2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ലക്ഷ്യം ക്ഷേമവും വികസനവും

പിണറായി വിജയൻ
സാമൂഹ്യസുരക്ഷയും വികസനവും ലക്ഷ്യമാക്കി മുന്നേറുന്ന സർക്കാരിന്റെ ഒന്നാം വാർഷികമാണിന്ന്. ജനകീയവും വികസനോന്മുഖവുമായ കർമപദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്നതിലെ കാര്യക്ഷമതയ്ക്കുള്ള അംഗീകാരമായിരുന്നു ഭരണത്തുടർച്ച. 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ടുവച്ചിരുന്നത്. 765ഓളം ഇനങ്ങളിൽ നടപടികൾ വിവിധ ഘട്ടങ്ങളിൽ എത്തിക്കാൻ ആദ്യവർഷംതന്നെ കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. കർഷകവരുമാനം 50 ശതമാനം വർധിപ്പിക്കുക, പൊതുമേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കുക, വ്യവസായ മേഖലയിൽ സ്വകാര്യനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക, കേരളത്തെ ഇലക്ട്രോണിക് ഫാർമസ്യൂട്ടിക്കൽ ഹബ്ബാക്കി വളർത്തുക, ഭക്ഷ്യസംസ്‌കരണം ഉൾപ്പെടെയുള്ള മൂല്യവർധിത വ്യവസായങ്ങളെ പ്രചോദിപ്പിക്കുക, ടൂറിസം വിപണി ഇരട്ടിയാക്കുക തുടങ്ങിയവയ്ക്ക് സഹായകമായ പദ്ധതികളാണ് നടപ്പാക്കിവരുന്നത്.

കൊച്ചി-പാലക്കാട്, കൊച്ചി-മംഗലാപുരം വ്യവസായ ഇടനാഴികൾ, തിരുവനന്തപുരം ക്യാപിറ്റൽ സിറ്റി റീജ്യൻ ഡെവലപ്‌മെന്റ് പദ്ധതി, സിൽവർലൈൻ എന്നീ നാലു പശ്ചാത്തല സൗകര്യ പദ്ധതികൾ ഈ അഞ്ചു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനുള്ള ഇടപെടലുകളാണ് നടത്തുന്നത്. ദേശീയപാതാ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, തെക്കുവടക്ക് ദേശീയ ജലപാത എന്നിവയും പൂർത്തീകരിക്കും. വൈദ്യുതിക്ഷാമം ഇല്ലാത്ത നാടാക്കി മാറ്റാൻ 10,000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയും പൂർത്തീകരിക്കും.

