കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്
9846159481
കമ്യൂണിസ്റ്റുകാർ വിദേശ മൂലധനത്തിന് എതിരായിരുന്നെന്നും ഇപ്പോൾ പാർട്ടി നയിക്കുന്ന സംസ്ഥാന സർക്കാർ വിദേശ മൂലധനം സ്വീകരിക്കുന്നത് മഹാപാതകമാണെന്നുമൊക്കെ കോൺഗ്രസുകാരും ബൂർഷ്വാ മാധ്യമങ്ങളും വിവരമില്ലാത്തതുകൊണ്ട് പറയുന്നതാണ്. വിവരമില്ലായ്മയാണല്ലോ അവരുടെ മൂലധനം. അവർക്കൊന്നും വിവരമില്ലെന്ന് നായനാർ സഖാവ് പണ്ടേ പറഞ്ഞതാണ്.
രണ്ടു വിദേശികൾ ചേർന്ന് എഴുതിയ മൂലധനം എന്ന ഗ്രന്ഥമാണ് കമ്യൂണിസ്റ്റുകാരുടെ അടിസ്ഥാനപ്രമാണം. കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രധാനപ്പെട്ട ഓഫിസുകളുടെ ഗ്രന്ഥശേഖരങ്ങളില്ലെല്ലാം ആ വിദേശ മൂലധന നിക്ഷേപം കാണാം. അതുകൊണ്ടു തന്നെ പാർട്ടി ഭരിക്കുമ്പോൾ വിദേശ മൂലധന നിക്ഷേപം സ്വീകരിക്കുന്നത് വലിയ അപരാധമൊന്നുമല്ല.
അതുപോലെ തന്നെയാണ് വിദേശ വായ്പയും. തിടുക്കം വന്നാൽ ആരും വായ്പ വാങ്ങും. അതു തരുന്നവർ സ്വദേശിയോ വിദേശിയോ എന്നൊന്നും നോക്കേണ്ട കാര്യമില്ല. കാശുള്ളവർക്കല്ലേ വായ്പ തരാൻ പറ്റൂ. പണ്ടേതോ കാലത്ത് പാർട്ടി വിദേശ മൂലധനത്തെയും വിദേശ വായ്പയെയുമൊക്കെ എതിർത്തിരുന്നു എന്നത് നേരാണ്. ഇവിടെ വായ്പ തരാൻ വേണ്ടി വന്ന എ.ഡി.ബി എന്ന അന്താരഷ്ട്ര ബ്ലേഡ് കമ്പനിക്കാരുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ചതും നേരാണ്. അത് കോൺഗ്രസ് ഭരിക്കുന്ന കാലമായിരുന്നല്ലോ. കോൺഗ്രസുകാർ വായ്പ വാങ്ങിയാൽ മര്യാദയ്ക്ക് തിരിച്ചുകൊടുക്കില്ലെന്ന് ആർക്കാണറിയാത്തത്. അവർ കണ്ട വിദേശികളോടൊക്കെ കടം വാങ്ങി തിരിച്ചുകൊടുക്കാതിരുന്നാൽ ഈ നാടിനു തന്നെ നാണക്കേടുണ്ടാകുമെന്നു കരുതിയാണ് ബ്ലേഡ് കമ്പനിക്കാരെ ഓടിച്ചത്.
