ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗം മഹാമാരിയേക്കാള്‍ അപകടമുണ്ടാക്കുന്നതെന്ന് കോടതി. ഹരിയാനയിലെ മഹാപഞ്ചായത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷപ്രസംഗം നടത്തിയ കേസില്‍ രാം ഭഗത് ഗോപാലിന് ജാമ്യം നിഷേധിച്ചുകൊണ്ടാണ് ഗുഡ്ഗാവ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഈ നിരീക്ഷണം നടത്തിയത്.
ഒരു മതവിഭാഗത്തിനോ ജാതിവിഭാഗത്തിനോ എതിരേ വിദ്വേഷപ്രസംഗം നടത്തുന്നത് ഫാഷനായി മാറിയതായി കോടതി വിധിന്യായത്തില്‍ പറഞ്ഞു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലിസ് പരാജയപ്പെട്ടു. ഇത്തരം ആളുകള്‍ സമൂഹത്തിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കുകയും പരസ്പരം വെറുപ്പുണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഇത് മഹാമാരിയേക്കാള്‍ അപകടമുണ്ടാക്കുന്നതാണെന്നും കോടതി പറഞ്ഞു.
മുസ്‌ലിംകളെ കൊല്ലാനും മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോകാനും പ്രേരിപ്പിക്കുന്ന പ്രസംഗം നടത്തിയതിനാണ് രാം ഭഗത്തിനെ പൊലിസ് അറസ്റ്റ് ചെയ്തത്. നേരത്തെ ജാമിഅയിലെ സി.എ.എ സമരക്കാര്‍ക്കു നേരെ വെടിവച്ചതിന് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്വേഷപ്രസംഗത്തിനു പിന്നാലെയാണ് വര്‍ഗീയ കലാപങ്ങളും വംശഹത്യകളുമുണ്ടാകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രസംഗം കഴിഞ്ഞാല്‍ അതു നടപ്പാക്കാനുള്ള ശ്രമമുണ്ടാകുന്നു. പിന്നാലെ ഇരയാക്കപ്പെടുന്ന വിഭാഗത്തിനെതിരേ വിവേചനം, ബഹിഷ്‌കരണം, ഒറ്റപ്പെടുത്തല്‍, നാടുകടത്തല്‍, അക്രമം തുടങ്ങിയവയുണ്ടാകും. അതിന്റെ അങ്ങേയറ്റമെന്ന നിലയിലാണ് വംശഹത്യ. നമ്മുടെ സമൂഹത്തെ തകര്‍ക്കുന്ന നടപടിയാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതു ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്കു വിരുദ്ധമാണ്.
ഇതു കള്ളക്കേസാണെന്ന പ്രതിഭാഗം വാദം അംഗീകരിക്കാനാവില്ല. പ്രസംഗത്തിന്റെ വിഡിയോ തുറന്ന കോടതിയില്‍ കണ്ടതാണ്. കോടതിയുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് അതില്‍ കണ്ടത്. ഇത്തരം ആളുകളെയാണോ അതോ കൊവിഡിനെയാണോ കൂടുതല്‍ ഗൗരവത്തോടെ സമൂഹം നേരിടേണ്ടതെന്ന് ചോദിക്കേണ്ടതാണ്. ഒരു സമുദായത്തെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല. ഒരു സമുദായത്തിലെ സ്ത്രീകളെ കൊലപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നവര്‍ രാജ്യത്ത് ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കുന്നവരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments are closed for this post.