2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കര്‍ഷക സമരം, പ്രിയങ്ക, യു.പി തെരഞ്ഞെടുപ്പ്

കെ.പി നൗഷാദ് അലി

പതിനൊന്ന് മാസം പിന്നിട്ട കര്‍ഷക സമരം ലഖിംപൂര്‍ കൊലപാതകങ്ങളോടെ ഇടവേളക്കു ശേഷം രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും വീണ്ടും ആകര്‍ഷിക്കുകയാണ്. ജനുവരി 22ന് നടന്ന അവസാനവട്ട ചര്‍ച്ചകള്‍ക്ക് ശേഷം സര്‍ക്കാര്‍ സമരക്കാരുമായി തുടര്‍ചര്‍ച്ചക്ക് തയാറായിരുന്നില്ല. സുപ്രിം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചിട്ടില്ല.
സമരത്തെ അവഗണിച്ച് ഇല്ലാതാക്കുന്നതിനെതിരെ സെപ്റ്റംബര്‍ 4ന് സംയുക്ത കിസാന്‍ മോര്‍ച്ച മുസഫര്‍ നഗറില്‍ നടത്തിയ മഹാ പഞ്ചായത്തില്‍ നാലു ലക്ഷം കര്‍ഷകര്‍ പങ്കെടുത്തുവെന്ന് കണക്കാക്കുന്നു. സമാനമായി ഒന്നര ഡസന്‍ മഹാ പഞ്ചായത്തുകള്‍ വിളിച്ചു ചേര്‍ക്കാനും ജില്ലാതല കമ്മറ്റികള്‍ രൂപീകരിച്ച് യു.പി, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനും കര്‍ഷകര്‍ തീരുമാനമെടുത്തു. സെപ്റ്റംബര്‍ 27ന് വിജയകരമായി ഭാരത് ബന്ദ് നടത്തി. കൃഷിക്കാര്‍ക്കു മേല്‍ വാഹനം ഓടിച്ചു കയറ്റാന്‍ ബി.ജെ.പി നേതാക്കളെ പ്രകോപിപ്പിച്ചത് ഇതൊക്കെയാണെന്ന് കരുതുന്നു.

യു.പി നിയമസഭയില്‍ 403 സീറ്റുകളുണ്ട്. 2012ല്‍ 47 സീറ്റിലൊതുങ്ങിയ ബി.ജെ.പി മുസഫര്‍ നഗര്‍ കലാപവും ലൗ ജിഹാദ് അടക്കമുള്ള ഹീന പ്രചാരണങ്ങളും മറയാക്കി 2017ല്‍ 325 സീറ്റുകളില്‍ വിജയിച്ച് വന്‍ ഭൂരിപക്ഷം നേടി. മുസഫര്‍ നഗര്‍ അടങ്ങുന്ന പടിഞ്ഞാറന്‍ യു.പിയാണ് കര്‍ഷകസമരത്തിന്റെ പ്രഭവകേന്ദ്രം. രാകേഷ് ടിക്കായത്തിന്റെ ജന്മദേശവും ഇവിടെയാണ്.

പടിഞ്ഞാറന്‍ യു.പിയില്‍ മീററ്റ്, സഹരണ്‍പുര്‍, മൊറാദബാദ്, ബറേലി, ആഗ്ര, അലിഗഡ്, മുസഫര്‍ നഗര്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇവിടുത്തെ 110 സീറ്റുകളില്‍ 88 ഉം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ബി.ജെ.പിയാണ്. കാലിനടിയിലെ മണ്ണൊലിച്ച് പോകുന്നത് ബി.ജെ.പി അറിയുന്നുണ്ട്. കര്‍ഷക സമരത്തിന്റെ രാഷ്ട്രീയ മുഖമായി പ്രിയങ്ക ഗാന്ധി മാറുന്നത് ബി.ജെ.പിയോടൊപ്പം എസ്.പിയെയും ബി.എസ്.പിയെയും ഒരു പോലെ അസ്വസ്ഥരാക്കുന്നുണ്ട്.

