2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വ്യാജ വാർത്തകൾ യൂട്യൂബ് നടപടിയെടുക്കണമെന്ന് ഫാക്ട് ചെക്കിങ് ഗ്രൂപ്പുകൾ

പാരിസ്
വ്യാജ വാർത്തകൾ തടയാൻ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് പ്രമുഖ വിഡിയോ ഷെയറിങ് വെബ്സൈറ്റായ യൂട്യൂബിനോട് ആവശ്യപ്പെട്ട് ലോകമെങ്ങുമുള്ള എൺപതിലേറെ ഫാക്ട് ചെക്കിങ് ഗ്രൂപ്പുകൾ.
വിഡിയോ പ്ലാറ്റ് ഫോം എന്തും ചെയ്യാൻ മടിയില്ലാത്ത ആളുകൾക്ക് ആയുധമാക്കാൻ അനുവദിക്കരുതെന്നും അവർ യൂട്യൂബ് മേധാവി സൂസെൻ വോജ്സികിക്കയച്ച തുറന്ന കത്തിൽ ആവശ്യപ്പെട്ടു.
വാഷിങ്ടൺ പോസ്റ്റ്, കെനിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഫ്രിക്ക ചെക്, പൊളിറ്റിഫാക്റ്റ് എന്നിവയെല്ലാം കത്തയച്ചവരിൽ പെടുന്നു.

ലോകമെങ്ങും തെറ്റായ വാർത്തകൾ ഓൺലൈനിലൂടെ പ്രചരിപ്പിക്കുന്നതിൽ യൂട്യൂബ് പ്രധാന പങ്കുവഹിക്കുന്നതാണ് ഓരോ ദിവസവും കാണുന്നത്. വ്യാജ വാർത്തകൾ ഉൾക്കൊള്ളുന്ന വിഡിയോകൾ യൂട്യൂബിൻ്റെ നയങ്ങളുടെ റഡാറിലൂടെ കടന്നുപോകണം. പ്രത്യേകിച്ച് ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളിൽ. ഇത്തരത്തിൽ വ്യാജ വാർത്തകൾ നൽകുന്നതിനെതിരേ കർശന നടപടി സ്വീകരിക്കണം. പക്ഷപാതമില്ലാതെ പ്രവർത്തിക്കുന്ന ഫാക്റ്റ് ചെക്കിങ് സംഘടനകളുമായി സഹകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഉള്ളടക്കം നീക്കം ചെയ്യുന്നതിനേക്കാൾ നല്ലത് വസ്തുതാപരമാണോ എന്നു പരിശോധിച്ച ശേഷം വിഡിയോകൾ പുറത്തുവിടുന്നതാണെന്നാണ് അനുഭവം പഠിപ്പിക്കുന്നത്.
സംഭവങ്ങളുടെ സാഹചര്യം ഏതെന്നു വെളിപ്പെടുത്തുന്നതിലും കള്ളം പുറത്തുകൊണ്ടുവരുന്നതിലും യൂട്യൂബ് ശ്രദ്ധകേന്ദ്രീകരിക്കണം. നടപടിക്രമങ്ങൾ ഉപയോക്താക്കളിലേക്ക് തെറ്റായ വിവരങ്ങൾ എത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്നും അവർ നിർദേശിച്ചു.

അതേസമയം, വർഷങ്ങളായി എല്ലാ രാജ്യങ്ങളിലും നയങ്ങൾ നടപ്പാക്കുന്നതിനും ഉൽപന്നം മികച്ചതാക്കാനും തങ്ങൾ വൻ തുക ചെലവിടുന്നതായി യൂട്യൂബ് വക്താവ് എലേന ഹെർനാണ്ടസ് പറഞ്ഞു.
അതേപോലെ, നയങ്ങൾ ലംഘിക്കുന്ന വിഡിയോകൾ നീക്കംചെയ്യാനും വ്യാജ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനും കമ്പനി സാധ്യമായത് ചെയ്യുന്നുണ്ടെന്നും ഇതിൽ വലിയ പുരോഗതി നേടിയതായും അവർ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.