2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

ഇൗ പരിശോധന നിന്ദ്യം


മെഡിക്കൽ, ഡെന്റൽ, അനുബന്ധ ബിരുദ കോഴ്‌സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) എഴുതാനെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ ജീവനക്കാർ സമൂഹത്തിന് ആകെ അപമാനമാണ്. ഇത്തരമൊരു പ്രവർത്തനത്തിലൂടെ സ്ത്രീസമൂഹം ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങളുടെ ശവമടക്കാണ് പരിശോധനാ ഏജൻസി ജീവനക്കാർ നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിനിക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. ശാസ്താംകോട്ട ശൂരനാട് സ്വദേശിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലിസ് കേസെടുത്തതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. കുളത്തുപുഴ സ്വദേശിയായ മറ്റൊരു വിദ്യാർഥിനിയും സമാനമായ പരാതി ഇ മെയിലിൽ പൊലിസിനു നൽകിയിട്ടുണ്ട്. ഇന്നലെ നിരവധി വിദ്യാർഥിനികൾ കൂടി പരാതി നൽകിയതോടെ ഉദ്യോഗസ്ഥരുടെ നടപടി അത്യന്തം ക്രൂരമായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണ്. കുട്ടികളെ ദേഹപരിശോധനയ്ക്കു വിധേയമാക്കുന്നതു പോലുള്ള പ്രധാനപ്പെട്ട ജോലിക്ക് സ്വഭാവ വൈകൃതമുള്ളവരെ വയ്ക്കുന്നതിൽ നീറ്റ് നടത്തിപ്പുകാരായ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ജാഗ്രത പുലർത്തേണ്ടതായിരുന്നു. പരിശോധന സ്വകാര്യ ഏജൻസിയെ ഏൽപിച്ചതാണെന്നു പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ബേക്കറി ജീവനക്കാരി വരെ പരിശോധകരുടെ കൂട്ടത്തിൽ ഉണ്ടായെന്നു പറയുമ്പോൾ എത്ര നിരുത്തരവാദപരമായാണ് അതീവ പ്രാധാന്യമർഹിക്കുന്ന നീറ്റ് എൻ.ടി.എ നടത്തുന്നതെന്ന് ബോധ്യപ്പെടുകയാണ്.

എൻ.ടി.എ പരീക്ഷാ വിജ്ഞാപനത്തിൽ പറയുന്ന ഡ്രസ് കോഡിൽ ഇത്തരമൊരു പരിശോധനയെപ്പറ്റി പറയുന്നില്ല. ശരീരത്തിൽ ലോഹസ്തുക്കൾ പാടില്ലെന്നു പറഞ്ഞ് ഹൂക്കുള്ള അടിവസ്ത്രം ജീവനക്കാരി അഴിപ്പിച്ചത് അവരുടെ മാനസിക വൈകൃതത്തെയാണ് സൂചിപ്പിക്കുന്നത്. അടിവസ്ത്രം അഴിപ്പിച്ച ജീവനക്കാരിയെ ഇന്നലെ നടന്ന തിരിച്ചറിയൽ പരേഡിൽ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനും (ഐ.പി.സി 354) സ്വകാര്യത ഹനിച്ചതിനും (509) ദേഹപരിശോധന നടത്തിയ ജീവനക്കാരിക്കെതിരേ പരാതി കിട്ടിയ ദിവസം തന്നെ പൊലിസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അഞ്ചുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ രണ്ടു ജീവനക്കാരെയും ഏജൻസിയിലെ മൂന്നുപേരെയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

പരീക്ഷ എഴുതാൻ വരുന്നവരെ മുഴുവനും കോപ്പിയടിക്കാൻ വരുന്നവരായി കാണാൻ തുടങ്ങിയത് മെഡിക്കൽ എൻട്രൻസ് പരീക്ഷ എന്നതിൽനിന്ന് നീറ്റ് എന്ന ഓമനപ്പേരിലേക്ക് മാറിയതിനു ശേഷമാണ്. നീറ്റായി നടക്കേണ്ട ദേഹപരിശോധന വൃത്തികേടായി നടത്താൻ തുടങ്ങിയതും അതിനു ശേഷമാണ്. നീറ്റിന് എത്തുന്ന വിദ്യാർഥികൾ ലോഹം കൊണ്ടുള്ള വസ്തുക്കൾ ഉപയോഗിക്കരുതെന്ന നിർദേശമുണ്ട്. എന്നാൽ ഏതു സാഹചര്യത്തിലും അടിവസ്ത്രം അഴിപ്പിക്കൽ പാടില്ലെന്നാണ് കഴിഞ്ഞ ദിവസം എൻ.ടി.എ വ്യക്തമാക്കിയത്. പിന്നെ എന്തു താൽപര്യത്തിന്റെ പേരിലാണ് പരിശോധനാ ഏജൻസിയിലെ ജീവനക്കാരി പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചത്? ഹിജാബ് ധരിച്ചതിന്റെ പേരിൽപോലും നീറ്റ് എഴുതാനാകാതെ തിരിച്ചുപോരേണ്ട അവസ്ഥ രാജ്യത്ത് വിദ്യാർഥികൾക്കുണ്ടായിട്ടുണ്ട്.
കള്ളന്മാരെയും പോക്കറ്റടിക്കാരെയും പരിശോധിക്കുന്ന വിധമാണോ ശോഭനമായ ഒരു ഭാവി സ്വപ്നം കണ്ട് പ്രവേശനപരീക്ഷ എഴുതാൻ വരുന്ന വിദ്യാർഥികളെയും പരിശോധിക്കേണ്ടത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ പ്രവേശിക്കാൻ, മുൻകൂട്ടിയുള്ള അനുമതി കിട്ടിയവർ പോലും കർശന പരിശോധനകൾക്ക് വിധേയമാകുന്നത് ന്യായമാണ്. ആ ഗണത്തിൽ പെടുത്താനാവില്ല പ്രവേശന പരീക്ഷകളിൽ കോപ്പിയടി പിടിക്കാനായി നടത്തുന്ന പരിശോധനകൾ.

