2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പാഠപുസ്തക പരിഷ്‌കരണത്തിലെ ഒളിയജൻഡ

അഡ്വ ജി സു​ഗുണൻ

വിദ്യാഭ്യാസ രംഗത്തെ സമൂലമായി പരിഷ്‌കരിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രസർക്കാർ അംഗീകരിച്ചിരിക്കുകയാണ്. വിദ്യാഭ്യാസം രാജ്യത്തെ പൗരന്റെ അവകാശമാണ്. ഇത് എങ്ങനെ നടപ്പാക്കും എന്നുള്ളതാണ് കാതലായ പ്രശ്‌നം. പുതിയ വിദ്യാഭ്യാസ നയം കേന്ദ്രസർക്കാർ അംഗീകരിക്കുകയും അത് നടപ്പാക്കി തുടങ്ങിയിരിക്കുകയുമാണ്. ഈ നയത്തിന്റെ ചുവടുപിടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം അടിസ്ഥാനപരമായ മാറ്റങ്ങൾ ഇതിനകം തന്നെ വരുത്തുകയും ചെയ്തിട്ടുണ്ട്. ഈ നടപടികൾ വിദ്യാഭ്യാസ മേഖലയിൽ എത്രമാത്രം ഗുണം ചെയ്യുമെന്നുള്ളത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്.
കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് പല സംസ്ഥാനങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തുവാൻ തുടങ്ങിയിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയവും ഈ മേഖലയിലെ മാറ്റങ്ങളും കണക്കിലെടുത്തുകൊണ്ട് കേന്ദ്രത്തിലെ ഭരണകക്ഷി അവരുടെ താൽപര്യങ്ങൾക്കനുസൃതമായി സ്‌കൂളുകളിലെ സിലിബസ് പരിഷ്‌കരണവും ആരംഭിച്ചിട്ടുണ്ട്.

നമ്മുടെ രാജ്യത്ത് നിലവിലുള്ളതും ഈ രാജ്യത്തെതന്നെ നിലനിർത്തിയിട്ടുള്ളവയുമാണ് മതേതരത്വം, ജനാധിപത്യം, ഫെഡറലിസം, പൗരത്വം, ദേശീയത, ചേരിചേരാനയം, മതേതരരാഷ്ട്രം തുടങ്ങിയവ. ആഗോളവത്കരണവും മതമൗലികവാദവും നമ്മുടെ രാജ്യത്ത് നിർഭാഗ്യവശാൽ ഇപ്പോൾ വളർന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് രാജ്യത്തെ വളർച്ചക്ക് വലിയ വിലങ്ങുതടിയായി മാറിയിട്ടുമുണ്ട്. ഇവയെല്ലാം ഇപ്പോൾ സി.ബി.എസ്.ഇയുടെ 10, 11, 12 എന്നീ ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ലോകത്തെ ഏകാധിപതികളായ ചില ഭരണാധികാരികൾ പാഠപുസ്തകങ്ങളിൽ സ്വന്തം താൽപര്യാനുസരണം മാറ്റം വരുത്താൻ തയാറായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. മോദി സർക്കാരും പാഠപുസ്തകങ്ങളിൽ കൈവച്ചിരിക്കുകയാണ്.

ചില സംസ്ഥാനങ്ങളും സ്‌കൂൾ സിലബസിൽ മൗലികമായ മാറ്റം വരുത്താൻ തുടങ്ങിയിട്ടുണ്ട്. കർണാടകത്തിൽ പത്താം ക്ലാസിലെ പുതിയ സാമൂഹ്യപാഠം പുസ്തകത്തിൽ നിന്ന് ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള നവോത്ഥാന നായകരെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്. പത്താം ക്ലാസ് കന്നട പാഠപുസ്തകത്തിൽ ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്‌ഗെവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയതിൽ വിവാദം കനക്കുമ്പോഴാണ് സാമൂഹ്യപാഠ പുസ്തകത്തിൽ നവോത്ഥാന നായകരെ ഒഴിവാക്കിയ വിവരം പുറത്തുവരുന്നത്.

ഏറ്റവും ഒടുവിൽ ഗുജറാത്തിലാണ് സ്‌കൂൾ സിലബസിൽ ഭരണകക്ഷിയുടെ രാഷ്ട്രീയ നിലപാടിന് അനുസരിച്ച വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഗുജറാത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന് ഗുജറാത്ത് വംശഹത്യയേയും അടിയന്തിരാവസ്ഥയേയും കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്തത് വലിയ വിവാദമായിരിക്കുന്നു. ഗുജറാത്ത് കലാപസമയത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി പറഞ്ഞ വാക്കുകൾ ഉൾപ്പെടെയാണ് നീക്കം ചെയ്തിരിക്കുന്നത്. ഭരണാധികാരി പ്രജകൾക്ക് നേരെ ജാതി, മത, വംശീയ വിവേചനം കാണിക്കാൻ പാടില്ലെന്ന് വാജ്‌പേയ് അന്ന് പ്രസ്താവിച്ചിരുന്നു. കുട്ടികളുടെ പഠനഭാരം ലഘൂകരിക്കാനാണ് ഈ നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. ചരിത്ര പാഠപുസ്തകത്തിൽനിന്ന് മുഗൾ സാമ്രാജ്യം, അടിയന്തരാവസ്ഥ, വ്യവസായ വിപ്ലവം, ദലിത് എഴുത്തുകാരുടെ കവിതകൾ എന്നിവയും നീക്കിയിട്ടുണ്ട്.

നീതീകരണമില്ലാത്ത സിലബസ് പരിഷ്‌കാരങ്ങൾ യഥാർഥത്തിൽ നമ്മുടെ രാജ്യത്തെ മതേതരത്വത്തിനും ജനാധിപത്യത്തിനും നേരെയുള്ള വെല്ലുവിളിയാണ്. രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യവും മതേതരത്വവും ഫെഡറലിസവുമെല്ലാം നമ്മുടെ ഭരണഘടനയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഭരണഘടനാപരമായിട്ടുള്ള അവകാശങ്ങളാണ് ഇവയെല്ലാം. ഇത് പഠിക്കാനുള്ള വിദ്യാർഥികളുടെ അവകാശം നിഷേധിക്കുക എന്നാൽ ഭരണഘടനയെ വെല്ലുവിളിക്കലാണ്. ഭരണഘടന തന്നെ മാറ്റിയെഴുതാൻ ശ്രമം തുടങ്ങിയിട്ടുള്ള ഭരണകക്ഷിക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ലായിരിക്കും.

സി.ബി.എസ്.ഇ സിലബസിൽ മാറ്റം വരുത്തിയ കേന്ദ്രസർക്കാരിന്റെ നടപടിയെ മാതൃകയാക്കിയാണ് ഗുജറാത്ത് സർക്കാർ സ്‌കൂൾ സിലബസിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഭരണകക്ഷിയുടെ താൽപര്യം മാത്രം സ്‌കൂൾ സിലബസിൽ മതിയെന്നുള്ള സമീപനത്തിലാണ് ഭരണനേതൃത്വം എത്തിയിരിക്കുന്നത്. എന്തായാലും രാജ്യത്തെ പുതിയ തലമുറക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.