2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നബി(സ): പ്രബോധനവിജയത്തിന്റെ രഹസ്യവും രസതന്ത്രവും

ടി.എച്ച് ദാരിമി

പ്രപഞ്ചത്തിന്റെ സുഗമമായ നിലനില്‍പ്പിന്റെ രഹസ്യവും രസതന്ത്രവുമാണ് സ്‌നേഹം. സ്‌നേഹം വഴി മനുഷ്യന് തനിക്കു ചുറ്റുമുള്ള ആരിലേക്കും എന്തിലേക്കും പകരാം, പടരാം. സ്‌നേഹമല്ലാത്ത ഒന്നിനും ഈ ശക്തിയുണ്ടാവില്ല. ഒരു ആപേക്ഷിക ഉദാഹരണം വഴി ഇത് വേഗം ഗ്രഹിച്ചെടുക്കാം. പണമാവട്ടെ ഉദാഹരണം. പുതിയ പ്രപഞ്ചത്തിന്റെ ജീവവായു അതാണെന്ന ധാരണ ഇന്ന് വ്യാപകമാണല്ലോ. പണംകൊണ്ട് ഇവ്വിധം പകരാനും പടരാനും ശ്രമിക്കുമ്പോള്‍ അതു ഭാഗികം മാത്രമേ ആകൂ. മാത്രമല്ല, അത് നിര്‍വികാരവുമായിരിക്കും. ഇനി പണംകൊണ്ട് വല്ലതും വെട്ടിപ്പിടിക്കാന്‍ കഴിഞ്ഞാല്‍ തന്നെ അതിനൊപ്പം അസൂയ, മാത്സര്യം, വിദ്വേഷം തുടങ്ങിയവ ഒപ്പത്തിനൊപ്പം വളരുകയും ചെയ്യും. അതോടെ ഫലത്തില്‍ ഒരു ലാഭവും നേട്ടവും ഇല്ലാത്ത അവസ്ഥ വരും. പണത്തിന്റെ മാത്രം പരിമിതിയല്ല ഇത്. സ്‌നേഹത്തിനു പകരം എന്തുവച്ചാലും ഫലം ഇതായിരിക്കും. മനുഷ്യരെ പരസ്പരം കോര്‍ത്തും ചേര്‍ത്തും കെട്ടുന്നതോടൊപ്പം സ്‌നേഹം അവരുടെ ബന്ധങ്ങള്‍, പ്രകൃതി, ജീവജാലങ്ങള്‍, കാലാവസ്ഥ തുടങ്ങിയവക്കെല്ലാം പോഷകവും വളവുമായിത്തീരുന്നു. മനുഷ്യര്‍ ഇവ ഓരോന്നിനെയും പരിഗണിക്കുകയും പരിചരിക്കുകയും ചെയ്യുക അവയോട് സ്‌നേഹമുണ്ടാകുമ്പോഴാണല്ലോ.

സ്‌നേഹം ഒരു വികാരമാണ്. രണ്ടെണ്ണത്തിനിടയിലേ അതു രൂപപ്പെടൂ. ഏകപക്ഷീയമായ സ്‌നേഹം വെറുമൊരു ബലപ്രയോഗമായിരിക്കും. അതിനാല്‍ കൊടുക്കുന്നവനും വാങ്ങുന്നവനും സ്വാംശീകരിക്കുന്നവനും കൈമാറുന്നവനുമെല്ലാം ഈ മധുരം ഉണ്ടായിരിക്കണം. എവിടെയെങ്കിലും ഒരിടത്ത് അതു മുറിഞ്ഞുപോയാല്‍ അവിടന്നങ്ങോട്ട് മധുരമാണെങ്കിലും സ്‌നേഹം കയ്പ്പായിരിക്കും. ഈ അര്‍ഥങ്ങളെല്ലാം സമ്മേളിച്ച സ്‌നേഹമാണ് നബി(സ) സ്വീകരിച്ചതും അവലംബിച്ചതും പഠിപ്പിച്ചതുമെല്ലാം. അതിനാല്‍ നബി തിരുമേനി(സ) പ്രപഞ്ചത്തിലുള്ള തന്റെ ദൗത്യം നിര്‍വഹിക്കുവാന്‍ ഉപയോഗപ്പെടുത്തിയ ഒറ്റമൂലി ഈ സ്‌നേഹമായിരുന്നു എന്ന് ഒറ്റവാക്കില്‍ പറയാം. സ്‌നേഹത്തിന്റെ സ്പര്‍ശമില്ലാത്ത ഒന്നും ആ ജീവിതത്തിലുണ്ടായിരുന്നില്ല. സ്‌നേഹം എന്ന വ്യാഖ്യാനത്തിന്റെ പരിധിയില്‍വരാത്ത ഒന്നും ഉണ്ടായിരുന്നേയില്ല.

