2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

പാലായില്‍  ഉറ്റിവീണ വിഷം


 
 
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം മുസ്‌ലിം സമുദായത്തിനെതിരേ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ പാലായിലെ വീഞ്ഞില്‍ കലര്‍ന്ന വിഷമായിട്ടു മാത്രമേ കാണാനാകൂ. ലൗ ജിഹാദിനൊപ്പം നാര്‍കോട്ടിക്ക് ജിഹാദും കേരളത്തില്‍ നടക്കുന്നുണ്ടെന്നും കാതോലിക്ക യുവാക്കളില്‍ മയക്കുമരുന്നു വ്യാപകമാക്കാന്‍ ഗൂഢ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും മുസ്‌ലിം അല്ലാത്തവരെ ഇല്ലാതാക്കണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യമെന്നും തുടങ്ങി നിരവധി അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ബിഷപ്പില്‍ നിന്നുണ്ടായത്. വിശുദ്ധ അള്‍ത്താരയില്‍ നിന്നുകൊണ്ടാണ് താന്‍ എഴുതിക്കൊണ്ടുവന്ന വര്‍ഗീയ വിഷം വമിക്കുന്ന കടലാസ് വായിക്കുന്നതെന്ന ബോധം ഉന്നത പദവിയിലിരിക്കുന്ന ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ അലട്ടിയതേയില്ല.
 
എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വിഷലിപ്ത വാചകങ്ങള്‍ ബിഷപ്പ് ക്രിസ്ത്യാനികളുടെ പരിശുദ്ധ ദിനമായ എട്ടാം നോമ്പ് തിരുനാളില്‍ പുറത്തേക്കുവിട്ടത്. കാതോലിക്ക യുവതി, യുവാക്കള്‍ മയക്കുമരുന്നിന് അടിമകളാകുന്നുണ്ടെങ്കില്‍ പൗര പ്രമുഖരുടെയും പള്ളിയുമായി ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. അതിന് മുന്‍പ് വിഷലിപ്ത കടലാസ് വായിക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്. ഇവിടെ ജോസഫ് കല്ലറങ്ങാട്ട് കാതോലിക്ക സഭയിലെ പ്രധാനികളുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്തതായി അറിവില്ല.
 
നാര്‍കോട്ടിക് ജിഹാദ് എന്ന പുതിയ പദാവലി പ്രയോഗിച്ച് ഒരു പുത്തന്‍ അപരവല്‍ക്കരണ ആയുധം കൊണ്ടുവന്നത് യാദൃച്ഛികമായി കാണാനാകില്ല. സംസ്ഥാനത്തെ പരമോന്നത പൊലിസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിഞ്ഞപ്പോള്‍ പൊട്ടിച്ചുപോയ വെടിയുടെ ആഘാതം ഇപ്പോഴും വിട്ട് മാറിയിട്ടില്ല. സകല സന്നാഹങ്ങളും ഉപയോഗിച്ച് ഭൂതക്കണ്ണാടി വച്ച് നോക്കിയിട്ടും തന്റെ കാലത്ത് കണ്ടെത്താന്‍ കഴിയാത്ത ഒരു കല്‍പിത ആയുധത്തെയാണ് വിദഗ്ധമായി ബെഹ്‌റ പ്രയോഗിച്ചത്. നിരുത്തരവാദപരമായ പ്രസ്താവനയോട് അന്ന് അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുകയായിരുന്നു സര്‍ക്കാരും. പ്രശ്‌നം ഉണ്ടാകുന്ന സമയത്ത് രാഷ്ട്രീയ ദുഷ്ടലാക്കോടെ കാണിക്കുന്ന മൗനത്തിന് കേരളം നല്‍കേണ്ടി വരിക വലിയ വിലയാണെന്ന് ഭരണാധികാരികള്‍ ഓര്‍ക്കുന്നത് നന്ന്.  മദ്‌റസാ അധ്യാപകരുടെയും സംവരണത്തിന്റെയും വിഷയമുയര്‍ത്തി സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്ക് അനര്‍ഹമായി എന്തൊക്കെയോ നല്‍കുന്നു എന്ന പ്രതീതി ഉയര്‍ത്തി കൃസംഘികള്‍ അഴിഞ്ഞാടിയപ്പോള്‍ അവര്‍ക്ക് വളം നല്‍കുന്ന രൂപത്തില്‍ മൗനം പാലിച്ചത് ചെറിയ പ്രശ്‌നങ്ങളൊന്നുമല്ല കേരളത്തിലെ സാമൂഹികാന്തരീക്ഷത്തില്‍ സൃഷ്ടിച്ചതെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും ആവശ്യമില്ല.
 സംഘ്പരിവാരില്‍ നിന്നും ഫ്രാങ്കോമാരേയും കള്ള പ്രമാണമുണ്ടാക്കി ഭൂമി ഇടപാട് നടത്തിയ കര്‍ദിനാള്‍മാരേയും രക്ഷിച്ചെടുക്കാന്‍ ഒരു സമുദായത്തിനു മേല്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല വേണ്ടത്. നിരന്തരമായി വര്‍ഗീയ വിഷമാലിന്യങ്ങള്‍ പുറന്തള്ളുന്ന ഫാദര്‍ ജോസഫ് കല്ലറങ്ങാട്ട്, ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ എന്നിവരെ ക്രിസ്ത്യന്‍ സമൂഹം തിരിച്ചറിയണം.
 
