2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നും അറിയുന്നില്ല!

ഭരണതലത്തിൽ നടക്കുന്ന പ്രാധാന്യമേറിയ വിഷയങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരും അറിയുന്നില്ലെന്നത് ഗുരുതരമായ ഭരണ പ്രതിസന്ധിയെയാണ് അടയാളപ്പെടുത്തുന്നത്. മുല്ലപ്പെരിയാറിലെ ബേബി ഡാമിന് മുന്നിലെ 15 മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി നൽകിയത് വനംമന്ത്രി എ.കെ ശശീന്ദ്രനോ മുഖ്യമന്ത്രിയോ അറിഞ്ഞില്ലെന്നാണ് പറയുന്നത്. മരംമുറിക്കാൻ സംസ്ഥാന സർക്കാർ നൽകിയ അനുമതിയെ അഭിനന്ദിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എഴുതിയ കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കിട്ടിയപ്പോഴാണ് വനംമന്ത്രിയും മുഖ്യമന്ത്രിയും സംഭവം അറിയുന്നതത്രേ.

മുഖ്യമന്ത്രി അറിയാതെ ഉദ്യോഗസ്ഥർ നയപരമായ തീരുമാനങ്ങൾ നടപ്പാക്കുന്നത് ഇതാദ്യമല്ല. സംസ്ഥാനത്തെ 85 ലക്ഷം റേഷൻ കാർഡ് ഉടമകളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ അമേരിക്കയിലെ സ്പ്രിംഗ്ലർ കമ്പനിക്ക് വിറ്റതും മുഖ്യമന്ത്രി അറിയാതെയായിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണ് മുഖ്യമന്ത്രി അറിയാതെ കരാറിൽ ഒപ്പിട്ടത്. സ്പ്രിംഗ്ലർ കമ്പനിയുമായുള്ള ഇടപാട് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പുറത്തുവിട്ടപ്പോഴാണത്രേ മുഖ്യമന്ത്രി അറിയുന്നതുപോലും. മന്ത്രിസഭയുടെ തീരുമാനമില്ലാതെയാണ് സ്പ്രിംഗ്ലർ കമ്പനിയുമായി കരാറിൽ ഒപ്പിട്ടതെന്ന് ഒടുവിൽ ശിവശങ്കർ സമ്മതിക്കുകയും ചെയ്തു.

ഇപ്പോഴിതാ ബേബി ഡാമിന് മുന്നിലെ മരംമുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് താനാണെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസും തുറന്നുപറഞ്ഞിരിക്കുന്നു. മരംമുറിക്കാൻ സുപ്രിംകോടതി അനുമതി നൽകിയിട്ടുണ്ടെന്നും ഈ മാസം ഒന്നിന് ജലവിഭവ അഡിഷനൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് വിളിച്ച യോഗത്തിലാണ് തീരുമാനമുണ്ടായതെന്നുമാണ് എം. ശിവശങ്കറിനെപ്പോലെ ബെന്നിച്ചൻ തോമസും ന്യായംപറയുന്നത്. അതായത് സംസ്ഥാനം അമേരിക്കൻ കമ്പനിയുമായി കരാറിൽ ഒപ്പിടുന്നതോ തമിഴ്നാടിന് മരംമുറിക്കാൻ അനുമതി നൽകുന്നതോ ബന്ധപ്പെട്ട മന്ത്രിമാരോ മുഖ്യമന്ത്രിയോ അറിയേണ്ട ആവശ്യമില്ലെന്ന്. എന്തായിത്, കേരളം വെള്ളരിക്കാപ്പട്ടണമോ? അതോ എല്ലാം അറിഞ്ഞുകൊണ്ട് അറിയില്ലെന്ന് നടിക്കുകയാണോ?
എല്ലാം ഉദ്യോഗസ്ഥർക്ക് വിട്ടുകൊടുത്ത് വിവാദമാകുമ്പോൾ താനൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് മന്ത്രിമാർ കൈമലർത്തുകയാണോ? മന്ത്രിമാരെ വിവരമറിയിക്കാതെ സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങളെടുക്കാൻ ഉദ്യോഗസ്ഥർക്ക് ഇത്രമേൽ ധൈര്യമുണ്ടാകുമെന്ന് വിശ്വസിക്കാനാവില്ല. അതല്ലെങ്കിൽ കഴിവുകെട്ട മന്ത്രിമാരാണ് സംസ്ഥാനം ഭരിച്ചു കൊണ്ടിരിക്കുന്നതെന്ന് ജനങ്ങൾ കരുതേണ്ടിവരും. അതിനാലാണോ ഉദ്യോഗസ്ഥരാൽ ഇത്തരം അനർഥങ്ങൾ സംസ്ഥാനത്ത് ഉണ്ടാകുന്നത്. അതല്ലെങ്കിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നുവേണം കരുതാൻ. ഇതിലൊന്നും ഇന്നലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയത്തിന്മേൽ മറുപടി പ്രതീക്ഷിക്കേണ്ടതില്ല. ചർച്ചയുണ്ടാകുമെന്നും കരുതേണ്ടതില്ല. ജുഡിഷ്യൽ അന്വേഷണം വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യവും പതിവുപോലെ നിരാകരിക്കപ്പെടും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന മന്ത്രിയുടെ പതിവ് മറുപടിയോടെ അടിയന്തര പ്രമേയാവതരണത്തിനുള്ള അനുമതി സ്പീക്കർ നിഷേധിക്കുകയും ചെയ്യും. ഉദ്യോഗസ്ഥർ സസുഖം തൽസ്ഥാനങ്ങളിൽ തുടരുകയും ചെയ്യും.

