2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇത് ഇരട്ട നീതിയല്ലെങ്കില്‍ മറ്റെന്താണ്?

പ്രൊഫ. കെ. അരവിന്ദാക്ഷന്‍

ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നല്‍കിയെന്ന യാഥാര്‍ഥ്യം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനുശേഷം അപ്പാടെ അവഗണിക്കുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതോടെ രാജ്യത്തെ ഹൈക്കോടതികള്‍ മാത്രമല്ല, പരമോന്നത നീതിപീഠമായ സുപ്രിംകോടതിതന്നെ ഈ നിലപാടുകള്‍ക്കെതിരേ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അത്ഭുതകരമെന്നുതന്നെ പറയട്ടെ, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥി- യുവജന നേതാക്കള്‍, അംഗീകൃത ദേശീയ- പ്രാദേശിക പാര്‍ട്ടി നേതാക്കള്‍, അക്കാദമിക് സമൂഹത്തില്‍ ഉത്തരവാദിത്വസ്ഥാനത്തുള്ളവര്‍ എന്നിങ്ങനെയുള്ള നിരവധി പേരാണുള്ളത്. ഭരണഘടനയിലെ 370, 35 എ എന്നീ വകുപ്പുകള്‍ ജനാധിപത്യവിരുദ്ധമായ നടപടികളിലൂടെ നീക്കം ചെയ്ത് ജമ്മുകശ്മിര്‍ സംസ്ഥാനത്തെ വെട്ടിമുറിച്ച മോദി സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍ത്ത് പ്രതികരിച്ചവരും കര്‍ഷക സമൂഹം സമാധാനപരമായി നടത്തിവരുന്ന സമരത്തില്‍ പങ്കെടുത്തവരും ഭരണകൂടത്തിന്റെ ഏകാധിപത്യ നടപടികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ ഒരുവശത്ത്. സര്‍ക്കാരിന്റെ ജനവിരുദ്ധ, ജനാധിപത്യ, ഭരണഘടനാ വിരുദ്ധ നടപടികള്‍ക്കെതിരായ സമരങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവരെ രാജ്യദ്രോഹക്കുറ്റംവരെ ചുമത്തി ജാമ്യം അനുവദിക്കാതെ കസ്റ്റഡിയിലാക്കുന്ന മര്‍ദനമുറകള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ തന്നെ ക്രിമിനലുകളായ സംഘ്പരിവാര്‍ സമൂഹത്തില്‍ സര്‍വ സ്വതന്ത്രരായി വിലസിനടക്കുന്നു. ഇത് ഇരട്ടത്താപ്പല്ലെങ്കില്‍ മറ്റെന്താണ്?

ആര്‍.എസ്.എസിന്റെ പ്രസിദ്ധീകരണമായ പഞ്ചജന്യയില്‍ ഇന്ത്യയിലെ പ്രമുഖ ഐ.ടി സ്ഥാപന മേധാവിയായ ഇന്‍ഫോസിസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായ സലീല്‍ പരീഖിനെതിരായി തരംതാണ ഏതാനും പരാമര്‍ശം നടത്തിയിരുന്നു. കൂടാതെ, പ്രമുഖ കവിയും ഗാന രചയിതാവുമായ ജാവേദ് അക്തറിന്റെ സിനിമകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന ആവശ്യം ബി.ജെ.പിയുടെ ദേശീയ വക്താക്കളിലൊരാളായ രാം കദമിന്റെ ഭാഗത്തുനിന്നുമുണ്ടായി. തികച്ചും അവഹേളനപരവും അര്‍ഥശൂന്യവുമായ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരേ യാതൊരു നടപടിയും ഔദ്യോഗിക തലത്തില്‍നിന്ന് നാളിതുവരെ ഉണ്ടായില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ നടപടികളെയും സംഘ്പരിവാര്‍ ഉയര്‍ത്തുന്ന അനാവശ്യ പരാമര്‍ശങ്ങളെയും വിമര്‍ശിക്കുന്നവര്‍ക്കെതിരായി ഒരു നീതിയും മറ്റുള്ളവര്‍ക്കെതിരായി വേറൊരു നീതിയും എന്നത് ഒരുതരത്തിലും നീതീകരിക്കാന്‍ സാധ്യമല്ല.

