ് സർക്കാരും ജില്ലാ ഭരണകൂടവും മറുപടി പറയേണ്ടത്. ഉയർന്ന ശിശുമരണ നിരക്കിലെ വില്ലൻ അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യരംഗം തന്നെയാണെന്നാണ് ദേശീയതലത്തിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതിന് മാതൃകയാക്കിയത് ആരോഗ്യപരിപാലന സൂചികയിൽ ലോക നിലവാരത്തിലെത്തിയ കേരളത്തെയുമാണ്. എന്നിട്ടും കേരളത്തിലെ അട്ടപ്പാടിയിൽ എന്താണ് ഇപ്പോഴും കുട്ടികൾ മരണത്തിലേക്ക് പിറന്നുവീഴുന്നതെന്ന് ഇനിയെങ്കിലും കൃത്യമായ പഠനവും തിരുത്തലുകളും വേണം.

ആദിവാസികളെയും അവരുടെ സ്വത്വത്തെയും പരീക്ഷണവസ്തുവും അഴിമതിക്കുള്ള പാലവുമായി ഇനിയും കാണരുത്. കഴിഞ്ഞ എട്ടുവർഷത്തിനിടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അട്ടപ്പാടിയിൽ മാത്രം ചെലവഴിച്ചത് 300 കോടി രൂപയാണ്. 35,000 പേരുടെ ആരോഗ്യം സംരക്ഷിക്കാൻ ഒരു വർഷം ചെലവഴിച്ചത് ഏതാണ്ട് 39 കോടി രൂപ. ഇതിൽ ഒരു രൂപയുടെ ആനുകൂല്യം പോലും ലഭിക്കാത്ത ആദിവാസി അമ്മമാർ ഇപ്പോഴും അട്ടപ്പാടിയിലെ ഊരുകളിൽ നിറവയറ് സമ്മാനിച്ച ‘ദുരിത’വുമായി ജീവിക്കുന്നുണ്ടാകും.

ശിശുമരണങ്ങൾ ഉണ്ടാകുമ്പോഴുള്ള മിന്നൽ സന്ദർശനമല്ല അട്ടപ്പാടിയിലെ ആദിവാസികൾ വകുപ്പുമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഈ മനോഹര ഭൂമിയിൽ പിറന്നുവീഴാനും ജീവിക്കാനുമുള്ള അവകാശം ആദിവാസി കുട്ടികൾക്കുമുണ്ടാകണം. ഒരു അമ്മയുടെ കണ്ണുനീരും തന്റെ കുഞ്ഞിനെയോർത്ത് ആ മണ്ണിൽ വീഴരുത്. ശിശുമരണങ്ങൾ ആവർത്തിച്ചാൽ അട്ടപ്പാടിയിൽ നിന്നുയരുന്ന മാതൃവിലാപത്തിലെ അലയൊലികൾ ചുരമിറങ്ങുമെന്നുറപ്പാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.