2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സംവരണ അട്ടിമറി അവസാനിപ്പിക്കണം

കെ. കുട്ടി അഹമ്മദ് കുട്ടി

 

ആരുടെയെങ്കിലും ഔദാര്യത്താല്‍ ലഭിച്ചതോ, വഴിയില്‍നിന്ന് വീണുകിട്ടയതോ അല്ല സംവരണ ആനുകൂല്യം. വഴിനടക്കാന്‍, ക്ഷേത്രപ്രവേശനം ലഭ്യമാകാന്‍ വന്‍ സമരങ്ങള്‍ തന്നെ വേണ്ടിവന്നു. പിന്നോക്ക വിഭാഗക്കാരെയും ദലിതുകളെയും മനുഷ്യരായി പോലും കാണാത്ത ഒരു കാലമാണ് കേരളം പിന്നിട്ടത്. നൂറ്റാണ്ടുകളായി അസ്പൃശ്യരാക്കി പൊതുധാരയില്‍നിന്നും പുറന്തള്ളപ്പെട്ട ദലിത്, പിന്നോക്ക സമൂഹങ്ങള്‍ നിരന്തരമായി സമര രംഗത്ത് നിലയുറപ്പിച്ചതിന്റെ ഫലമായാണ് സംവരണ ആനുകൂല്യങ്ങള്‍ ഈ പറഞ്ഞ വിഭാഗങ്ങള്‍ക്ക് ലഭിച്ചത്. അംബേദ്കര്‍, മഹാത്മാ ഫൂലേ എന്നിവരുള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കിയ സമരങ്ങളുടെ ഫലമായാണ് സംവരണമുണ്ടായത്. കേരളത്തില്‍ മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍, നിവര്‍ത്തന പ്രക്ഷോഭം എന്നിവയെ തുടര്‍ന്നാണ് പിന്നോക്ക വിഭാഗങ്ങള്‍ക്കും ദലിതര്‍ക്കും സംവരണം ലഭ്യമായത്.

മണ്ഡല്‍ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ 1991ലെ കേന്ദ്രഗവണ്‍മെന്റ് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ സുപ്രിംകോടതി അത് റദ്ദ് ചെയ്തു. ഈ വിധിയുടെ (ഇന്ദിരാ സാഹ്നി കേസ്) അടിസ്ഥാനത്തിലാണ് സംവരണം 50 ശതമാനമായി പരിമിതപ്പെടുത്തിയത്. മണ്ഡല്‍ കമ്മിഷന്‍ പ്രകാരമാണ് 27 ശതമാനമായി കേന്ദ്രസര്‍വിസില്‍ സംവരണം നിജപ്പെടുത്തിയത്. നിലവില്‍ 80 ശതമാനത്തോളം വരുന്ന പിന്നോക്കക്കാര്‍ക്ക് 50 ശതമാനം കൊണ്ട് തൃപ്തിപ്പെടണം. 20 ശതമാനം മുന്നോക്കക്കാര്‍ക്ക് 10 ശതമാനത്തിന് അര്‍ഹത. ഇത് അനീതിയല്ലെങ്കില്‍ പിന്നെയെന്താണ്. സവര്‍ണാധിപത്യത്തിന്റെ വക്താക്കള്‍ പിന്നോക്കക്കാര്‍ സര്‍വിസില്‍ കയറുന്നതിന് ശക്തമായി എതിര്‍ത്തിട്ടുണ്ട്. ജുഡീഷ്യറി ഉള്‍പ്പെടെയുള്ള ഉന്നത വകുപ്പുകളിലും തസ്തികകളിലും സംവരണം ഇല്ലാതിരുന്നതും ഇവരുടെ ശ്രമഫലമാണ്. ഉന്നത ശാസ്ത്ര, സാങ്കേതിക വകുപ്പിലും സംവരണം പാടില്ലെന്ന് നിഷ്‌കര്‍ഷയുണ്ടായതും സവര്‍ണ ശക്തികളുടെ ഇച്ഛ പ്രകാരമായിരുന്നു. സംവരണത്തില്‍ ക്രീമിലെയര്‍ കൊണ്ടുവന്നത് സവര്‍ണാധിപത്യവാദികള്‍ നടത്തിയ നിയമ യുദ്ധങ്ങളുടെ പരിണിത ഫലമായിരുന്നു. ജുഡീഷ്യറിയുടെ പരോക്ഷ പിന്തുണ പലപ്പോഴും ഇക്കൂട്ടര്‍ക്കുണ്ടായിരുന്നു. ജുഡീഷ്യറിയില്‍ സംവരണം നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു.
കേശവാനന്ത ഭാരതി കേസില്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ മാറ്റാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നു വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക സംവരണം നടപ്പാക്കിയാല്‍ അതു ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ബോധത്തെ അട്ടിമറിക്കുക മാത്രമല്ല, നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യും. ജാതിയുടെ പേരില്‍ ന്യൂനപക്ഷമായതിന്റെ പേരില്‍ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയോടിക്കപ്പെട്ടവരെയാണ് ഭരണഘടന പിന്നോക്ക വിഭാഗങ്ങള്‍ എന്ന് നിര്‍വചിക്കുന്നത്. അതുകൊണ്ട് സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധവും കടുത്ത അനീതിയുമാണ്. ഇതിനെതിരേ പിന്നോക്ക, ദലിത് വിഭാഗങ്ങള്‍ ഒരുമിച്ചു പോരാടേണ്ടതുണ്ട്.

