ജലീൽ അരൂക്കുറ്റി
ആലപ്പുഴ
ലക്ഷദ്വീപ് ജനതയ്ക്ക് ഇന്ത്യ റിസർവ് ബറ്റാലിയനിലുണ്ടായിരുന്ന സംവരണതോത് വെട്ടിക്കുറച്ച് അഡ്മിനിസ്‌ട്രേറ്റർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കുള്ള പ്രത്യേക സേനയായ ഐ.ആർ.ബിയിൽ 50 ശതമാനം ദാദ്ര നാഗർ ഹവേലി ആൻഡ് ദാമൻ ദ്യൂ വിലെ ജനങ്ങൾക്കും 50 ശതമാനം ലക്ഷദ്വീപ് നിവാസികളിൽ നിന്നുമാണ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്.
ഈ സംവരണ തോതിൽ മാറ്റംവരുത്തുകയായിരുന്നു. ലക്ഷദ്വീപ് നിവാസികൾക്ക് പത്തു ശതമാനം മാത്രമാക്കിയാണ് പുതിയ തോത് നിശ്ചയിച്ചിരിക്കുന്നത്. 2021 ഡിസംബർ 13ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി ഐ.ആർ.ബി കമാൻഡന്റിന് പ്രത്യേക നിർദേശം നൽകി. 2011ലെ ജനസംഖ്യ അനുസരിച്ച് ലക്ഷദ്വീപിലെ ജനങ്ങളേക്കാൾ കൂടുതൽ ജോലിക്ക് അർഹർ മറ്റു ദ്വീപുകളിലുള്ളവരാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലക്ഷദ്വീപിലെ ജോലിസാധ്യത ഇല്ലാതാക്കിയിരിക്കുന്നത്. ഇരു കേന്ദ്രഭരണ പ്രദേശങ്ങളുടെയും അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലായതിനാൽ നിർദേശവും തീരുമാനവും അംഗീകരിക്കപ്പെടുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കുമ്പോൾ പി.എം സഈദ് മുൻകൈയെടുത്താണ് ലക്ഷദ്വീപിന്റെ പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക സേനയിൽ 50 ശതമാനം സംവരണം ലക്ഷദ്വീപ് നിവാസികൾക്ക് നൽകിയത്.
Comments are closed for this post.