ഇതു പറയുമ്പോള്‍ പുതിയ ലോകത്ത് ചിലരെങ്കിലും കുരച്ചു ചാടും. അവര്‍ ആദ്യം വിചാരണ ചെയ്യുക യുദ്ധക്കളത്തില്‍ നില്‍ക്കുന്ന നബിയെയായിരിക്കും. നബി(സ) യുദ്ധം ചെയ്തിട്ടുണ്ട് എന്നതു ശരിയാണ്. ബദര്‍ ഉദാഹരണമായി എടുക്കാം. യുദ്ധമുണ്ടായി എന്നതു മാത്രമാണ് ഇവര്‍ വിളിച്ചുകൂവുന്നത്. അതിലേക്ക് ഉരുണ്ടുകൂടിയ കാര്യങ്ങള്‍ അവര്‍ ഒളിപ്പിച്ചുവയ്ക്കും. തന്റെ ആശയം പുലര്‍ത്താനും പ്രചരിപ്പിക്കാനുമുള്ള അവകാശം മനുഷ്യന്റെ മൗലികാവകാശമാണ്. അതു നിഷേധിച്ചതും എങ്കില്‍ താന്‍ മാറിത്തരാം എന്ന നിലപാടില്‍ പലായനം ചെയ്യാന്‍ പോലും വിടാതിരുന്നതും എന്നിട്ടും സ്വകാര്യമായി കളം മാറിയപ്പോള്‍ ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ ഇനാം പ്രഖ്യാപിച്ചതുമെല്ലാം ഇവര്‍ വിഴുങ്ങും. എല്ലാം കഴിഞ്ഞ് മദീനയില്‍ അഭയം തേടിയപ്പോള്‍ അവിടെ വന്നും അവര്‍ ശത്രുത കാണിക്കുകയായിരുന്നു. അപ്പോഴാണ് ബദറ് ഉണ്ടായത്. ഒരു ചെറിയ പോക്കിരിക്കൂട്ടത്തെ അന്നങ്ങനെ നേരിടുന്നത് മനുഷ്യന്റെ മൗലികാവകാശം രക്ഷിക്കുവാന്‍ വേണ്ടിയാണ്. അപ്പോള്‍ ഒരു ചെറിയ കൂട്ടത്തെ എതിര്‍ക്കേണ്ടിവന്നത് വലിയ ഒരു കുലത്തിന്റെ രക്ഷക്കും നിലനില്‍പ്പിനും വേണ്ടിയായിരുന്നു. യുദ്ധത്തടവുകാരോട് പ്രവാചകന്‍ കാണിച്ച സ്‌നേഹാര്‍ദ്രമായ വിട്ടുവീഴ്ചകളടക്കം മറ്റൊന്നും ഇത്തരക്കാര്‍ കാണാതെ പോകുന്നു.