സംവരണത്തിനായി ശ്രമിച്ച മഹാത്മാക്കളുടെ ശ്രമഫലമായാണ് ഭരണഘടനയിലെ 15, 16 വകുപ്പുകള്‍ പ്രകാരം സംവരണം വ്യവസ്ഥ ചെയ്യപ്പെട്ടത്. സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയും അര്‍ഹമായ പ്രാതിനിധ്യം സര്‍വിസുകളില്‍ ലഭ്യമല്ലാതിരിക്കല്‍ എന്നിവയുമാണ് സംവരണ അര്‍ഹതക്കുള്ള മാനദണ്ഡം. എന്നാല്‍, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമായാണ് മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്തത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് നിലവിലുള്ള മെറിറ്റ് സീറ്റില്‍ പരമാവധി പത്ത് ശതമാനംവരെ സംവരണം നല്‍കാന്‍ ഭരണഘടന ഭേദഗതി ചെയ്ത നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത് തടയണമെന്നുള്ള ഹരജിയില്‍ സുപ്രിംകോടതിയില്‍ നിന്നും വിധി വരുന്നതിന് മുമ്പാണ് മുന്നോക്കക്കാര്‍ക്ക് അനുകൂലമായ കേരളത്തിന്റെ നീക്കം. മാത്രമല്ല, ഭരണഘടന ഭേദഗതിയില്‍ പറയുന്നതും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ളതും കേരള സര്‍ക്കാര്‍ നിയമിച്ച ശശിധരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതും മെറിറ്റ് സീറ്റില്‍ പരമാവധി 10 ശതമാനം വരെ സീറ്റുകള്‍ മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ചെയ്യണമെന്നതാണ്. എല്ലാ നിയമനങ്ങളിലും 50 ശതമാനം മെറിറ്റ് സീറ്റും 50 ശതമാനം സംവരണ സീറ്റുമാണ് (50 ശതമാനം സംവരണ സീറ്റില്‍ 40 ശതമാനം പിന്നോക്ക സമുദായങ്ങള്‍ക്കും 10 ശതമാനം പട്ടികജാതി, പട്ടിക വര്‍ഗങ്ങള്‍ക്കും). 50 ശതമാനം മെറിറ്റ് സീറ്റിന്റെ 10 ശതമാനം എന്നു പറഞ്ഞാല്‍ അഞ്ചു സീറ്റുകള്‍ മാത്രമേ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കാന്‍ പാടുള്ളൂ. അതിനു പകരം 100 ശതമാനം സീറ്റിന്റെയും 10 ശതമാനം എന്ന കണക്കില്‍ നൂറില്‍ 10 സീറ്റുകള്‍ വീതം അവര്‍ക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നു.