യു.പി സമവാക്യങ്ങള്‍

ഇരുപത് കോടി ജനങ്ങളും 2.43 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുള്ള യു.പിയില്‍ 403 എം.എല്‍.എമാരും 100 എം.എല്‍.സിമാരുമുണ്ട്. ലോകസഭയില്‍ 80 അംഗങ്ങളും 31 രാജ്യസഭ മെമ്പര്‍മാരുമുണ്ട്. ജാതി രാഷ്ട്രീയത്തിന് നിര്‍ണായക പങ്കുള്ള യു.പിയില്‍ ജാതി മാത്രം അടിസ്ഥാനമാക്കിയുള്ള ഒന്നര ഡസനിലധികം ചെറു പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നു.
യു.പിയില്‍ പതിറ്റാണ്ടുകള്‍ നില നിന്ന രാഷ്ട്രീയ സമവാക്യം മജ്ഗര്‍ എന്നറിയപ്പെടുന്നു. മുസ്‌ലിം, ആഹിര്‍, ജാട്ട്, ഗുജ്ജര്‍, രാജ്പുത് വോട്ടിങ് ശ്രേണിയാണിത്. ഇതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ 90 കളില്‍ ഉരുണ്ടുകൂടിയ മണ്ഡല്‍ അയോധ്യ വിഷയങ്ങള്‍ പരമ്പരാഗത വോട്ടിങ് രീതികള്‍ പൊളിച്ചെഴുതി.
യു.പിയിലെ മുസ്‌ലിം ജനസംഖ്യ 4.4 കോടിയും അനുപാതം 20 ശതമാനവുമാണ്. മുസ്‌ലിം വോട്ടര്‍മാരുടെ എണ്ണം 2.7കോടി വരും. രാംപുര്‍, മൊറാദബാദ്, സരണ്‍പുര്‍, ബിജ് നോര്‍, മുസഫര്‍നഗര്‍, അംറോഹ, ബല്‍റാംപുര്‍, അസംഗഡ്, ബറേലി, മീററ്റ്, ബഹ്‌റിച്ച്, ഗോണ്ട, ശ്രാവസ്തി ജില്ലകളിലായി മുപ്പത് ശതമാനത്തിനും അമ്പതിനിടയിലുമായി മുസ്‌ലിം വോട്ടര്‍മാരുള്ള 120 അസംബ്ലി മണ്ഡലങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ബാബരി ധ്വംസനത്തിനു ശേഷം ഇതിന്റെ ഗുണഭോക്താക്കള്‍ എസ്.പിയാണ്. 20% വരുന്ന ദളിത് വോട്ടിലാണ് മായാവതിയുടെ ബി.എസ്.പി വിലാസമുറപ്പിക്കുന്നത്.

11% ബ്രാഹ്മണരും 7% ഠാക്കൂറുമാരും കഴിഞ്ഞാല്‍ നാല്‍പത് ശതമാനത്തിലധികം വരുന്ന ഒ.ബി.സി ഹിന്ദു വോട്ടാണ് യു.പിയുടെ ഭരണം തീരുമാനിക്കുന്നത്. 9% വരുന്ന യാദവ വോട്ട് എസ്.പിയുടെ കുത്തകയാണ്. 5% വരുന്ന കുര്‍മികളെ പാട്ടിലാക്കാന്‍ കുര്‍മി നേതാക്കളായ അപ്ന ദളിന്റെ അനുപ്രിയ പട്ടേല്‍, ബി.എല്‍ വര്‍മ്മ, പങ്കജ് ചൗധരി എന്നിവരെ കഴിഞ്ഞ പുനസംഘടനയില്‍ ബി.ജെ.പി കേന്ദ്ര മന്ത്രിമാരാക്കി.

മുക്കുവ വിഭാഗമായ നിഷാദ് 4% വരും. ഫൂലന്‍ ദേവി നിഷാദ് സമുദായാംഗമായിരുന്നു. പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ബി.ജെ.പി അംഗീകരിക്കാത്തത് നിഷാദുകളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. 5% വരുന്ന രാജ്ഭര്‍ വിഭാഗം കിഴക്കന്‍ യു.പിയില്‍ ശക്തമാണ്. എസ്.ബി.എസ്.പിയെന്ന രാഷ്ട്രീയ പാര്‍ട്ടി ഇവര്‍ക്കുണ്ട്. 3.5% വരുന്ന ലോധുകളും കിഴക്കന്‍ യു.പിയില്‍ ശക്തമാണ്. കല്യാണ്‍ സിങ് ലോധായിരുന്നു. മഹാന്‍ ദള്‍, ജന്‍ അധികാര്‍ പാര്‍ട്ടി തുടങ്ങി ലോധ് പാര്‍ട്ടികള്‍ സജീവമാണ്. 3 ശതമാനമുള്ള മൗര്യ കുശ്വാഹയും 6% വരുന്ന ജാട്ടുകളും നിര്‍ണായക സ്വാധീനം ചെലുത്തുന്നു.