ഇവിടെ ഇങ്ങനെ അവകാശനൈതികതയെ സ്‌നേഹിക്കുകയായിരുന്നു നബി(സ) എന്നു പറയുമ്പോള്‍ അത് സ്വീകരിക്കാന്‍ ഇവര്‍ക്ക് കഴിയാതെ വരുന്നത് അന്ധമായ ഇസ്‌ലാം വിരോധംകൊണ്ടു മാത്രമാണ്. എന്നാല്‍ സമാനമായ പലതും ഒരു അസ്വസ്ഥതയുമില്ലാതെ ഇവര്‍ക്ക് വിഴുങ്ങാന്‍ കഴിയുന്നുണ്ട് എന്നതാണ് ഇവരുടെ രോഗ ലക്ഷണം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി യുദ്ധവും സമരവും ചെയ്തവരാണ് നാം. എന്നാല്‍ അതിനെതിരേ ആക്ഷേപമുയരാത്തത് അതിന്റെ ലക്ഷ്യമാണ് പ്രധാനം എന്നു ചിന്തിക്കുന്നതിനാലാണ്. അടിമത്വം മറ്റൊന്നാണ്. എടുത്തു മാറ്റാനാവാത്ത വിധം അന്നത്തെ ലോകക്രമവുമായി ഇഴുകിച്ചേര്‍ന്ന ഈ വ്യവസ്ഥിതിയെ നബി(സ) നിരോധിച്ചില്ല എന്നാണ് ആക്ഷേപം. എന്നാല്‍ അടിമകള്‍ക്ക് സ്വന്തം ഉടമയോടൊപ്പം നില്‍ക്കുവാനും അവര്‍ കഴിക്കുന്നതും ഉടുക്കുന്നതും അനുഭവിക്കാനും അവകാശം സ്ഥാപിച്ചുകൊടുത്തത് ആക്ഷേപക്കാര്‍ മറക്കുകയാണ്. അടിമകളെ മോചിപ്പിക്കുന്നതിനെ മതപരമായ ഒരു പരിഹാരവും പ്രായശ്ചിത്തവുമായി നിശ്ചയിക്കുക വഴി മേലാളന്‍മാരെ പിടിച്ചുലക്കാതെ സൂത്രത്തില്‍ അടിമത്വത്തെ നേരിട്ടതിലെ സ്‌നേഹസ്പര്‍ശം കണ്ണടച്ചവര്‍ ഇരുട്ടാക്കുകയാണ്. ക്രമപ്രവൃദ്ധമായ ഒരു അടിമത്വ നിരോധനമായി ഈ നീക്കങ്ങളെ കാണാനും അംഗീകരിച്ചുതരാനും ഇത്തരക്കാര്‍ക്ക് കഴിയാതെ പോവുകയാണ്. പ്രത്യക്ഷത്തില്‍ സ്‌നേഹത്തിന് വിഘാതമെന്ന് കരുതപ്പെടുന്ന രംഗങ്ങള്‍ പോലും ഇങ്ങനെ സ്‌നേഹം കിനിയുന്നവയായിരുന്നു എന്നു ചുരുക്കം.

സ്‌നേഹം എന്ന വികാരത്തെ നബി(സ) ഉപയോഗപ്പെടുത്തിയ രീതി കൗതുകകരമാണ്. ആദ്യം തന്നില്‍ അതു നിറച്ചും തുടര്‍ന്ന് മറ്റുള്ളവരില്‍ അതു നിറപ്പിച്ചും ആ നിറവിനെ അവരില്‍ നിലനില്‍ക്കുന്നു എന്നുറപ്പ് വരുത്തിയുമായിരുന്നു അത്. തന്നില്‍ നിറക്കുക എന്ന ഘട്ടം പ്രവാചകത്വത്തിനു മുമ്പേ തുടക്കം കുറിക്കുന്നുണ്ട്. സ്വഭാവത്തിന്റെ ഒരു പ്രധാനാംശമായതിനാല്‍ അത് പ്രബോധനത്തിനിറങ്ങും മുമ്പ് ജീവിതത്തില്‍ സ്ഥാപിക്കപ്പെടേണ്ടതുണ്ട്. പിതൃവ്യന്‍ അബൂത്വാലിബും പത്‌നി ഖദീജാ ബീവിയും വളര്‍ത്തു മകന്‍ അലിയും ദത്തുപുത്രന്‍ സൈദ് ബിന്‍ ഹാരിസയുമെല്ലാം ആ സ്‌നേഹത്തിന്റെ ചൂടറിഞ്ഞവരാണ്.

കഅ്ബാലയ പുനര്‍നിര്‍മാണത്തിനിടെ ചോര ചീറ്റാന്‍ മക്കാനാട് പല്ലിറുമ്പുമ്പോള്‍ നബി മധ്യസ്ഥതവഹിക്കുന്നത് നാടിന്റെ സൈ്വരജീവിതത്തോടുള്ള സ്‌നേഹത്താല്‍ മാത്രമായിരുന്നു. ഈ സ്‌നേഹ ദാനങ്ങള്‍ക്കെല്ലാം തിരിച്ച് നബിക്ക് സ്‌നേഹം കിട്ടി. ഞാന്‍ മണ്ണിന്റെ തലയിണവയ്ക്കപ്പെടും വരെ നിനക്കൊന്നും പറ്റാന്‍ അനുവദിക്കില്ല എന്ന് അബൂത്വാലിബ് ആണയിടുമ്പോഴും നിങ്ങള്‍ക്കൊന്നും സംഭവിക്കില്ല അബുല്‍ ഖാസിം എന്നു പറഞ്ഞ് ഖദീജാ ബീവി ആശ്വസിപ്പിക്കുമ്പോഴും അതു നാം കാണുന്നു. സ്വന്തം പിതാവ് വന്ന് വിളിച്ചിട്ടും പോവാതെ സൈദ് എന്ന ബാലന്‍ ചേര്‍ന്നുനില്‍ക്കുമ്പോഴും ജീവന്‍ പണയപ്പെടുത്തി പലായന രാവില്‍ വിരിപ്പില്‍ പകരം കിടന്ന് അലി(റ) ത്യാഗം ചെയ്യുമ്പോഴും ആബാലവൃദ്ധം മക്കക്കാര്‍ അല്‍ അമീന്‍ എന്ന് മുദ്ര ചാര്‍ത്തുമ്പോഴും അതു നാം അനുഭവിക്കുന്നു.