അതുപോലെ പണ്ട് സ്വകാര്യ വിദ്യാലയങ്ങളെയും വിദ്യാഭ്യാസ മേഖലയിലെ വിദേശ മൂലധന നിക്ഷേപത്തെയും എതിർത്തിരുന്ന പാർട്ടി ഇപ്പോൾ ഭരണത്തിലിരിക്കുമ്പോൾ അതിനെയൊക്കെ സ്വീകരിക്കുന്നതിലും തെറ്റൊന്നുമില്ല. അന്ന് അതുപോലുള്ള വിദ്യാലയങ്ങളിൽ മക്കളെ ചേർത്തു പഠിപ്പിക്കാനുള്ള പാങ്ങ് ബഹുഭൂരിപക്ഷം പാർട്ടി പ്രവർത്തകർക്കോ അനുഭാവികൾക്കോ ഉണ്ടായിരുന്നില്ല. നേതാക്കളിലും കാശുള്ളവർ കുറവായിരുന്നു. അന്ന് അതൊക്കെ സമ്മതിച്ചുകൊടുത്താൽ കാശുള്ള കോൺഗ്രസുകാരുടെ മക്കൾ അവിടെയൊക്കെ ചേർന്ന് പഠിച്ച് വലിയ ഉദ്യോഗങ്ങളിലെത്തും. അത് അനുവദിക്കരുതല്ലോ. സമത്വമാണ് പാർട്ടിയുടെ മുദ്രാവാക്യം. ഇപ്പോൾ അതിനൊക്കെയുള്ള സാമ്പത്തികശേഷിയുള്ളവർ പാർട്ടിയിൽ ധാരാളമുണ്ട്. അതുകൊണ്ട് ഇനി അതൊക്കെ വന്നോട്ടെ എന്നാണ് ഇപ്പോൾ പാർട്ടിയുടെ നിലപാട്.
ഈ നിലപാട് അത്ര പുതിയതൊന്നുമല്ല. കുറച്ചുകാലമായി സ്വീകരിച്ചുപോരുന്നതാണ്. എന്നാൽ അതൊക്കെ ചെയ്യുമ്പോഴും പരസ്യമായി സമ്മതിച്ചുകൊടുക്കാറുണ്ടായിരുന്നില്ല. ഒരുകാലത്ത് പാർട്ടി കൊണ്ടുനടക്കുകയും വലിയ ഭാരമാണെന്നു തോന്നിയപ്പോൾ കളയുകയും ചെയ്ത വിപ്ലവത്തെ ചുമന്നുനടക്കുന്ന കുറച്ചാളുകൾ ഇന്നും നാട്ടിലുണ്ട്. അവർ പണ്ടെന്നോ പാർട്ടി പറഞ്ഞ കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി വലതുപക്ഷ വ്യതിയാനമെന്നും തിരുത്തൽവാദമെന്നുമൊക്കെ ആരോപിച്ചുകൊണ്ടിരിക്കും. ഇക്കാലത്തും വിപ്ലവം മഹാ സംഭവമാണെന്ന് ധരിച്ചുവച്ച ചുരുക്കം ചില വിഡ്ഢികൾ പാർട്ടിയിലുമുണ്ട്. ആരോപണം കേട്ട് അവരിൽ എന്തെങ്കിലുമൊക്കെ തരത്തിലുള്ള ഇളക്കമുണ്ടാകും. അതൊഴിവാക്കാനാണ് സംസ്ഥാന സമ്മേളനത്തിൽ ഒരു രേഖ കൊണ്ടുവന്ന് ചർച്ച ചെയ്ത് പാസാക്കിയെടുത്തത്.
പാർട്ടി സഖാക്കൾക്ക് ഒരു പ്രത്യേകതയുണ്ട്. രേഖയെന്നും പ്രമേയമെന്നുമൊക്കെ പറഞ്ഞാൽ എന്തോ മഹാ സംഭവമാണെന്നാണ് അവർ കരുതുന്നത്. അങ്ങനെ എന്തെങ്കിലുമൊക്കെ ചർച്ച ചെയ്ത് പാർട്ടി അംഗീകരിച്ചെന്നു പറഞ്ഞാൽ അവരത് കണ്ണും പൂട്ടി സ്വീകരിച്ചോളും. ഇത്ര അനുസരണശീലമുള്ള മനുഷ്യരെ അണികളായി കിട്ടാത്തത് കോൺഗ്രസിന്റെ ഭാഗ്യക്കേടാണ്. അതിന് അസൂയപ്പെട്ടിട്ടു കാര്യമില്ലല്ലോ.
