2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ധ്യാനവും പുകവലിയും പുരാതനമായൊരു സെന്‍കഥ

എം.വി സക്കറിയ

ദെയ്ഷുന്‍ എന്ന മഹാഗുരുവിന്റെ രണ്ടു യുവശിഷ്യന്മാര്‍ പൂന്തോട്ടത്തിലൂടെ പ്രഭാതസവാരി നടത്തുകയാണ്. താമസസ്ഥലത്തിന് പുറത്തെ വിശാലമായ തോട്ടത്തിലൂടെ എന്നും രാവിലെയും വൈകിട്ടും കുറെയേറെ സമയം നടക്കാന്‍ അവര്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. ആ നടത്തം കേവലം നടത്തം മാത്രമല്ല ധ്യാനം തന്നെയായിരുന്നു. ശരിക്കും പ്രാര്‍ഥന.
എന്തിനിങ്ങനെ?
കാരണമുണ്ട്. ധ്യാനത്തിനും പ്രാര്‍ഥനയ്ക്കുമായി സദാസമയവും ഒരിടത്തുതന്നെ ഇരിക്കാനാവുമോ? ഇല്ല. കാലുകള്‍ക്ക് ചലനം വേണം. ശരീരത്തിന് ചലനം വേണം. അതേസമയം ഏകാഗ്രമായ ധ്യാനം തുടരുകയും വേണം. അതിനാലാണ് നടക്കാനും അതേസമയം ധ്യാനിമഗ്നനാവാനും ഗുരു നിര്‍ദേശിച്ചത്!
മനസിന് ധ്യാനവും ശരീരത്തിന് നടത്തവും.
മണിക്കൂറുകളോളം ഒരിടത്തിരുന്നുകൊണ്ട് മനസിനെ ഏകാഗ്രമാക്കി ധ്യാനത്തില്‍ മുഴുകുന്നു. അത് കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ നടക്കുന്നു; ധ്യാനപ്രക്രിയയാവട്ടെ രണ്ടിലും ഏകാഗ്രതയോടെ തുടരുകയും ചെയ്യുന്നു.
ഇരിപ്പിടത്തിലായാലും തോട്ടത്തിലെ പാതയിലൂടെ പാദങ്ങള്‍ ചലിപ്പിച്ചുകൊണ്ടായാലും ആത്മാവില്‍ ഒരേയൊരു ചിന്ത മാത്രം!
പുകവലി ഇഷ്ടപ്പെടുന്നവരാണ് ഹോന്‍ക്യോയും വൂഹ്വാനും. തോട്ടത്തിലെ നടത്തത്തിനിടയില്‍ പുകവലിക്കാമോ? ഇരുവരും അതെക്കുറിച്ച് ചര്‍ച്ചയായി. ഗുരുവിനോട് അനുവാദം ചോദിക്കാന്‍ തീരുമാനിച്ചു.

‘കിട്ടുമോ അനുവാദം?’ ഒന്നാമന്‍ സംശയിച്ചു: ‘ഏതായാലും നമുക്ക് ചോദിച്ചുനോക്കാം. ഒരു പക്ഷെ ഗുരു അനുവാദം തരുമായിരിക്കും. തോട്ടത്തിലെ പുകവലി നിഷിദ്ധമാവാന്‍ വഴിയില്ല. വീട്ടിനകത്തൊന്നുമല്ലല്ലോ! പുറത്തല്ലേ!’
ഗുരുവിനോട് ചോദിച്ചുനോക്കാമെന്നുതന്നെ ഉറപ്പിച്ച് അവര്‍ തല്‍ക്കാലം പിരിഞ്ഞു.
അടുത്ത പ്രഭാതത്തില്‍ ഇരുവരും നടപ്പാതയില്‍ കണ്ടുമുട്ടി.
വൂഹ്വാന്‍ പുകവലിച്ചുകൊണ്ടാണ് നടത്തം. ആസ്വദിച്ചുള്ള ആ നടത്തം കണ്ട് ഹോന്‍ക്യോവിന് അരിശം വന്നു. അയാള്‍ ചോദിച്ചു;
‘വൂഹ്വാന്‍, നീ പുകവലിക്കുകയാണല്ലേ? അതെങ്ങനെ ശരിയാവും? ഞാന്‍ ഗുരുവിനോട് അനുവാദം ചോദിച്ചതാണ്. വേണ്ട പാടില്ല പുകവലിക്കരുത് എന്നാണല്ലോ അദ്ദേഹം മറുപടി നല്‍കിയത്’.

