കോഴിക്കോട്: സമസ്ത മുശാവറാ അംഗവും സൂഫിയുമായിരുന്ന വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാരുടെ സ്മരണാര്‍ഥം ‘വാവാട് ഉസ്താദ് ജ്ഞാനശ്രേഷ്ഠ’ എന്ന പേരില്‍ മടവൂര്‍ ജാമിഅ അശ്അരിയ്യ പൂര്‍വവിദ്യാര്‍ഥി സംഘടന അശ്അരീസ് അസോസിയേഷന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചു. മതരംഗത്തെ സേവനവും പാണ്ഡിത്യവും പരിഗണിച്ചു നല്‍കുന്ന പുരസ്‌കാരത്തിനു സമസ്ത കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും ജംഇയ്യത്തുല്‍ മുദരീസീന്‍ ജില്ലാ പ്രസിഡന്റുമായ എന്‍. അബ്ദുല്ല മുസ്‌ലിയാരെ തിരഞ്ഞെടുത്തു. 50,001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
സുന്നത്ത് ജമാഅത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായ അബ്ദുല്ല മുസ്‌ലിയാര്‍ കര്‍മശാസ്ത്ര വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള വ്യക്തിത്വമാണ്. ഓമശ്ശേരി നടമ്മല്‍പൊയിലാണ് സ്വദേശം. സമസ്ത കൊടുവള്ളി മണ്ഡലം പ്രസിഡന്റ്, ഓമശ്ശേരി പഞ്ചായത്ത് എസ്.എം.എഫ് പ്രസിഡന്റ്, കൊടിയത്തൂര്‍ ശിആറുല്‍ ഇസ്‌ലാം മദ്‌റസ പ്രസിഡന്റ്, നടമ്മല്‍പൊയില്‍ ടൗണ്‍ ജുമാമസ്ജിദ് കമ്മിറ്റി ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചുവരുന്നു.
പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം മടവൂരില്‍ നടത്തുമെന്ന് പ്രസിഡന്റ് റാശിദ് അശ്അരി നാദാപുരം, ജനറല്‍ സെക്രട്ടറി ജുനൈദ് അശ്അരി കണ്ണൂര്‍ എന്നിവര്‍ അറിയിച്ചു. യോഗത്തില്‍ റിയാസ് അശ്അരി കണ്ണൂര്‍, ഹബീബ് തങ്ങള്‍ അശ്അരി, സലീം അശ്അരി പട്ടാമ്പി, ജുബൈര്‍ അശ്അരി, ജമാല്‍ അശ്അരി, ഹംസ അശ്അരി, ഫൈസല്‍ അശ്അരി, മുസതഫ അശ്അരി ഓമശ്ശേരി സംസാരിച്ചു.
Comments are closed for this post.