പ്ലസ്ടുവിന്റെ അലോട്ട്‌മെന്റില്‍ മുന്നോക്കക്കാര്‍ക്ക് യഥാര്‍ഥത്തില്‍ അവകാശപ്പട്ടതിന്റെ ഇരട്ടി സീറ്റിലേക്ക് അലോട്ട്‌മെന്റ് നടത്തിയിരിക്കുകയാണ്. അതില്‍ പകുതിയിലധികം സീറ്റുകള്‍ ഇപ്പോഴും ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു. ഇതുമൂലം പിന്നോക്ക, ദലിത് വിഭാഗങ്ങളിലെ നിരവധി കുട്ടികള്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെട്ടു. ഇത് കൊടുംചതിയാണ്. ഇനി മെഡിക്കല്‍-എന്‍ജിനീയറിങ് കോഴ്‌സുകളിലും മറ്റിതര കോഴ്‌സുകളിലും മാത്രമല്ല, പി.എസ്.സി നിയമനങ്ങള്‍ ഉള്‍പ്പെടെ കേരള സര്‍ക്കാരിന്റെ എല്ലാ നിയമനങ്ങളിലും അശാസ്ത്രീയമായ ഈ തത്ത്വമാണ് നടത്താന്‍ പോകുന്നത്. നീറ്റിന്റെ റിസള്‍ട്ട് വന്ന ശേഷം നടത്തിയ ട്രയല്‍ അലോട്ട്‌മെന്റില്‍ വളരെ വലിയ വ്യത്യാസമാണ് കാണുന്നത്. മെഡിക്കല്‍ പി.ജി കോഴ്‌സുകളിലുള്‍പ്പെടെ ഈ കള്ളക്കളി തുടരുകയാണ്. ഇതുമൂലം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ കോഴ്‌സുകളിലേക്കുമുള്ള അഡ്മിഷനുകളിലും സര്‍ക്കാര്‍-പി.എസ്.സി നിയമനങ്ങളിലും വലിയ അട്ടിമറി പിന്നോക്ക വിഭാഗങ്ങള്‍ക്കുണ്ടാകാന്‍ പോവുകയാണ്. പിന്നോക്ക, ദലിത് വിഭാഗങ്ങളുടെ നിലനില്‍പ്പിനെയാണ് ഈ അട്ടിമറി ബാധിക്കുന്നത്. വരുന്ന തലമുറകള്‍ക്കെല്ലാം വളരെ ഗുരുതരമായ ഈ ഭവിഷത്ത് അനുഭവിക്കേണ്ടിവരും. പി.എസ്.സി നിയമനങ്ങളില്‍ ഇപ്പോഴുള്ള റൊട്ടേഷന്‍ മാറ്റാന്‍ പോകുന്നു. ഒ.ബി.എച്ച് എന്ന ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഹിന്ദു ഗ്രൂപ്പിന് 81 സമുദായങ്ങള്‍ക്ക് മൂന്നു ശതമാനം എന്ന കണക്കില്‍ 10, 40, 90 നിയമനങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. ഇ.ഡബ്ല്യു.എസ് (പുതിയ ഗ്രൂപ്പിന്) എന്ന മുന്നോക്കത്തിലെ പിന്നോക്കത്തിന് 9, 19, 29, 39, 49, 59, 69, 79, 89, 99 എന്ന കണക്കില്‍ സംവരണ റൊട്ടേഷന്‍ നിശ്ചയിച്ചിരിക്കുന്നു. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. നീതിക്കു നിരക്കാത്തതാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ശശിധരന്‍ നായര്‍ കമ്മിഷനും പ്രഖ്യാപിച്ചതിനു ഘടകവിരുദ്ധമാണ്.

സംവരണം ദാരിദ്ര്യ നിര്‍മാജന പദ്ധതിയല്ലാത്തതിനാല്‍ മുന്നോക്കക്കാര്‍ക്ക് അത് അര്‍ഹിക്കുന്നില്ല. സാമ്പത്തിക പിന്നോക്കാവസ്ഥയുണ്ടെങ്കില്‍ അതിനായി മറ്റു പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ് വേണ്ടത്. പിന്നോക്കക്കാരന്റെ അവകാശങ്ങളെ ഇല്ലാതാക്കി സവര്‍ണന് അനര്‍ഹമായ അവകാശങ്ങള്‍ നല്‍കുന്ന തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്തിരിയണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.