2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഫേസ്ബുക്ക് ലൈക്ക് മന്ത്രിമാരിൽ റിയാസ് ഒന്നാമത്, ചിഞ്ചുറാണി ഏറ്റവും പിന്നിൽ

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം
മന്ത്രിമാരുടെ ഫേസ്ബുക്ക് പേജ് ലൈക്കിൽ മുന്നിൽ ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നുമാത്രം. പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. മന്ത്രിസഭയിലെ യുവത്വവും ഡി.വൈ.എഫ് അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രണ്ടാം പിണറായി സർക്കാരിൽ പ്രധാനപ്പെട്ട രണ്ടു വകുപ്പുകളിലൂടെ ശ്രദ്ധേയനുമാകുന്ന റിയാസിനെ ഫേസ്ബുക്കിൽ പിന്തുടരുന്നവർ ഏറെയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ലൈക്കിൽ ആധിപത്യം നിലനിർത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിന് ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 13,61,234 ലൈക്ക് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് കൂടിയായ മുഹമ്മദ് റിയാസിന്റെ പേജിൽ 4,89,346 പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. 3,81,815 പേരുടെ ലൈക്കുമായി ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് മൂന്നാമത്. സി.പി.ഐ പ്രതിനിധിയായ മന്ത്രി ചിഞ്ചുറാണിയാണ് ലൈക്കിൽ പിന്നിൽ. 5,694 പേർ മാത്രമാണ് ലൈക്ക് ചെയ്തത്.

സോഷ്യൽ മീഡിയയിലെ അവരവരുടെ പേജുകളുടെ ലൈക്ക് ഉയർത്തണമെന്നും വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ ഉടൻ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി മന്ത്രിമാർക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ്. തങ്ങളുടെ പേജിന്റെ ലൈക്ക് വർധിപ്പിക്കാൻ മന്ത്രിമാർ പി.ആർ ടീമിനെ ഇറക്കിയിട്ടുണ്ടെന്നും അണിയറയിൽ ആക്ഷേപം ഉയരുന്നുണ്ട്.

മറ്റു മന്ത്രിമാരും ഫേസ്ബുക്ക് ലൈക്ക്: പി. രാജീവ് – 2,36,885, ശിവൻകുട്ടി- 1,16,000, കെ. രാധാകൃഷ്ണൻ- 1,09, 831, സജി ചെറിയാൻ- 1,05,450, കെ. രാജൻ- 94,880, വി. അബ്ദുറഹ് മാൻ – 92,825, ആന്റണി രാജു- 88,418, ഗോവിന്ദൻ മാസ്റ്റർ- 85,010, ബാലഗോപാൽ- 75,414, വി.എൻ വാസവൻ- 40,945, ആർ. ബിന്ദു- 39,565, പി. പ്രസാദ്- 39,430, റോഷി അഗസ്റ്റിൻ- 35,962, അഹമ്മദ് ദേവർകോവിൽ- 26,397, കെ. കൃഷ്ണൻകുട്ടി- 21,695, എ.കെ ശശീന്ദ്രൻ- 22,000, ജി.ആർ അനിൽ- 20,553.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.