ദാരിദ്ര്യനിർമാർജനം പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വയോജനക്ഷേമം ഉറപ്പാക്കാനും സാധാരണ കുട്ടികൾക്കു സമാനമായ എല്ലാ സൗകര്യങ്ങളും ഭിന്നശേഷിക്കാർക്ക് ലഭ്യമാക്കാനുമുള്ള പരിശ്രമങ്ങളും മുന്നേറുന്നു. ‘കാരുണ്യ’ പദ്ധതിയിലൂടെ 20 ലക്ഷം കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വരെയുള്ള കിടത്തിച്ചികിത്സ സൗജന്യമായി നൽകുകയും ബാക്കിയുള്ളവർക്ക് രണ്ടുലക്ഷം രൂപ വരെയുള്ള ചികിത്സ ഉറപ്പാക്കുകയും ചെയ്യുക, ഏകോപിത പ്രവാസി തൊഴിൽപദ്ധതി നടപ്പാക്കുക, വിശപ്പുരഹിത കേരളം യാഥാർഥ്യമാക്കുക, സാമൂഹ്യ പെൻഷനുകൾ ഉയർത്തുക, എല്ലാവർക്കും ഭൂമിയും വീടും കുടിവെള്ളവും ലഭ്യമാക്കുക എന്നിവയിലൂടെ സാമൂഹ്യക്ഷേമ നടപടികളിൽ കേരള മാതൃകയെ ഉയർത്താനാണ് ഉദ്ദേശിക്കുന്നത്.
സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിച്ച് കർഷകർക്കും സംരംഭകർക്കും വ്യാപാരികൾക്കുമെല്ലാം ഉദാരവായ്പകൾ കേരളാ ബാങ്കിലൂടെ ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ പണവും അധികാരവും ഉദ്യോഗസ്ഥരെയും നൽകി അധികാര വികേന്ദ്രീകരണം ശക്തമാക്കും. എല്ലാ പഞ്ചായത്തിലും കളിക്കളമൊരുക്കി പുതിയ കായികസംസ്‌കാരം വളർത്തിയെടുക്കും. സ്‌കൂൾ വിദ്യാഭ്യാസത്തിൽ നേടിയ മികവിന്റെ റെക്കോഡ് ഉന്നതവിദ്യാഭ്യാസത്തിൽ കൈവരിക്കുക എന്നതും അടിയന്തര ലക്ഷ്യമാണ്. പരിസ്ഥിതി സന്തുലനാവസ്ഥ നിലനിർത്തി വികസനവും ക്ഷേമവും സമന്വയിപ്പിക്കുന്ന പുതിയ വഴികൾ തുറക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതോടൊപ്പം, 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലയിലും ഐ.ടി രംഗത്തും മറ്റു നൂതനവ്യവസായ രംഗത്തും വലിയതോതിലുള്ള ഇടപെടലുകൾക്കൂടി ആവശ്യമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഐ.ടി വ്യവസായത്തിനായി വലിയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. 60.47 ലക്ഷം ചതുരശ്രയടി ഐ.ടി പാർക്കുകളും അരലക്ഷത്തോളം തൊഴിലവസരങ്ങളും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സൃഷ്ടിക്കപ്പെട്ടു. 2026ഓടെ രണ്ടു കോടി ചതുരശ്രയടി ഐ.ടി പാർക്കുകളും രണ്ടുലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. യുവാക്കളെ തൊഴിലന്വേഷകർ എന്നതുപോലെ തന്നെ തൊഴിൽദാതാക്കളായും മാറ്റേണ്ടതുണ്ട്. വലിയ മുതൽമുടക്കിനു കഴിവില്ലെങ്കിലും അതിനൂതനമായ ആശയങ്ങളുമായാണ് പലരും സ്റ്റാർട്ടപ്പ് മേഖലയിലേക്കു കടന്നുവരുന്നത്. 3,500ഓളം പുതിയ സ്റ്റാർട്ടപ്പുകൾ മുഖേന 32,000 തൊഴിലവസരങ്ങളാണ് കഴിഞ്ഞ സർക്കാരിന് സൃഷ്ടിക്കാനായത്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമായി മാറാനും നമുക്കു കഴിഞ്ഞു. പരമ്പരാഗതമായി ഐ.ടി മേഖലയിൽ നിലയുറപ്പിച്ച കമ്പനികളെയും നൂതന ആശയങ്ങളുമായി കടന്നുവരുന്ന യുവസംരംഭകരെയും സംയോജിപ്പിച്ചുള്ള വ്യാവസായിക മുന്നേറ്റമാണ് ഐ.ടി, ഇലക്‌ട്രോണിക് രംഗങ്ങളിൽ ലക്ഷ്യംവയ്ക്കുന്നത്.

ഓരോ വീട്ടിലും കണക്ടിവിറ്റിയിലൂടെ ഇന്റർനെറ്റ് അവകാശമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി മാറിയത് ലോക വിജ്ഞാനശൃംഖലയുമായി ബന്ധപ്പെടുന്നതിന്റെ തുടക്കമായിരുന്നു. കേരളത്തെയൊന്നാകെ ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല ലക്ഷ്യമിടുന്ന കെ ഫോൺ പദ്ധതി പൂർത്തിയാവുകയാണ്. വ്യാവസായിക, ഉന്നതവിദ്യാഭ്യാസ, ഊർജ, ഗതാഗത മേഖലകളിൽ മുന്നേറ്റം സാധ്യമാക്കാൻ കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന വൻകിട പദ്ധതികൾ ദേശീയപാതാ വികസനം, കൊച്ചി ഇടമൺ പവർ ഹൈവേ, ഗെയിൽ പൈപ്പ്‌ലൈൻ എന്നിവയായിരുന്നു. അവ യാഥാർഥ്യമാക്കാൻ കഴിഞ്ഞു. അനിശ്ചിതമായി നീണ്ട ദേശീയപാതാ വികസനവും ഇന്ന് യാഥാർഥ്യമായി. മറ്റു സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി, ഏറ്റെടുക്കുന്ന ഭൂമിവിലയുടെ 25 ശതമാനം സർക്കാരാണ് വഹിച്ചത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന ദേശീയപാത കേരളത്തിന്റെ ഗതാഗത മേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കും. ഊർജ സ്വയംപര്യാപ്തതയിലേക്ക് എത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് സർക്കാർ. 2025 ആകുമ്പോഴേക്കും വൈദ്യുത ആവശ്യകതയുടെ 40 ശതമാനം പുനരുപയോഗ സാധ്യതയുള്ള സ്രോതസുകളിൽ നിന്നും ലഭ്യമാക്കാനാകും.

