2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സനാഫിര്‍, തീറാന്‍ ദ്വീപുകള്‍ സഊദിക്ക് നല്‍കാന്‍ പാര്‍ലമെന്റ് തീരുമാനം; പ്രതിഷേധവുമായി ഈജിപ്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍

റിയാദ്: രാജ്യാന്തര കപ്പല്‍ ചാലിനടുത്തുള്ള ചെങ്കടലിലെ ഈജിപ്തിന്റെ അധീനതയിലായിരുന്ന തന്ത്രപ്രധാനമായ തിറാന്‍, സനാഫിര്‍ ദ്വീപുകള്‍ സഊദിക്കു കൈമാറാനുള്ള തീരുമാനം ഈജിപ്ത് പാര്‍ലമെന്റ് അംഗീകരിച്ചു. ചെങ്കടലിനു തെക്ക് ഭാഗത്തുള്ള സഊദി അധീനതയിലുള്ള ഫുര്‍സാന്‍ ദ്വീപ് ശൃംഖലക്ക് ശേഷം പ്രദേശത്തെ എറ്റവും വലിയ ദ്വീപുകളാണ് സനാഫിര്‍, തീറാന്‍ ദ്വീപുകള്‍. അഖബ ഉള്‍ക്കടലിനെ ചെങ്കടലില്‍ നിന്നും വിഭജിക്കുന്ന തിറാന്‍ കടലിടുക്കിലാണ് ഈ രണ്ട് ദ്വീപുകളും സ്ഥിതി ചെയ്യുന്നത്.

സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസിന്റെ ഈജിപ്ത് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സമുദ്രാതിര്‍ത്തി പുനര്‍ നിര്‍ണ്ണയവും ദ്വീപുകളുടെ കൈമാറ്റവും ചര്‍ച്ചയായത്. തുടര്‍ന്ന് സമുദ്രാതിര്‍ത്തി കരാറിന് ഈജിപ്ത് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചെങ്കിലും പാര്‍ലമെന്റ് കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്.

80 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തിറാന്‍ ദ്വീപും 33 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സനാഫിര്‍ ദ്വീപും നിലവില്‍ ജനവാസമില്ലാത്തതാണ്. സൈനിക സേവനത്തിനു മാത്രമായാണ് ഇതുപയോഗിക്കന്നത്. ഈ ദ്വീപ് വഴിയാണ് നിര്‍ദിഷ്ട ഏഷ്യയെയും ആഫ്രിക്കയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചെങ്കടല്‍ പാലം കടന്നു പോകുന്നത്.

അതേസമയം, ഈജിപ്ത് പാര്‍ലമെന്റ് തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന ഇക്കാര്യം അംഗീകരിക്കാന്‍ കഴിയിലെന്നും പാര്‍ലമെന്റ് തീരുമാനം തള്ളിക്കളയുന്നതായും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈജിപ്ത് ദുസ്തൂര്‍ പാര്‍ട്ടി, ലിബറല്‍ ദുസ്തൂര്‍ പാര്‍ട്ടി, ഈജ്പ്ഷ്യന്‍ സോഷ്യല്‍ ഡോമോക്രാട്ടിക് പാര്‍ട്ടി, ലെഫ്റ്റ് ലേണിംഗ് ബ്രീഡ് ആന്‍ഡ് ഫ്രീഡം പാര്‍ട്ടി, പോപ്പുലര്‍ സോഷ്യല്‍ അലയന്‍സ് പാര്‍ട്ടി, ഇസ്‌ലാമിക് സ്‌ട്രോങ്ങ് അലയന്‍സ് ഈജിപ്ത് പാര്‍ട്ടി, നാസരിസ്റ്റ് ഓറിയന്റഡ് കറാമ കറന്റ് പാര്‍ട്ടി, ലെനിന്‍സ്‌റ് ത്രോട്ട്‌സ്‌കിറ്റ് റവല്യൂഷനറി സോഷ്യലിസ്റ്റ്, ലിബറല്‍ യൂത്ത് മൂവ്‌മെന്റ് തുടങ്ങിയ പാര്‍ട്ടികള്‍ സംയുക്തമായാണ് തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.


 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.