2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എസ്.എ.ആര്‍ ഗിലാനിയുടെ ഫോണ്‍ ചോര്‍ത്തിയത് രണ്ടു വര്‍ഷം ഡല്‍ഹിയിലെ ഒന്‍പത് ആക്ടിവിസ്റ്റുകളും പട്ടികയില്‍

ന്യൂഡല്‍ഹി: 2019 ഒക്ടോബറില്‍ മരിച്ച ഡല്‍ഹിയിലെ പ്രമുഖ കശ്മിരി ആക്ടിവിസ്റ്റ് എസ്.എ.ആര്‍ ഗിലാനിയുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്താന്‍ തുടങ്ങിയത് 2017 മുതല്‍ രണ്ടുവര്‍ഷമെന്ന് കണ്ടെത്തല്‍. ഗിലാനിയുടെ ഫോണ്‍ മകന്‍ സയ്യിദ് ആതിഫ് ഗിലാനിയാണ് പരിശോധനയ്ക്കായി ഫോണ്‍ കൈമാറിയത്.

ചോര്‍ത്തുന്നതിനുള്ള സ്‌പൈവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ രണ്ടു ലിങ്കുകള്‍ എസ്.എം.എസായി ഗിലാനിയുടെ ഫോണിലേക്ക് അയച്ചതായും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
ഗിലാനിയെ ആകര്‍ഷിക്കാന്‍ ‘കശ്മിരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി യുനൈറ്റഡ് നാഷന്‍സ് പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങി’, ‘പാകിസ്താന്‍ മുര്‍ദ്ദാബാദ് വിളിക്കാന്‍ ഇന്ത്യന്‍ സൈന്യം കശ്മിരി യുവാക്കളെ ക്രൂരമായി മര്‍ദനത്തിനു വിധേയമാക്കിയ മറ്റൊരു സംഭവം’ എന്നിങ്ങനെയുള്ള ലിങ്കുകളാണ് എസ്.എം.എസായി അയച്ചത്.
ഒരു വിദേശ നമ്പറില്‍നിന്നാണ് മെസേജ് അയച്ചിരിക്കുന്നത്. എസ്.എം.എസിലൂടെയുള്ള നീക്കം വിജയം കണ്ടോയെന്ന് പരിശോധനയില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

എന്നാല്‍ 2018 ഫെബ്രുവരി മുതല്‍ 2019 ജനുവരി വരെയും 2019 സെപ്റ്റംബര്‍ മാസത്തിലും ഫോണ്‍ സീറോ ക്ലിക്ക് രീതിയില്‍ ചോര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
പാര്‍ലമെന്റാക്രമണക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ ശേഷം രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനായുള്ള സന്നദ്ധ സംഘടന നടത്തിവരികയായിരുന്നു ഗിലാനി.

ഭീമാ കൊറെഗാവ് കേസില്‍ ജയിലില്‍ക്കഴിയുന്ന മലയാളികളായ റോണാ വില്‍സണ്‍, ഹാനി ബാബു, മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ ജയിലില്‍ക്കഴിയുന്ന ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ജി.എന്‍ സായിബാബ എന്നിവരെല്ലാം ഇതെ സന്നദ്ധസംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ്. ഇവരുടെ ലാപ്പ്‌ടോപ്പില്‍ സ്‌പൈവെയര്‍ ഉപയോഗിച്ച് ഇവര്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് തെളിയിക്കാന്‍ പറ്റുന്ന ചില രേഖകള്‍ നിക്ഷേപിച്ചുവെന്ന് നേരത്തെ പുറത്തുവന്നിരുന്നു.

ഗിലാനിക്കും റോണയ്ക്കും ഹാനിബാബുവിനും പുറമെ സായിബാബ ജയിലിലായ ശേഷം അദ്ദേഹത്തിന്റെ മോചനത്തിനായി രൂപീകരിച്ച സായിബാബ ഡിഫന്‍സ് കമ്മിറ്റിയില്‍പ്പെട്ട 6 പേരുടെ ഫോണുകളും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തി.
റിട്ടയഡ് പ്രൊഫസര്‍ എച്ച്. ഹര്‍ഗോപാല്‍, ഡല്‍ഹി സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍മാരായ സരോജ് ഗിരി, രാകേഷ് രഞ്ജന്‍, സായിബാബയുടെ ഭാര്യ വസന്ത കുമാരി, ഡല്‍ഹിയിലുള്ള മറ്റു രണ്ടു വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരുടെ ഫോണുകളാണ് ചോര്‍ത്തിയിരിക്കുന്നത്. ഭീമാ കൊറെഗാവ് കേസിലെ പ്രതി വരവര റാവുവിന്റെ മകള്‍ പാവനയുടെ പേരും ചോര്‍ത്തിയവരുടെ ലിസ്റ്റിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.