‘പാഞ്ചജന്യ’യിലെ ഇന്‍ഫോസിസ് സി.ഇ.ഒക്കെതിരായ പരാമര്‍ശങ്ങള്‍ പൊതുജനമധ്യത്തില്‍ എത്തുന്നത് ജി.എസ്.ടിയുടെയും വരുമാന നികുതിയുടെയും സംവിധാനങ്ങള്‍ തകരാറായതിനെപ്പറ്റി അഭിപ്രായം ശേഖരിക്കാനായി പരീഖിനെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തലസ്ഥാനത്തേക്ക് ക്ഷണിച്ചുവരുത്തിയതിനു ശേഷമായിരുന്നു എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇന്‍ഫോസിസ് നിയന്ത്രണത്തിലുള്ള, ഇന്ത്യയുടെ ആദായ നികുതി ഫയലിങ് വെബ്‌സൈറ്റുകളിലെ തകരാറുകള്‍ക്ക് പിന്നില്‍ ദേശവിരുദ്ധ ഗൂഢാലോചനയുണ്ടെന്ന ആരോപണമാണ് സംഘ്പരിവാര്‍ ആഭിമുഖ്യത്തിലുള്ള പ്രസിദ്ധീകരണം ഉന്നയിച്ചത്. ഒട്ടുംതന്നെ ആധികാരിക സ്വഭാവമില്ലാത്ത ഒരു ആരോപണ പരമ്പര പൊതുശ്രദ്ധയില്‍ ചൂടേറിയ വിവാദങ്ങള്‍ ഉയര്‍ത്തിയതിനുശേഷവും ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന ഏക പ്രതികരണം ഈ വാര്‍ത്താമാധ്യമത്തിന് സംഘ്പരിവാറിന് നേരിട്ടുള്ള ബന്ധമെന്നുമില്ലെന്നാണ്. എന്നാല്‍ രസകരമായ വസ്തുത പഞ്ചജന്യ പ്രസിദ്ധീകരണം തുടങ്ങിയത് 1948 ല്‍ ആണെന്നതാണ്. അതുകൊണ്ടുതന്നെ ഏറ്റവുമൊടുവില്‍ കിട്ടുന്ന വിവരമനുസരിച്ച് (ദി ഹിന്ദു, 2021, സെപ്റ്റംബര്‍, 8) ആര്‍.എസ്.എസ് ജോയിന്റ് സെക്രട്ടറി മന്‍മോഹന്‍ വൈദ്യ, പഞ്ചജന്യയെ ധര്‍മയുദ്ധത്തിന്റെ മുന്നണിപോരാളിയായിട്ടാണ് വിശേഷിപ്പിച്ചതെന്നതും യാദൃച്ഛകതയായി കരുതാന്‍ കഴിയില്ല. ഇത്രയൊക്കെ കോലാഹലങ്ങളുണ്ടായെങ്കിലും ഇന്‍ഫോസിസിനെയോ അതിന്റെ മേധാവിയെയോ കൈവിടാന്‍ മോദി സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ലെന്നതാണ് രസകരമായ വസ്തുത.

മാത്രമല്ല, മുന്‍ ധനകാര്യ സെക്രട്ടറി സുമിത് ബോസ് ചൂണ്ടിക്കാട്ടിയതുപോലെ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കൃത്യമായ കാലാവധി നിജപ്പെടുത്തുകയോ കരാര്‍ വ്യവസ്ഥകളില്‍ വീഴ്ചവരുത്തിയാല്‍ എന്ത് ശിക്ഷ നല്‍കുമെന്നോ, വ്യക്തമാക്കാറില്ലാത്തതിനാല്‍ യാതൊന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ല. ഇതുമായി ബന്ധപ്പെട്ട 1987 ലെ ഒരു സുപ്രിംകോടതി വിധിയുമുണ്ടത്രെ.