പിന്നെ പണ്ട് കോൺഗ്രസ് പറഞ്ഞിരുന്നതും ചെയ്തിരുന്നതുമായ കാര്യങ്ങളൊക്കെ ഇപ്പോൾ പാർട്ടി ചെയ്യുന്നു എന്നും കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസായി മാറുന്നു എന്നുമൊക്കെ കുറ്റംപറയുന്ന ചിലരുണ്ട്. അതൊരു കുറ്റമൊന്നുമല്ല. വിപ്ലവത്തിന്റെ ചില ഘട്ടങ്ങളിൽ കോൺഗ്രസായും മാറേണ്ടിവരും. അത് ലെനിന്റെ കാലം മുതൽ തന്നെയുള്ള തീരുമാനമാണ്. അതുകൊണ്ടല്ലേ ലോകത്തെങ്ങും കമ്യൂണിസ്റ്റ് പാർട്ടികൾ സമ്മേളനത്തിന് ‘പാർട്ടി കോൺഗ്രസ്’ എന്ന് പേരിട്ടത്. അതറിയാത്തവർ കണ്ണുതുറന്ന് ചുറ്റും നോക്കിയാൽ മതി. അടുത്ത മാസം നടക്കാൻ പോകുന്ന പാർട്ടിയുടെ ദേശീയ സമ്മേളന ബോർഡുകളിൽ 23ാം പാർട്ടി കോൺഗ്രസ് എന്ന് എഴുതിവച്ചിരിക്കുന്നതു കാണാം.
അല്ലെങ്കിലും പാർട്ടി കോൺഗ്രസായി മാറേണ്ട ഒരു സുപ്രധാന ചരിത്ര മൂഹൂർത്തമാണിത്. ഇവിടുത്തെ കോൺഗ്രസുകാരെ ഒന്നിനും കൊള്ളാതായിട്ടുണ്ട്. അവർ അങ്ങനെയായാൽ പിന്നെ നാടിനൊരു കോൺഗ്രസ് വേണ്ടേ. ചരിത്രപരമായ ആ വിപ്ലവ കടമ പാർട്ടി നിർവഹിക്കുന്നു എന്ന് കരുതിയാൽ മതി.
കവികളോട് കളിക്കരുത്
കവികളുടെ ഹൃദയങ്ങൾ എങ്ങനെയൊക്കെ സഞ്ചരിക്കുമെന്ന് നമ്മളെപ്പോലുള്ള സാധാരണക്കാർക്ക് അത്ര പെട്ടെന്നൊന്നും പിടികിട്ടില്ല. അതുകൊണ്ടാണല്ലോ നമ്മളൊന്നും കവികളാകാത്തത്. കവിഹൃദയങ്ങൾ ചിലപ്പോൾ ചിരിക്കും. ചിലപ്പോൾ തേങ്ങും. ചിലപ്പോൾ അതിനിഗൂഢമായ വഴികളിലൂടെ സഞ്ചരിച്ചെന്നും വരും.
കവികൾ വിപ്ലവകാരികൾ കൂടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. അവർ സ്വീകരിക്കുന്ന വിപ്ലവതന്ത്രങ്ങൾ മറ്റുള്ളവർക്ക് ചിന്തിക്കാവുന്നതിനും എത്രയോ അപ്പുറമായിരിക്കും. ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകവി പാബ്ലോ നെരൂദ പണ്ട് ഒളിവുജീവിതകാലത്ത് സ്വീകരിച്ച തന്ത്രങ്ങളിലൂടെ ഭരണകൂടത്തെയും സാമ്രാജ്യത്വ ഏജന്റുമാരെയുമൊക്കെ വട്ടംകറക്കിയിട്ടുണ്ട്.
