ബാസിത് ഹസൻ
തൊടുപുഴ
പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ കേരളം റെക്കോഡ് തിരുത്തി. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 8.96 കോടി യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. 2021 മാർച്ച് 19ലെ ഉപയോഗമായിരുന്നു ഇതുവരെയുള്ള സർവകാല റെക്കോഡ്. 8.84 കോടി യൂനിറ്റ് വൈദ്യുതിയാണ് അന്ന് ഉപയോഗിച്ചത്.
ഉപയോഗത്തിൽ ഒറ്റ ദിവസം കൊണ്ട് ഉയർന്നത് 21 ലക്ഷം യൂനിറ്റാണ്. 8.75 കോടി യൂനിറ്റായിരുന്നു ചൊവ്വാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിലെ ഉപഭോഗം.
വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെ സംസ്ഥാനത്തെ ആഭ്യന്തര ഉൽപാദനം ഉയർത്തി. 3.03 കോടി യൂനിറ്റായിരുന്നു ഇന്നലത്തെ ആഭ്യന്തര ഉൽപാദനം. 5.81 കോടി യൂനിറ്റും കേന്ദ്ര പൂളിൽ നിന്ന് ദീർഘകാല കരാർ പ്രകാരം പുറത്ത് നിന്നെത്തിച്ചതാണ്.കുംഭച്ചൂടിൽ ഓരോ ദിവസവും വൈദ്യുതി ഉപഭോഗം കൂടി വരികയായിരുന്നു. പിന്നാലെയാണ് മീനമാസത്തിലെ ആദ്യദിനം തന്നെ ഉപയോഗം റെക്കോഡ് ഭേദിച്ചത്.
Comments are closed for this post.