അനാവശ്യമായ വിവാദം ഉണ്ടാക്കുന്നതില്‍ ചിലപ്പോള്‍ കേന്ദ്ര മന്ത്രിമാരും മോശക്കാരാണെന്ന് തോന്നുന്നില്ല. ഉദാഹരണത്തിന് മുതിര്‍ന്ന ക്യാബിനറ്റ് അംഗമായ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിനും ഇത്തരത്തിലൊരു പിഴവ് സംഭവിച്ചു. അദ്ദേഹം മുന്‍കൈയെടുത്ത് വാണിജ്യ നയവുമായി ബന്ധപ്പെട്ട പുതിയ നയത്തിന്റെ കരട് രേഖ പുറത്തുവിട്ടിരുന്നു. ഇതിനെതായി വിമര്‍ശനം ഉയര്‍ന്നത് ടാറ്റാ ഗ്രൂപ്പില്‍നിന്നുമായിരുന്നു. ടാറ്റാ ഗ്രൂപ്പിന്റേത് പുതുക്കിയ ഈ വാണിജ്യനയം സ്വന്തം ബിസിനസ് താല്‍പര്യങ്ങളെ ഹാനികരമായി ബാധിക്കാനിടയുണ്ടെന്ന ആശങ്കയെ തുടര്‍ന്നായിരിക്കാം. രാജ്യത്ത് ബിസിനസ് രംഗത്ത് പ്രവര്‍ത്തനം നടത്തിവരുന്ന ആര്‍ക്കുവേണമെങ്കിലും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാനുള്ള അവകാശം ഉള്ളതല്ലേ. ടാറ്റാ ഗ്രൂപ്പിനെപ്പോലെ മറ്റുള്ളവരെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഈ വക സാധ്യതകളൊന്നും പരിശോധിക്കുന്നതിനുപകരം പിയൂഷ് ഗോയല്‍ ചെയ്തത് ടാറ്റാ ഗ്രൂപ്പിനെ ഒറ്റപ്പെടുത്തി വിമര്‍ശിച്ച് പ്രതിക്കൂട്ടിലാക്കാനും ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണിതെന്ന് ലേബലൊട്ടിക്കാനും തിടുക്കം കൂട്ട ുകയാണ്. ഇതെല്ലാം മാധ്യമചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയപ്പോള്‍ പോലും മോദി സര്‍ക്കാരിന്റെ സ്ഥിരം വക്താക്കള്‍ ആരുംതന്നെ ഇതില്‍ ഇടപെടാനോ, ടാറ്റാ ഗ്രൂപ്പിനെ കുറ്റാരോപണത്തില്‍നിന്നു രക്ഷിച്ചെടുക്കാനോ മുന്നോട്ടു വന്നതേയില്ല. ഒടുവില്‍, പിയൂഷ് ഗോയല്‍ തന്നെ ഏറെ താമസിയാതെ തന്റെ നിലപാട് വ്യക്തമാക്കുകയും ടാറ്റാ ഗ്രൂപ്പിനെതിരായിട്ടായിരുന്നില്ല തന്റെ വാക്കുകളെന്ന് തുറന്നുപറയുകയും ചെയ്തതോടെയാണ് ഈ വിവാദം കെട്ടടങ്ങിയത്. കേന്ദ്ര വാണിജ്യ മന്ത്രിയുടെ അഭിപ്രായപ്രകടനവും അതില്‍നിന്നുള്ള സ്വയം പിന്‍വലിയലും സാമ്പത്തിക മേഖലയിലോ വാണിജ്യ മേഖലയില്‍പോലുമോ യാതൊരു പ്രത്യാഘാതവും സൃഷ്ടിച്ചതുമില്ല. പിന്നെ എന്തിനായിരുന്നു ഈ പുകിലെല്ലാം എന്ന ചോദ്യം ഇന്നും അന്തരീക്ഷത്തില്‍ ഉത്തരം കിട്ടാതെ തുടരുകയുമാണ്.