വസ്ത്രങ്ങൾക്ക് നീളമുള്ള കൈകൾ പാടില്ലെന്നും മുഖം മറഞ്ഞിരിക്കാൻ പാടില്ലെന്നുമുള്ള വ്യക്തമായ നിർദേശങ്ങളാണ് നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ നടപ്പാക്കിപ്പോരുന്നത്. മതാചാരപ്രകാരം നീളൻ കുപ്പായ കൈകളും മുഖം മറച്ചുവരുന്നവരും പരീക്ഷ ആരംഭിക്കുന്നതിന്റെ ഒരു മണിക്കൂർ മുമ്പ് എത്തണമെന്നാണ് ഡ്രസ് കോഡിൽ പറഞ്ഞിരിക്കുന്നത്. വിശദമായ പരിശോധനക്ക് സമയമെടുക്കുമെന്നു കരുതിയാണ് നേരത്തെ എത്താൻ പറയുന്നതെന്ന് എൻ.ടി.എയുടെ അറിയിപ്പിലും പറയുന്നുണ്ട്. ലോഹ വസ്തുക്കൾ അണിഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കാൻ ഈ കാലത്ത് അത്യാധുനിക ഉപകരണങ്ങൾ ഉണ്ടെന്നിരിക്കെ അടിവസ്ത്രം പരിശോധിക്കാൻ ആരാണ് ഏജൻസിക്ക് അധികാരം നൽകിയത്. അടിവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ കരഞ്ഞ കുട്ടിയോട് പരിശോധന നടത്തുന്ന സ്ത്രീ ചോദിച്ചുവത്രെ, അടിവസ്ത്രം വേണോ ഭാവി വേണോ എന്ന്. കുട്ടികളുടെ ഭാവിക്കുപോലും വിലയിടുന്ന ഇത്തരം തരംതാണ ഏജൻസികളെ ഉന്നതമൂല്യങ്ങൾ പുലർത്തേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകൾ ഏൽപ്പിക്കേണ്ടതുണ്ടോ എന്ന് കേന്ദ്ര സർക്കാർ ആലോചിക്കേണ്ടതാണ്.

കേന്ദ്ര സർക്കാർ കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിൽ ഉണ്ടായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. കുട്ടികളുടെ മാനസികനില തകർക്കുന്ന ഇത്തരം പരിശോധനകൾ നടത്തുന്നവർക്കെതിരേ കർശന ശിക്ഷ ഉറപ്പാക്കുന്ന നിർദേശങ്ങളും അന്വേഷണ റിപ്പോർട്ടിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
കഠിനമായ പരിശീലനവും പഠനവും കഴിഞ്ഞ് വലിയ മാനസിക പിരിമുറുക്കത്തോടെയായിരിക്കും ഓരോ വിദ്യാർഥിയും മെഡിക്കൽ എൻട്രൻസും അതു പോലുള്ള പ്രവേശന പരീക്ഷകളും എഴുതാൻ വരുന്നത്. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കും മുമ്പെ അവരുടെ സപ്തനാഡികളെയും തളർത്തുന്ന, അവരെ അപമാനിക്കുന്ന ദേഹപരിശോധന നടത്തുമ്പോൾ അതുവരെ അവർ കരുതിവച്ചിരുന്ന ആത്മവിശ്വാസമാണ് ചോർന്നുപോകുന്നതെന്ന് പരിശോധനയുടെ പേരിൽ സ്വഭാവവൈകൃതം പ്രകടിപ്പിക്കുന്നവർ ഓർക്കുന്നുണ്ടാവില്ല. ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്ന അന്തരീക്ഷമല്ല പ്രവേശന പരീക്ഷാ ഹാളുകളിൽ ഉണ്ടാകേണ്ടത്. അവരുടെ മാനസിക സംഘർഷങ്ങൾക്ക് അയവു വരുത്താനും കൂടുതൽ ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള സാഹചര്യമാണ് അവിടെയുണ്ടാകേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.