പരിസ്ഥിതിസൗഹൃദമായ ബദൽഗതാഗത മാർഗങ്ങൾ തിരഞ്ഞെടുക്കാൻ നാം നിർബന്ധിതരാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയപാതാ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, വിമാനത്താവള വികസനം, ദേശീയ ജലപാത എന്നിവയോടൊപ്പം റെയിൽ ഗതാഗത മേഖലയിലും മുന്നേറാൻ ഒരുങ്ങുന്നത്. അതിന്റെ ഭാഗമാണ് സിൽവർലൈൻ പദ്ധതി. ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂവുടമകൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കും. പദ്ധതിയുടെ വിശദ രൂപരേഖ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര ധനമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
നൂതന ഗവേഷണത്തിനും സംരംഭകത്വ പ്രോത്സാഹനത്തിനും നിർണായകമായ പങ്കുവഹിക്കാൻ കഴിയുന്ന ഡിജിറ്റൽ യൂനിവേഴ്‌സിറ്റി യാഥാർഥ്യമാക്കി. അസാപിന്റെ നേതൃത്വത്തിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് ന പദ്ധതി ആവിഷ്‌കരിക്കുകയും നൈപുണ്യ വികസനത്തിനുള്ള രൂപരേഖ തയാറാക്കുകയും ചെയ്തു. ഇത്തരത്തിൽ നാടിന്റെ വ്യാവസായിക, കാർഷിക, ഉൽപാദന രംഗങ്ങളിലെ മുന്നേറ്റങ്ങൾക്ക് സംഭാവനകൾ നൽകാനാകുന്ന വിധം ഉന്നതവിദ്യാഭ്യാസ മേഖലയെ നവീകരിക്കുകയാണ്.

പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉൾപ്പെടുത്തി പ്രത്യേക നൂറുദിന കർമപരിപാടി ആവിഷ്‌കരിക്കാനും കഴിഞ്ഞു. രണ്ട് നൂറുദിന കർമപരിപാടിയാണ് കഴിഞ്ഞ ഒരുവർഷത്തിനിടയിൽ പൂർത്തിയാക്കിയത്. ലൈഫ് മിഷനും പട്ടയം ലഭ്യമാക്കിയതും 1,000 കോടി രൂപയുടെ പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പിൽ പൂർത്തീകരിച്ചതും എടുത്തുപറയേണ്ടതാണ്. സാമൂഹ്യക്ഷേമമൊരുക്കുന്നതിൽ സജീവമായി ഇടപെട്ടും സേവനമേഖലയെ ശക്തിപ്പെടുത്തിയും പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ചും അടിസ്ഥാന വികസനത്തിനായി ബദൽമാർഗങ്ങൾ ആരാഞ്ഞും ക്ഷേമവും സേവനങ്ങളും വികസനവും എല്ലാം ജനങ്ങളുടെ അവകാശമാണെന്ന് സ്ഥാപിച്ചുമാണ് സർക്കാർ മുന്നോട്ടുപോകുന്നത്.

ഇതൊക്കെ സാധ്യമായത് കേരളം സമാധാനവും മതനിരപേക്ഷതയും നിലനിൽക്കുന്ന നാടായതിനാലാണ്. അത്തരമൊരു സമൂഹത്തിലേ രാഷ്ട്രീയ നേതൃത്വത്തിനും സർക്കാർ സംവിധാനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും പൊതുസമൂഹത്തിനാകെയും കൈകോർത്തുകൊണ്ട് അതിജീവനത്തിന്റെയും പുരോഗതിയുടെയും മാതൃക സൃഷ്ടിക്കാൻ സാധിക്കൂ. അങ്ങനെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.