   

മരംമുറിക്കാനുള്ള ഉത്തരവ് സർക്കാർ ഇപ്പോഴും റദ്ദാക്കിയിട്ടില്ല. മരവിപ്പിച്ചിട്ടേയുള്ളൂ. ഇതിൽനിന്ന് മരംമുറി സംബന്ധിച്ച് സർക്കാരിന് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്ന് വേണം മനസിലാക്കാൻ. തമിഴ്നാട് മരംമുറി മരവിപ്പിച്ചതിനെതിരേ പ്രതിഷേധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രണ്ട് സർക്കാരുകളും ഒത്തുകളിക്കുകയാണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്.
സ്റ്റാലിന്റെ അഭിനന്ദനക്കത്ത് കിട്ടിയതിനെ തുടർന്നുണ്ടായ വിവാദത്തെ തുടർന്നാണ് സർക്കാർ കൈമലർത്താൻ ഇടയായതെന്ന് കരുതുന്നതിൽ തെറ്റില്ല. ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രിമാർ പറയുമ്പോഴും മരംമുറിക്കാനുള്ള അനുമതിയുടെ പകർപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടുണ്ടായിരിക്കണം. രേഖകൾ അതാണ് പറയുന്നത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്താനുള്ള തമിഴ്നാട് സർക്കാരിന്റെ തന്ത്രമാണ് ബേബി ഡാമിലെ മരംമുറിച്ച് ഡാം ശക്തിപ്പെടുത്താനുള്ള നീക്കം. ശക്തിപ്പെടുത്തേണ്ടത് മുല്ലപ്പെരിയാർ ഡാമാണെന്ന കേരളത്തിന്റെ നിലപാടിനെ പരാജയപ്പെടുത്താനും കൂടിയാണ് തമിഴ്നാട് സർക്കാർ ബേബി ഡാമിന് മുമ്പിലുള്ള മരങ്ങൾ മുറിക്കാൻ തന്ത്രങ്ങൾ മെനയുന്നത്. ആ തന്ത്രത്തിൽ വീണുകൊണ്ടാണ് കേരളം തമിഴ്നാടിന് മരം മുറിക്കാൻ അനുമതി നൽകിയത്. കേരളത്തിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് സംസ്ഥാന സർക്കാർ എത്ര ലാഘവത്തോടെയാണ് ചിന്തിക്കുന്നതെന്നതിന്റെ തെളിവാണ് ഈ മരംമുറി ഉത്തരവ്. മരംമുറിക്കുന്നതിലുള്ള ജനങ്ങളുടെ ആശങ്ക മന്ത്രി എ.കെ ശശീന്ദ്രനെ അറിയിച്ചപ്പോൾ തമിഴ്നാട് മരംമുറി തുടങ്ങിയാൽ എന്ത് ചെയ്യാനാകുമെന്ന മന്ത്രിയുടെ മറുപടിയിൽ തന്നെ എന്തൊക്കൊയോ മൂടിവയ്ക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാണ്. വർഷങ്ങളായി മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാരുമായി സംസ്ഥാന സർക്കാർ തർക്കം തുടരുകയാണ്. ഇത്തരമൊരു ഘട്ടത്തിൽ നിർണായകമായ തീരുമാനങ്ങളെടുക്കാൻ ഒരു ഉദ്യോഗസ്ഥന് എങ്ങനെയാണ് ധൈര്യംവരിക. അതിനാൽ എം.കെ സ്റ്റാലിന്റെ കത്തിനെ തുടർന്നാണ് മുഖ്യമന്ത്രിയും വനംമന്ത്രിയും വിഷയം അറിഞ്ഞതെന്നതിൽ കഴമ്പില്ല. അടിമുടി ദുരൂഹതയുണ്ട്. മരംമുറിക്കാനുള്ള തീരുമാനമെടുത്ത ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറിയും ജലവിഭവ അഡിഷനൽ ചീഫ് സെക്രട്ടറിയുമായ ടി.കെ ജോസ് വിഷയം നേരത്തെ മുഖ്യമന്ത്രിയെ അറിയിച്ചില്ലെന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്. അറിയിച്ചില്ലെങ്കിൽ എന്തുകൊണ്ടെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകേണ്ടതുണ്ട്.

2014 മുതൽ മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരംമുറിക്കായി തമിഴ്നാട് ഔദ്യോഗികമായ നീക്കം തുടങ്ങിയിരുന്നു. മുറിക്കുന്ന മരങ്ങളുടെ എണ്ണം പറയാനും പോർട്ടലിൽ അപേക്ഷിക്കാനും സംസ്ഥാന സർക്കാർ തമിഴ്നാടിന് നിർദേശവും നൽകിയിരുന്നു. അപ്പോൾ മരംമുറി സംബന്ധിച്ച വിവരം മുൻകൂട്ടി തന്നെ സർക്കാരിന് അറിയാമെന്നല്ലേ കരുതേണ്ടത്. അടുത്തമാസം തമിഴ്നാട് – കേരള മുഖ്യമന്ത്രിമാരുടെ യോഗം നടക്കുകയാണ്. അതിനുമുമ്പ് ഇരു സംസ്ഥാനങ്ങൾക്കിടയിലും സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യംവച്ച് സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെ അനുമതി നൽകുകയായിരുന്നില്ലേ. സർക്കാരിന്റെ മൗനാനുവാദത്തോടെ നൽകിയ അനുമതി വിവാദമായപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെമേൽ പഴിചാരി രക്ഷപ്പെടുകയല്ലേ സർക്കാർ ഇപ്പോൾ ചെയ്യുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.