കര്‍ഷക സമരം
സ്വാധീനിക്കുന്ന വോട്ടുകള്‍

ബ്രാഹ്മിണ്‍, ഠാക്കൂര്‍, ഒ.ബി.സി, ദളിത് വോട്ടുകളില്‍ കാര്യമായ കടന്നുകയറ്റം നടത്തിയാണ് ബി.ജെ.പി 2017ല്‍ വന്‍ വിജയം നേടിയത്. മുസ്‌ലിംകളെ മാറ്റി നിര്‍ത്തി വിശാലമായ ഹിന്ദു മഴവില്‍ മുന്നണി ബി.ജെ.പി പരീക്ഷിച്ചു വിജയിപ്പിക്കുകയായിരുന്നു.കര്‍ഷക സമരങ്ങള്‍ വഴിയുണ്ടായ സമുദായ ഐക്യം ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെ തകര്‍ക്കുന്നതാണ്. ഹര ഹര മഹാദേവും അല്ലാഹു അക്ബറും മുഴക്കിയാണ് കിസാന്‍ മഹാ പഞ്ചായത്തുകള്‍ പുരോഗമിക്കുന്നത്. മുസ്‌ലിം ജാട്ട് യാദവ ദളിത് പുനരേകീകരണവും ഒരു വിഭാഗം ബ്രാഹ്മിണ്‍ ത്യാഗി വോട്ടുകള്‍ കൂടെ ചേരുകയും ചെയ്താല്‍ ബി.ജെ.പിക്ക് യു.പി നഷ്ടപ്പെടും. വര്‍ഷത്തില്‍ 6000 രൂപ കര്‍ഷകന് നേരിട്ടെത്തിക്കുന്ന കിസാന്‍ സമ്മാന്‍ നിധി അടക്കമുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപ്പിലാക്കുന്നുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ സംഘടനകളെയും നേതാക്കളെയും പാട്ടിലാക്കാനുള്ള ശ്രമങ്ങളും ബി.ജെ.പി നടത്തിപ്പോരുന്നു.

പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ്
സാധ്യതകളും

ഒക്ടോബര്‍ 3ന് ലഖിംഖേരില്‍ പ്രിയങ്ക ഗാന്ധിയെ തടഞ്ഞുവെക്കുകയും, തുടര്‍ന്ന് മൂന്ന് ദിവസം സീതാപൂര്‍ ഗസ്റ്റ് ഹൗസില്‍ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തത് ആഗോള മാധ്യമശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒക്ടോബര്‍ 9ന് വരണാസിയില്‍ കിസാന്‍ ന്യായ് റാലി നടത്തിയ അവര്‍ 12ന് കര്‍ഷകരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.
ഇതോടെ ബി.ജെ.പിയുടെ മുഖ്യ എതിരാളി കോണ്‍ഗ്രസല്ല, തങ്ങളാണ് എന്ന് ഉറക്കെപ്പറഞ്ഞ് അഖിലേഷും, മായാവതിയും മാധ്യമങ്ങളോട് പരിഭവിച്ചിരുന്നു.1989ല്‍ അധികാരമൊഴിഞ്ഞതിനു ശേഷം കോണ്‍ഗ്രസിന് ശ്രദ്ധേയ മുന്നേറ്റം കാഴ്ചവെയ്ക്കാനായത് പാര്‍ലിമെന്റ് തെരഞ്ഞടുപ്പുകളില്‍ മാത്രമായിരുന്നു. 2009ല്‍ 18.3% വോട്ടും 21 സീറ്റും നേടുകയുണ്ടായി. 1999ല്‍ 14.7% വോട്ടും 10 സീറ്റും, 2004ല്‍ 12% വോട്ടും 9 സീറ്റും കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാല്‍ നിയമസഭയില്‍ 10 ശതമാനത്തിലധികം വോട്ട് നേടാനായത് 1991ലും, 2012 ലും മാത്രമാണ്.

കുര്‍മി സമുദായാംഗമായ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും, ദളിത് വിഭാഗത്തില്‍ നിന്നുള്ള പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും പ്രിയങ്ക ഗാന്ധിയോടൊപ്പം യു.പിയില്‍ സജീവമാണ്. മുസ്‌ലിം ഒ.ബി.സി ദളിത് ബ്രാഹ്മിണ്‍ വോട്ടുകളില്‍ ഒരു പങ്കും, കര്‍ഷക സമരത്തിന്റെ അനുഭാവവും വോട്ടാവുകയാണെങ്കില്‍ കോണ്‍ഗ്രസിനെ കാത്ത് ചില ദൗത്യങ്ങള്‍ യു.പിയില്‍ കാത്തിരിപ്പുണ്ടെന്നത് തീര്‍ച്ചയാണ്.
(കെ.പി.സി.സി സെക്രട്ടറിയാണ് ലേഖകന്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.