പ്രബോധനത്തിലുടനീളം ഈ സ്‌നേഹമായിരുന്നു ആധാരം. വിശ്വാസംകൊണ്ട് രണ്ട് ജീവിതവും സുരക്ഷിതമാക്കാന്‍ ഉപദേശിക്കുമ്പോള്‍ ആ സ്‌നേഹം ആകാശച്ചുവടാകെ നിറയുകയാണ്. മാതാവ്, പിതാവ്, മക്കള്‍, കുടുംബം എന്നിങ്ങനെ ബന്ധങ്ങളെ സ്‌നേഹത്തിന്റെ നൂലില്‍ കോര്‍ക്കുകയായിരുന്നു. അയല്‍ക്കാര്‍ മുതല്‍ അന്യമതക്കാരിലേക്കെല്ലാം ആ സ്‌നേഹക്കാറ്റ് വീശിയിറങ്ങി. അവിടെ നിന്ന് മുന്നോട്ടുപോയി ആ സ്‌നേഹം മൃഗങ്ങളുടെ അടുത്തുവരെ തലോടിയെത്തി. മേയാന്‍ വിടാതെ കെട്ടിയിട്ട ഒട്ടകത്തിന്റെ ഉടമയോട് നീ പടച്ചവനെ പേടിക്കുന്നില്ലേ എന്നു ചോദിക്കുമ്പോഴും കരിഞ്ഞുകിടക്കുന്ന ഉറുമ്പിന്‍ കൂട്ടത്തിലേക്ക് നോക്കി വേപഥു പ്രകടിപ്പിക്കുമ്പോഴുമെല്ലാം അത് ലോകത്തിന്റെ വിശാലതയിലേക്കു വളരുന്നു. ഭാര്യയെ തല്ലുന്നവനോട് കോപിക്കുമ്പോഴും അടിമകളെ കൊണ്ട് താങ്ങാനാവാത്ത പണി ചെയ്യിപ്പിക്കുമ്പോള്‍ ഒന്നു കൂടിക്കൊടുക്കൂ എന്നു പറയുമ്പോഴും ജൂതനും മനുഷ്യനാണ് എന്ന് പറഞ്ഞ് അവന്റെ ശവമഞ്ചത്തെ ബഹുമാനിക്കുമ്പോഴും യുദ്ധത്തടവുകാരുടെ മോങ്ങലും മൂളലും കേട്ട് അസഹ്യനായി ഉറങ്ങാതിരിക്കുമ്പോഴും അന്‍പതു വഖ്തില്‍ നിന്ന് അഞ്ചാക്കി കുറയ്ക്കാന്‍ വീണ്ടും വീണ്ടും അല്ലാഹുവിന്റെ സിംഹാസനത്തിലേക്ക് കയറിയിറങ്ങുമ്പോഴെല്ലാം ആ സ്‌നേഹം വിവിധതലങ്ങളിലേക്ക് പകരുകയാണ്.

അതു സമുദായത്തില്‍ നിറച്ചതും നിറഞ്ഞത് ഉറപ്പുവരുത്തിയതുമായിരുന്നു അടുത്ത ഘട്ടം. അനാഗരികനായ ഒരാള്‍ നബി(സ) തിരുമേനിയോട് ആരാഞ്ഞു. എന്നാണ് അന്ത്യനാളെന്ന്. അതിനെന്താണ് നീ തയാറാക്കിയിരിക്കുന്നത് എന്ന് നബി(സ) തിരിച്ചുചോദിച്ചു. അല്ലാഹുവിലും അങ്ങയിലുമുള്ള സ്‌നേഹമല്ലാതെ മറ്റൊന്നുമില്ല എന്ന് ആഗതന്‍ കൈമലര്‍ത്തി. നീ ആരെ സ്‌നേഹിക്കുന്നുവോ അവരോടൊപ്പമായിരിക്കും എന്ന് നബി(സ) പറഞ്ഞുകൊടുത്തു. അതിലുണ്ട് സ്‌നേഹമെന്ന വികാരത്തിന്റെ എല്ലാ അര്‍ഥതലങ്ങളും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.