കേരളത്തിന്റെ നെരൂദ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവകവി ജി. സുധാകരനും അങ്ങനെയൊക്കെയാണ്. കുറച്ചുകാലമായി സുധാകരനിലെ കവിഹൃദയം പാർട്ടിയിലെ ചില പ്രശ്‌നങ്ങളോർത്ത് തേങ്ങുകയാണ്. ആലപ്പുഴയിലെ ചില പ്രശ്‌നങ്ങൾ കവിഹൃദയത്തെ ചെറുതായൊന്നുമല്ല മുറിവേൽപ്പിച്ചത്. അതിന്റെ പേരിലുണ്ടായ പുകിലുകൾ പാർട്ടിയിലെ ചിലരെ കവിയുടെ ശത്രുക്കളാക്കി മാറ്റിയിട്ടുമുണ്ട്.
ഈ സന്ദർഭത്തിലാണ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം വരുന്നത്. 75 വയസ്സ് കഴിഞ്ഞവരെ ഉയർന്ന കമ്മിറ്റികളിലൊന്നും ഇരുത്തേണ്ടതില്ലെന്നും എന്നാൽ അനിവാര്യരായ ചിലരെ പ്രത്യേക പരിഗണന നൽകി തുടരാനനുവദിക്കാമെന്നും പാർട്ടി നേരത്തെ തീരുമാനമെടുത്തിട്ടുണ്ട്. സുധാകരൻ 75 കഴിഞ്ഞയാളാണെങ്കിലും കേരളത്തിലെ ഒരേയൊരു വിപ്ലവകവിയെന്ന പരിഗണന നൽകി വേണമെങ്കിൽ തുടരാൻ അനുവദിക്കാവുന്നതാണ്.
എന്നാൽ പാർട്ടിയിലെ ചില ശത്രുക്കൾ പാരപണിയുന്നത് കവി നേരത്തെ തന്നെ അറിഞ്ഞിരുന്നു. മാത്രമല്ല തന്നെ ഒഴിവാക്കി കവിത്വം തൊട്ടുതീണ്ടാത്ത, 75 പിന്നിട്ട ചിലർ പ്രത്യേക പരിഗണനയുടെ ബലത്തിൽ സംസ്ഥാന കമ്മിറ്റിയിൽ തുടരുമെന്ന സൂചന ലഭിക്കുകയുമുണ്ടായി. അതങ്ങനെ വിട്ടുകൊടുക്കരുതെന്ന് സുധാകരന് തോന്നുന്നത് ഒരു കുറ്റമല്ലല്ലോ.
ഒരുമുഴം മുമ്പേ എറിയുന്നതിൽ പണ്ടേ മിടുക്കരാണ് കവികൾ. തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പാർട്ടി നേതൃത്വത്തിന് ഒരു കത്തു നൽകി. അതങ്ങ് പരസ്യപ്പെടുത്തുകയും ചെയ്തു. ആ കത്തിന് രണ്ടു ഫലങ്ങളാണുണ്ടായത്. അധികാരമോഹമില്ലാത്ത നേതാവെന്ന പരിവേഷം കവിക്കു കിട്ടി. അദ്ദേഹം ഇങ്ങനെ പരസ്യമായി പറഞ്ഞ സാഹചര്യത്തിൽ 75 വയസ്സു കഴിഞ്ഞ മറ്റു ചിലരെ എത്ര വലിയ ആനത്തലയുണ്ടായാലും തുടരാനനുവദിക്കുന്നത് ഗുണകരമാവില്ലെന്ന് നേതൃത്വത്തിനു തോന്നി. അങ്ങനെ മാത്രമല്ല ചുളുവിൽ പരിഗണന വാങ്ങി നേതൃത്വത്തിൽ തുടരാൻ കരുനീക്കിയിരുന്ന ചിലരും പുറത്തായി. പ്രത്യേക പരിഗണന കിട്ടിയത് മുഖ്യമന്ത്രിക്കു മാത്രം.
കവികളോടാണോ ഇവരുടെയൊക്കെ കളി.
Comments are closed for this post.