‘നീ അനുസരണക്കേട് കാണിക്കുകയാണോ? ഗുരുവിന്റെ വാക്കുകളെ തള്ളുകയാണോ? തെറ്റല്ലേയത്. നിയമം നിനക്ക് ബാധകമല്ലേ?’
വൂഹ്വാന്റെ മറുപടി ഇങ്ങനെ:
‘പക്ഷെ ചങ്ങാതീ, ഗുരു എന്നോട് പറഞ്ഞത് പുകവലിച്ചോളൂ എന്നു തന്നെയാണ്! ആയിക്കോളു എന്ന് വ്യക്തമായി, ഉറപ്പിച്ചുതന്നെ പറഞ്ഞു!’
ഇതുകേട്ടതോടെ ഹാന്‍ക്യൂവിന് അരിശം വര്‍ധിച്ചു.
‘ഓഹോ, ഇത് ഒട്ടും ന്യായമല്ല. അനീതിയാണത്. ഇപ്പോള്‍ത്തന്നെ ഞാന്‍ ചോദിക്കാന്‍ പോവുകയാണ്. എന്നോട് പാടില്ലായെന്നും നിന്നോട് പുകവലിച്ചോളൂ എന്നും പറഞ്ഞത് എന്തിനെന്ന്’
ഇതുകേട്ട് അല്‍പ്പമൊന്നാലോചിച്ച വൂഹ്വാന്‍ പറഞ്ഞു;
‘നില്‍ക്കൂ? നീ ഗുരുവിനോട് എന്താണ് ചോദിച്ചത് എന്ന് പറയാമോ?’
‘എന്തു ചോദിച്ചുവെന്നോ? മറ്റെന്ത്! നേരെ ചോദിച്ചു; പുറത്തെ ധ്യാനത്തിനിടയില്‍ ഞാന്‍ പുകവലിച്ചോട്ടേ എന്ന്! ചോദ്യം കേട്ട് ഗുരു അരിശപ്പെട്ടു. വേണ്ട, വേണ്ട എന്ന് രണ്ടുതവണ ഉറപ്പിച്ചുപറയുകയും ചെയ്തു’
‘ഓഹോ’ വൂഹ്വാന്‍ മന്ദഹസിച്ചു. ‘ഇപ്പോള്‍ എനിക്ക് മനസിലായി, എന്താണ് സംഭവിച്ചതെന്ന് നോക്കൂ സഹോദരാ, നീ ചോദിച്ചതുപോലെയല്ല ഞാന്‍ ചോദിച്ചത്. അതിങ്ങിനെയായിരുന്നു;’
‘ഗുരോ, പുകവലിക്കുമ്പോഴും ഞാന്‍ ധ്യാനിച്ചുകൊള്ളട്ടെ?’
‘അതുകേട്ട് അദ്ദേഹം എന്റെ മുഖത്ത് നോക്കി മന്ദഹസിച്ചുകൊണ്ട് സമ്മതം മൂളുകയും ചെയ്തു’.
‘എന്നാല്‍ നീ ചോദിച്ചതോ, ധ്യാനിക്കുമ്പോള്‍ പുകവലിച്ചോട്ടേ എന്നും’
രണ്ട് സമീപനങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. വലിയ വ്യത്യാസം!
അല്ലേ! വീണ്ടും വായിച്ചുനോക്കുക.

ശരിയല്ലേ? പഠിക്കുമ്പോള്‍ കളിക്കുന്നതും, കളിക്കുമ്പോള്‍ പോലും പഠനചിന്ത മനസിലുണ്ടാവുന്നതും തമ്മില്‍ വ്യത്യാസമില്ലേ?
കുളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ബസില്‍ യാത്ര ചെയ്യുമ്പോഴും ചിന്തയിലേക്ക് പാഠഭാഗങ്ങളെ കൊണ്ടുവരികയും മനം ചെയ്യുകയുമാവാം. പഠിക്കാന്‍ വേണ്ടിയിരിക്കുമ്പോഴുള്ള പഠനത്തിന് പുറമേയുള്ള ഇത്തരം ശീലങ്ങളാണ് പല വിദ്യാര്‍ഥികളും യുവജനങ്ങളും അനായാസമായി വലിയ വിജയങ്ങള്‍ നേടുന്നതിന് പിന്നിലെ രഹസ്യം.
എന്നാലിത് അനായാസം, സ്വാഭാവികമായി കൈവരിക്കാവുന്ന ഒന്നല്ല.
ബോധപൂര്‍വ്വമായ ശ്രമം വേണം.

സിനിമയോ കോമഡി സീനുകളോ കാണുന്നതും രസകരമായ കഥകള്‍ വായിക്കുന്നതും ഉദാഹരണം. അവയിലെ വികാരതീവ്ര മുഹൂര്‍ത്തങ്ങളോ തമാശകളോ ആഹ്ലാദപ്രദമായ അനുഭവങ്ങളോ ഒക്കെ ആരുടെയും അനുവാദം ചോദിക്കാതെ മനസിലേക്ക് ഏത് സന്ദര്‍ഭത്തിലും കയറി വന്നുകൊണ്ടേയിരിക്കും. എന്നാല്‍ പാഠപുസ്തകത്തിലെ രംഗങ്ങള്‍ ഇതിന് നേരെ വിപരീതവും! പുസ്തകങ്ങള്‍ അടച്ചുവയ്ക്കുന്ന നിമിഷം തന്നെ അവ ചിന്താവിഷയത്തില്‍ നിന്ന് മാഞ്ഞുപോവും.
തുടര്‍ന്ന് നാം ചെയ്യുന്ന മറ്റു പ്രവര്‍ത്തികള്‍ക്കൊപ്പം അവ കേവലം യാന്ത്രികമായി മനസിലേക്ക് കടന്നുവരികയൊന്നുമില്ല. പകരം നാം ബോധപൂര്‍വം അവയെ പിടിച്ചുകെട്ടി കൊണ്ടുവരാന്‍ ശ്രമിക്കുകയും ചിന്താമണ്ഡലത്തില്‍ സജീവമാക്കുകയും ചെയ്താലോ? ഫലം അത്ഭുതാവഹമായിരിക്കും.
ഒന്നോ രണ്ടോ തവണ മാത്രമാണ് പാഠപുസ്തകം വായിച്ചതെങ്കിലും പത്തുതവണ റിവിഷന്‍ നടത്തിയതിന്റെ ഗുണഫലമുണ്ടാവും. ഓര്‍മ വര്‍ധിക്കും. രംഗങ്ങള്‍ മനസില്‍ ആവര്‍ത്തിക്കുന്ന ഈ വിഷ്വലൈസേഷന്‍ രീതി നമുക്ക് പിന്തുടരാം.

കേവലം അറിയുക എന്നതിലുപരി, ദീര്‍ഘനേരം മനം ചെയ്ത് മനസ്സിലാക്കാം.

‘It is not that I’m so smart. But I stay with the questions much longer.’
Albert Einstein


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News