മുസ്‌ലിം ജനസംഖ്യയെ മറികടക്കാന്‍ നാലിലേറെ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് സഹായ വാഗ്ദാനവുമായി രംഗത്ത് വന്നതും ഇതേ ബിഷപ്പ് കല്ലറങ്ങാട്ട് തന്നെയായിരുന്നു. ബിഷപ്പിന്റെ ജനസംഖ്യാ വര്‍ധന ഫോര്‍മുല ക്രിസ്ത്യന്‍ സമൂഹം തള്ളിക്കളഞ്ഞപ്പോള്‍  നാര്‍കോട്ടിക്ക് ജിഹാദ് നമ്പരുമായി ഇറങ്ങിയിരിക്കുകയാണ് പാലാ ബിഷപ്പ് എന്ന് പറയപ്പെടുന്ന മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഭൂമി കുംഭകോണ കേസിലെ പ്രതിയായ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി കേരളത്തില്‍ ഇല്ലാത്ത ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അതിന്റെ വാലുപിടിച്ചായിരുന്നു ജോസഫ് കല്ലറങ്ങാട്ട് ജനസംഖ്യാ വര്‍ധന പദ്ധതിയുമായി വന്നിരുന്നത്. തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനായി വര്‍ഗീയത വൃത്തികെട്ട രീതിയില്‍ തുറന്നുവിടുന്ന ബിഷപ്പുമാരെയും കര്‍ദിനാള്‍മാരെയും ചോദ്യംചെയ്യേണ്ടത് ക്രിസ്ത്യന്‍ മത വിശ്വാസികളാല്‍ തന്നെയാണ്.
 
ഇസ്‌ലാമോഫോബിയ, മുസ്‌ലിം വിരുദ്ധത, മതസ്പര്‍ധ തുടങ്ങിയ കാര്യങ്ങള്‍ യാതൊരു മറയും സങ്കോചവുമില്ലാതെ പരിശുദ്ധ അള്‍ത്താരയില്‍ വച്ച് പ്രസംഗിച്ച മാര്‍ ജോസഫ് കല്ലറങ്ങാട്ടിനോട് അദ്ദേഹം ആരോപിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം. അതല്ല ഇരു വിഭാഗം മതവിശ്വാസികളില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ബിഷപ്പ് ബോധപൂര്‍വം നടത്തിയ നീച നീക്കമാണ് കഴിഞ്ഞ ദിവസത്തെ അള്‍ത്താരയിലെ പ്രസംഗമെങ്കില്‍ അയാളെ അറസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റമാണ് ആഭ്യന്തര വകുപ്പിന്റേയും കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നുണ്ടാകേണ്ടത്. തെളിവുകളുടെ പിന്‍ബലമില്ലാതെ കള്ളങ്ങള്‍ വിളിച്ച് പറഞ്ഞ് സമൂഹത്തെ വിഭജിക്കുന്ന ഇടപെടലുകള്‍ ക്രിമിനല്‍ കുറ്റമാണെന്ന് അറിയാന്‍ സര്‍ക്കാരിന് പ്രത്യേക നിയമോപദേശമൊന്നും ലഭിക്കേണ്ടതില്ലല്ലോ. ഇത്തരം വര്‍ഗീയ വിഷപ്പാമ്പുകള്‍ക്കെതിരേ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നില്ലെങ്കില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകള്‍ ദേവാലയങ്ങളിലെ അള്‍ത്താരകളില്‍ നിന്നു ഇനിയും പുറത്തേക്കൊഴുകി കൊണ്ടിരിക്കും. അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇത്തരത്തിലുള്ള പൗരോഹിത്യത്തിനെതിരേ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും അതുണ്ടാക്കുക.
 
 മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രസ്താവനയില്‍ വിഷയം ഒതുക്കാതെ ഗൗരവത്തില്‍ വിഷയത്തെ സമീപിക്കണം. പാലാ രൂപതയ്ക്ക് പിന്നാലെ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് പോളി കണ്ണൂക്കാടനും  ഇത്തരം പരാമര്‍ശം നടത്തിയത് ആസൂത്രിതമായിത്തന്നെ കാണണം. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പാലാ ബിഷപ്പിനെതിരേ രംഗത്ത് വന്നത് സ്വാഗതാര്‍ഹമാണ്. സ്വന്തം സമുദായത്തിലെ തെറ്റായ പ്രവണതകള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ ആ സമുദായത്തിലെ ബോധവാന്മാര്‍ തന്നെ രംഗത്തിറങ്ങലാണ് അഭികാമ്യം.
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.