2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊറോണ: പൊലിസിന്റെയും ആരോഗ്യവകുപ്പിന്റെയും സന്ദേശം ചോര്‍ന്നു, പൊല്ലാപ്പിലായി വാഹനത്തിലെ ഡ്രൈവറും യാത്രക്കാരും

 

വാളാട് (വയനാട്): ബംഗളുരുവില്‍ നിന്നു വയനാട്ടിലേക്ക് വന്ന വാഹനത്തിലെ ഡ്രൈവറും യാത്രക്കാരും പൊലിസിന്റെയും ആരോഗ്യവകുപ്പിന്റെയും രണ്ട് സന്ദേശങ്ങള്‍ ചോര്‍ന്നതോടെ പൊല്ലാപ്പ് പിടിച്ചു. കൊറോണ ഭീതി നിലനില്‍ക്കുന്നതിനിടെയാണ് രണ്ട് സന്ദേശങ്ങളും കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. സമൂഹത്തില്‍ ഭീതി പരത്തുന്ന രീതിയിലായിരുന്നു സന്ദേശങ്ങളുടെ പ്രചരണം. ഇതോടെയാണ് വാഹന ഡ്രൈവറും യാത്രികരും പൊല്ലാപ്പിലായത്.

കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തി ആശുപത്രിയില്‍ ചികിത്സ തേടുകയും രോഗലക്ഷണങ്ങളൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വീടുകളില്‍ വിശ്രമത്തില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടവരുടെയും പേര് വിവരങ്ങള്‍ സഹിതമുള്ള കുറിപ്പും പൊലീസിന്റെ രഹസ്യ സന്ദേശവുമാണ് ചോര്‍ന്നതും സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നതും. ആസാം, അരുണാചല്‍ പ്രദേശ് ബോര്‍ഡറില്‍ സ്‌കൂള്‍ നടത്തുന്ന മലയാളികള്‍ അടങ്ങുന്ന 12 പേര്‍ ബംഗളുരുവില്‍ നിന്നും മാനന്തവാടി വാളാടിലേക്ക് വരുന്നുണ്ടെന്നായിരുന്നു സന്ദേശം. വാഹനത്തിന്റെ മോഡലും നമ്പറും കളറുമടക്കം വ്യക്തമാക്കിയിരുന്ന കത്തില്‍ ഇവരെ സി.ആര്‍.പി.എഫിന്റെ സ്‌ട്രൈക്കിംഗ് ഫോഴ്‌സ് പിന്തുടരുന്നുണ്ടെന്നും വാഹനം പ്രധാനപ്പെട്ട അതിര്‍ത്തികളില്‍ എത്തുന്ന സമയവും നല്‍കിയിരുന്നു.

ഇവരെ കൃത്യമായി നിരീക്ഷിച്ച് കൃത്യമായ നടപടികള്‍ കൈകൊള്ളണമെന്നും ആവശ്യപ്പെട്ടിരുന്ന കത്തില്‍ വാഹനത്തിലെ ഡ്രൈവറുടെയും സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്റെയും നമ്പറുകളും നല്‍കിയിരുന്നു. കൂടെ തിരുനെല്ലി പൊലീസ് സ്‌റ്റേഷനിലെ നമ്പറും കത്തിലുണ്ടായിരുന്നു. ഈ കത്താണ് ചോര്‍ന്നത്. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സാധാരണക്കാര്‍ക്കിടയില്‍ ഭീതിയും വര്‍ധിച്ചു. ഒപ്പം വാഹനത്തിലെ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഇത് മാനസിക സംഘര്‍ഷവുമുണ്ടാക്കി. ഇതിനെതിരെ വാഹനത്തിലെ ഡ്രൈവര്‍ സദീര്‍ തലപ്പുഴ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവിടെ നിന്ന് കാര്യമായ ഇടപെടലുകള്‍ ഒന്നുമുണ്ടായില്ല. ഇതേതുടര്‍ന്ന് സദീര്‍ ഇന്നലെ ഫോണ്‍ മുഖാന്തിരം വയനാട് പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ചും ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞതനുസരിച്ച് വീട്ടില്‍ വിശ്രമത്തിലായിരുന്നിട്ടും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ തന്നെ ഫോണില്‍ വിളിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് സദീര്‍ പറയുന്നത്.

ബംഗളുരുവില്‍ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട വാഹനത്തില്‍ താനടക്കം ഉണ്ടായിരുന്നത് ഒന്‍പത് പേരാണ്. തങ്ങളെ ചന്നപ്പട്ടണത്ത് വെച്ച് കര്‍ണാടകയുടെ കൊറോണ സ്‌ട്രൈക്കിംഗ് ഫോഴ്‌സ് പരിശോധിച്ചിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളൊന്നുമില്ലാത്തത് കാരണം വാഹനമടക്കം അവിടെ നിന്നും വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് വയനാട് അതിര്‍ത്തിയിലെത്തിയപ്പോള്‍ പൊലീെസത്തി ജില്ലാ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്നും വീടുകളിലേക്ക് പൊയ്‌ക്കോളാന്‍ പറയുകയുമായിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞതോടെ വാട്‌സാപ്പുകളിലൂടെ തങ്ങളെ പോലും ഭീതിപ്പെടുത്തുന്ന രീതിയിലുള്ള വ്യാജ പ്രചരണമാണ് നടന്നത്. മാത്രമല്ല തന്റെ നമ്പര്‍ ഈ കുറിപ്പിലുണ്ടായിരുന്നതിനാല്‍ ഫോണിലൂടെയും നൂറുകണക്കിന് കോളുകളാണ് ഇതുമായി ബന്ധപ്പെട്ട് വന്നത്. മാനസികമായി തളര്‍ത്തുന്ന രീതിയിലുള്ള ഈ പ്രചരണത്തിനെതിരെ നിയമനടപടികളിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും വാഹനത്തിലെ ഡ്രൈവര്‍ സദീര്‍ സുപ്രഭാതത്തോട് പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.