മുകളില്‍ സൂചിപ്പിച്ച പ്രവണതയില്‍ പുതുമയൊന്നും ഇല്ല. നരേന്ദ്രമോദിയുടെ ആദ്യത്തെ മന്ത്രിസഭയില്‍ ഭക്ഷ്യസംസ്‌കരണ വകുപ്പുമന്ത്രിയായിരുന്ന നിരജ്ഞന്‍ ജ്യോതി, പ്രത്യേകമായ യാതൊരു പ്രകോപനവുമില്ലാതെ, മുസ്‌ലിം സമുദായത്തെ അടച്ചാക്ഷേപിക്കുകയും അവര്‍ക്കുനേരെ അധിക്ഷേപ വാക്കുകള്‍ ഒരു പൊതുയോഗത്തിനിടെ നടത്തുകയും ചെയ്തിരുന്നു. ഒടുവില്‍ രക്ഷയില്ലാതായ സാഹചര്യത്തില്‍ അവര്‍ മാപ്പ് അപേക്ഷിക്കേണ്ടിവന്നുവെങ്കിലും മന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടുകയുണ്ടായില്ല. ഈ സ്ഥാനത്ത് ഒരു മുസ്‌ലിം രാഷ്ട്രീയ നേതാവ് ഹിന്ദുസമുദായത്തിനെതിരേ എന്തെങ്കിലും മോശം പരാമര്‍ശം നടത്തിയിരുന്നതെങ്കില്‍ ആ വ്യക്തിക്കു ജീവന്‍പോലും നഷ്ടപ്പെടുമായിരുന്നു. ഇത് എന്ത് അനീതിയാണ്? എന്ത് രാഷ്ട്രീയ മര്യാദയാണ്?

2019ല്‍ ആണെന്നു തോന്നുന്നു, ഇപ്പോള്‍ ഭോപ്പാലില്‍നിന്നുള്ള ലോക്‌സഭാംഗമായിരിക്കുന്ന പ്രഗ്യാസിങ് താക്കൂര്‍ ഒരു പൊതുയോഗത്തിനിടെ നടത്തിയ പ്രസംഗത്തില്‍ മഹാത്മാഗാന്ധിയുടെ കൊലപാതകിയായി ശിക്ഷിക്കപ്പെട്ട നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് നിരവധി വട്ടം വിശേഷിപ്പിച്ചപ്പോള്‍ അതിനെതിരെ കമാ എന്ന് ഉരിയാടാന്‍ സംഘ്പരിവാര്‍ സംഘത്തില്‍പെട്ടവര്‍ ആരും തയാറായില്ലെന്നത് ഒരു ചരിത്ര വസ്തുതയല്ലേ. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പോലും സമാനമായൊരു പരാമര്‍ശനത്തിന് ഈ ബി.ജെ.പി പാര്‍ലമെന്റ് അംഗം തയാറായി. ഇതിനെതിരേ പാര്‍ട്ടി അവര്‍ക്കെതിരായി ഒരു മുന്നറിയിപ്പുപോലും നല്‍കിയില്ലെന്നതും യാഥാര്‍ഥ്യമാണ്. മറ്റൊരു വഴിയുമില്ലെന്ന സാഹചര്യത്തില്‍ ഈ പരാമര്‍ശം സഭാരേഖകളില്‍ നിന്നു നീക്കം ചെയ്തു എന്നു മാത്രം. കേരളത്തിലും ബി. ഗോപാലകൃഷ്ണന്‍ എന്ന ബി.ജെ.പി വക്താവ് ഒരിക്കല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരേ ഒരു പരാമര്‍ശം നടത്തിയതും അത് താമസിയാത പിന്‍വലിച്ചതും ചിലരെങ്കിലും ഓര്‍ത്തിരിക്കുന്നുണ്ടാകാം. ഈ വക്താവിനോട് വിശദീകരണം ചോദിക്കാന്‍ പോലും ബി.ജെ.പി സംസ്ഥാന നേതൃത്വം തയാറായില്ല.

ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ബി.ജെ.പിക്കും അവരുടെ സംരക്ഷകരായ സംഘ്പരിവാര്‍ സംഘങ്ങള്‍ക്കും ജനാധിപത്യവ്യവസ്ഥയിലും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലും വിശ്വാസമുണ്ടെന്ന് കരുതാനോ അവര്‍ക്ക് രാജ്യസ്‌നേഹികള്‍ എന്ന പദവിക്ക് അര്‍ഹത കല്‍പിച്ചു നല്‍കാനോ സാധ്യമല്ലതന്നെ. യഥാര്‍ഥ ചരിത്ര വസ്തുതകളെല്ലാം അവര്‍ക്കെതിരാണെന്നതു തന്നെയാണ് ഇതിനുള്ള കാരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.